ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, അമേരിക്കൻ ബഹുരാഷ്ട്ര വിനോദ കമ്പനിയായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ ബിസിനസ് വിഭാഗം ഏറ്റെടുക്കുന്നതിനുള്ള അന്തിമ കരാറിലേക്ക് സമീപിക്കുന്നതായി റിപ്പോർട്ട്. പണവും ഓഹരിയും ഉൾപ്പെടുന്ന ഇടപാടാണ് ഏറ്റെടുക്കൽ കരാറിൻ്റെ ഭാഗമായുള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിനോദ വ്യവസായ മേഖലയിലെ ഭീമനായ വാൾട്ട് ഡിസ്നി കമ്പനിയുടെ സിസ്നി സ്റ്റാർ ബിസിനസ് വിഭാഗത്തിൻ്റെ നിയന്ത്രണം കൈയാളുന്ന ഓഹരി വിഹിതം വിൽക്കാനാണ് ആലോചന. ഇതിനായി ഇന്ത്യയിലെ ബിസിനസ് വിഭാഗത്തിന് 1,000 കോടി ഡോളർ (ഏകദേശം 83,000 കോടി രൂപ) മൂല്യമാണ് വാൾട്ട് ഡിസ്നി കണക്കാക്കുന്നത്. എന്നാൽ 700 മുതൽ 800 കോടി ഡോളർ മൂല്യമാണ് റിലയൻസ് കണക്കുകൂട്ടുന്നത്.
വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ ബിസിനസ് വിഭാഗത്തെ ഏറ്റെടുക്കുന്ന കരാർ നവംബർ മാസമാദ്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഏറ്റെടുക്കലിൻ്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചില മാധ്യമ യൂണിറ്റുകൾ ഡിസ്നി സ്റ്റാറിൽ ലയിച്ചേക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇരുകൂട്ടരും തമ്മിൽ പരിഗണനയിലുളള പണം - ഓഹരി ഇടപാടിൻ്റെ കരാർ പ്രകാരം, റിലയൻസ് ഏറ്റെടുക്കുന്ന ഇന്ത്യൻ ബിസിനസ് വിഭാഗത്തിൽ, വാൾട്ട് ഡിസ്നി ന്യൂനപക്ഷ ഓഹരി വിഹിതം നിലനിർത്തിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. എന്നിരുന്നാലും ഏറ്റെടുക്കൽ കരാറിനെ കുറിച്ചോ കമ്പനിയുടെ മൂല്യത്തെ സംബന്ധിച്ചോ ഇരു വിഭാഗവും അന്തിമ തീരുമാനത്തിൽ ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അതേസമയം ഏറ്റെടുക്കൽ വാർത്തയോട് റിലയൻസ് ഇൻഡസ്ട്രീസും ഇന്ത്യയിലെ ഡിസ്നി കമ്പനിയുടെ പ്രതിനിധിയോ പ്രതികരിക്കാൻ തയ്യാറായില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സംപ്രേഷണാവകാശം, റിലയൻസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭമായ വയാകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നേടിയതോടെയാണ്, വാൾട്ട് ഡിസ്നി കളം മാറിച്ചവിട്ടുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്.
Post your comments