ബിജു നായർ
ചീഫ് ഓഡിറ്റ് ഓഫീസർ, സാൻഡ് ബാങ്ക്, ദുബായ്
ഇന്ന് ഡിജിറ്റൽ ബാങ്കിംഗ് എന്ന് കേൾക്കുമ്പോൾ ഏതാണ്ട് എല്ലാപേർക്കും അറിയാം കമ്പ്യൂട്ടറിലൂടെയും മൊബൈൽ ഫോണിലൂടെയും നൽകുന്ന ബാങ്കിംഗ് സേവനങ്ങളെ പറ്റിയാണ് പറയുന്നത് എന്ന്. എന്നാൽ പൂർണ്ണരൂപത്തിൽ ഉള്ള ഒരു ഡിജിറ്റൽ ബാങ്ക് എന്നത് ഇന്ത്യയിൽ ഇനി വരാനിരിക്കുന്നതേയുളളു എന്നത് അധികം പേർക്കും അറിയാമെന്നു തോന്നുന്നില്ല.
ബ്രിട്ടനിൽ നിന്നുള്ള റെവല്യൂട്ട്, മോൺസോ, ചൈനയിൽ നിന്നുള്ള വി ബാങ്ക്, മൈ ബാങ്ക്, ബ്രസീലിൽ നിന്നുള്ള ന്യൂ ബാങ്ക്, ജർമനിയുടെ N26, സിംഗപ്പൂർ, മലേഷ്യ, ഹോംങ് കോങ്ങ് എന്നിവിടങ്ങളിൽ കഴിഞ്ഞ നാലഞ്ച് വർഷങ്ങളിൽ രൂപം കൊണ്ട ഡിജിറ്റൽ ബാങ്കുകൾ- ഇവയുടെ ശ്രേണിയിലേക്ക് ഉയർത്തിക്കാട്ടാൻ പറ്റുന്ന ഒരു ബാങ്ക് ഇന്ത്യയിൽ പിറവിയെടുക്കുന്ന കാലം വിദൂരമല്ല.
ജൂലായ് 2022-ൽ നീതി ആയോഗ് ഇന്ത്യയിലെ ഡിജിറ്റൽ ബാങ്കിങ് രംഗത്തെ ലൈസൻസിങ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മൂന്ന് തരം ഡിജിറ്റൽ ബാങ്കുകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇന്ന് നിലവിലുള്ള പരമ്പരാഗത ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 'ഓവർ ദി ടോപ്' സേവനങ്ങൾ നൽകുന്ന തരം നിയോ ബാങ്കുകൾ ആണ് അവയിൽ ആദ്യത്തേത്.
പൂർണ്ണതോതിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന, എന്നാൽ ബ്രിക് ആൻഡ് മോർട്ടാർ സ്വഭാവമില്ലാത്ത (ബ്രാഞ്ചുകൾ ഒന്നും ഇല്ലാത്ത) ബാങ്കുകളാണ് രണ്ടാമത്തെ തരം. ഇവയെയാണ് പൂർണ്ണതോതിൽ ഡിജിറ്റൽ ബാങ്ക് എന്ന് വിശേഷിപ്പിക്കുന്നത്.
റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന മൂന്നാമത്തെ തരം ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നത് ഇപ്പോഴുള്ള ബാങ്കുകളുടെ സബ്‌സിഡിയറികളോ , സ്വയംഭരണമുള്ള അനുബന്ധ നിയോ ബാങ്കിങ് സംവിധാനങ്ങളോ ആണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോണോ , കൊടക് മഹീന്ദ്രയുടെ 811 തുടങ്ങിയവ ഈ ശ്രേണിയിൽപ്പെടുന്നു. ഇത്തരം ബാങ്കുകൾ മിക്കവാറും അവയുടെ മാതൃബാങ്കിന്റെ സാങ്കേതിക സംവിധാനങ്ങൾ ആകും ഉപയോഗിക്കുക. അത് കൊണ്ട് തന്നെ അത്തരം സാങ്കേതിക സംവിധാനങ്ങൾക്കുള്ള എല്ലാ കുറവുകളും ഈ ബാങ്കുകൾക്കും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം ജനമനസ്സിൽ വിശ്വാസ്യത നേടിയ ഒരു ബാങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട് ഇത്തരം ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാൻ എളുപ്പമാണ്.
നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പുതുതായി തുടക്കം കുറിക്കാൻ പോകുന്നത് ഇതിൽ രണ്ടാമത് പറഞ്ഞ പോലുള്ള പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കുകൾ ആണ്. ഇവയ്ക്ക് മറ്റു അംഗീകൃത ബാങ്കുകൾ ചെയ്യുന്ന ഇടപാടുകൾ ഒക്കെ ചെയ്യാം. ഞആക നിഷ്‌കർഷിക്കുന്ന മാർഗ്ഗരേഖകൾക്കുള്ളിൽ നിന്ന് കൊണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വേണ്ട നൂതന സേവനങ്ങൾ നല്കാൻ ഇത്തരം ബാങ്കുകൾക്ക് സാധിക്കും. ഡിജിറ്റൽ കൊമേർഷ്യൽ ബാങ്ക് , ഡിജിറ്റൽ കൺസ്യൂമർ ബാങ്ക് എന്നിങ്ങനെ രണ്ടു തരം ലൈസൻസ് ആകും ഞആക ഇത്തരം ബാങ്കിങ് സംവിധാനങ്ങൾക്കായി അനുവദിക്കുക. ഡിജിറ്റൽ കൺസ്യൂമർ ബാങ്കുകൾ ആണ് ലോകമെമ്പാടും ഇപ്പോൾ മൂല്യനിർണ്ണയത്തിൽ മുന്നിട്ട് നിൽക്കുന്നതെങ്കിലും , ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ചെറുകിട, ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കാവുന്ന പുരോഗതി വളരെ വലുതാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിൽ വരാനിരിക്കുന്ന ഡിജിറ്റൽ കൊമേർഷ്യൽ ബാങ്കിങ് സംവിധാനങ്ങളുടെ സാധ്യതകൾ നിരവധിയാണ്.
എല്ലാം സാധ്യം
പല ലോകരാജ്യങ്ങളിലേയും സെൻട്രൽ ബാങ്കുകൾ ഇതിനകം തന്നെ ഡിജിറ്റൽ ബാങ്കുകൾക്കായി ലൈസൻസുകൾ നൽകുകയും അവയുടെ പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ പോലുള്ള ചില രാജ്യങ്ങളാകട്ടെ ഡിജിറ്റൽ ബാങ്കിങ് ലൈസൻസ് എന്നത് ഒരു പ്രത്യേക വിഭാഗം ആയി കണക്കാക്കാതെ തന്നെ ഡിജിറ്റൽ ബാങ്കുകൾക്ക് പ്രവർത്തനാനുമതി നല്കുകയായിരിന്നു. ഒരു സാധാരണ ബാങ്കിന് നടത്താൻ കഴിയുന്ന എല്ലാ ഇടപാടുകളും, (കൊമേർഷ്യൽ ബാങ്കിങ്ങും, കൺസ്യുമെർ ബാങ്കിങ്ങും) ഒരു പോലെ നടത്താൻ ഇത്തരം ബാങ്കുകൾക്ക് അനുമതി ഉണ്ട്. അബുദാബിയിൽ രൂപം കൊണ്ട വിയോ (Wio) ബാങ്ക്, ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാൻഡ് (zand) ബാങ്ക് എന്നിവ ഇത്തരം ബാങ്കിങ് ലൈസൻസ് ഉള്ളവയാണ്.
കേരളത്തിന്റെ വ്യവസായ പ്രമുഖനായ എം. എ. യൂസഫലിയും, ഇന്ത്യയിലെ പ്രധാന ബിസിനസ് കുടുംബങ്ങളിൽ ഒന്നായ ആദിത്യ ബിർള ഗ്രൂപ്പും, യു.എ.ഇ യിലെ സാൻഡ് ബാങ്കിലെ ഓഹരിയുടമകൾ ആണെന്നത് ഈ മേഖലയിലെ അവരുടെ താല്പര്യം വെളിപ്പെടുത്തുന്നതാണ്. യൂസഫലി സാൻഡ് ബാങ്കിന്റെ ഒരു ബോർഡ് മെമ്പർ കൂടിയാണെന്നത് ഈ രംഗത്തെ മലയാളി സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നു.
വ്യത്യസ്തം ഉപഭോക്തൃസൗഹൃദം
ഇന്ത്യയിൽ വരാൻ പോകുന്ന ഡിജിറ്റൽ ബാങ്കുകൾ ഇപ്പോൾ നിലവിലുള്ള പേയ്‌മെന്റ് ബാങ്കുകളിൽ നിന്നും , കഴിഞ്ഞ ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളിൽ (DBU) നിന്നും തികച്ചും വ്യത്യസ്തമാണ്. പേയ്മെന്റ് ബാങ്കുകൾ സ്ഥിരനിക്ഷേപത്തിലും , ഫണ്ട് ട്രാൻസ്‌ഫെറുകളും കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാനായി രൂപപെട്ടവയാണെങ്കിൽ, ഈ വർഷം ഏപ്രിലിൽ ഞആക ഇപ്പോൾ നിലവിലുള്ള ബാങ്കുകൾക്കായി നിർദേശിച്ച ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ (DBUs), ഉപഭോക്തൃസൗഹൃദപരമായ രീതിയിൽ ബാങ്കിങ് ഇടപാടുകളിലെ നൂതനാശയങ്ങൾ എല്ലാവിധ ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്നതിനായി രൂപം നല്കിയവയാണ്. പുതുതായി വരൻ പോകുന്ന ഡിജിറ്റൽ ബാങ്കുകൾ (DB) ആവട്ടെ, ഡിജിറ്റൽ വാണിജ്യ ബാങ്കുകൾ ഡിജിറ്റൽ ഉപഭോക്തൃ ബാങ്കുകൾ എന്നീ രണ്ടു തരം ലൈസൻസിംഗിന് കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ബാങ്കുകൾ ആകും.
നീതി ആയോഗിന്റെ റിപ്പോർട്ട്, ഈ പുതിയ ബാങ്കുകളുടെ പ്രവർത്തനത്തിനാവശ്യമായ ക്ലൗഡ് നേറ്റീവ് ടെക്‌നോളജി ആർക്കിടെക്ചർ അവതരിപ്പിക്കുകയും, സാങ്കേതിക നിഷ്പക്ഷതയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. നിർദ്ദിഷ്ട സ്ഥാപനങ്ങളുടെ പ്രവർത്തന വിജയത്തിലെ പ്രധാന ഘടകമായി ഡിജിറ്റൽ ഇടപാടുകളിലെ ഫിഷിങ് , സൈബർ ആക്രമണങ്ങൾ തുടങ്ങിയ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിലെ നൈപുണ്യത്തെപ്പറ്റിയും പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ ക്ളൗഡ് ടെക്‌നോളജി, സൈബർ സെക്യൂരിറ്റി എന്നീ രംഗങ്ങളിലെ വൻ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കാം.
ബാങ്കിംഗ് ആസ് എ സർവ്വീസ്
നീതി ആയോഗ് റിപ്പോർട്ട് Banking as a Service (B-a-a-S) എന്ന നൂതന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ബാങ്കിങ് രംഗത്തെ ഒരു സമൂല പരിവർത്തനത്തിനു നാന്ദി കുറിക്കാനുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം ഡിജിറ്റൽ ബാങ്കുകളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും നൂതനമായ ധനകാര്യ ഇടപാടുകൾ നല്കാൻ കഴിയും എന്ന സ്ഥിതി വന്നാൽ, അത് ഇന്ത്യയുടെ ബാങ്കിങ് രംഗത്തെ വിപ്ലവകരമായ മാറ്റം തന്നെയാകും. അത്തരം പദ്ധതികളിലൂടെ ഡിജിറ്റൽ ബാങ്കുകൾക്ക് ഫീ ഇനത്തിൽ പുതിയ വരുമാന സ്രോതസ്സ് കൂടി തുറന്നു കൊടുക്കപ്പെടുകയാണ്.
2016 ൽ ഇന്ത്യയിൽ ആരംഭിച്ച ഡജക സംവിധാനം ഇതനകം തന്നെ 4 ട്രില്യൺ രൂപയുടെ ഇടപാടുകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. മികച്ച ഒരു തത്സമയ പേയ്മെന്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയ UPI കൊണ്ട് വന്ന ഓൺലൈൻ ഇടപാടുകളിലെ കുതിച്ചു ചാട്ടം, മറ്റൊരു തലത്തിലേക്ക് ഉയർത്താൻ , പുതുതായി വരുന്ന ഡിജിറ്റൽ ബാങ്കുകൾക്ക് കഴിയും എന്ന കാര്യത്തിൽ തർക്കമില്ല.
(ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ ലേഖകന്റെ തികച്ചും വ്യക്തിപരമായ നിരീക്ഷണങ്ങൾ ആണ്. ലേഖകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയോ അതിലെ വ്യക്തികളുടെയോ അഭിപ്രായങ്ങളുമായി ഇതിന് ബന്ധമില്ല)
Post your comments