Global block

bissplus@gmail.com

Global Menu

രാജാവും മന്ത്രിയും തമ്മിൽ തൊഴുത്തിൽകുത്ത് നിൽക്കക്കളളിയില്ലാതെ പൊതുജനം തകർന്നടിഞ്ഞ് സാമ്പത്തികരംഗം

കേരളീയത്തിന്റെയും നവകേരള സദസ്സിന്റെയും ആവേശപ്പൂരത്തിനു ശേഷം കേരളസർക്കാർ ആലസ്യത്തിലാണ്. ആ ആലസ്യം സർക്കാരിനെ മാത്രമല്ല സാധാരണക്കാരെയും വല്ലാതെ തളർത്തുകയാണ്. വിലക്കയറ്റം, തകർന്നടിയുന്ന വ്യപാര,വ്യവസായ,നിർമാണ, ഹോട്ടൽ മേഖലകൾ. സംരംഭകവർഷം രണ്ടാംഘട്ടത്തിന്റെ കുതിപ്പിനെ പറ്റി ബന്ധപ്പെട്ടവർ വാചാലരാവുമ്പോൾ ഉരിയാടാനുളള ത്രാണിപോലുമില്ലാത്തെ കിതയ്ക്കുകയാണ് ചെറുകിട മേഖലകളും സംരംഭകരും. അരങ്ങിലെ പൂരം അണിയറയിലെ ദാരിദ്ര്യത്തിന് എല്ലാക്കാലവും മറയാകുമോ. സാമ്പത്തികവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കേരളത്തിന്റെ പോക്ക് അപകടത്തിലേക്കാണ്. നിത്യചെലവുകൾക്ക് പണമില്ലാതായാൽ, ഒരു സംസ്ഥാനം എങ്ങനെ മുന്നോട്ടുപോവുമെന്ന ആശങ്ക സാമ്പത്തികതലത്തിൽ ഉയർന്നുകഴിഞ്ഞു.  പൊലീസും, കോടതിയും, സ്‌കൂളുകളും, ആശുപത്രികളും തുടങ്ങി സമസ്തമേഖലകളെയും സ്തംഭിപ്പിക്കാൻ തക്കകടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണോ സംസ്ഥാനത്തിന്റെ പോക്ക്്. 
2023 അവസാനത്തോടെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പരിണിതഫലങ്ങൾ കേരളത്തിലെമ്പാടും ദൃശ്യമാണ്. നിർമ്മാണ മേഖല സ്തംഭിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് വിലയില്ല. മറുവശത്ത് കറന്റ്ചാർജും, വെള്ളക്കരവും ഉൾപ്പടെ സകലതിനും വിലവർദ്ധനവ്. ഇത്രയും കാലം സേഫ് സോണിലെന്ന് അഹങ്കരിച്ചിരുന്ന സർക്കാർ ജീവിനക്കാരുടെ ശമ്പളം അടക്കം മുടങ്ങുമെന്നും, ട്രഷറി അടച്ചിടുന്ന അവസ്ഥയുണ്ടാവുമെന്നും അടക്കംപറച്ചിലുകളുണ്ട്.  ഇപ്പോഴിതാ സാമ്പത്തിക അടിയന്തരാവസ്ഥ എന്ന വാക്കും ഇടക്കിടെ പ്രതിധ്വനിക്കുന്നു. 
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  പൊതുപ്രവർത്തകനും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.എസ് ശശികുമാർ ഗവർണർക്ക് നൽകിയിരിക്കുകയാണ്.  സംസ്ഥാനത്തിന്റെ ധനസ്ഥിതി കൈവിട്ടുപോയ നിലയിലാണെന്നും ഇക്കാര്യം ശരിവച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെയും, 2020-21 വർഷത്തെ സിഎജി ഓഡിറ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടപടി എടുക്കണമെന്നാണ് ഗവർണ്ണക്ക് കിട്ടിയ നിവേദനം.സർക്കാരുമായി അത്ര നല്ല ബന്ധത്തിലല്ല ഗവർണറെന്നാണ് സമകാലിക സംഭവങ്ങൾ നൽകുന്ന സൂചന. അതുകൊണ്ടുതന്നെ വിഷയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗൗരവമായെടുത്തിട്ടുണ്ടെന്നും നിവേദനത്തിന്മേൽ ചീഫ് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നുമാണ് വാർത്തകൾ. നിവേദനം തുറുപ്പുചീട്ടാക്കി ഗവർണർ പുതിയ പോർമുഖം തുറക്കുമോ എന്ന് കണ്ടുതന്നെ അറിയേണ്ടതുണ്ട്.
പക്ഷേ കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി സാമ്പത്തിക പ്രതിസദ്ധിയുടെ രൂക്ഷത വ്യക്തമാകും.കേരളത്തിലെ കൺസ്ട്രക്ഷൻ മേഖല അപ്പാടെ തകർന്നടിഞ്ഞിരിക്കുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ അവസ്ഥ തുടരുകയാണ്. ചെറുകിട നിർമ്മാണ കമ്പനികളും, കോൺട്രാക്റ്റർമാരും തങ്ങളുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണ്. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി കരാർ ജോലി ഏറ്റെടുത്തു നടത്തുന്ന കോട്ടയം ജില്ലയിലെ ഒരു കോൺട്രാക്ടറുടെ ആവലാതി ഇങ്ങനെ:'  ആറുമാസം മുമ്പുവരെ 200 ഓളം ജോലിക്കാർ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരുമില്ല. കാരണം പണിയില്ല എന്നതുതന്നെ. കേരളത്തിലെ കൺസ്ട്രക്ഷൻ മേഖല അതി ഭീകരമായി തകർന്നു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി അതിദയീനയ അവസ്ഥയിലാണ്. കോവിഡിന് മുമ്പ് വരെ മൂന്നുലക്ഷം രൂപ ഇൻകം ടാക്സ് കൊടുത്തിരുന്ന വ്യക്തിയായിരുന്നു ഞാൻ. ഇപ്പോൾ പണിയായുധങ്ങളും മറ്റ് സാധന സാമഗ്രികളും വിൽക്കുകയാണ്.''
നിർമാണമേഖല കൂപ്പുകുത്തുമ്പോൾ അനുബന്ധമേഖലകളും തകരും. സിമന്റ് ഡീലർമാർ, കല്ല്, കമ്പി,മണൽ ബിസിനസുകൾ, ക്രഷർ യൂണിറ്റുകൾ, ലോറിയുടമകൾ, ദിവസവേതനത്തിന് നിർമാണമേഖലയിൽ പണിയെടുക്കുന്നവർ തുടങ്ങി സകലരും ബാധിക്കപ്പെടും.  സർക്കാർ കോൺട്രാക്ടർമാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്. ഇനി അഥവാ ചെക്ക് കിട്ടിയാൽ തന്നെ ട്രഷറിയിൽനിന്ന് അത് മാറിയെടുക്കാനും പ്രയാസമാണ്. എത് നിമിഷവും ട്രഷറി അടച്ചുപൂട്ടുമെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഉറക്കം തൂങ്ങുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടക്കമുളളവർ ഇനി മാർച്ച് മാസത്തിന് മുന്നോടിയായി, ഫണ്ട് ലാപ്സ് ആവാതിരിക്കാൻ ധൃതിപിടിച്ച് പണിയെടുക്കും. അത് യഥാർത്ഥത്തിൽ പണിയെടുക്കലല്ല....പാവങ്ങളായ കോൺട്രാക്ടർമാർ ഉൾപ്പെടെയുളളവർക്ക് പണികൊടുക്കലാണ്. 
കേരളത്തിലെ കർഷകരുടെ സ്ഥിതി പരിതാപകരമാണ്. റബ്ബർ ഉള്ളവരിൽ നല്ലൊരു ശതമാനവും അത് തീർത്ത് വെട്ടാൻ കൊടുത്തിരിക്കയാണ്.
ഭായിമാർ മടങ്ങുന്നു
അതിഥിതൊഴിലാളികളുടെ ഒഴുക്ക് ഇപ്പോൾ കേരളത്തിൽ നിന്ന് സ്വന്തം നാട്ടുകളിലേക്കാണ്. അതേ റിവേഴ്സ് ഗിയറിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.   ദീപാവലിക്ക് നാട്ടിൽ പോയവരിൽ പകുതിപേരും മടങ്ങിയെത്തിയിട്ടില്ല എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഇനി കേരളത്തിലേക്ക് ഇല്ല എന്ന് പലരും വിളിച്ച് അറിയിച്ചിട്ടുണ്ട്്. ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന തമിഴ്‌നാട്ടിലേക്കും, കർണ്ണാടകയിലേക്കുമാണ് ഭായിമാരുടെ കണ്ണ്. 
നിർമ്മാണ മേഖലയിലെ ഈ തിരിച്ചടിയും, അതിഥി തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും, കേരളത്തിന്റെ പ്രാദേശിക വിപണിയെയും ബാധിച്ചിട്ടുണ്ട്. ലോട്ടറി, ഹോട്ടൽ, കൂൾബാർ, മൊബൈൽ റീചാർജ്, ഓട്ടോറിക്ഷ തുടങ്ങി സകലമേഖലകളിലും തകർച്ച പ്രകടമാണ്. നാട്ടിൻപുറങ്ങളിലെ ഹോട്ടലുകളിൽ പലതിനും പുട്ടുവീണു കഴഞ്ഞു. നഗരങ്ങളിലും ഇടത്തരം ഹോട്ടലുകൾ പൂട്ടുകയാണ്. വാടക കൊടുക്കാനില്ലാതെ വർഷങ്ങളുടെ പാരമ്പര്യമുളള സ്ഥാപനങ്ങൾ പോലും വലയുന്നു. വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നടപ്പാക്കിയ ജനകീയ ഹോട്ടലുകളും, സബ്‌സിഡി ലഭ്യമാകാത്തതുമൂലം പ്രതിസന്ധിയിലാണ്. 2020ലാണ് ജനകീയ ഹോട്ടലുകൾ സംസ്ഥാനത്ത് തുറക്കുന്നത്. വിശന്നിരിക്കുന്ന ഒരാൾക്ക് കുറഞ്ഞ നിരക്കിൽ ഒരു നേരത്തെ ഭക്ഷണം എങ്കിലും നൽകണം എന്ന ആശയമാണ് പദ്ധതിക്ക് പിന്നിൽ. 1,180 ഹോട്ടലുകൾവഴി 4,485 വനിത ജീവനക്കാരാണ് ഇതിലൂടെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. പൊതു വിതരണ വകുപ്പിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ട് പോയിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്കാണ് നടത്തിപ്പ് ചുമതല. എന്നാൽ, സർക്കാർ സബ്‌സിഡി ലഭ്യമാകാതെ വന്നതോടെ ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റി. സബ്‌സിഡി തുക ഉടൻ ലഭ്യമാക്കും എന്നാണ് കുടുംബശ്രീ ജില്ല മിഷൻ ഉറപ്പ് നൽകിയിരുന്നത്. ഈ പ്രതീക്ഷയിൽ ജീവനക്കാരായ വീട്ടമ്മമാർ സ്വന്തം കൈയിലെ പണം വിനിയോഗിച്ചാണ് ഹോട്ടലുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയിരുന്നത്.എന്നാൽ, സബ്‌സിഡി തുക ലഭിക്കാതെ വന്നതോടെ ഇവരും പ്രതിസന്ധിയിലായി. ഇതോടെ ഇത്തരം ഹോട്ടലുകൾ പലത്ം അടച്ചുപൂട്ടുകയാണ്.
അതുപോലെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയും പൂർണ്ണമായി തകർന്നിരിക്കയാണ്. സർക്കാർ വലിയ തോതിൽ രജിസ്ട്രേഷൻ ചാർജ് വർധിപ്പിച്ചതോടെ ഭൂമിക്കച്ചവടം ഒന്നും നടക്കുന്നില്ല. വില കിട്ടില്ല എന്ന തോന്നൽ വന്നതോടെ ഭൂമി വിൽക്കാനും ആളുകൾ തയ്യാറാവുന്നില്ല. മാത്രമല്ല സാമ്പത്തിക മാന്ദ്യ ഭീതി വന്നതോടെ ആളുകൾ പണം ഭൂമിയിൽ ഇൻവെസ്റ്റ് ചെയ്യാനും തയ്യാറല്ല.ഡീസലടിക്കാൻ വഴിയില്ലാതെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങൾ ഷെഡ്ഡിലായത് വാർത്തയായിരുന്നു. കേരളത്തിന്റെ സാമ്പത്തിക തകർച്ചയുടെ ആക്കം കൂട്ടുന്നതാണ് കേന്ദ്രത്തിന്റെ കടുംപിടിത്തം. കേരളം ആയിരം ആവശ്യപ്പെട്ടാൽ പത്തുനൽകുന്ന രീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.ഇങ്ങനെ തുടർന്നാൽ വലയുന്നത് നിർദോഷികളായ പൊതുജനം ആണെന്ന് കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ഓർത്താൽ നന്ന്.
നവകേരളത്തിനായി പുറപ്പെട്ടിട്ട് കേരളത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥ വരാതിരിക്കട്ടെ......

Post your comments