ഡി.എസ്.കോണ്ട,
മില്‍മ മാനേജിംഗ് ഡയറക്ടര്‍
(ടിആര്‍സിഎംപിയു)
മിൽമ (TRCMPU)പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി വിപണിയിൽ കുതിക്കുകയാണ്. മികച്ച നേതൃത്വം യാതൊരു സ്ഥാപനത്തെയും സംരംഭത്തെയും ഉടച്ചുവാർക്കുമെന്നത് ചരിത്രസത്യമാണ്. അത്തരം ഒരു വഴിത്തിരിവിലൂടെയാണ് തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ (ടിആർസിഎംപിയു) കടന്നുപോകുന്നത്.പാൽ സംഭരണത്തിലും വിപണനത്തിലും മാത്രമല്ല മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം,ജീവനക്കാർക്കുളള പരിശീലനം, അടിസ്ഥാനസൗകര്യമൊരുക്കൽ, മാർക്കറ്റിംഗ്്, റിസർച്ച് ആൻഡ് ഡെവലെപ്‌മെന്റ്, മാനവവിഭവശേഷി തുടങ്ങി എല്ലാ തലത്തിലും സൂക്ഷ്മമായ ശ്രദ്ധപുലർത്തി മിൽമയെ മികവിലേക്ക് നയിക്കുന്നതിനുളള പുതുപദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയാണ് ടിആർസിഎംപിയു മാനേജിംഗ് ഡയറക്ടർ ഡി എസ് കോണ്ട. കർഷകരുടെയും ഉപഭോക്താക്കളുടെയും സംതൃപ്തി ഒരുപോലെ കാത്തുസൂക്ഷിച്ചുകൊണ്ടുളള പരിഷ്‌ക്കാരങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മിൽമ (ടിആർസിഎംപിയു) മാനേജിംഗ് ഡയറക്ടർ ഡി.എസ് കോണ്ടയുമായി ബിസിനസ് പ്ലസ് നടത്തിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ നിന്ന്......
നിരവധി ഡെയറി കമ്പനികൾ വരുന്നുണ്ട്. അവ മിൽമയ്ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി?
മിൽമ കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമാണ്. കർഷകരുളളിടത്തോളം കാലം മിൽമ നിലനിൽക്കും. ബിസിനസ് എന്ന നിലയിൽ നല്ല മത്സരം നേരിടേണ്ടിവരും എന്നത് വാസ്തവം. ഒരു കാലത്ത് കേരളത്തിൽ മിൽമ മാത്രമേ ഉണ്ടായിരുന്നുളളു. പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് എംഎംപിഒ രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ 10,000 ലിറ്റർ വരെ കപ്പാസിറ്റിയുളള ഫാക്ടറി തുടങ്ങാമെന്ന ഉത്തരവിറക്കി. അതെ തുടർന്നാണ് ഇത്രയധികം കമ്പനികൾ വന്നത്. പക്ഷേ കേരളത്തെ സംബന്ധിച്ച് മിൽമ ഒഴികെ മറ്റ് ഒട്ടു മിക്ക ബ്രാൻഡുകളും വിൽക്കുന്ന പാൽ ഇവിടെ ഉത്പാദിപ്പിക്കുന്നതല്ല. കേരളം ഒരു നല്ല കമ്പോളമാണെന്ന് കണ്ട് തമിഴ്‌നാട്ടിൽ നിന്നും മറ്റും വിലകുറച്ച് പാൽ വാങ്ങി ഇവിടെ മിൽമ നിശ്ചയിക്കുന്ന അതേ വിലയിൽ വിൽക്കുന്നു. തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞ റേറ്റിൽ പാൽ കിട്ടും. ഇവിടെ കൊണ്ടുവന്ന് മിൽമ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽക്കുമ്പോൾ അവർക്ക് കൂടുതൽ മാർജിൻ കിട്ടും. ഈ കമ്പനികൾ ഡീലർമാർക്ക് കൂടുതൽ കമ്മീഷൻ ഓഫർ ചെയ്യുന്നു. സ്വകാര്യ ഡെയറികളുടെ ഏത് തരത്തിലുളള വെല്ലുവിളിയും നേരിടാനുളള കരുത്ത് മിൽമക്കുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന പാൽ ആരോഗ്യകരമല്ല എന്ന് പറയുന്നു. മിൽമ അതിൽ നിന്ന് എത്രത്തോളം വേറിട്ടുനിൽക്കുന്നു.
നൂറ് ശതമാനം. മിൽമ ഒരു സഹകരണപ്രസ്ഥാനമാണ് അതുകൂടാതെ ഐഎസ്ഒ 22000 ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയ സ്ഥാപനമാണ്. ഇത് കൂടാതെ മിൽമ പ്രാദേശികമായിട്ടുളള സംഭരണത്തിനുശേഷം അധികമായി വേണ്ടിവരുന്ന പാൽ അന്യസംസ്ഥാനത്തുനിന്ന് വാങ്ങുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങാറിില്ല. മിൽമയെ പോലെ കോഓപറേറ്റീവ് സ്വഭാവമുളള സ്ഥാപനങ്ങളിൽ നിന്ന് മാത്രമാണ് വാങ്ങുക. മിൽമ മുഖ്യമായും പാൽ വാങ്ങുന്നത് കർണ്ണാടക മിൽക്ക് ഫെഡറേഷനിൽ നിന്നാണ്. അത് മിൽമ പോലെ കോഓപറേറ്റീവ് പ്രസ്ഥാനമാണ്.കർഷകരിൽ നിന്നാണ് അവർ പാലെടുക്കുന്നത്. ഐഎസ്ഒ22000 അംഗീകാരവുമുണ്ട്. സ്വകാര്യകമ്പനികളിൽ നിന്ന് വാങ്ങുമ്പോഴാണ് മായം ചേർക്കലും മറ്റും വരുന്നത്.
മിൽമ 40 രൂപയ്ക്ക് കർഷകരിൽ നിന്ന് വാങ്ങുന്ന പാൽ 46 രൂപയ്ക്ക് വിൽക്കുകയാണ്. അതായത് പ്രോസസിങ് ചാർജ്ജുൾപ്പെടെ നോക്കുമ്പോൾ പാലായി വിൽക്കുമ്പോൾ മിൽമയ്ക്ക് വലിയ ലാഭമൊന്നുമില്ല. 53 പൈസയേ കിട്ടൂ. മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ നിന്നാണ് മിൽമയ്ക്ക് നേട്ടമുളളത്. വരുമാനത്തിന്റെ 85 ശതമാനവും കർഷകർക്ക് തിരികെ നൽകുകയാണ് ചെയ്യുന്നത്.
മിൽമയെ സംബന്ധിച്ചിടത്തോളം പാൽ,തൈര്,നെയ്യ് ഇവയാണ് ജനങ്ങൾക്ക് സുപരിചിതം. മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടെങ്കിലും അത് ജനങ്ങളിലേക്ക് അത്രയ്ക്കും എത്തുന്നില്ല. അതേസമയം അമുലിന്റെയൊക്കെ എല്ലാ ഉത്പന്നങ്ങളും ജനങ്ങൾക്കറിയാം. എന്തുകൊണ്ടാണ് മിൽമ ആ തലത്തിലേക്ക് വളരുന്നില്ല. ?
തീർച്ചയായും അതൊരു നല്ല ചോദ്യമാണ്. പക്ഷേ, അമുലുമായി ഒരിക്കലും മിൽമയെ താരതമ്യപ്പെടുത്തരുത്. അമുൽ ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ആദ്യം തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. ഈ രംഗത്തെ ഒരു പെരുന്തച്ചൻ എന്നുവേണമെങ്കിൽ പറയാം. കാരണം ഈ രംഗത്തുളള എല്ലാ കോഓപറേറ്റുകളുടെയും കാരണവരാണ് അമുൽ. അമുലിനൊപ്പം വളർന്നില്ലെങ്കിലും ഈയിടെ ഈസ്റ്റ് നോയിഡയിൽ നടന്ന ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ (ഐഡിഎഫ്) കോൺഫറൻസിൽ മിൽമയുടെ സ്റ്റാൾ കണ്ട് അമുലിന്റെ ആൾക്കാർ പോലും അത്ഭുതപ്പെട്ടു. നിങ്ങൾക്ക് ഇത്രയധികം ഉത്പന്നങ്ങളുണ്ടോ എന്നാണ് ചോദിച്ചത്. അപ്പോൾ ഐസ്‌ക്രീം ഉൾപ്പെടെ. അമുലിനേക്കാളും മൂല്യവർദ്്ധിത ഉത്പന്നങ്ങൾ മിൽമയ്ക്കുണ്ട്. ഐസ്്ക്രീമിൽ തന്നെ 17 വെറൈറ്റികളുണ്ട്. ഒരു കാര്യം ശരിയാണ് പണ്ട് മിൽമ എന്നുപറഞ്ഞാൽ പാൽ മാത്രമായിരുന്നു. പിന്നീട് തൈര് വന്നു. അതുകഴിഞ്ഞ്് നെയ്യ് വന്നു. അങ്ങനെ മിൽമ എന്നാൽ പാൽ, തൈര്, നെയ്യ് എന്നതായി. പിന്നീട് ഒരു വലിയ നിര ഉത്പന്നങ്ങൾ മിൽമയ്ക്കുണ്ടായി. അത് ജനങ്ങൾക്കറിയാം. ആദ്യകാലത്ത് കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ആൻഡ് മിൽക്ക് മാർക്കറ്റിംഗ് ബോർഡിൽ നിന്നും മിൽമയിലേക്ക് മാറിയപ്പോൾ പേര് മാറിയെങ്കിലും പഴയ ഹാങ്ഓവറിലായിരുന്നു. പക്ഷേ, കഴിഞ്ഞ 12 വർഷത്തോളമായി ഇതിൽ നിന്നുമാറി സഞ്ചരിച്ചുതുടങ്ങിയിട്ട്. തത്ഫലമായി നല്ലൊരു മാർക്കറ്റിംഗ് ടീമിനെ വാർത്തെടുക്കാൻ ഞങ്ങൾക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ മൊത്തം ടേൺഓവറിന്റെ 25% മൂല്യവർദ്ധിത ഉത്പന്നങ്ങളിൽ നിന്നാണ്. ഫഹദ് ഫാസിലിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പരസ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വർഷം ടിആർസിഎംപിയുവിന്റെ ലാഭം?
നാല് കോടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭം. അതിനുമുമ്പത്തെ വർഷം ഒരു കോടിയായിരുന്നു. നടപ്പു സാമ്പത്തിക വർഷം ആറു കോടി രൂപയുടെ ലാഭമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം മിൽമയുടെ ആകെ വിറ്റുവരവ് 1095 കോടി രൂപയാണ്. നടപ്പുസാമ്പത്തികവർഷം ഞങ്ങൾ ലക്ഷ്യമിടുന്നത് 1203 കോടി രൂപയാണ്. 2025ഓടു കൂടി വിറ്റുവരവ് 1500 കോടിയിലേക്ക് എത്തിക്കുന്നതിനുളള കൂട്ടായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
താങ്കൾ ചാർജ്ജെടുത്ത ശേഷമുളള പ്രവർത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
തിരുവനന്തപരം മേഖലാ യൂണിയനെ കേരളത്തിലെ മികച്ച സഹകരണപ്രസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിട്ടുളള കൂട്ടായ പ്രവർത്തനം ചരിത്രനേട്ടങ്ങൾ കൈവരിക്കാനിടയാക്കി. വില്പന ലക്ഷ്യങ്ങൾ കൈവരിക്കാനായി. വിതരണശൃംഖല കൂടുതൽ ശക്തമാക്കാനുളള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഡെയറി പ്ലാന്റുകൾ നവീകരിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഓണക്കാലത്ത് ഓണം വിപണി ലക്ഷ്യമാക്കി പ്രത്യേക പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കിയത് വൻ വിജയമായി. ഉത്രാടനാളിൽ 12.85 ലക്ഷം ലിറ്റർ പാൽ വിൽക്കുവാൻ സാധിച്ചു. ഇത് സർവ്വകാല റെക്കോർഡാണ്. ഓണക്കാലത്ത് ഏഴെട്ടുദിവസം കൊണ്ട് 42 കോടിയുടെ ബിസിനസാണ് നടന്നത്. ദീപാവലിക്കും പ്രത്യേക വിപണന പദ്ധതികൾ നടപ്പാക്കുകയുണ്ടായി. ക്രിസ്മസ് വിപണി ലക്ഷ്യമാക്കി വിവിധ തരത്തിലുളള കേക്കുകൾ വിപണിയിലിറക്കാനുളള പദ്ധതിയുണ്ട്.
നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു. ആദ്യത്തേത് റൂറൽ മാർക്കറ്റിംഗ് ആരംഭിച്ചതാണ്. അതിപ്പോൾ നന്നായി പോകുന്നു. അതുപോലെ മിൽമയുടെ കാലിത്തീറ്റയുടെ വില്പന മന്ദഗതിയിലായിരുന്നു. വില്പന വർദ്ധിപ്പിക്കുന്നതിനായി ഓരോ യൂണിറ്റിലും മെർക്കൻഡൈസർമാരെ നിയമിച്ചു. അവർ പ്രാഥമിക സഹകരണസംഘങ്ങളുമായി സഹകരിച്ചുപ്രവർത്തിക്കുന്നു. അങ്ങനെ വില്പന കൂടിയിട്ടുണ്ട്.
അതുപോലെ തിരുവനന്തപുരം മേഖലയ്ക്ക് കീഴിലെ ഡെയറികളിൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ഉണ്ടായിരുന്നു. പുതുതായി മാർക്കറ്റ് ഡിമാൻഡ് ഉണ്ടായാൽ അതിനനുസരിച്ച് മുന്നോട്ടുപോകുന്നതിനുളള യന്ത്രസംവിധാനങ്ങളും ടാങ്കുകളും മറ്റുമില്ലാതിരുന്നത് വലിയ വെല്ലുവിളിയായിരുന്നു. അത് പരിഹരിക്കുന്നതിനായി പുതുതായി യന്ത്രങ്ങളും മറ്റും സ്ഥാപിച്ചു. അതുപോലെ കേന്ദ്രസർക്കാർ പ്രൊജക്ടുകൾ നടപ്പാക്കി. അടുത്തുതന്നെ അമ്പലത്തറയിൽ പുതിയ ഐസ്‌ക്രീം യൂണിറ്റ് തുടങ്ങുന്നുണ്ട്. അതിനായി പുതിയ യന്ത്രസംവിധാനങ്ങളെത്തിച്ചു.
പിന്നെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലായി പുറത്തിറക്കി വിപണിപിടിക്കുന്നതിനായി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം രൂപീകരിച്ചു.
മാർക്കറ്റിംഗ് ശൃംഖലവിപുലമാക്കി. ഓരോ ജില്ലയുടെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രത്യേകതകൾ പഠിച്ച് സോണുകളായി തിരിച്ചു. ഒരു ജില്ലയെ എട്ടു സോണുകളായി തിരിച്ച്. അങ്ങനെ ഓരോ മുക്കിലും മൂലയിലും മിൽമ പാലും പാലുത്പന്നങ്ങളും എത്തിക്കാനുളള നടപടികൾ സ്വീകരിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. കാരണം ഞാൻ ചാർജ്ജെടുക്കുമ്പോൾ ഒരു ദിവസം 4.73 ലക്ഷം ലിറ്റർപാലാണ് വിറ്റിരുന്നത്. നിലവിൽ അത് 5.68 ലക്ഷം ലിറ്ററാണ്. അതായത് ഒരു ലക്ഷം ലിറ്റർ വരെ കൂടി. അതുപോലെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിലൂടെ ലഭിച്ചിരുന്നത് മൊത്തം വിറ്റുവരവിന്റെ 14% ആയിരുന്നത് 25% ആയി ഉയർന്നു.
മറ്റൊരു കാര്യം ജീവനക്കാർക്കുളള നൈപുണ്യ പരിശീലനമാണ്. വർഷങ്ങളായി പരിശീലനമൊന്നും ലഭിക്കാത്തവരാണ് ഇവിടെയുണ്ടായിരുന്നത്. അത് പരിഹരിക്കുന്നതിനായി ഓരോ വിഭാഗത്തിലെയും പരിശീലനം വേണ്ട മേഖലകൾ കണ്ടെത്തി പരിശീലകരെ നിയോഗിച്ചു. ഒന്നുകിൽ പരിശീലകരെ ഇവിടെ എത്തിച്ചു അതല്ലെങ്കിൽ പരിശീലനം വേണ്ടവരെ ബാംഗ്ലൂർ എൻഡിആർഎയിലേക്കോ കർണാലിലേക്കോ ഒക്കെ അയച്ച് പരിശീലനം നൽകി. അടുത്ത 2-3 വർഷം കൊണ്ട് എല്ലാ ജീവനക്കാർക്കും നൈപുണ്യപരിശീലനം സാധ്യമാകും. അങ്ങനെ വരുമ്പോൾ പ്രൊഡക്ടിവിറ്റി കൂടും.
പ്രാഥമികക്ഷീരസഹകരണസംഘങ്ങളിൽ നിന്നുളള ഓഹരിമൂലധനം 43.08 കോടി രൂപയായിരുന്നു. ഞാൻ ചാർജ്ജെടുക്കുമ്പോൾ 11.84 കോടി രൂപയേ അക്കൗണ്ടിൽ ഉണ്ടായിരുന്നുളളു. ബാക്കി ബിസിനസിൽ നിക്ഷേപിച്ചിരിക്കുകയായിരുന്നു. എന്നാൽ ഞാനിപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്ന് പറയുന്നത് 43.08 കോടി രൂപ സമാഹരിച്ചിട്ടുണ്ടെങ്കിൽ ആ തുക സ്ഥിരനിക്ഷേപമായി അക്കൗണ്ടിലുണ്ടാവണം എന്നതാണ്. അതിനുളള ശ്രമങ്ങളുടെ ഭാഗമായി 22 കോടിയായി അക്കൗണ്ടിലെ സ്ഥിരനിക്ഷേപം ഉയർന്നു. 2025ഓടുകൂടി 43.08 കോടി രൂപയും അക്കൗണ്ടിലെത്തിക്കുക എന്നതാണ് ടാർഗറ്റ്.
നേരത്തേ എംഐഎസ് ഡിപ്പാർട്ട്‌മെന്റ് കുറച്ചു ദുർബലമായിരുന്നു. അതും ശരിയാക്കി. ഒരു സോഫ്‌റ്റെ് വെയർ സംബന്ധമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് കൺസൾട്ടന്റിനെ നിയമിച്ചു. ആദ്യപടിയായി സ്വന്തമായൊരു വെബ്‌സൈറ്റ് ഉണ്ടാക്കി. അതുതാമസിയാതെ നിലവിൽ വരും. ഇ-കൊമേഴ്‌സിന് പ്രാധാന്യം നൽകുന്ന വെബ്‌സൈറ്റാണ് വികസിപ്പിച്ചിരിക്കുന്നത്. 2025 ഓടുകൂടി TRCMPU നെ ഏറ്റവും മികച്ച മേഖലായൂണിയൻ ആക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.
ബിസിനസ് വ്യാപിപ്പിക്കാനുളള പദ്ധതിയിൽ കയറ്റുമതിക്കായുളള പദ്ധതികളുണ്ടോ?
തീർച്ചയായും. ഒക്ടോബർ 25ന് പത്തനംതിട്ടയിൽ അതുമായി ബന്ധപ്പെട്ട ചർച്ചയുണ്ടായിരുന്നു. മിൽമയുടെ ഏറ്റവും പുതിയ ഡെയറിയാണ് പത്തനംതിട്ടയിലേത്. 2010ലാണ് ഇത് രൂപീകരിച്ചത്. അവിടെനിന്ന് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുളള അപ്രൂവലിനായി അപേക്ഷിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ പത്തനംതിട്ടയിൽ നിന്ന് മിൽമ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യും. അന്യസംസ്ഥാനങ്ങളിൽ മിൽമ ഉത്പന്നങ്ങൾ നിലവിൽ ലഭ്യമാണ്. നമ്മുടെ ജനസംഖ്യയുടെ 40% റൂറൽ ഏരിയയിലാണ്. റൂറൽ മാർക്കറ്റിന് നേരത്തേ കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല. ഇപ്പോൾ പ്രാഥമിക ക്ഷീര സഹകരണസംഘങ്ങൾ വഴി ഗ്രാമപ്രദേശങ്ങളിൽ ഉത്പന്നങ്ങൾ വിപണനം നടത്താനുളള നടപടികൾ പുരോഗമിക്കുന്നു. മിൽമയ്ക്ക് എല്ലാ ജില്ലകളിലും റൂറൽ മെർക്കൻ ഡൈസർമാർ ഉണ്ട്. അവർ പ്രാഥമിക സഹകരണസംഘങ്ങളുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുകയും അതുപ്രകാരം ഓർഡറെടുത്ത് വാഹനങ്ങളിൽ ഉത്പന്നങ്ങൾ എത്തിക്കുകയും ചെയ്യുന്നു. തത്ഫലമായി ഇപ്പോൾ ഗ്രാമീണ ക്ഷീര സഹകരണസംഘങ്ങളിലൂടെ പ്രതിമാസം 50 ലക്ഷം രൂപയുടെ ബിസിനസ് നടക്കുന്നു.
ശബരിമല സീസൺ വരുന്നു. നെയ് വിറ്റഴിക്കുന്നതിനായുളള ക്യാമ്പയിൻ എല്ലാ സ്വകാര്യബ്രാൻഡുകളും ചെയ്യുന്നുണ്ട്. മിൽമയ്ക്ക് അത്തരമൊരു പ്രചാരണപദ്ധതിയുണ്ടോ?
തീർച്ചയായും ഉണ്ട്. അതിനുളള പ്രചാരണപരിപാടികൾ ഒക്ടോബറിൽ തന്നെ ആരംഭിച്ചു. നെയ്യ് ലാഭമുളള ഉത്പന്നമാണ്. പക്ഷേ ഇന്ത്യയൊട്ടാകെ ഇപ്പോൾ പാലിന് പൊതുവെ ക്ഷാമമാണ്. നേരത്തേ എത്തിയ കനത്ത മഴ തിരിച്ചടിയായി. പിന്നീട് ഒരു പ്രത്യേക ചർമരോഗം ബാധിച്ച് നിരവധി പശുക്കൾ ചത്തു. കേരളത്തിലും പാൽ ക്ഷാമമുണ്ട്.നമുക്ക് അധികമായി വേണ്ട പാൽ കർണാടകയിൽ നിന്നാണ് സംഭരിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ അവിടെ പാൽ ലഭ്യമല്ലാത്തതിനാൽ മഹാരാഷ്ടയിൽ നിന്നാണ് സംഭരിക്കുന്നത്. നിലവിലെ മാർക്കറ്റ് നിലനിർത്തുക എന്നതാണ് ഇപ്പോഴത്തെ നയം. പാൽ ലഭ്യത പഴയപടിയാകുന്ന മുറയ്ക്ക് മാർക്കറ്റ് വ്യാപിപ്പിക്കും. മെയ്-ജൂൺ മാസത്തോടെ പാൽ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
ഭാവിപദ്ധതികൾ?
ഭാവി പദ്ധതികളിൽ കയറ്റുമതിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. യുറോപ്യൻ ഇതര രാജ്യങ്ങളിലേക്ക് മിൽമ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. അത് രണ്ടുമൂന്നു മാസത്തിനുളളിൽ യാഥാർത്ഥ്യമാകും.
രണ്ടാമത് തിരുവനന്തപുരം മേഖലാ യൂണിയനിൽ പാൽ സംഭരണം കുറവാണ്. കാരണം ക്രോസ് ബ്രീഡ് ഇനങ്ങൾ ഇവിടെ കുറവാണ്. മാത്രമല്ല ക്ഷീരമേഖലയിലേക്ക് പുതുതായി കടന്നുവരുന്നവരുടെ എണ്ണവും കുറവാണ്. അതിന് മാറ്റം വരണമെങ്കിൽ വായ്പാ പദ്ധതികൾ പരിഷ്‌ക്കരിക്കണം. ഇതിന്റെ ഭാഗമായി ഒരു പശുവിനെ വാങ്ങാൻ 50,000 രൂപ (പലിശരഹിത വായ്പ) വരെ കൊടുക്കുന്ന വായ്പാപദ്ധതി നടപ്പിലാക്കി. 25 തവണകളായി തിരിച്ചടച്ചാൽ മതി. തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിക്ക് പുറത്തുളള സ്ഥലത്തുനിന്നു വേണം പശുവിനെ വാങ്ങേണ്ടത് എന്നൊരു നിബന്ധനയുണ്ട്. കാരണം നമ്മുടെ പരിധിക്കുളളിൽ നിന്ന് പശുവിനെ വാങ്ങിയാൽ പാൽ ഉത്പാദനം കൂടിലല്ലോ.
സങ്കരയിനം പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ ബീജസങ്കലനം പോലുളള മാർഗ്ഗങ്ങളും ആരംഭിച്ചു. ഫെർട്ടിലിറ്റി ക്യാമ്പുകളും ആരംഭിച്ചു.പശുക്കളിലെ വന്ധ്യത മാറ്റിയെടുക്കാനുളള പദ്ധതിയുടെ ഭാഗമാണിത്.
മിൽമ നേരിടുന്ന പ്രധാന വെല്ലുവിളി പാൽ ഉത്പാദന ചെലവ് കൂടുതലാണ് എന്നതാണ്. അതുകൊണ്ടുതന്നെ ഉത്പാദന ചെലവ് കുറയ്ക്കാനുളള നടപടികളും ആവിഷ്‌ക്കരിച്ചുവരുന്നു. അതിന്റെ ആദ്യപടിയായി സൈലേജിലേക്ക് മാറുകയാണ്. അതായത് കേരളത്തിൽ ശാസ്ത്രീയമായ പശുവളർത്തലാണ് കൂടുതൽ. കാരണം പച്ചപ്പുല്ല് കുറവാണ്. വയ്‌ക്കോൽ തമിഴ്‌നാട്ടിൽ നിന്ന് വരണം. ഈ പ്രതിസന്ധി മറികടക്കുന്നതിനായാണ് സൈലേജിലേക്ക് മാറുന്നത്. സൈലേജ് എന്നു പറഞ്ഞാൽ പച്ചപ്പുല്ലിനെ ഒരു സെന്റിമീറ്റർ നീളമുളള കഷണങ്ങളാക്കി ട്രീറ്റ് ചെയ്ത് രണ്ടുമൂന്നുമാസം വായുകടക്കാതെ വച്ച് പുളിപ്പിച്ചെടുക്കുന്നു. ഇത് ദഹിക്കാൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ പാൽ ഉത്പാദനക്ഷമത കൂട്ടും. എട്ട് കിലോ കാലിത്തീറ്റ കൊടുക്കുന്ന സ്ഥാനത്ത് നാല് കിലോ സൈലേജ്, 4 കിലോ കാലിത്തീറ്റ (4+4)എന്ന അനുപാതത്തിൽ
കൊടുത്താൽ മതി. അങ്ങനെ വരുമ്പോൾ ഉത്പാദനച്ചെലവ് കുറയും.
മറ്റൊരു കാര്യം 2025ഓടുകൂടി 1500 കോടി രൂപ ടേൺഓവറിലെത്തണം എന്ന ലക്ഷ്യത്തിലൂന്നിയുളള പ്രവർത്തനങ്ങളാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങൾ വർദ്ധിപ്പിച്ച് ഈ ലക്ഷ്യത്തിലെത്താനാണ് ശ്രമം. അതുമുന്നിൽ കണ്ടാണ് മിൽമയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം പ്രവർത്തിക്കുന്നത്. ഒക്ടോബറിൽ നാല് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. ഉപഭോക്താവിന്റെ ആരോഗ്യസംരക്ഷണത്തിനും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും സഹായകമാകുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളായ പ്രോ ബയോട്ടിക് ഗ്രീക്ക് യോഗർട്ട്, ഫ്രൂട്ട് ഫൺഡേ, മിനികോൺ, മിൽക്ക് സിപ്പ് അപ്പ് തുടങ്ങിയവയാണ് പുറത്തിറക്കിയത്. നവംബർ 15ഓടെ നാല് പുതിയ ഉത്പന്നങ്ങൾ കൂടി പുറത്തിറക്കും.
രാജ്യാന്തര വിമാനസർവ്വീസുകളിൽ മിൽമയുടെ തൈര്, വെണ്ണ, പനീർ, യോഗർട്ട് എന്നിവ വിതരണം ചെയ്യുന്നു. ഐആർസിടിസിയിൽ അതായത് സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ മിൽമയുടെ സംഭാരവും ലെസ്സിയും മറ്റും വിതരണം ചെയ്യുന്നു. അതുപോലെ ലുലു പോലെയുളള വലിയ മാളുകളിൽ മിൽമയ്ക്ക് സ്വന്തം ഔട്ട്‌ലെറ്റുകളുണ്ട്.
ഉപഭോക്താക്കളുടെ പരാതി കേൾക്കാനുളള സംവിധാനം എത്രത്തോളം കാര്യക്ഷമമാണ്?
കസ്റ്റമേഴ്‌സിന് ബന്ധപ്പെടാൻ ഒരു ടോൾഫ്രീ നമ്പരുണ്ട്. കസ്റ്റമർ ഈ നമ്പറിൽ വിളിച്ചാലുടൻ ആ കോൾ രജിസ്റ്റർ ചെയ്യും. അത് കസ്റ്റമറെ ഉടൻ വിളിച്ചറിയിക്കുകയും ചെയ്യും. പിന്നീട് കൺസ്യൂമർ റിഡ്രസൽ ടീം ഉപഭോക്താവിനെ നേരിട്ട് കണ്ട് പരാതി കേട്ട് ഉടൻ പരിഹാരനടപടികളാരംഭിക്കും. മിൽമ പോലൊരു സ്ഥാപനത്തിന് ഇത്രയും കാര്യക്ഷമമായ കസ്റ്റമർ കെയർ സംവിധാനമോ എന്ന് ഉപഭോക്താക്കൾ അതിശയിക്കുകയാണ്.
അമുലിന് എക്‌സ്‌ക്ലൂസീവ് ഷോറൂമുകൾ ഉണ്ട്്. അതൊരു വലിയ പരസ്യം കൂടിയാണ്. മിൽമയ്ക്ക് എന്തുകൊണ്ടാണ് അത്തരത്തിൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്ലല്ലോ?
മിൽമയ്ക്ക് തിരുവനന്തപുരം നഗരത്തിൽ മാത്രം 12 പാർലറുകളുണ്ട്. പട്ടത്ത് തന്നെ വലിയ പാർലറുണ്ട്. പ്രതിദിനം 1,20,000 രൂപ യുടെ വില്പന നടക്കുന്നു. പിന്നെ ഫ്രാഞ്ചൈസി കൊടുക്കുന്ന കാര്യം, ചെറിയ മാർജിനിൽ സാധ്യമല്ല. മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതൽ ഉഭോക്താക്കളിലെത്തിക്കാനുളള കർമ്മപദ്ധതികൾ ശക്തമായി മുന്നോട്ടുപോകും.
Post your comments