ആഗോള തലത്തിലുള്ള തൊഴിൽ നഷ്ടം തുടരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ കൂടുതൽ തൊഴിലാളികളെ പിരിച്ചു വിടും. ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. നോൺ എൻജിനീയറിങ് വിഭാഗങ്ങളിലുള്ളവർക്കാണ് കൂടുതലായും തൊഴിൽ നഷ്ടം നേരിടേണ്ടി വരിക. മനുഷ്യവിഭവശേഷിക്ക് പകരം സാങ്കേതികവിദ്യയ്ക്ക് പ്രധാന്യം നൽകാനുള്ള, കമ്പനി സിഇഒ മാർക്ക് സക്കർബർഗിന്റെ തീരുമാനമാണ് ഇതിനു പിന്നിൽ. നിയമവിദഗ്ധർ, സാമ്പത്തിക വിദഗ്ധർ, ടോപ് എക്സിക്യൂട്ടീവ്സ് എന്നീ മേഖലകളിലെല്ലാം സാങ്കേതിക വിദ്യയുടെ ഉപയോഗം വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം, 2022 നവംബറിൽ മെറ്റ, തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇത് കമ്പനിയുടെ ആകെ ജീവനക്കാരുടെ 13% വരും. തൊഴിലാളികളുടെ എണ്ണത്തിലുള്ള വർധന, സ്ഥൂല സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് അന്നത്തെ പിരിച്ചുവിടലിന് കാരണമായി പറഞ്ഞിരുന്നത്.
നിലവിലെ പിരിച്ചുവിടൽ തീരുമാനത്തിനു പിന്നിലും സമാനമായ കാരണങ്ങളായിരിക്കുമന്ന് സൂചനയുണ്ട്. വരുമാനം കുറയുന്ന സാഹചര്യത്തിൽ ചിലവ് കുറയ്ക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. 2022 ൽ നാലാം പാദത്തിൽ മെറ്റയുടെ വരുമാനം 32.17 ബില്യൺ യുഎസ് ഡോളറാണ്. 2022 വർഷത്തിൽ അത് 116.61 ബില്യൺ യുഎസ് ഡോളറാണ്. ക്വാർട്ടർ അടിസ്ഥാനത്തിൽ 4%, YoY അടിസ്ഥാനത്തിൽ 1% എന്ന തോതിൽ ഇടിവാണിതെന്ന് കമ്പനി പറയുന്നു.
പുതിയ ചില പദ്ധതികളടക്കം വെട്ടിച്ചുരുക്കാനും മെറ്റ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. പടിപടിയായി ആകെ ചിലവ് കുറച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. പെർഫോർമൻസ് റിവ്യൂ അനുസരിച്ച് ജോലിക്കാർക്ക് റേറ്റിങ് നൽകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് പിരിച്ചുവിടൽ. ജോലിക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ പിരിച്ചുവിടൽ നടത്തിയതിനു ശേഷം ഇത് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്ന നടപടികളുടെ തുടക്കമാണിതെന്ന് സുക്കർബർഗ് പറഞ്ഞിരുന്നു.
വരുമാനം വർധിപ്പിക്കാൻ കമ്പനി മറ്റു വരുമാനമാർഗങ്ങളും തേടുന്നു. പുതിയ ഫീച്ചറുകളും, വെരിഫൈ ചെയ്ത ബ്ലൂ ബാഡ്ജുമുള്ള മെറ്റ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ അത്തരത്തിലുള്ള ഒരു നീക്കമാണ്. ഒരു മാസം, വെബിൽ 1.99 ഡോളർ (ഏകദേശം 990 രൂപ), ഒരു മാസം ഐ ഫോണിൽ, 14.99 ഡോളർ (ഏകദേശം 1240 രൂപ) എന്നിങ്ങനെയാണ് സബ്സ്ക്രിപ്ഷൻ നിരക്കുകൾ. നിലവിൽ ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ സൗകര്യങ്ങൾ ലഭ്യമാവുക.
Post your comments