തിരുവനന്തപുരം: എയർലൈൻ ഭീമന്മാരായ ഇത്തിഹാദ്, ജെറ്റ് എയര്‍വേയ്‌സ് എന്നീ കമ്പനികൾ ഈ മാസം 20ന് തലസ്ഥാനത്ത് ആരംഭിക്കുന്ന നിശാഗന്ധി മേളയ്ക്കായി കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചു.
മേളയില്‍ പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര പ്രേക്ഷകരെയാണ് യാത്രാക്കൂലി ഇളവുകളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ് തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റുകളില്‍ 25 ശതമാനം ഡിസ്‌കൗണ്ടാണ് കലാസ്വാദകരുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശാഗന്ധി മേളയില്‍പങ്കെടുക്കാനെത്തുന്ന കലാകാരന്‍മാര്‍ക്കും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജെറ്റ് എയര്‍വേയ്‌സ്.
എല്ലാ വര്‍ഷവും സംസ്ഥാന ടൂറിസം വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. വര്‍ഷങ്ങളിലൂടെയുള്ള വളര്‍ച്ചയിലൂടെ മേള രാജ്യാന്തര സാംസ്‌കാരിക രംഗത്ത് സുപ്രധാന സ്ഥാനം നേടിക്കഴിഞ്ഞു.
എട്ടുദിവസം നീണ്ടുനില്‍ക്കുന്ന നൃത്ത-സംഗീതമേളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 20ന് തിരികൊളുത്തും. അന്താരാഷ്ട്ര പ്രശസ്ത കലാകാരന്‍മാരായ ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഹേമ മാലിനി, അനുഷ്‌ക ശങ്കര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കും.മേള 27ന് സമാപിക്കും.
Post your comments