ജെ ചിഞ്ചുറാണി,
മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി
കേരളത്തിലെ ക്ഷീരമേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്കാണ് മിൽമയുടെ മേഖല സഹകരണ ക്ഷീരോൽപാദക യൂണിയനുകൾ വഹിക്കുന്നത് . ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ “Marketable Surplus” മൂവായിരത്തിൽ അധികം വരുന്ന പ്രാഥമിക ക്ഷീര സംഘങ്ങളിലൂടെ സംഭരിച്ച് പാലിന് സ്ഥിര വിപണി ലഭ്യമാക്കുന്നതിലൂടെ ഏതു പ്രതിസന്ധി ഘട്ടത്തിലും ക്ഷീര കര്‍ഷകന് വരുമാനം ഉറപ്പു വരുത്തുവാൻ ഈ സഹകരണ പ്രസ്ഥാനത്തിന് കഴിയുന്നു. മിൽമയുടെ സംഭരണ സംവിധാനത്തിന്റെ മികവ് കോവിഡ് മഹാമാരി കാലത്ത് കേരളം തിരിച്ചറിഞ്ഞതാണ്. ദുരിതകാലത്തും മാന്ദ്യം ബാധിക്കാത്ത ഏക തൊഴിൽ മേഖല ക്ഷീരോൽപാദനമാണെന്ന് നമുക്ക് അഭിമാനപൂർവം പറയാൻ കഴിയും. ഇതോടൊപ്പം തന്നെ ലക്ഷോപലക്ഷം ഉപഭോക്താക്കൾക്ക് ഉന്നത ഗുണനിലവാരം പുലർത്തുന്ന പാലും പൽ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിലും മിൽമ പുലർത്തുന്ന ജാഗ്രത അനുകരണീയമാണ് .
കേരളത്തിൽ "Operation Flood” പദ്ധതിയുടെ ഭാഗമായി ഏറ്റവും ആദ്യം ആരംഭിച്ച മിൽക്ക് യൂണിയൻ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ആണ്. തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ പ്രവർത്തന മേഖലയായി ആരംഭിച്ച തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ മികച്ച നേതൃത്വത്തിലൂടെയും മികവുറ്റ പ്രവർത്തനങ്ങളിലൂടെയും വളരെ പെട്ടന്ന് തന്നെ പുരോഗതി കൈവരിക്കുകയുണ്ടായി. ഇന്ന് ആയിരത്തിലധികം പ്രാഥമിക ക്ഷീര സംഘങ്ങളിലൂടെ അറുപതിനായിരത്തോളം ക്ഷീരകർഷകരിൽ നിന്നായി പ്രതിദിനം നാലു ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും ആറു ലക്ഷം ലിറ്റർ പാൽ വിപണനം നടത്തുകയും ചെയ്യുന്ന ബൃഹദ് സംരംഭമായി വളർന്നതിന് പിന്നിലുള്ള കഠിനാധ്വാനത്തെയും പ്രാഥമിക സംഘങ്ങളുടെയും ക്ഷീര കർഷകരുടെയും പിന്തുണയെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ഏതൊരു മേഖലയിലുമെന്ന പോലെ ചില അപചയങ്ങൾ നേരിട്ടുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി സമകാലീന കേരളത്തിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുവാൻ തിരുവനന്തപുരം മേഖല യൂണിയന് കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നൂതന സാങ്കേതിക വിദ്യകൾ പകർത്തുന്നതിൽ തിരുവനന്തപുരം യൂണിയൻ ശ്രദ്ധ പുലർത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയിൽ 10 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുവാൻ കഴിഞ്ഞുവെന്ന് മനസിലാക്കുന്നു. സ്വകാര്യ ബ്രാൻഡുകളുടെയും കമ്പനികളുടെയും കിടമത്സരം ശക്തമായ കോവിഡാനന്തര കാലത്ത് വിപണിയിലും വിറ്റു വരവിലും യൂണിയൻ കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണ്. പ്രാഥമിക ക്ഷീര സംഘങ്ങളും അവയിൽ അംഗങ്ങളായ ക്ഷീര കർഷകരുമാണ് ഈ മേഖലയുടെ അടിത്തറ എന്ന തിരിച്ചറിവ് എപ്പോഴും ഭരണ കർത്താക്കൾക്കുണ്ടായിരിക്കണം. അവരുടെ സംതൃപ്തി ആണ് സഹകരണ പ്രസ്ഥാനത്തിനെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊർജ്ജം. തിരുവനന്തപുരം മേഖല യൂണിയൻ അംഗങ്ങളായ ആയിരത്തോളം സംഘങ്ങളിൽ നാനൂറിൽപ്പരം സംഘങ്ങൾ പാൽ സംഭരണം കുറഞ്ഞ് സാമ്പത്തിക പരാധീനത അനുഭവിക്കുന്നു എന്ന വസ്തുത ഞെട്ടലോടെയാണ് ഈ സർക്കാർ മനസ്സിലാക്കിയത്. ഇവയുടെ ശാക്തീകരണത്തിനായി 3.50 കോടി രൂപ ചിലവിൽ യൂണിയൻ നടപ്പിലാക്കിയ “ഉണർവ് പദ്ധതി ഏറെ ശ്രദ്ധ ആകർഷിച്ചു. ഇത്തരം സംരംഭങ്ങൾക്ക് പൂർണ പിന്തുണ നൽകും. എല്ലാ വിഭാഗങ്ങളെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സർക്കാർ നയം.
സൈലേജ് വിതരണ പദ്ധതിയായ “ഹരിതം” അടിയന്തിര മൃഗചികിത്സ സേവനം കാര്യക്ഷമമാക്കുന്നതിനായുള്ള “ആശ്രയ” കന്നുകാലികളിലെ വന്ധ്യതാ നിവാരണത്തിനായുള്ള “പ്രതീക്ഷ” എന്നിങ്ങനെ ക്ഷീരകർഷകർ നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയൻ ശ്രമിക്കുന്നു. ഇവ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഏറെ സഹായകരമാണ്. ഉത്പാദന വിപണന മേഖലകളിൽ സർക്കാർ നയത്തോടു ഒത്തുചേർന്നു പ്രവർത്തിക്കുന്നതിന് യൂണിയന് സാധിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു വർഷക്കാലമായി സർക്കാർ നൽകുന്ന ഓണക്കിറ്റിൽ മിൽമ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പ്ലാന്റുകൾ നവീകരിക്കുന്നതുൾപ്പടെയുള്ള ധനസഹായങ്ങൾ നൽകുന്നതിന് ആലോചിച്ചു വരുന്നു. എന്നിരുന്നാലും “കേരളം കണി കണ്ടുണരുന്ന നന്മ”യിലേക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകുവാനുണ്ട്. ക്ഷീരമേഖലയുടെ സമഗ്ര പുരോഗതിക്കായി ഏറെ കാര്യങ്ങൾ ചെയ്യുവാൻ ബാക്കിയുണ്ട്. തിരുവനന്തപുരം മേഖല യൂണിയന് പുതിയ ഊർജ്ജം നൽകി മുന്നോട്ട് നയിക്കുന്ന എന്റെ സഹപ്രവർത്തകർക്ക് ആശംസകൾ നേരുന്നു. സംസ്ഥാന സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടാവുമെന്ന് അറിയിക്കുന്നു.
Post your comments