ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻറി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുകയാണ്. സെപ്റ്റംബർ 28നാണ് മത്സരം. 2019 ഡിസംബറിലാണ് ടീം ഇന്ത്യ മത്സരത്തിന് ഗ്രീൻ ഫീൽഡ് അവസാനമായി വേദിയായത്. അന്ന് വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഇന്ത്യ കളത്തിലിങ്ങിയത്. ഇന്ത്യയിലെ മികച്ച സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലൊന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. അണ്ടർ 19ൽ ചാലഞ്ചർ മത്സരത്തിൽ നാലു പേർ കേരളത്തിൽ നിന്നുളളവരാണ്. അതിൽ തന്നെ മൂന്നുപേർ തിരുവനന്തപുരത്തുനിന്നാണ്. ജൂനിയർ തലത്തിൽ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം ഏറിവരികയാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. സമ്മർ കോച്ചിംഗ് ക്യാമ്പുകൾ, സോണൽ മത്സരങ്ങൾ തുടങ്ങിവയിലൂടെയാണ് പുതിയ കളിക്കാരെ കണ്ടെത്തുന്നത്. കേരളത്തിന്റെ ക്രിക്കറ്റ് ഇക്കോസിസ്റ്റം മികച്ചതാക്കാൻ രാപകൽ പ്രവർത്തിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. അതുപോലെ തന്നെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ സംഘാടനം കുറ്റമറ്റതാക്കാൻ മികച്ച ആസൂത്രണമാണ് നടത്തിയിട്ടുളളത്. ക്രിക്കറ്റ് പ്രേമികൾക്ക് മനോഹരമായ ഒു കാർണിവൽ തന്നെ സെപ്തംബർ 28ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ഈ അന്താരാഷ്ട്രമത്സരം ഗുണംചെയ്യും.
കൊവിഡനന്തരം തിരുവനന്തപുരം വേദിയാകുന്ന ടിട്വന്റി മത്സരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ക്രിക്കറ്റിന്റെ പുതിയ സാധ്യതകളെപ്പറ്റിയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളെപ്പറ്റിയും ഭാരവാഹികളുടെ വാക്കുകളിലൂടെ.....
ടി20 ആസൂത്രണം
കുറ്റമറ്റ രീതിയിൽ
സാജൻ കെ വർഗീസ്
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്
കുറ്റമറ്റ രീതിയിലുളള ആസൂത്രണമാണ് സെപ്തംബർ 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20ക്കായി ഒരുക്കിയിരിക്കുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ കെ വർഗീസ് പറയുന്നു. കായിക വകുപ്പ് ഉൾപ്പെടെ വളരെയധികം വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. പിഴവു സംഭവിക്കാതെ നടത്താനുളള പ്രവർത്തനങ്ങൾ നടത്തിവരുന്നു. 24 % വിനോദനികുതിയുണ്ട്. 18 % ജിഎസ്ടിയും. അപ്പോൾ ടിക്കറ്റിന്റെ ഏകദേശം 50 ശതമാനത്തോളം നികുതിയിനത്തിൽ പോകുകയാണ്. വിനോദനികുതി കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്്‌റ്റേഡിയം മികച്ചൊരു ഗ്രൗണ്ട് ആണ്.ഐഎൽആൻഡ്എഫ്എസ് കമ്പനി, കേരള സർക്കാർ, കേരള യൂണിവേഴ്‌സിറ്റി എന്നിങ്ങനെ ട്രൈ പാർട്ടി കരാറിലാണ് ഈ സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഇതിൽ ഐഎൽആൻഡ്എഫ്എസ് കമ്പനിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ കാരണം അതിന്റെ മെയിന്റനൻസ് ശരിക്ക് നടക്കുന്നില്ല. 2019ൽ ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരങ്ങൾ നടക്കുമ്പോൾ കെയിൻ വില്യംസൺ പറഞ്ഞത് ലോകത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് ഇതെന്നാണ്.വിരാട് കോഹ്‌ലി പറഞ്ഞത് താൻ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും മികച്ച ഡ്രെയിനർ സംവിധാനമുളള സ്റ്റേഡിയം എന്നാണ്. അത്തരത്തിലുളള സ്റ്റേഡിയം നശിച്ചുപോകാതിരിക്കാനുളള കരുതലുകൾ ആവശ്യമാണ്.
നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി12 സ്‌റ്റേഡിയങ്ങളുണ്ട്. രാജ്യാന്തര സ്‌റ്റേഡിയം ഇല്ല എന്നേയുളളു. അതിനായി 24 ഏക്കർ സ്ഥലം കൊച്ചിയിലുണ്ട്. പക്ഷേ നിയമപരമായ ചില പ്രശ്‌നങ്ങളാൽ നീണ്ടുപോകുകയാണ്. 32 വർഷത്തിനുമുമ്പ് വാങ്ങിയ സ്ഥലമാണ്. ഉടൻ ഒരു രാജ്യാന്തര സ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്ന് ബിസിസിഐ നിർദ്ദേശമുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രിതലത്തിൽ പിന്തുണ തേടിയിട്ടുണ്ട്. സർക്കാർ വളരെ പോസീറ്റീവായ സമീപനമാണ് സ്വീകരിച്ചിട്ടുളളത്. ഏകജാലകസംവിധാനത്തിലൂടെ കാര്യങ്ങൾ നീക്കാമെന്നാണ് വാഗ്ദാനം-സാജൻ കെ വർഗ്ഗീസ് പറയുന്നു. ഒരു ഇടവേളയ്ക്ക് ശേഷമുളള ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തെ വളരെ പ്രതീക്ഷയോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കാണുന്നതെന്നും അേേദ്ദഹം പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ സാജൻ കെ വർഗ്ഗീസ് 40 വർഷത്തോളമായി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.പത്തനംതിട്ട ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് കെസിഎ ഫിനാൻസ് കമ്മിറ്റിയിലേക്കെത്തി. തുടർന്ന് കെസിഎ വൈസ്പ്രസിഡന്റും 2018ൽ പ്രസിഡന്റുമായി. കഴിഞ്ഞ ടി20യുടെ ജനറൽ കൺവീനറുമായിരുന്നു.
Post your comments