സാംസ്‌കാരികവകുപ്പിന് കീഴിലുള്ള വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ വൈസ് ചെയർപേഴ്‌സണായി നർത്തകി ഡോ.രാജശ്രീ വാര്യരെ നിയമിച്ചു. കലാനിരൂപക, ഗവേഷക, ടെലിവിഷൻ അവതാരക എന്നീ നിലകളിലും പ്രശസ്തയാണ്. ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുളള രാജശ്രീ നൃത്തത്തെക്കുറിച്ചു 2 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഭരതനാട്യത്തിന് പുതിയ നൃത്തഭാഷ്യങ്ങൾ ചമയ്ക്കുന്ന ഈ കലാകാരി തുടക്കക്കാരിയായ വിദ്യാർത്ഥിനിയെ എന്ന പോലെ തന്റെ പ്രിയ വിഷയത്തിൽ ഇന്നും പുതിയ പുതിയ പരീക്ഷണഗവേഷണങ്ങൾ നടത്തുകയാണ്.
തിരുവനന്തപുരത്ത് ജനിച്ചുവളർന്ന രാജശ്രീ വാര്യർ ഗുരു വി. മൈഥിലി, ഗുരു ജയന്തി സുബ്രമണ്യൻ എന്നിവരുടെ പക്കൽ നൃത്തവും പാറശ്ശാല പൊന്നമ്മാൾ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, അശ്വതി തിരുന്നാൾ രാമവർമ്മ എന്നിവരുടെ പക്കൽ സംഗീതവും അഭ്യസിച്ചു. ഏഷ്യാനെറ്റിലെ സുപ്രഭാതം , അമൃത ടിവിയിലെ സിറ്റിസൺ ജേണലിസ്റ്റ് എന്നീ പരിപാടികളുടെ അവതാരകയായി പ്രവർത്തിച്ചു.
നൃത്തഗവേഷണത്തിനും അധ്യാപനത്തിനുമായി തിരുവനന്തപുരത്ത് നേത്ര എന്ന പേരിൽ നൃത്തകലാവിദ്യാലയം നടത്തുന്നു.2016 മുതൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഡയറക്ടർ ബോർഡ്അംഗമാണ്.ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമിയുടെ 2012ലെ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് ഇതിനകം രാജശ്രീയെ തേടിയെത്തിയത്.
Post your comments