Global block

bissplus@gmail.com

Global Menu

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല എങ്ങോട്ട്?

റിയൽ എസ്റ്റേറ്റ് മേഖല എന്ന് പറയുമ്പോൾ മൂന്ന് രീതിയിൽ വേണം ഈ വിഷയത്തെ പരിഗണിക്കാനും അതിനെ കുറിച്ച് ചർച്ച ചെയ്യാനും. ഒന്നാമത്തെ ഘടകം എന്നത് അന്താരാഷ്ട്ര തലത്തിൽ റിയൽ എസ്റ്റേറ്റ് വിപണി എങ്ങിനെ മുന്നേറുന്നു, രണ്ട് - ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രകടനം പൊതുവിൽ എങ്ങനെ, അതുപോലെ മൂന്നാമതായി പരിഗണിക്കേണ്ട ഭാഗമാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രശ്‌നങ്ങളും പുരോഗതിയും.
പൊതുവിൽ നമ്മൾ പറയാറുണ്ട് ഭൂമിയിലെ ഏറ്റവും നല്ല നിക്ഷേപം എന്നത് ഭൂമിയിൽ തന്നെ നിക്ഷേപിക്കുക എന്നതാണെന്ന്. ഒരു പരിധി വരെ ശരിയാണ്. പക്ഷേ ഈ പ്രസ്താവനയ്ക്ക് ഒരു കൃത്യമായ സമയ പരിമിതി ഇല്ല എന്ന് വേണം ആദ്യം മനസ്സിലാക്കാൻ. ഇന്നത്തെ കാലത്തെ ലിക്വിഡ് ക്യാഷിന് ഉയർന്ന മൂല്യവും അതേസമയം മൂല്യച്യുതിയും സംഭവിക്കുന്ന ഘട്ടത്തിൽ കണ്ണും ചിമ്മി റിയൽ എസ്റ്റേറ്റ് മേഖലയെ തിരഞ്ഞെടുക്കൽ ശരിയായ രീതിയാണോ എന്ന് സസൂക്ഷ്മം ചിന്തിച്ചു വേണം തീരുമാനം എടുക്കാൻ. കൂടിയ നിക്ഷേപ സമയം എടുക്കുന്നു എന്നതാണ് 90%വും റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഒരിക്കൽ നിക്ഷേപം നടത്തിയാൽ അതിൽ നിന്നും പിൻവാങ്ങാൻ ധാരാളം കടമ്പകൾ കടക്കേണ്ട അവസ്ഥ വരുന്നു, പ്രത്യേകിച്ചും പഞ്ചായത്ത് - മുനിസിപ്പാലിറ്റികൾ നടപ്പിലാക്കുന്ന പുതിയ നിയമങ്ങളും കെട്ടിട നിർമ്മാണ വ്യവസ്ഥകളും പരിഗണിച്ചാൽ പല ആളുകളും നിക്ഷേപം നടത്തിയ പ്രോപ്പർട്ടീസ് പിന്നീട് മറ്റൊരു സർക്കാർ ഓർഡർ വരുന്നത് വരെ കാത്ത് കിടക്കേണ്ട അവസ്ഥയാണിന്ന്.
കൊവിഡിനു ശേഷം കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് ഇപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന വിഷയം. അതിൽ പ്രധാനപ്പെട്ട ഒരു കൂടുമാറ്റം എന്നത് മൾട്ടിനാഷണൽ കമ്പനികൾ പ്രത്യേകിച്ചും ഐടി കമ്പനികൾ അവരുടെ സ്റ്റാഫുകളെ വർക്ക് അറ്റ് ഹോം സിസ്റ്റത്തിലേക്കു മാറ്റുകയും ഇതുമൂലം കുറഞ്ഞ പ്രൊജക്റ്റ് നേടിക്കൊണ്ട് തന്നെ അവർക്ക് സ്റ്റാഫിന് നല്ല സാലറി കൊടുക്കാനും കൂടിയ ലാഭം നേടാനും കഴിഞ്ഞു എന്നതുമാണ്. ഇന്ന് കേരള സർക്കാർ നേതൃത്വം കൊടുക്കുന്ന പ്രധാന ഐടി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൊജെക്ടുകൾ എല്ലാം തന്നെ പുതിയ ലീസ് എഗ്രീമെൻറ്‌സ് ഒന്നും തന്നെ ഇല്ലാതെ വെറുതെ കിടക്കുകയും ഗവണ്മെന്റ്‌ന് വലിയ നഷ്ടവും വരുമാനവും ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുകയും ചെയ്തിരിക്കുന്നു. തന്നെയുമല്ല നമ്മുടെ ചുറ്റുപാടിൽ പല നഗരങ്ങളും നോക്കിയാൽ കാണാം പുതിയ ഷോറൂമുകൾ എല്ലാം നഗരത്തിൽ നിന്നും വിട്ട് കൂടിയ പാർക്കിംഗ് സ്‌പേസ് ഉള്ള ഭാഗങ്ങളിലേക്ക് മാറുകയും ബിസിനസ് രീതി തന്നെ മാറി കൊണ്ടിരിക്കുന്നു. പ്രധാനമായും നഗരങ്ങളിൽ കാണുന്ന ബിസിനസ് എന്നത് അവിടെത്തെ ബസ്സ്റ്റാൻഡ് കേന്ദ്രീകൃതമായ ചില ബിസിനസുകൾ മാത്രമാണ്. ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോ മീറ്റർ കഴിഞ്ഞാൽ പിന്നെ എല്ലാ കച്ചവട സ്ഥാപനങ്ങളും നഷ്ടങ്ങളുടെ കണക്കുകളാണ് പറയുന്നത്.
എന്നിട്ടും ആളുകൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നില്ലേ എന്നാണ് മറുചോദ്യം. അതിനുള്ള കാരണം കൂടി നമുക്ക് ചർച്ച ചെയ്യാം.ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ സാധാരണക്കാരായ ആളുകളാണ്. അവർക്ക്  മണി മാനേജ്‌മെന്റ്, ബാങ്കിംഗ് റെഗുലേഷൻസ്, ട്രാൻസാക്ഷൻ പ്രൊസീഡ്യേഴ്‌സ്, ലീഗൽ കോംപ്ലിക്കേഷൻസ് എന്നിവയെ കുറിച്ച് വ്യക്തമായ  അറിവില്ല. അവർ വാങ്ങുന്നു-വിൽക്കുന്നു. ക്യാഷ് എല്ലാം നേരിട്ട് കൈകളിലൂടെ കൈമാറ്റം ചെയ്യുന്നു.ഒരു സ്ഥാപനം രജിസ്റ്റർ ചെയ്യാത്തത് മൂലവും, വർഷാവർഷം ഓഡിറ്റിംഗ് നടത്താത്ത കൊണ്ടും അവരുടെ കയ്യിലുള്ള ക്യാഷ് പിന്നീട് ബ്ലാക്ക് മണിയായി അറിയപ്പെടും. ഈ ക്യാഷ് വീണ്ടും അവർ ഏതെങ്കിലും വലിയ നഷ്ടം വരാത്ത റിയൽ എസ്റ്റേറ്റ് മേഖലയിൽ കൊണ്ട് പോയി നിക്ഷേപിക്കും.ഈയൊരു ചംക്രമണമാണ് കാര്യമായും ഇവിടെ നടക്കുന്നത്. എന്നാൽ വാങ്ങിയ വിലക്ക് മുകളിൽ  ഒന്നോ രണ്ടോ വർഷം കൊണ്ട് പ്രോപ്പർട്ടി വിറ്റു പോയില്ലെങ്കിൽ വലിയ നഷ്ടം നേരിടുന്നു എന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ ചിന്തിക്കാൻ തുടങ്ങി.പല ആളുകളും ഇന്ന് സ്വർണ വ്യാപാരത്തിലേക്ക് തിരിയാൻ പ്രധാന കാരണം റിയൽ എസ്റ്റേറ്റ് മേഖല ഒരു പരിധിയിൽ കൂടുതൽ ലാഭം നൽകുന്നില്ല എന്ന വസ്തുത തിരിച്ചറിഞ്ഞത് മൂലമാണ്. ഇതിനൊരു മറുമരുന്നാണ് സ്വർണ നിക്ഷേപവും വ്യാപാരവും. സ്വർണ വ്യാപാരം എന്നത് സ്ഥായിയായി നില നിൽക്കുന്നു, പണിക്കൂലി പോലുള്ള പേരുകൾ പറഞ്ഞു അവർക്ക് നല്ലൊരു ലാഭം എടുക്കാൻ കഴിയുന്നു, സ്വർണം കുറഞ്ഞ വിലയിൽ പലതരം ലേലം വിളികളിലൂടെ അവരുടെ കൈകളിൽ എത്തുന്നു എന്നതെല്ലാം പരിഗണിച്ചാൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തേക്കാൾ സുരക്ഷിതമാണ് സ്വർണത്തിലുള്ള നിക്ഷേപവും വ്യാപാരവും. സർക്കാർ ഇറക്കുമതി തീരുവ കൂട്ടുംതോറും സ്വർണ വ്യാപാരികളുടെ ലാഭം കൂടി കൊണ്ടിരിക്കും എന്നതാണ് മറ്റൊരു വസ്തുത. കാരണം അവർക്ക് കുറഞ്ഞ വിലയിൽ മാർക്കറ്റിൽ സ്വർണം ലഭിക്കാൻ സാധ്യത കൂടുതലാണ്. റിയൽ എസ്റ്റേറ്റ് മാർക്കറ്റിലെ ബ്ലാക്ക് മണി വെളുപ്പിക്കാനും സ്വർണ വ്യാപാരം നല്ലൊരു സാധ്യതയാണ്.
ഇനി വരാൻ പോവുന്ന നാളുകൾ ബാങ്കിങ് രംഗം വളരെ മോശമായ അവസ്ഥയിലേക്ക് കുതിക്കും. കാരണം സർക്കാർ ഭൂനികുതി / കെട്ടിട നികുതി എന്നിവ കൂട്ടും തോറും ജനങ്ങൾ അകന്നു നിൽക്കുകയും ഹൗസിങ് ലോൺ പോലുള്ള ആവശ്യകത വളരെ കുറയുകയും ചെയ്യും. സ്ഥലങ്ങളുടെ ആവശ്യകത വളരെ കുറയുകയും വീടുകളുടെ വലുപ്പം വളരെ കുറയുകയും ചെയ്യും. ഇത് കേരളത്തിലെ നിർമ്മാണ മേഖലകളെ വളരെ പ്രതികൂലമായി ബാധിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. നാട്ടിൽ റിയൽ എസ്റ്റേറ്റ് മേഖല കാര്യമായ മുൻകരുതലോടെ കൊണ്ട് പോയില്ല എങ്കിൽ അതോടൊപ്പം മറ്റു പല ഇൻഡസ്ട്രികളും തകരുകയും കൂടുതൽ കൂടുതൽ പ്രശ്‌നങ്ങൾ മാർക്കറ്റിൽ ഉടലെടുക്കുകയും സാമ്പത്തിക മേഖല താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തും.
കഴിഞ്ഞ ഏതാനും വർഷങ്ങൾ എടുത്തു നോക്കിയാൽ കേരളത്തിലെ ആളോഹരി വരുമാനം ദേശീയ സൂചികക്ക് ആനുപാതികമായി വളരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ.  കാരണം കേരളത്തിലെ വ്യാപാര മേഖല എന്നത് ഒരു ബബിൾ പോലെ എന്നുവേണമെങ്കിലും തകരാം എന്ന നിലയിൽ നിൽക്കുന്നു എന്നതാന് വസ്തുത. കാർഷിക മേഖലയെ കാര്യമായി പരിവർത്തനം ചെയ്തു എടുക്കാത്തതും കാലാവസ്ഥക്ക് അനുയോജ്യമായ നല്ല നാണ്യ വിളകൾ പ്രോത്സാഹിപ്പിക്കാത്തതും, കാര്യമായ രീതിയിൽ കാർഷിക ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിയാത്തതും എല്ലാം കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ ഭാവിലേക്കു മുന്നേറാൻ തടസ്സം നിൽക്കുന്ന ഘടകങ്ങളാണ്.

മേൽ സൂചിപ്പിച്ച ഓരോ കാര്യങ്ങളും പ്രശ്‌നങ്ങളും നേരിട്ടും അല്ലാതെയും പ്രതിഫലിക്കുന്ന പ്രധാന മേഖലയാണ് റിയൽ എസ്റ്റേറ്റ് എന്നത്. തീർച്ചയായും കാര്യമായ ഇടപെടലുകൾ ഉണ്ടാവുകയും പ്രതീക്ഷ നൽകുന്ന പദ്ധതികൾ ഉണ്ടാവുകയും ചെയ്താൽ കേരളം വീണ്ടും മുന്നേറും.

Post your comments