Global block

bissplus@gmail.com

Global Menu

അവസരങ്ങളുടെ ലോകം തുറന്ന്‌ നിര്‍മ്മിത ബുദ്ധി

മനുഷ്യനെ പോലെ ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനും യന്ത്രങ്ങള്‍ക്ക്‌ കഴിയുമോ? പല ഹോളിവുഡ്‌ ചിത്രങ്ങളിലും എന്തിന്‌ നമ്മുടെ 'എന്തിരന്‍' മുതല്‍ 'ആന്‍ഡ്രോയിഡ്‌ കുഞ്ഞപ്പന്‍' വരെയുളള ചിത്രങ്ങള്‍ ഇതിന്റെ സാധ്യതകള്‍ കാട്ടിത്തന്നതാണ്‌. ഇന്ന്‌ റോബോട്ടുകളില്‍ മാത്രമല്ല, ഒട്ടു മിക്ക എല്ലാ മേഖലകളിലും ഈ സാങ്കേതിക വിദ്യയുടെ വളര്‍ച്ച കൈകടത്തി അവസരങ്ങളുടെ ഒരു പുതിയ ലോകത്തെ തന്നെ തുറന്നിട്ടിരിക്കുകയാണ്‌.

നിര്‍മ്മിത ബുദ്ധി (Artificial Intelligence) എന്ന വാക്ക്‌ 'വിവേകമുളള യന്ത്രങ്ങളെ സൃഷ്‌ടിക്കുവാന്‍ വേണ്ടിയുളള പഠന പ്രവര്‍ത്തനങ്ങളും അവയുടെ രൂപകല്‍പ്പനയും' സൂചിപ്പിക്കുന്നു. വിവേകമുളള യന്ത്രങ്ങള്‍ അല്ലെങ്കില്‍ AI Powered computer systems, ചുറ്റുപാടില്‍ നിന്നും, അനുഭവങ്ങളില്‍ നിന്നും, പ്രവര്‍ത്തന സാഹചര്യങ്ങളില്‍ നിന്നും കാര്യങ്ങള്‍ പല ആവര്‍ത്തി സ്വീകരിക്കുകയും, പ്രോസസ്സ്‌ ചെയ്യുകയും, അതുവഴി വിജയകരമായി നീങ്ങുവാനുളള പ്രവര്‍ത്തികള്‍ നടപ്പില്‍ വരുത്തുവാന്‍ കഴിവുളളതും ആകുന്നു. അതായത്‌ പഠിക്കുന്ന പ്രശ്‌ന പരിഹാരം കണ്ടെത്തുക എന്നതാണ്‌ ഒരു എഐ സിസ്റ്റത്തിന്റെ അടിസ്ഥാന തത്ത്വം. അതിന്‌ ഉതകുന്ന algorithms അഥവാ programming steps വികസിപ്പിച്ചെടുക്കുകയാണ്‌ ഒരു എഐ എന്‍ജിനിയറുടെ പ്രധാന കര്‍ത്തവ്യം. ഐ.ടി മേഖലയില്‍ വളരെ അധികം തൊഴില്‍ അവസരങ്ങളാണ്‌ ഇന്ന്‌ എഐ സാങ്കേതിക പരിജ്ഞാനമുളളവര്‍ക്ക്‌ മുന്നില്‍ ഉളളത്‌. വിദഗ്‌ദരെ ലഭിക്കുവാനായി മിക്ക കമ്പനികളും തമ്മില്‍ കടുത്ത മത്സരമാണ്‌ നിലവില്‍.

നിര്‍മ്മിത ബുദ്ധിയുടെ ചരിത്രം തുടങ്ങുന്നത്‌ 1950 കളോടെയാണ്‌. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്ഞനായ ജോണ്‍ മക്കാര്‍ത്തിയാണ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ എന്ന പേര്‌ ഈ ശാസ്‌ത്ര ശാഖയ്‌ക്ക്‌ നല്‍കിയത്‌. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക യന്ത്ര സംവിധാനങ്ങളും നിര്‍മ്മിത ബുദ്ധിയുടെ സാങ്കേതികത്വം ഉപയോഗിക്കുന്നുണ്ട്‌. ഡിജിറ്റല്‍ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി നിര്‍മ്മിത ബുദ്ധി വളര്‍ന്നിരിക്കുന്നു. ഗതാഗത മേഖലയില്‍ വിപ്ലളവം സൃഷ്‌ടിക്കുന്ന driverless vehicle സ്വയം നിയന്ത്രിക്കുന്ന വാഹനത്തിന്റെ അടിസ്ഥാനം തന്നെ എഐ ആകുന്നു.

റീട്ടെയില്‍, ഓട്ടോമെബൈല്‍, ആരോഗ്യ മേഖലകള്‍ തുടങ്ങി ബഹിരാകാശ ഗവേഷണം വരെ നീണ്ടു നില്‍ക്കുന്നതാണ്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍. അതുകൊണ്ടു തന്നെ എഐലെ വ്യവസായ നിക്ഷേപം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. പല രാജ്യങ്ങളും ഈ സാങ്കേതിക വിദ്യ തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും, തങ്ങളുടെ പൗരന്മാര്‍ക്കും എങ്ങനെ ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന്‌ ചിന്തിച്ച്‌ തുടങ്ങിയിരിക്കുന്നു. ഒരു രാജ്യം പൗരത്വം വരെ നല്‍കാന്‍ തക്ക വിധത്തില്‍ എഐ അധിഷ്‌ഠിത ഹ്യൂമനോയിഡ്‌ റോബോട്ടുകള്‍ വളര്‍ന്നിരിക്കുന്നു. സൗദി അറേബ്യ പൗരത്വം നല്‍കിയ സോഫിയ ആണ്‌ ആ റോബോട്ട്‌, യു.എ യില്‍ (മിനിസ്റ്ററി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ എന്ന ഒരു സര്‍ക്കാര്‍ വകുപ്പ്‌ തന്നെ നിലവില്‍ വന്നു. 

ഒന്നാം വ്യാവസായിക വിപ്ലവത്തിന്റെ പ്രത്യേകത അത്‌ കായികക്ഷമതയില്‍ നിന്നും ഉത്‌പാദന പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍ക്കരിക്കപ്പെട്ടു എന്നതാണ്‌. ഇന്ന്‌ നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രധാന ചാലക ശക്തിയായിട്ടാണ്‌ നിര്‍മ്മിത ബുദ്ധിയെ കണക്കാക്കുന്നത്‌. മറ്റ്‌ വ്യവസായ വിപ്ലവങ്ങളെ അപേക്ഷിച്ച്‌ ഈ വിപ്ലവത്തിന്റെ പ്രത്യേകത അതിന്റേ വേഗത തന്നെയാണ്‌. ചരിത്രം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത വേഗതയിലാണ്‌ സാങ്കേതിക വിദ്യകളുടെ വികസനവും വ്യാപനവും. സകലമാന മേഖലകളിലേയ്‌ക്കും അതു വ്യാപിച്ചു എന്ന്‌ മാത്രമല്ല, ഈ മാറ്റങ്ങള്‍ ഉല്‍പ്പാദനം, മാനേജ്‌മെന്റ്‌, ഭരണം എന്നീ മേഖലകളിലെ മുഴുവന്‍ സംവിധാനങ്ങളെയും പരിവര്‍ത്തിപ്പിക്കാന്‍ പര്യാപ്‌തമാണ്‌ എന്നാണ്‌ പുതിയ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്‌.

സ്വകാര്യതയിലേയ്‌ക്കുളള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും, സമൂഹങ്ങള്‍ മാധ്യമങ്ങള്‍ വലിയതോതില്‍ വ്യത്യസ്‌ത ആവശ്യങ്ങള്‍ക്കായി തിരശ്ശീലയ്‌ക്ക്‌ പിന്നില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ട്‌. ഗൂഗില്‍ മുതലായ സെര്‍ച്ച്‌ എന്‍ജിനുകളും നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളെ പരമാവധി ഉപയോഗിക്കുകയാണ്‌. നമ്മുടെ സ്ഥലം, പ്രായം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങളും, അതോടൊപ്പം നാം മുന്‍കാലങ്ങളില്‍ നടത്തിയ പരിശോധനകളും പഠിച്ച്‌ നമ്മള്‍ എന്താണ്‌ തിരയുവാന്‍ സാധ്യത എന്ന്‌ പ്രവചിക്കാന്‍ ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിന്‍ ശ്രമിക്കുന്നു.

അങ്ങനെ എല്ലാ മേഖലകളെയും സ്വാധീനിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ഒരു കൗതുക ശാസ്‌ത്രം എന്നതിനപ്പുറം നിത്യ ജീവിതത്തില്‍ നാം അറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന ഒരു ശാസ്‌ത്ര ശാഖയായി മാറി കഴിഞ്ഞു.

നിര്‍മ്മിത ബുദ്ധി നമ്മുടെ സ്‌കൂളുകളിലേയ്‌ക്കും ഒരു പഠന വിഷയമായി എത്തുകയാണ്‌. ഭാവികം രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകളില്‍ പുതുതലമുറയെ നിപുണരാക്കുക എന്ന ലക്ഷ്യത്തോടെ സി.ബി.എസ്‌.ഇ, എട്ട്‌, ഒന്‍പത്‌, പത്ത്‌ ക്ലാസുകളില്‍ ഇലക്‌ടീവ്‌ വിഷയമായിട്ടാണ്‌ നിര്‍മ്മിത ബുദ്ധിയെ അവതരിപ്പിക്കുന്നത്‌.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ഒരു വശത്ത്‌ വിശാലമായ തൊഴില്‍ മേഖല വിദഗ്‌ദര്‍ക്കായി തുറന്നിടുമ്പോള്‍ മറുവശത്ത്‌ സാധാരണക്കാര്‍ ചെയ്യുന്ന ജോലികള്‍ യന്ത്രങ്ങള്‍ കൈയടക്കുമോ എന്ന വലിയ ആശങ്ക നിലനില്‍ക്കുന്നു. മനുഷ്യന്‍ നിയന്ത്രിക്കുന്ന യന്ത്രങ്ങളില്‍ നിന്ന്‌ യന്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മനുഷ്യന്റെ ലോകത്തെയാണോ നമ്മള്‍ മുന്നില്‍ കാണുന്നത്‌?

Post your comments