തിരുവിതാംകൂർ രാജകുടുംബാംഗം പ്രിൻസ് ആദിത്യ വർമ്മയുടെ 'എ ജേർണി ഓഫ് ആദി കൈലാസ്', ബി.ജയചന്ദ്രന്റെ 'ദൃശ്യശൃംഗം' എന്നീ പുസ്തകങ്ങൾ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലെവീ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.ജയകുമാറും ഭീമാ ഗോവിന്ദനും കവടിയാർ കൊട്ടാരത്തിലെ അംഗങ്ങളായ പൂയം തിരുന്നാൾ പാർവ്വതി ഭായി, അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി എന്നിവരും പങ്കെടുത്തു.
ആദി കൈലാഷിന്റെ ആദ്യ പതിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും പൂയം തിരുന്നാൾ പാർവ്വതി ഭായി ഏറ്റുവാങ്ങി. ദൃശ്യശൃംഗത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത് അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായിയാണ്.
മഹാകാളി നദിയുടെ തീരത്തൂടെ താൻ നടത്തിയ കൈലാസ യാത്രയാണ് 'എ ജേർണി ഓഫ് ആദി കൈലാസ്' എന്ന പുസ്തകത്തിന് പ്രചോദനമായതെന്ന് പ്രിൻസ് ആദിത്യ വർമ്മ പറഞ്ഞു. ഈ പുസ്തകങ്ങൾ വെറും കഥകളല്ലെന്നും ഗവേഷണ വിദ്യാർത്ഥികൾക്ക് സഹായകമാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാശി മുതൽ കൈലാസം വരെയുള്ള യാത്രയെ വായനക്കാരുടെ ഉള്ളിൽ ദൃശ്യവത്ക്കരിക്കാൻ കഴിയുന്നതാണ് ബി ജയചന്ദ്രന്റെ ദൃശ്യശൃംഗം എന്ന പുസ്തകം.
Post your comments