Global block

bissplus@gmail.com

Global Menu

കേരളജനതയെ സാമ്പത്തികഭദ്രതയിലേക്ക് കൈപിടിച്ചുയർത്താൻ കെഎസ്എഫ്ഇ

വട്ടിപ്പലിശക്കാരും ബ്ലേഡ് മാഫിയയും അരങ്ങുവാണ കേരളത്തിലാണ് സാധാരണക്കാരന് കൈത്താങ്ങായി കെഎസ്എഫ്ഇ എത്തുന്നത്. ജനനന്മയ്ക്കായി നിലകൊളളുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിനെതിരെ

 

 

കെഎസ്എഫ്ഇയുടെ ദൗത്യം
പൊതുജനങ്ങൾക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനകരവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് വിശ്വസനീയവും ലാഭകരവുമായ ഒരു പൊതുമേഖല  സ്ഥാപനമായി  പ്രവർത്തിക്കുക .
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ  ഗണ്യമായ സംഭാവന നൽകുക.
സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതൽ സാമൂഹിക സുരക്ഷാ പദ്ധതികൾ അവതരിപ്പിക്കുക.
ഇതുവരെ പ്രതിനിധീകരിക്കാത്ത പ്രദേശങ്ങളിൽ കൂടുതൽ ശാഖകൾ ആരംഭിക്കുക.
ബിസിനസ്സിന്റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ സ്വീകരിച്ച്്  മികച്ച സേവനങൾ നൽകുക.

 

കെഎസ്എഫ് ഭദ്രതാ ചിട്ടിയെക്കുറിച്ച് പറയാമോ? കെഎസ്എഫ്ഇയുടെ ഹെഡ്ഓഫീസിന്റെ പേരും ഭദ്രത എന്നാണല്ലോ?
ഭദ്രത എന്ന പേര് യഥാർത്ഥത്തിൽ ഉപയോഗിക്കുന്നതുതന്നെ വിശ്വനാഥമേനോൻ കേരളത്തിന്റെ ധനകാര്യമന്ത്രിയായിരിക്കുന്ന കാലത്താണ്. എൻ.ശ്രീധരനാണ് അന്ന് പ്രൈവറ്റ് സെക്രട്ടറി. അന്ന് സർക്കാർ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയമായതിനാൽ പുറത്തുനിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കാനാവാത്ത സ്ഥിതിവന്നു. ആ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റ് സ്ഥിരവരുമാനക്കാരിൽ നിന്നും കെഎസ്എഫ്ഇ മുഖേന ഡെപ്പോസിറ്റ് സ്വീകരിക്കാൻ തീരുമാനിച്ചു. അഞ്ചു വർഷം കൊണ്ട് നിക്ഷേപത്തുകയുടെ ഇരട്ടി ലഭിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. അങ്ങനെ നിക്ഷേപത്തിലൂടൈ സ്വരൂപിച്ച തുക കെഎസ്എഫ്ഇ സർക്കാരിന് വായ്പയായി നൽകി. അങ്ങനെ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിന് താങ്ങായ സ്‌കീമിന്റെ പേരായിരുന്നു 'ഭദ്രത'. പിന്നീട് 'ഭദ്രത' കെഎസ്എഫ്ഇയുടെ ആസ്ഥാനമന്ദിരത്തിന്റെ പേരായും സ്ഥാപനത്തിന്റെ മുഖമുദ്രയായും മാറി. പിന്നീടങ്ങോട്ട് കെഎസ്എഫ്ഇയുടെ നിരവധി പദ്ധതികൾക്ക് 'ഭദ്രത' എന്ന പേരുവന്നു. കഴിഞ്ഞ ഓണക്കാലത്ത് 'പൊന്നോണച്ചിട്ടികൾ' എന്ന പേരാണ് നൽകിയത്. ആവർത്തനം ഒഴിവാക്കാനാണ്  ഇത്തവണ 'ഭദ്രത സ്മാർട്ട് ചിട്ടി 2022' പ്രഖ്യാപിച്ചത്. 805 കോടിയുടെ ചിട്ടി ബിസിനസാണ് ഈ പദ്ധതിപ്രകാരം ടാർഗറ്റ് ചെയ്യുന്നത്. മൂന്നുമാസത്തിനകം 210 കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. അതൊരു സർവ്വകാല റെക്കോർഡാണ്. 605 കോടി രൂപ കൂടി ജനുവരി 31നകം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1000 രൂപ മുതൽ ആറ് ലക്ഷം രൂപവരെ പ്രതിമാസം അടയ്ക്കാവുന്ന ചിട്ടികളാണുളളത്. 50മാസം, 60 മാസം, 100 മാസം, 120 മാസം എന്നിങ്ങനെയാണ് കാലാവധി. കേരളത്തിലെ 630 കെഎസ്എഫ്ഇ ശാഖകളിലായി 1000 ചിട്ടികളെങ്കിലും തുടങ്ങണമെന്നാണ് ഉദ്ദേശിക്കുന്നത്.
വ്യക്തിഗത വായ്പകൾ കൊടുക്കുന്നുണ്ടോ? നിലവിൽ ഈസി ലോൺ എന്ന പേരിൽ ഓൺലൈൻ വഴിയും മറ്റും വായ്പയെടുത്ത് ജനം പ്രത്യേകിച്ചും യുവാക്കൾ വഞ്ചിക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥാപനം എന്ന നിലയിൽ കെഎസ്എഫ്ഇയുടെ  വായ്പാപദ്ധതികളെപറ്റി പറയാമോ?
25 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ കെഎസ്എഫ്ഇ നൽകിവരുന്നു. 10.5% ആണ് പലിശ. സാലറി സർട്ടിഫിക്കറ്റോ മറ്റെന്തെങ്കിലും അനുയോജ്യമായ ഈടോ നൽകിയാൽ കാലതാമസമില്ലാതെ 25 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ അനുവദിക്കും.
കുടുംബശ്രീ പോലെ വീട്ടമ്മമാരെ സഹായിക്കാനുളള പദ്ധതികൾ?
വീട്ടമ്മമാർക്കായി 5% പലിശയ്ക്ക് 25000 രൂപ സ്വർണ്ണവായ്പാപദ്ധതി കഴിഞ്ഞ 8 മാസത്തോളമായി നടപ്പിലാക്കിവരുന്നു. ഈ ഇനത്തിൽ 80 ലക്ഷത്തോളം രൂപ കെഎസ്എഫ്ഇക്ക് നഷ്ടമാണ്. പക്ഷേ, വീട്ടമ്മമാർക്ക് താങ്ങാവുന്ന ഒരു പദ്ധതി എന്ന നിലയിൽ നഷ്ടം കണക്കിലെടുക്കാതെ അത് തുടരുവാനാണ് തീരുമാനം.
സംരംഭകർക്കായുളള വായ്പ?
സംരംഭങ്ങൾ തുടങ്ങാൻ വായ്പ കെഎസ്എഫ്ഇ നൽകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മടങ്ങിവന്ന പ്രവാസികൾക്കായുളള പദ്ധതി. അഞ്ചു ലക്ഷം രൂപ വരെയാണ് അവർക്ക് വായ്പ അനുവദിക്കുക. നാലുലക്ഷം രൂപ തിരിച്ചടച്ചാൽ മതി. 6% പലിശയ്ക്കാണ് വായ്പ അനുവദിക്കുന്നത്. നോർക്കയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022 മാർച്ച് 31ന് അകം 200 പേർക്കെങ്കിലും ഈ വായ്പ അനുവദിക്കണമെന്നാണ് ലക്ഷ്യമിട്ടത്. പക്ഷേ, ആ തീയതിക്കകം 1980 പേർക്കാണ് കൊടുത്തത്. ഇതുവരെ 3000 പേർക്ക് വായ്പ അനുവദിച്ചു. ഏറ്റവും കൂടുതൽ പ്രവാസികളുളളത് തൃശൂരാണ് എന്നാൽ ഏറ്റവും കൂടുതൽ വായ്പ എടുത്തത് തിരുവനന്തപുരം ജില്ലയിലുളളവരാണ്. 10000 പേർക്കെങ്കിലും കൊടുക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ  30 കോടി രൂപ സബ്‌സിഡി ഇനത്തിൽ കെഎസ്എഫിക്കുനൽകാനായി നോർക്കയ്ക്ക് അനുവദിച്ചിട്ടുണ്ട്.
അതുപോലെ തന്നെ ഗ്രാമീണ തൊഴിലുറപ്പുതൊഴിലാളികൾ, തെരുവുകച്ചവടക്കാർ എന്നിവർക്കൊക്കെ വായ്പ നൽകുന്നതിനുളള പദ്ധതികൾ ആലോചനയിലാണ്. കുടുംബശ്രീക്ക് വായ്പ അനുവദിക്കുന്നതിനെക്കുറിച്ചും പ്രാരംഭചർച്ചകൾ നടന്നു. ഞാൻ നോർക്ക ചെയർമാനായിരുന്നപ്പോൾ 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ കുടുംബശ്രീ അംഗങ്ങളുളള വീടുകളിലെ പ്രവാസികൾക്ക് കൊടുക്കാൻ തീരുമാനിച്ചിരുന്നു. അതിനായി 36 കോടി രൂപ കുടുംബശ്രീയിൽ ഡെപ്പോസിറ്റ് ചെയ്തു. അത് കുടുംബശ്രീക്കുളള പണമാണ്. തിരികെ തരേണ്ടതില്ല. അവർ തന്നെ അത് റൊട്ടേറ്റ് ചെയ്യണം. അതുപോലെ കുടുംബശ്രീക്ക് വായ്പ നൽകുന്നതിനെ കുറിച്ച് കെഎസ്എഫഇയും ആലോചിച്ചു. പക്ഷേ അവരെ സംബന്ധിച്ച് 6 ശതമാനത്തിൽ കൂടുതൽ പലിശ പറ്റില്ല. ദേശസാത്കൃതബാങ്കുകളായാലും സ്വകാര്യബാങ്കുകളായാലും കുടുംബശ്രീക്ക് വായപ അനുവദിക്കുന്നത് നബാർഡിൽ നിന്നുളള പണമാണ്. നബാർഡ് 4% പലിശയ്ക്ക് നൽകുന്ന പണം 6% പലിശയ്ക്ക് അവർ കുടുംബശ്രീകൾക്ക് നൽകുന്നു. കെഎസ്എഫ്ഇ ബാങ്കിംഗ് ഇതര സംവിധാനമായതുകൊണ്ട് നബാർഡ് പണം തരില്ല. ഈ സാഹചര്യത്തിൽ സർക്കാരുമായി ഇക്കാര്യം ആലോചിച്ചുവരികയാണ്. ദീർഘകാലാടിസ്ഥാനത്തിൽ കെഎസ്എഫ്ഇയുടെ ഭദ്രതയ്ക്ക് കോട്ടം തട്ടാതെയുളള പദ്ധതികളാണ് ആലോചിക്കുന്നത്.
പ്രവാസി ചിട്ടി ലാഭകരമായിരുന്നോ?
തീർച്ചയായും. കൊവിഡും ലോക്ഡൗണും കാരണമാണ് ഉദ്ദേശിച്ച ടാർഗറ്റിലെത്താനാകാത്തത്. ശരാശരി പ്രതിദിനം 5-6 കോടി രൂപയുടെ ബിസിനസ് ഇപ്പോൾ നടക്കുന്നുണ്ട്. അത് ഒരു പത്തുകോടി രൂപയിലേക്കെത്തിക്കാനുളള ചർച്ചകൾ നോർക്കയുമായും പ്രവാസിസംഘടനകളുമായും നടത്തിവരുന്നു. ഈ വർഷം 200 കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷ.
താങ്കൾ ചുമതലയേറ്റതിനു ശേഷം കൊണ്ടുവരാൻ ശ്രമിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയാമോ?
85 ലക്ഷം കുടുംബങ്ങളാണ് കേരളത്തിലുളളത്. 46 ലക്ഷം കസ്റ്റമേഴ്‌സ് കെഎസ്എഫ്ഇക്കുണ്ടെന്ന് പറഞ്ഞാലും 15 ലക്ഷം കുടുംബങ്ങളേയുളളു എന്നു കാണാം. 46 ലക്ഷം ഇടപാടുകാർ എന്നു പറഞ്ഞാൽ ഒരു വ്യക്തി തന്നെ 100-120 ചിട്ടികൾക്ക് ഒരേ സമയം ചേരുന്ന രീതിയുണ്ട്. 85 ലക്ഷത്തിൽ ബാക്കിയുളള 70 ലക്ഷം കുടുംബങ്ങളെ എടുത്താൽ ഇതിൽ 30 ലക്ഷം കുടുംബങ്ങളെങ്കിലും കെഎസ്എഫ്ഇയുടെ പരിരക്ഷയിൽ വരേണ്ടവരാണ്. നമ്മുടെ നാട്ടിൽ തന്നെ എത്രയെത്ര സ്ഥാപനങ്ങളാണ് പണം കടംകൊടുക്കുന്നതും ചിട്ടിയും മറ്റും നടത്തുന്നതും. പലയിടത്തും സാധാരണക്കാർ ചേരുമ്പോൾ പറയുന്ന ഉപാധികളല്ല പിന്നീട് എന്നുളളതാണ് വാസ്തവം.  കെഎസ്എഫ്ഇ 11.5% പലിശയ്ക്ക് നൽകുന്ന വായ്പ അടയ്ക്കുന്നതിൽ മുടക്കം വന്നാൽ പരമാവധി 13%വരെയാണ് പിഴപ്പലിശ ഈടാക്കുക. എന്നാൽ മേൽസൂചിപ്പിച്ച സ്ഥാപനങ്ങൾ 27% വരെയാണ് പിഴപ്പലിശ ഈടാക്കുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് സാധാരണക്കാർ പലപ്പോഴും ബോധവാന്മാരല്ല.നേരത്തേ സൂചിപ്പിച്ച പോലെ വഴിയോരക്കച്ചവടക്കാർ തുടങ്ങി ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന ആളുകളെ കെഎസ്എഫ്ഇയിലേക്ക് എങ്ങനെ എത്തിക്കാം എന്നാണ് ആലോചിക്കുന്നത്.
അവരെ കെഎസ്എഫ്ഇയിലേക്ക് എത്തിച്ച് സാമ്പത്തി കചൂഷണത്തിൽ നിന്ന് മോചിതരാക്കുന്നതിനായി ചെറിയ ചിട്ടികൾ തുടങ്ങാൻ പദ്ധതിയുണ്ട്. കടകളിലും മറ്റും ജോലിചെയ്യുന്നവർക്കും മറ്റുമായി രണ്ടു ലക്ഷം രൂപയുടെയൊക്കെ ചിട്ടികൾ വ്യാപകമാക്കാനാണ് ആലോചിക്കുന്നത്. ആഴ്ചതോറും ഗഡുക്കൾ പിരിക്കുന്ന രീതിയാണ് ആലോചനയിലുളളത്. കടകളിലൊക്കം 40 വർഷം വരെ സ്ഥിരമായി നിൽക്കുന്ന ജീവനക്കാരുണ്ട്. സാലറി സർട്ടിഫിക്കറ്റ് തരാൻ സ്ഥാപനഉടമകൾ തയ്യാറായില്ലെങ്കിലും ജീവനക്കാരാണ് എന്ന സാക്ഷ്യപത്രം തരും. അതുവച്ച് മേൽപ്പറഞ്ഞപോലെ 2 ലക്ഷം, 3 ലക്ഷം രൂപയൊക്കെ വായ്പയായി അനുവദിക്കാം. വ്യക്തിഗത വായ്പകളും എമർജൻസി ലോണുകളും കാലതാമസമില്ലാതെ എങ്ങനെ അനുവദിക്കാം എന്നതും ആലോചനയിലുണ്ട്.
അതുപോലെ തഴവ പഞ്ചായത്തിൽ 850 വീടുകളിൽ നിന്നുളളവർ ചിട്ടിയിൽ ചേർന്നിട്ടുണ്ട്. ചെറിയ പഞ്ചായത്താണ്. തുടർച്ചയായി മൈക്ക് അനൗൺസ്‌മെന്റ് നടത്തുക, വീടുകൾ സന്ദർശിക്കുക, ഫോൺവിളിക്കുക തുടങ്ങി അത്തരത്തിലൊരു വേറിട്ട പ്രവർത്തനമാണ് തഴവശാഖയിലെ ജീവനക്കാരും ഏജന്റുമാരും നടത്തിയത്. അത്തരത്തിലുളള പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനങ്ങളെ കെഎസ്എഫ്ഇയിലേക്ക് എത്തിക്കാനുളള പദ്ധതിയും പരിഗണനയിലുണ്ട്.
കെഎസ്എഫ്ഇ ചിട്ടി ജനപ്രീതി നേടിയല്ലോ. അതെക്കുറിച്ച് പറയാമോ?
 കെഎസ്എഫ്ഇ ചിട്ടി എന്നുപറയുന്നത് വളരെ നേട്ടമുളള ഒന്നാണ്. ഒരേ സമയം വായ്പയുമെടുക്കാം നിക്ഷേപവും നടത്താം. അതായത് ഒരാൾ ഒരു കോടി രൂപയുടെ ചിട്ടിക്ക് ചേർന്നാൽ 10 ഗഡുക്കൾ അടച്ചുകഴിയുമ്പോൾ 50 ലക്ഷം രൂപ വരെ വായ്പയെടുക്കാം. തുടർന്നങ്ങോട്ട് ഗഡുവിനൊപ്പം പലിശ  കൂടി അടച്ചാൽ മതിയാകും. ഈ സംവിധാനം മറ്റെവിടെയുംകിട്ടുന്നതല്ല. നാണ്യപ്പെരുപ്പത്തിന്റെ കാലത്ത് സ്ഥിരനിക്ഷേപങ്ങൾ ലാഭകരമായ സമ്പാദ്യമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് കെഎസ്എഫ്ഇ ചിട്ടി ലാഭകരമായ സമ്പാദ്യപദ്ധതിയാകുന്നത്. കൃത്യമായി ഗഡുക്കളടച്ച് വീതപ്പലിശയൊക്കെ ലഭിക്കുന്ന ആളിന് 25% സാമ്പത്തികനേട്ടം ചിട്ടിയിലൂടെ ഉണ്ടാകും. ഇപ്പോൾ മൾട്ടിലെവൽ ചിട്ടി തുടങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ ചിട്ടി, 10,000 രൂപ വച്ച് മാസം അടയ്ക്കുക. ആദ്യഗഡുവായി 10,000 രൂപ അടച്ചാൽ പിന്നെ 40 മാസക്കാലം അയാൾ 7350 രൂപ അടച്ചാൽ മതി. എല്ലാ മാസവും ഒരു ചിട്ടിക്ക് കുറിയിടും. സാധാരണ ഒരു മാസം ചിട്ടിക്ക് കുറിയിട്ടുകഴിഞ്ഞാൽ പിന്നെ ലേലത്തിലേക്കാണ് പോകുന്നത്. കെഎസ്എഫ്ഇയിൽ ഒരു ചിട്ടി എല്ലാ മാസവും കുറിയിടും കുറിവീഴുന്ന ആളിന് 5% കമ്മീഷൻ ഒഴിച്ചുളള തുക നൽകും. മൂന്ന് ചിട്ടി ലേലത്തിന് വയ്ക്കും. ചിട്ടിപിടിച്ചവർക്കും പിടിക്കാത്തവർക്കും വീതപ്പലിശ കൃത്യമായി നൽകും. ചിട്ടിപിടിച്ച തുക ഇവിടെ നിക്ഷേപിച്ചാലാകട്ടെ 7% പലിശ നൽകും. അതായത് പ്രതിമാസം പത്തു ലക്ഷത്തിന് 7600 രൂപ പലിശ ലഭിക്കും. അയാളുടെ മാസഗഡു 7350 രൂപയാണ്. അപ്പോൾ അയാളുടെ ചിട്ടി പലിശ കൊണ്ടുതന്നെ അടഞ്ഞുപോകും. കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻതുകയും ബാക്കിപലിശയും ലഭിക്കും.
സ്വകാര്യബാങ്കുകളിൽ നിന്ന് വായ്പയും മറ്റുമെടുത്താൽ അവയെല്ലാം ഇൻഷ്വർഡ് ആണല്ലോ. അതായത് വായ്പയെടുത്തയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ബാങ്കിന് നഷ്ടം വരില്ല. കെഎസിഎഫ്ഇക്ക് അത്തരമൊരു സ്‌കീമുണ്ടോ?
കെഎസ്എഫ്ഇ ചിട്ടിക്ക് അത്തരമൊരു സ്‌കീം ഉണ്ട്. ചിട്ടിക്ക് ചേർന്ന ഒരാൾക്ക് അപകടമരണം സംഭവിച്ചാൽ 40 വയസ്സിൽ താഴെയുളള ആളാണെങ്കിൽ 25 ലക്ഷം വരെയുളള ബാധ്യത കെഎസ്എഫ്ഇ ഏറ്റെടുക്കും. 40 വയസ്സിനു മുകളിലാണെങ്കിൽ പരമാവധി 10 ലക്ഷം രൂപ വരെയുളള ബാധ്യത ഏറ്റെടുക്കും. അതിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. അത് ഇൻഷൂറൻസ് കമ്പനികളുമായി ബന്ധപ്പെട്ടല്ല. കെഎസ്എഫ്ഇയുടെ തന്നെ സ്‌കീമാണ്. നിലവിൽ ഇൻഷൂറൻസ് കമ്പനികളുമായി ചേർന്നൊരു സ്‌കീം കൊണ്ടുവരാനുളള ആലോചനയിലാണ്. അതാകുമ്പോൾ അവർക്കും നമുക്കും വലിയ ബാധ്യതയില്ല.
നേരത്തേ പ്രവാസിചിട്ടിയുമായി ബന്ധപ്പെട്ട് അത്തരമൊരു ഇൻഷൂറൻസ് സ്‌കീം കൊണ്ടുവന്നിരുന്നു.പക്ഷേ, കെഎസ്എഫ്ഇ അടച്ച പ്രീമിയവും തിരിച്ച് ഇൻഷൂറൻസ് കമ്പനിക്ക് ചെലവായ തുകയും തട്ടിച്ചുനോക്കിയപ്പോൾ കെഎസ്എഫ്ഇക്ക് വലിയ നഷ്ടമുണ്ടായതായി കണ്ടു. അതുകൊണ്ട് ആ സ്‌കീം തുടർന്നില്ല. അത് പ്രവാസികൾക്ക് മാത്രമായുളള സ്‌കീമായിരുന്നു.പക്ഷേ, എല്ലാവർക്കുമായി ഈ സ്‌കീം കൊണ്ടുവരികയാണെങ്കിൽ കെഎസ്എഫ്ഇക്കും ചിട്ടിയിൽ ചേരുന്നവരുടെ കുടുംബത്തിനും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.
കെഎസ്എഫ്ഇയുടെ ഭദ്രത എത്രമാത്രമാണ്?
1969-70ൽ രണ്ടുലക്ഷം രൂപ മുടക്കിയാണ് സർക്കാർ കെഎസ്എഫ്ഇ ആരംഭിച്ചത്. നിലവിൽ സർക്കാരിന്റെ ഓഹരി 100 കോടി രൂപയാണ്. മൊത്തം ഓഹരിയും സർക്കാരിന്റേതാണ്. നിലവിൽ പ്രതിവർഷം 68,000 കോടി രൂപയുടെ വിറ്റുവരവാണ് കെഎസ്എഫ്ഇക്കുളളത്. സാമാന്യം തൃപ്തികരമായ വേതനവ്യവസ്ഥയുളള സ്ഥാപനമാണ് കെഎസ്എഫ്ഇ. ബാങ്കിംഗ് സെക്ടറുമായി തട്ടിച്ചുനോക്കിയാൽ ഒട്ടും മോശമല്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും കെഎസ്എഫ്ഇ ജീവനക്കാർക്ക് ലഭിക്കുന്നു. ചില സെക്ടറുകളിലാണെങ്കിൽ ബാങ്കിംഗ് സെക്ടറിലേക്കാൾ മികച്ച ആനുകൂല്യങ്ങളുണ്ടെന്നതാണ് വാസ്തവം. അതുപോലെ സർക്കാരിന് അടക്കേണ്ട തുകയും രജിസ്‌ട്രേഷൻ വകുപ്പിന് അടക്കേണ്ട തുകയും അങ്ങനെ എല്ലാ ചെലവുകളും കഴിഞ്ഞ് പ്രതിവർഷം 250 കോടി രൂപവരെ ലാഭമുണ്ടാക്കുന്ന

 

അടച്ചു തീർത്ത മൂലധനം-100 കോടി
7900+ സേവനദാതാക്കൾ
46 ലക്ഷം+ ഇടപാടുകാർ
630+ ശാഖകൾ

68,000 കോടി+ വാർഷിക വിറ്റുവരവ്

 

കെഎസ്എഫ്ഇയുടെ വീക്ഷണം
മെച്ചപ്പെട്ട സേവനങ്ങളുടേയും ഉത്പന്നങ്ങളുടേയും വലിയൊരു ശ്രേണി പ്രദാനം ചെയ്യുന്നു.
ഉപഭോക്തൃ സേവനത്തിലും പ്രവർത്തനത്തിലും സാങ്കേതികസംവിധാനങ്ങളും നിശ്ചിതഗുണമേന്മയും സ്വീകരിക്കുക.
കേരളത്തിന്റെ അതിർത്തിയ്ക്കപ്പുറം, ആഗോളതലത്തിലേയ്ക്ക് ചിറകുകൾ വിടർത്തുക.
ചിട്ടി നടത്തിപ്പിലെ മുഖ്യ പങ്കാളിത്തം നിലനിർത്തുക.
കേരള സർക്കാരിന്റെ വിഭവസമാഹരണം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

പിന്തുണയും വിശ്വാസതയും സുരക്ഷയും നൽകുന്ന  പെട്ടെന്നാശ്രയിക്കാവുന്ന ഒരു സ്ഥാപനമായി സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് എക്കാലവും പ്രതിബന്ധത പുലർത്തുക.

 

കെഎസ്എഫ്ഇയിൽ 3000 കളക്ഷൻ ഏജന്റുമാരുണ്ട്. മാനേജർ ഉൾപ്പെടെ എല്ലാവരും കൃത്യമായി ഫീൽഡ് വർക്കിന് പോകുന്നവരാണ്. അവർക്ക് ടാർജറ്റ് നൽകിയിട്ടുണ്ട്. വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് കെഎസ്എഫ്ഇയുടെ എസ്റ്റാബ്ലിഷ്‌മെന്റ് ചിലവിനായി അനുവദിക്കുക. ശമ്പളമായാലും ഏജന്റുമാരുടെ കമ്മീഷനായാലും എല്ലാം ഇതിൽനിന്നുവേണം. ഇടയ്ക്ക് അഭ്യസ്തവിദ്യരായ, ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസമുളളവരെ ഫീൽഡ് എക്‌സിക്യൂട്ടീവ് ഓഫീസർമാരായി നിയോഗിച്ച് ഫീൽഡ് വർക്ക് മെച്ചപ്പെടുത്താൻ ആലോചിച്ചിരുന്നു. പക്ഷേ, നമ്മുടെ നാട്ടിലെ സ്ഥിതിവച്ചുനോക്കിയാൽ ഒരു പോസ്റ്റ്ിൽ നിയമിച്ചാൽ പിന്നെ സ്ഥിരപ്പെടുത്തണം തുടങ്ങിയ സമ്മർദ്ദങ്ങളുണ്ടാവും. അത് താങ്ങാനാവാത്ത ബാധ്യതയായി ഭവിച്ചാലോ എന്ന ആശങ്കയിൽ ആ നീക്കം തത്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. എന്നാലും മനസ്സിലുണ്ട്. 

 

കെഎസ്എഫ്ഇ ജനങ്ങളുടെ സമ്പാദ്യത്തിന് ഗ്യാരന്റി നൽകുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിൽ വലിയതോതിൽ ഇടപെടുന്ന, സാമ്പത്തികമായി സർക്കാരിനെ സഹായിക്കുന്ന, സർക്കാരിനുവേണ്ടി നിക്ഷേപം നടത്തുന്ന സ്ഥാപനം കൂടിയാണ്. ഒരു തരത്തിലുളള ആശങ്കയും വേണ്ട എന്നുളളതാണ്. സർക്കാരാണ് കെഎസ്എഫ്ഇയുടെ ഗ്യാരന്റി. ജനങ്ങളുടെ പണം കെഎസ്എഫ്ഇയിൽ സുരക്ഷിതമാണെന്നത് കഴിഞ്ഞ 50 വർഷത്തെ പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തുന്നു. അത് കൂടുതൽ സുദൃഢമാക്കാനുളള പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. കൂടുതൽ ജനങ്ങളിലേക്ക് കെഎസ്എഫ്ഇ എത്തണം. അതിനായി എല്ലാവരുടെയും സഹകരണം കഴിഞ്ഞ കാലങ്ങളിലുണ്ടായി. അതുപോലെ ഇനിയങ്ങോട്ടും ഉണ്ടാകണം. ലാഭകരമായ വായ്പാപദ്ധതിയായും നിക്ഷേപപദ്ധതിയായും എപ്പോഴും കെഎസ്എഫ്ഇ ജനങ്ങളോടൊപ്പം ഉണ്ടാകും.

 

Post your comments