Global block

bissplus@gmail.com

Global Menu

നിങ്ങളുടെ നിക്ഷേപങ്ങൾ ബാങ്കിൽ സുരക്ഷിതമാണോ ? നിക്ഷേപകർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം .

കേരളത്തിൽ നിന്ന് അടുത്ത ദിവസങ്ങളിലായി പുറത്തു വരുന്നത് നിക്ഷേപ തട്ടിപ്പുകളുടെ വാർത്തകളാണ്. ഉയർന്ന പലിശയുടെ പേരിൽ കോടികൾ പിരിച്ചെടുത്ത ശേഷം പലിശയും മുതലുമില്ലാതെ മുങ്ങിയ തട്ടിപ്പുകാരുടെ കഥകളാണ് പുറത്തു വരുന്നത്. പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ തട്ടിപ്പിന് ഇരയാകുന്നു എന്നതാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്നൊരിടം എന്നാണ് പൊതുവെ ബാങ്കുകളെ കണക്കാക്കുന്നത്.

 

അതേസമയം നിക്ഷേപകരുടെ പണം പ്രതിസന്ധിയിലാക്കിയ ബാങ്കുകളും ഇന്നാട്ടിലുണ്ട്. മോശം സാമ്പത്തികമുള്ള സ്വകാര്യ, സഹകരണ ബാങ്കുകളാണ് പൊതുവെ പ്രശ്‌നക്കാരാവുന്നത്. ഐഡിബിഐ പ്രതിസന്ധിയിലായതും എല്‍ഐസി സംരക്ഷണത്തിനെത്തിയതും ഓര്‍മയിലുള്ള സംഭവങ്ങള്‍ തന്നെയാണ്. നിക്ഷേപകർ വലിയ പലിശ നിരക്ക് നോക്കി നിക്ഷേപിക്കുന്നതിന് പകരം പണത്തിന്റെ സുരക്ഷിതത്വം കൂടി പരി​ഗണിക്കണം. ബാങ്കില്‍ പണം സൂക്ഷിക്കുന്നതിന്റെ സുരക്ഷിതത്വവും എങ്ങനെ ഒരു നിക്ഷേപം തിരഞ്ഞെടുക്കാം എന്നതിനെയും പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.

 

നിക്ഷേപകന്റെ ഉത്തരവാദിത്വം

പണം നിക്ഷേപിക്കുകയും നഷ്ടപ്പെടുമ്പോൾ സിസ്റ്റത്തെ കുറ്റപ്പെടുത്തുന്നതും പൊതുവിലുള്ള ശീലമാണ്. ഇതിൽ പൂർണമായും ശരിയുണ്ടോ?. എവിടെയാണ് നിക്ഷേപിക്കുന്നത്, നിക്ഷേപിക്കുന്നതിലെ റിസ്‌ക് എന്താണ്, നിക്ഷേപ സ്ഥാപനം മോശമായ രീതിയിലേക്ക് പോയാല്‍ നഷ്ടം ആര് നികത്തും എന്നീ കാര്യങ്ങള്‍ പരിഗണിക്കേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടും. ഉയര്‍ന്ന പലിശയും മോഹന വാഗ്ദാനങ്ങളും പരിഗണിക്കുന്നതിന് മുന്‍പ് നിക്ഷേപകന്‍ ഇക്കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കണം. ബാങ്കുകളിലാണെങ്കിൽ നിയന്ത്രിക്കാൻ മുകളിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുണ്ട്. സേഫും സ്ട്രോങും പറയുന്നവരെ ആരു നിയന്ത്രിക്കുന്നു എന്നു കൂടി അറിയേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്വമാണ്. 

 

സിസ്റ്റത്തിന്റെ ഉത്തരവാദിത്വം

നിക്ഷേപകന്റെ പണം സംബന്ധിച്ച് നിക്ഷേപകനെ പോലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ആശങ്കകളും ആകുലതകളുമുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടീ ആക്ട് പ്രകാരം ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ആർബിഐ നൽകുന്നുണ്ട്. നേരത്തെ ഇത് 1 ലക്ഷമായിരുന്നു. മുന്‍കാലങ്ങളില്‍ ബാങ്ക് ലിക്വിഡേഷന്‍ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമെ പണം ലഭിച്ചിരുന്നുള്ളൂ. നിലവില്‍ ബാങ്കിന് തിരിച്ചടവ് ശേഷി നഷ്ടപ്പെട്ടാല്‍ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പ്പറേഷന്‍ പണം നല്‍കും. ഇത് ആർബിഐ സബ്സിഡിയറിയാണ്. 

 

എത്ര ബാങ്കുകള്‍ക്ക്

ആര്‍ബിഐ 2022 ഡിസംബര്‍ 29ന് പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം, 2022 സെപ്റ്റംബര്‍ 30 വരെ ഇന്‍ഷൂര്‍ ചെയ്ത ബാങ്കുകളുടെ എണ്ണം 2,034 ആണ്. 141 വാണിജ്യ ബാങ്കുകളും 1,893 സഹകരണ ബാങ്കുകളും ഇതില്‍ ഉള്‍പ്പെടും. നിലവിലെ 5 ലക്ഷം പരിധി പ്രകാരം 267.1 കോടി നിക്ഷേപ അക്കൗണ്ടുകള്‍ മുഴുവനായും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. 80.95 ലക്ഷം കോടി രൂപയാണ് ഇങ്ങനെ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളത്. ഇത് രാജ്യത്തെ ബാങ്കുകളിലുള്ള ആകെ നിക്ഷേപത്തന്റെ 46.2 ശതമാനം മാത്രമാണ്.

 

ഏറ്റവും സുരക്ഷിതമായ ബാങ്കേത്

സുരക്ഷിതത്വം പരിശോധിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ മാത്രം പരിശോധിച്ചാല്‍ മതിയോ?. മനസമാധാനത്തോടെ നിക്ഷേപം മുന്നോട്ട് കൊണ്ടു പോകാന്‍ പൊതുമേഖലാ ബാങ്കുകളാണ് കൂടുതല്‍ സുരക്ഷിതം. പൊതുമേഖലാ ബാങ്കുകളോടുള്ള സര്‍ക്കാറിന്റെ ഉത്തരവാദിത്വം തന്നെയാണ് ഇതിന് കാരണം. നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചതിനെ തുടര്‍ന്ന് ഐഡിബിഐ ബാങ്ക് പ്രതിസന്ധിയിലായപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ എല്‍ഐസിയാണ് സഹായത്തിനെത്തിയത്. 'പോളിസി ഉടമകളുടെ പണം ഉപയോഗിച്ച് ഇവിടെ നിക്ഷേപകരുടെ പണം സുരക്ഷിതമാക്കി മാറ്റി'. 

 

പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞാല്‍ മുന്‍നിര സ്വകാര്യ ബാങ്കുകളെ തിരഞ്ഞെടുക്കാം. ഇവിടെയും സര്‍ക്കാര്‍ സഹായമെത്തും. യെസ് ബാങ്കിലും നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നപ്പോള്‍ രാജ്യത്തെ മുന്‍നിര ബാങ്കുകളാണ് ഓഹരികള്‍ ഏറ്റെടുത്ത് മൂലധനം നല്‍കുകയും നേതൃത്വം ഏറ്റെടുക്കയും ചെയ്തത്. ഡൊമസ്റ്റിക്ക്- സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്കുകളെയും ആദ്യ പരി​ഗണന നൽകാം. ഇവ മുൻനിര പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ തന്നെയാണ്.

 

പരാജയപ്പെട്ടാൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുന്ന ബാങ്കുകളെയാണ് സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്ക് എന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഈ പദവിയിലുള്ള ബാങ്കുകൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിന്റെ പിന്തുണ ലഭിക്കും. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യമേഖലയിൽ നിന്നുള്ള എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സിസ്റ്റമിക്കലി ഇംപോർട്ടന്റ് ബാങ്കുകൾ.

 

 

 

 

 

Post your comments