കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കൂടുതല്‍ സംരംഭക സൗഹൃദമായിക്കഴിഞ്ഞു. മഹാമാരിക്കാലം ഏല്‍പിച്ച തൊഴില്‍ നഷ്ടത്തിന്റെ തോത് വളരെ ഉയര്‍ന്നതായിരുന്നു. അതുകൊണ്ടുതന്നെ ജോലിയെ മാത്രം ആശ്രയിച്ചുള്ള ജീവിതം നിലനില്‌പുതന്നെ അപകടത്തിലാക്കും എന്ന് നാം തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈ തിരിച്ചറിവ് സംരംഭങ്ങളോടും സംരംഭകരോടുമുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ പുരോഗമനപരമായ മാറ്റത്തിന് വഴിയൊരുക്കി. ജോലിയോടൊപ്പം നാനോ കുടുംബ സംരംഭങ്ങളിലൂടെ ജോലിയിതര വരുമാനം ഉറപ്പുവരുത്തുന്നതിന് ധാരാളം ആളുകള്‍ മുന്നോട്ട് വരുന്നു. ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചതിലൂടെയും നൂതന വായ്‌പ - സബ്‌സിഡി സ്‌കീമുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിലൂടെയും സംരംഭകത്വ ആവാസ വ്യവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ഗവണ്‍മെന്റും നടത്തിവരുന്നു. തൊഴില്‍ദാതാക്കളെക്കാള്‍ തൊഴില്‍ അന്വേഷകര്‍ കൂടുതലുള്ള കേരളത്തില്‍ തൊഴിലന്വേഷകരെ തൊഴില്‍ദാതാക്കളാക്കാന്‍ പ്രാപ്‌തമാക്കുക എന്ന വലിയ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ആദ്യപടി പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അന്യനാടുകളിലെ തൊഴില്‍ ഇടങ്ങള്‍ അരക്ഷിതമാകുമ്പോള്‍ സ്വന്തം നാട് ആശ്രയമായി മാറേണ്ട വലിയ സാമൂഹിക മാറ്റത്തിന് ബീജാവാപം നടത്തേണ്ട സമയവും കൂടിയാണിത്. ഒരു ലക്ഷം കോടിയിലധികം വരുന്ന മൊത്തവ്യാപാരകമ്മിതന്നെ ഉല്‌പാദന സേവന മേഖലകളിലെ അവസരങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. അനുകൂലമായ ഈ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി പുതിയൊരു സംരംഭകത്വ സംസ്‌കാരം രൂപപെടുത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ വരുന്ന 5 വര്‍ഷം കൊണ്ട് കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക രംഗത്ത് വന്‍ കുതിച്ച് ചാട്ടം സാധ്യമാകും. പ്രാദേശിക ഉപഭോഗത്തിനനുസരിച്ച് ഉല്‌പാദനവും വളരണം.
കേരളത്തില്‍ സുഗമമായി വിറ്റഴിക്കാന്‍ കഴിയുന്ന 5 സംരംഭങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.
1. തിന്നര്‍ നിര്‍മ്മാണം
പെയിന്റിംഗ്, പോളിഷിംഗ്, ഉപകരണങ്ങളുടെ ക്‌ളീനിംഗ്, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, എപോക്‌സി മിക്‌സിംഗ് തുടങ്ങി ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് ധാരാളമായി ഉപയോഗപ്പെടുത്തുന്ന ഉത്‌പന്നമാണ് തിന്നര്‍. എന്‍.സി. തിന്നര്‍, ഇനാമല്‍ തിന്നര്‍, എപോക്‌സി തിന്നര്‍ പി. യു. തിന്നര്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വിവിധ ക്വാളിറ്റിയിലുള്ള തിന്നറുകള്‍ വിപണിയില്‍ ലഭ്യമാണ്. റീട്ടെയില്‍ മാര്‍ക്കറ്റില്‍ വിറ്റഴിയുന്നതിനേക്കാള്‍ പതിന്‍ മടങ്ങ് ഉല്‌പാദനകേന്ദ്രങ്ങളില്‍ നിന്ന് സ്ഥിരം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തുന്നുണ്ട്. ചെറുകിട യൂണിറ്റുകള്‍ക്ക് സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തി വിപണനം സുഗമമാക്കാവുന്നതാണ്. കേരളത്തില്‍ തിന്നര്‍ നിര്‍മ്മാണ കമ്പനികള്‍ എണ്ണത്തില്‍ കുറവാണ് എന്നത് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അസംസ്‌കൃത വസ്‌തുക്കള്‍
ടൊളുവിന്‍, അസെറ്റോണ്‍, ഈതൈല്‍ അസറ്റേറ്റ്, ബ്യുട്ടൈല്‍ അസറ്റേറ്റ് എന്നിവയാണ് തിന്നര്‍ നിര്‍മ്മാണത്തിന്റെ പൊതുവായ രാസവസ്‌തുക്കള്‍. ഇവ കേരളത്തില്‍ തന്നെ ലഭ്യമാണ്.
നിര്‍മ്മാണം
അസംസ്‌കൃത വസ്‌തുക്കള്‍ നിശ്ചിത അളവിലും നിശ്ചിത സമയത്തും മിക്‌സ് ചെയ്‌താണ് തിന്നര്‍ നിര്‍മ്മിക്കുന്നത്. തിന്നറുകളുടെ ഗണം അനുസരിച്ച് ഉല്‌പാദന രീതികളിലും വിത്യാസം വരും. പലപ്പോഴും ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്ന തരത്തിലായിരിക്കും നിര്‍മ്മാണം നടത്തേണ്ടിവരുക.
മുതല്‍മുടക്ക്
സംരംഭത്തിനുള്ള ടാങ്കുകള്‍, മിക്‌സിംഗ്,ഫില്ലിംഗ് സംവിധാനങ്ങള്‍ക്കടക്കം 2 ലക്ഷം രൂപയാണ് മൂലധന നിക്ഷേപമായി വരിക.
2. കൂളന്റ് നിര്‍മ്മാണം
വാഹനങ്ങള്‍, എഞ്ചിനുകള്‍, പമ്പ് സെറ്റുകള്‍, ജനറേറ്ററുകള്‍ തുടങ്ങി കൂളന്റിന്റെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിര്‍മിച്ച് കേരളത്തിലെ മാര്‍ക്കറ്റിലെത്തുന്ന കൂളന്റുകളാണ് വിപണിയുടെ ഏറിയ പങ്കും കൈയടക്കി വച്ചിരിക്കുന്നത്. ചെറിയ മുതല്‍ മുടക്കില്‍ വീട്ടില്‍ തന്നെ ആരംഭിച്ച് വിപണനം നടത്താന്‍ കഴിയുന്ന ഉത്‌പന്നമാണ് കൂളന്റ്. ഒപ്പം റേഡിയേറ്റര്‍ ക്ലീനറും നിര്‍മ്മാണം നടത്താന്‍ കഴിയും. പുത്തന്‍ തലമുറ വാഹനങ്ങളിലും ആഡംബര വാഹനങ്ങളുടെ സര്‍വീസ് സെന്ററുകളിലെല്ലാം ഉയര്‍ന്ന അളവില്‍ കൂളന്റ് ആവശ്യമാണ്.
അസംസ്‌കൃത വസ്‌തുക്കള്‍
മോണോ എത്തിലീന്‍ ഗ്ലൈക്കോള്‍, ഡി- മിനറലൈസ്‌ഡ് വാട്ടര്‍, കളര്‍ എന്നിവയാണ് കൂളന്റ് നിര്‍മ്മാണത്തിന്റെ അസംസ്‌കൃത വസ്‌തുക്കള്‍.ഇവ കേരളത്തില്‍ സുലഭമായി ലഭ്യമാണ്
3. സോള്‍വെന്റ് സിമന്റ്
വയറിംഗ്, പ്ലംബിംഗ്, ഡ്രിപ്പ് ഇറിഗേഷന്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിക്കുന്ന പൈപ്പുകളെ തമ്മില്‍ കൂട്ടി ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന രാസമിശ്രിതമാണ് സോള്‍വെന്റ് സിമന്റ്. പി.വി.സി., സി.പി.വി.സി., കോണ്‍ഡ്യൂസ് തുടങ്ങി എല്ലാത്തരം പൈപ്പുകളും സോള്‍വെന്റ് സിമന്റ് ഉപയോഗിച്ച് കൂട്ടിച്ചേര്‍ക്കാം. ഗുണമേന്മയുള്ള സോള്‍വെന്റുകളുടെയെല്ലാം ക്യൂറിംഗ് സമയം 10 സെക്കന്റില്‍ താഴെയാണ്. രാസ സംയുക്തങ്ങളുടെ മിശ്രണ രീതിക്ക് അനുസരിച്ച് സോള്‍വെന്റ് സിമിന്റിന്റെ ക്യൂറിംഗ് സമയവും വിത്യാസപ്പെടുത്താം. കേരളത്തില്‍ ഉല്‌പാദകരുടെ എണ്ണം കുറവാണ് എന്നതാണ് ഈ വ്യവസായത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഏറിയ പങ്ക് ഉപഭോക്താക്കളും പ്ലംബര്‍മാരും ഇലക്ട്രീഷ്യന്മാരും ആയതിനാല്‍ മാര്‍ക്കറ്റിംഗ് സുഗമമാണ്. പ്രത്യേകിച്ച് ബ്രാന്‍ഡുകള്‍ക്ക് പ്രസക്തി ഇല്ലാത്തതിനാല്‍ വിപണിയില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരുന്നില്ല.
അസംസ്‌കൃത വസ്‌തുക്കള്‍
അസറ്റോണ്‍, പി.വി.സി. റെസിന്‍, സൈക്ലോ ഹെക്‌സനൈല്‍, ടൊളുവിന്‍ തുടങ്ങിയവയാണ് പ്രധാന അസംസ്‌കൃതവസ്‌തുക്കള്‍. അവ കേരളത്തില്‍ തന്നെ ലഭ്യമാണ്. പായ്‌ക്കിംഗിനായി ബ്രഷ് ഘടിപ്പിച്ച ടിന്‍ ക്യാനുകള്‍ ഉപയോഗപ്പെടുത്തുന്നു.
മൂലധന നിക്ഷേപം
മിക്‌സിംഗ് ടാങ്ക്, ഫില്ലിംഗ് മെഷീന്‍ എന്നിവയാണ് പ്രധാനമായി ഉപയോഗിക്കേണ്ട യന്ത്രങ്ങള്‍, ഇവയ്‌ക്ക് 2.5 ലക്ഷം വരെ ചിലവ് പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ യന്ത്രങ്ങളിലല്ലാതെ മാനുവലായും മിക്‌സിംഗ് നടത്താം.
മാര്‍ക്കറ്റിംഗ്
ഹാര്‍ഡ്‌വെയര്‍ ഷോപ്പുകള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് സാമഗ്രികള്‍ വില്‌ക്കുന്ന കടകള്‍ വഴിയാണ് സോള്‍വെന്റ് സിമിന്റിന്റെ പ്രധാന വില്‌പന. വിതരണക്കാരെ നിയമിച്ചുള്ള വില്‌പന രീതിയാണ് കൂടുതല്‍ അഭികാമ്യം.
4. കര്‍പ്പൂരം- നാഫ്‌തലീന്‍ ബോള്‍- എയര്‍ ഫ്രഷ്‌നെര്‍
കേരളത്തില്‍ ധാരാളമായി വിപണന സാധ്യതയുള്ള മുകളില്‍ സൂചിപ്പിച്ച 3 ഉത്‌പന്നങ്ങളും ഒരു യന്ത്രം ഉപയോഗിച്ച് നിര്‍മിച്ച് വിപണിയിലിറക്കാം. കര്‍പ്പൂരം,നാഫ്‌തലീന്‍ ബോള്‍, എയര്‍ ഫ്രഷ്‌നെര്‍ എന്നിവയുടെ നിര്‍മ്മാണ കുത്തക അന്യസംസ്ഥാനക്കാര്‍ക്കാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ധാരാളമായി വിറ്റഴിക്കുകയും ചെയ്‌യുന്നു. മൂന്ന് ഉല്‌പന്നങ്ങളുടെ നിര്‍മ്മാണത്തിനും പൊടി രൂപത്തിലുള്ള അസംസ്‌കൃത വസ്‌തുക്കളാണ് ഉപയോഗിക്കുന്നത്. യന്ത്രത്തില്‍ അച്ചുകള്‍ മാറ്റി ഉപയോഗിച്ച് വ്യത്യസ്‌ത ഉല്‌പന്നങ്ങള്‍ വ്യത്യസ്‌ത അളവുകളില്‍ നിര്‍മ്മിച്ചെടുക്കാം.
കര്‍പ്പൂരം
ക്ഷേത്രങ്ങള്‍ തുറക്കുകയും പൂജാദികര്‍മ്മങ്ങള്‍ സജീവവുമായ സാഹചര്യത്തില്‍ കര്‍പ്പൂരത്തിന് കൂടുതല്‍ സാധ്യത തെളിയുകയാണ്. കര്‍പ്പൂര പൗഡറാണ് പ്രധാന അസംസ്‌കൃത വസ്‌തു. വൃത്താകൃതിയിലും ക്യാപ്‌സൂള്‍ രൂപത്തിലും വിപണിയിലെത്തിക്കാം. പൂജാ സ്റ്റോറുകള്‍, പലചരക്ക് കടകള്‍ തുടങ്ങി വില്‌പന കേന്ദ്രങ്ങള്‍ ധാരാളമുണ്ട്. ക്ഷേത്രങ്ങള്‍ക്ക് നേരിട്ടുള്ള വിതരണവും സാധ്യമാണ്. കലര്‍പ്പില്ലാത്ത കര്‍പ്പൂരത്തിന് വിപണിയില്‍ ഡിമാന്റ് കൂടുതലാണ്. 1 കിലോ കര്‍പ്പൂരത്തില്‍ നിന്ന് 300 മുതല്‍ 500 രൂപ വരെ ലാഭം നേടാന്‍ സാധിക്കും.
നാഫ്‌തലിന്‍ ബോള്‍
ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങി വാഷ് ബൈസണുകളിലും യൂറിനല്‍ അറ്റാച്ച്‌മെന്റുകളിലുമെല്ലാം ധാരാളമായി ഉപയോഗിക്കുന്ന ഉല്‌പന്നമാണ് നാഫ്‌തലിന്‍ ബോള്‍. നാഫ്‌തലിന്‍ പൗഡറാണ് പ്രധാന അസംസ്‌കൃത വസ്‌തു. കളറും സുഗന്ധവും ചേര്‍ത്ത് ചെറിയ ബോളുകളാക്കി വിപണിയിലെത്തിക്കാം.
എയര്‍ ഫ്രഷ്‌നെര്‍
ടോയ്‌ലെറ്റില്‍ ഉപയോഗപ്പെടുത്തുന്നവയാണ് എയര്‍ ഫ്രഷ്‌നെര്‍ കേക്കുകള്‍. പാരാ- ഡി- ക്ലോറോ ബെന്‍സില്‍ പൗഡറും കളറും സുഗന്ധവും ചേര്‍ത്താണ് എയര്‍ ഫ്രഷ്‌നെര്‍ കേക്ക് നിര്‍മ്മിക്കുന്നത്. തുടര്‍ന്ന് ജലാറ്റിന്‍ പേപ്പറുകളില്‍ പായ്‌ക്ക് ചെയ്‌യും. വിപണിയില്‍ 3ല്‍ താഴെ ബ്രാന്റുകള്‍ മാത്രമാണ് നിലവിലുള്ളത്. കൂടുതല്‍ വിപണിയുള്ള ഉല്‌പന്നം എന്ന നിലയില്‍ കേരളത്തില്‍ ഉല്‌പാദന സാധ്യത ഏറെയാണ്.
5. ബാറ്ററി വാട്ടര്‍
മിനറലുകള്‍ നീക്കം ചെയ്‌ത് ശുദ്ധീകരിച്ചെടുക്കുന്ന പച്ച വെള്ളമാണ് ഡീ മിനറലൈസ്‌ഡ് വാട്ടര്‍. ബാറ്ററികള്‍ റീഫില്‍ ചെയ്യാനാണ് പ്രധാനമായും ഉപയാഗിക്കുന്നത്. വാഹനങ്ങള്‍, ഇന്‍വെര്‍ട്ടറുകള്‍, യു.പി.എസ്. കള്‍ എന്നിവയിലെല്ലാം ബാറ്ററികള്‍ ഉള്ളതുകൊണ്ട് ഡി.എം വാട്ടറും ആവശ്യമുണ്ട്. കൂടാതെ സാനിറ്റൈസര്‍ നിര്‍മ്മാണം, സ്‌പ്രേകളുടെ നിര്‍മ്മാണം, വിനാഗരിയുടെ നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളിലെല്ലാം ഡി.എം. വാട്ടര്‍ ഉപയോഗപ്പെടുത്തുന്നു. ഡി-മിനറലൈസ്‌ഡ് വാട്ടര്‍ നിര്‍മ്മിച്ചതിന് ശേഷം കാസ്റ്റിക് സോഡയും ഹൈഡ്രോ ക്ലോറിക് ആസിഡും ഉപയോഗിച്ച് റീ ജെനെറേഷന്‍ നടത്തുന്നതാണ് നിര്‍മ്മാണരീതി. തുടര്‍ന്ന് 5 ലിറ്റര്‍ ക്യാനുകളിലും 1 ലിറ്റര്‍, 2 ലിറ്റര്‍ ബോട്ടിലുകളിലും നിറച്ച് വില്‌പനയ്‌ക്ക് എത്തിക്കാം. 1 ലിറ്റര്‍ ബാറ്ററി വാട്ടറിന്റെ ഉല്‌പാദന ചിലവ് 4 രൂപയാണ്.
മൂലധന നിക്ഷേപം
1 മണിക്കൂറില്‍ 200 ലിറ്റര്‍ ഉല്‌പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് 1 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കാം.
അസംസ്‌കൃത വസ്‌തുക്കള്‍ - സാങ്കേതികവിദ്യ - പരിശീലനം
മുകളില്‍ രേഖപ്പെടുത്തിയ സംരംഭങ്ങള്‍ക്കാവശ്യമായ സാങ്കേതിക വിദ്യകള്‍ അഗ്രോപാര്‍ക്കില്‍ ലഭിക്കും. ടി സംരംഭങ്ങള്‍ക്കാവശ്യമായ എല്ലാ അസംസ്‌കൃതവസ്‌തുക്കളും റോ മെറ്റീരിയല്‍ ഹബ്ബില്‍ ലഭ്യമാണ്.
ഫോണ്‍ നമ്പര്‍: 9847315259,
Post your comments