ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, ഇന്ത്യയിലെ 453 തൊഴിലാളികളെ പിരിച്ചു വിടും. ലീഗൽ, സെയിൽസ്, മാർക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് തൊഴിൽ നഷ്ടപ്പെടുക.ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടവർക്ക്, ഇന്നലെ, ഫെബ്രുവരി 16ന് രാത്രി ഏകദേശം 9.20 മുതൽ വർക് സിസ്റ്റത്തിലെ ആക്സിസ് നഷ്ടപ്പെട്ടു. പിരിച്ചു വിടുന്ന വിവരം ജോലിക്കാരെ ഇ-മെയിൽ വഴി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ ഗൂഗിൾ ഏകദേശം 12,000 ജോലിക്കാരെ പിരിച്ചുവിടുമെന്നാണ് കഴിഞ്ഞ മാസം ആൽഫബെറ്റ് അറിയിച്ചിരുന്നത്. ഇത് കമ്പനിയുടെ ആകെ ജോലിക്കാരുടെ 6% എന്ന തോതിലാണ്.
നിലവിൽ തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ പാക്കേജുകൾ നൽകുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഇത് ഓരോ തൊഴിലാളികളുടെയും സേവനകാലം അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ച് വ്യക്തിപരമായിട്ടായിരിക്കും നിശ്ചയിക്കുക. 2022 ൽ ലഭിക്കാനുള്ള ബോണസും ലഭിക്കും. ഹെൽത്ത് കെയർ ഇൻഷുറൻസ്, ജോബ് പ്ലേസ്മെന്റ് സർവീസുകൾ എന്നിവയിൽ കമ്പനി സഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തൊഴിലാളികളെ പിരിച്ചു വിടുന്ന ഒരു കമ്പനിയായി ഗൂഗിൾ മാറുന്നതാണ് നിലവിലെ കാഴ്ച. മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ, ട്വിറ്റർ എന്നീ ആഗോള ടെക് കമ്പനികളും ജോലിക്കാരുടെ എണ്ണം കുറച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഇത്തരം പല കമ്പനികളിലും നിരവധി ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജോലിക്കാരെ പിരിച്ചു വിടുന്ന പ്രവണത വർധിച്ചു വരുന്നതായി കണക്കുകളും സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം മൈക്രോ സോഫ്റ്റ് 5% ജോലിക്കാരെ പിരിച്ചു വിടുമെന്ന് അറിയിച്ചിരുന്നു. ഇത് ഏകദേശം 10,000 ആളുകളെയാണ് ബാധിക്കുന്നത്. ആമസോൺ 18,000 ആളുകളെ പിരിച്ചു വിടുകയാണെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തു വന്നു. ഫേസ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ, ആഗോള തലത്തിൽ 11,000 ജോലിക്കാരെ ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. Layoffs.fyi എന്ന ലേ ഓഫ് ട്രാക്കർ പ്രകാരം ലോകമാകെയുള്ള 379 ടെക് കമ്പനികൾ ഏകദേശം 1,07,930 തൊഴിലാളികളെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. 2023 ൽ മാത്രമുള്ള കണക്കുകളാണിത്.
Post your comments