നെയ്യാറ്റിൻകര: ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഇന്ത്യയുടെ മിസൈൽമാനും മുൻ രാഷ്ട്രപതിയുമായ എപിജെ അബുൽ കലാമിന്റെ നാമധേയത്തിൽ, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ, നിംസ് മെഡിസിറ്റി എന്നിവ സംയുക്തമായി ഏർപ്പെടുത്തിയ എ പി ജെ അവാർഡ് ദാനച്ചടങ്ങ് ശ്രോതാക്കൾക്കും ശാസ്ത്രകുതുകികൾക്കും നവ്യാനുഭുതി നൽകുന്നതായി മാറി. തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ ആ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്ത പ്രതിഭകളെ ആദരിക്കുവാനാണ് നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും ചേർന്ന് എല്ലാവർഷവും എ.പി.ജെ അവാർഡ്ദാനചടങ്ങ് സംഘടിപ്പിക്കുന്നത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഈ വർഷത്തെ അവാർഡ് ജേതാവും പ്രമുഖ ശാസ്ത്രജ്ഞയും ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ എയ്‌റോനോട്ടിക്കൽ സിസ്റ്റം ഡയറക്ടർ ജനറലുമായ ഡോ.ടെസ്സി തോമസിനു എ. പി. ജെ. അവാർഡ് സമ്മാനിച്ചു. ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ ക്ഷേമത്തിനും ആരോഗ്യ സുരക്ഷയ്ക്കും രാജ്യത്തിന്റെ യശസ്സിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും രാജ്യത്തിന് മാതൃകയാണെന്ന് അവർസ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രതിരോധത്തിന് കലാം നൽകിയ പ്രചോദനത്തിന്റെ അഗ്‌നിച്ചിറകുകൾ രാജ്യം എക്കാലത്തും വാഴ്ത്തപ്പെടും. നോൺവയലെൻസ് ആദർശം മുറുകെ പിടിക്കുമ്പോഴും രാജ്യത്തിന്റെ പ്രതിരോധം നമ്മുടെ കരുതലാണെന്നു കലാം നമ്മെ ഉണർത്തുകയായിരുന്നു ചെയ്തത്. ജനകീയ തീരുമാനങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രപതി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഓരോ വ്യക്തിയുടെയും മനസിൽ ജീവിക്കുന്നു. കലാമിന്റെ ശിഷ്യയായ അഗ്‌നിപുത്രി ഡോ.ടെസ്സി തോമസിനു തന്നെ ഈ അവാർഡ് ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻപറഞ്ഞു. വനിതാ ശാക്തീകരണത്തിൽ രാജ്യം അഭൂതപൂർവ്വമായ പുരോഗതി നേടിവരികയാണ്. വ്യവസായം, ടെക്‌നോളജി തുടങ്ങി മിക്ക മേഖലകളിലും വനിതകൾ ചരിത്രം സൃഷ്ടിക്കുന്നതിന് രാജ്യം സാക്ഷിയാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post your comments