ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതിയായ ജൂലായ് 31 അടുത്തുവരുന്നു. വളരെ ചുരുക്കംപേര്‍മാത്രമാണ് ഇതിനം റിട്ടേണ്‍ നല്‍കിയിട്ടുള്ളത്. പതിവുപോലെ ഇത്തവണയും തിയതി നീട്ടുമെന്ന പ്രതീക്ഷയിലാണ് നികുതിദായകര്‍. നീട്ടുകയോ നീട്ടാതിരിക്കുകയോ ചെയ്യട്ടെ, ഇപ്പോള്‍ മുതല്‍ നികുതി റിട്ടേണ്‍ നല്‍കാനുള്ള ശ്രമം തുടങ്ങാം. തെറ്റുകൂടാതെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആദായനികുതി വകുപ്പില്‍നിന്ന് നോട്ടീസ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അറിഞ്ഞോ അറിയാതെയോ പൊതുവായിവരുത്തുന്ന തെറ്റുകള്‍ പരിശോധിക്കാം.
60 വയസ്സിന് താഴെപ്രായമുള്ള, 2.5 ലക്ഷംരൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യക്തികളെല്ലാം ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടതുണ്ട്. മുതിര്‍ന്ന(60 വയസ്സ്) പൗരന്മാര്‍ക്കുള്ള പരിധി മൂന്നു ലക്ഷമാണ്. പെന്‍ഷന്‍, പലിശ എന്നിവയില്‍നിന്നുമാത്രം വരുമാനമുള്ളവരാണെങ്കില്‍ 75 വയസ്സിന് മുകളിലുള്ളവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എസ്ബി അക്കൗണ്ടില്‍നിന്നുള്ള പലിശക്ക് നികുതി നല്‍കണമെന്നകാര്യം വിസ്മരിക്കാനാണ് പലര്‍ക്കുംതാല്‍പര്യം. അത് എത്രരൂപയായാലും റിട്ടേണ്‍ ഫോമില്‍ കാണിക്കണം. ഇതിനായി ബാങ്ക് അക്കൗണ്ടുകളില്‍നിന്നുള്ള പലിശമൊത്തം കണക്കാക്കി ഐടിആറില്‍ ചേര്‍ക്കുകയാണ് വേണ്ടത്. വകുപ്പ് 80 ടിടിഎ പ്രകാരം വ്യക്തികള്‍ക്ക് 10,000 രൂപവരെയുള്ള പലിശക്ക് നികുതിയിളവ് ലഭിക്കും. 60വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പരിധി 80 ടിടിബി പ്രകാരം 50,000 രൂപയുമാണ്. ഈതുകയില്‍ താഴെയാണ് പലിശ ലഭിച്ചതെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കാണിക്കേണ്ടതുണ്ട്. മുകളിലെ വകുപ്പുകള്‍ പ്രകാരം കിഴിവ് നേടാനുംകഴിയും.
ആദായ നികുതി പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള 'പ്രീ ഫില്‍ഡ് ഡാറ്റ'ഒത്തുനോക്കിയതിനുശേഷം റിട്ടേണ്‍ നല്‍കുക. ഫോം 16, ഫോം 26എഎസ്, ആനുവല്‍ ഇന്‍ഫോര്‍മേഷന്‍ ഇന്‍ഫോര്‍മേഷന്‍ സ്‌റ്റേറ്റുമെന്റ്(എഐഎസ്) എന്നിവ പരിശോധിച്ച് മൊത്തംവരുമാനം കണക്കാക്കി ആവശ്യമെങ്കില്‍ തിരുത്തലുകള്‍വരുത്തിവേണം റിട്ടേണ്‍ ഫയല്‍ചെയ്യാന്‍. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങിളിലെ സ്ഥിരനിക്ഷേപ പദ്ധതികളില്‍നിന്നുള്ള പലിശയും മൊത്തംവരുമാനത്തോടൊപ്പംചേര്‍ത്തുവേണം നികുതിനല്‍കാന്‍. ഇന്‍കം ഫ്രം അദര്‍ സോഴ്സ്-വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്. പലിശ വരുമാനത്തിന് നികുതിയിളവുകളില്ലെന്നകാര്യം ഓര്‍ക്കുക.
ഐടിആര്‍ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ ഇ-വെരിഫൈ ചെയ്യാന്‍ മറക്കരുത്. നെറ്റ് ബാങ്കിങ്, ആധാര്‍ ഒടിപി തുടങ്ങിയവവഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം. ഫോം സബ്മിറ്റ് ചെയ്ത ഉടനയോ നിശ്ചിത സമയപരിധിക്കുള്ളിലോ വെരിഫിക്കേഷന്‍ സാധ്യമാണ്.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം 31ന് അവസാനിക്കാനിരിക്കെ ഫയലിങ് പോർട്ടലിലെ തകരാറുകൾ കല്ലുകടിയാകുന്നു. ആദായനികുതി പോർട്ടലിലെ പ്രശ്നങ്ങൾ രൂക്ഷമായതിനു പിന്നാലെ ഈ മാസം ആദ്യം പരിപാലനച്ചുമതയുള്ള ഇൻഫോസിസിന് കേന്ദ്രം നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും തകരാറുകൾ തുടരുകയാണ്.ലോഗിൻ ചെയ്യാൻ കൂടുതൽ സമയം, ടിഡിഎസ്–ടിസിഎസ് വിവരങ്ങൾ വരാതിരിക്കുക, ആധാർ ഒടിപി ലഭിക്കുന്നതിലെ താമസം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് സംഘടനകൾ കേന്ദ്രസർക്കാരിനു കഴിഞ്ഞ ദിവസം നിവേദനം നൽകി. സാങ്കേതികപ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടണമെന്നും ആവശ്യമുണ്ട്.ഈ മാസം 7 വരെയുള്ള കണക്കനുസരിച്ച് 99.2 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. 5.89 കോടി റിട്ടേണുകളാണ് കഴിഞ്ഞ വർഷം ഫയൽ ചെയ്യപ്പെട്ടത്. ഏകദേശം 5 കോടിയാളം റിട്ടേണുകളാണ് ഇനി സമർപ്പിക്കാനുള്ളത്. കഴിഞ്ഞ വർഷം പോർട്ടലിന്റെ പ്രശ്നം മൂലം ഡിസംബർ 31 വരെ സമയം അനുവദിച്ചിരുന്നു.
Post your comments