സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന് ഇനി പുതിയ ദൗത്യം. നാവിക പ്രതിരോധ മേഖലയില്‍ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കൈമാറാന്‍ കെല്‍ട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എന്‍പിഒഎല്ലും തമ്മില്‍ ധാരണയായി. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചത്. കൊച്ചിയില്‍ വച്ചായിരുന്നു ഒപ്പുവച്ചത്. കെല്‍ട്രോണ്‍ സിഎംഡിഎന്‍ നാരായണ മൂര്‍ത്തിയും എന്‍പിഒഎല്‍ ഡയറക്ടര്‍ എസ് വിജയന്‍ പിള്ളയും ധാരണാപത്രം കൈമാറി. ഇലക്ട്രോണിക്‌സ് മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ഇലക്ട്രോണിക്‌സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍, എന്‍.പി.ഒ. എല്ലുമായി കൂടുതല്‍ സഹകരിക്കാന്‍ ഉതകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
അന്തര്‍വാഹിനികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഉഷസ് സോണാര്‍ സിമുലേറ്റര്‍, കപ്പലുകളും അന്തര്‍വാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാര്‍ത്താ വിനിമയ സംവിധാനമായ യുവാക്‌സ് ട്രൈറ്റണ്‍, അന്തര്‍വാഹിനികള്‍ക്കായി അഡ്വാന്‍സ്ഡ് ഇന്‍ഡി ജീനസ് ഡിസ്ട്രസ് സോണാര്‍ സിസ്റ്റം എന്നിവക്കായുള്ള ധാരണാപത്രമാണ് ഒപ്പുവച്ചത്.
എന്‍പിഒഎല്ലിനു വേണ്ടി അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ നാലിനം ഉപകരണങ്ങള്‍ നിലവില്‍ നിര്‍മ്മിക്കുന്നുണ്ട്. 70 കോടി രൂപയുടെ ഓര്‍ഡറാണ് കെ.സി.എക്ക് ലഭിച്ചിട്ടുള്ളത്. 45 കോടി രൂപയുടെ പുതിയ ഓര്‍ഡറും ഈ വര്‍ഷം കെല്‍ട്രോണിന് ലഭിക്കും. കുറിപ്പുറത്തെ കെല്‍ട്രോണ്‍ ടൂള്‍ റൂമിന് 20 കോടി രൂപയുടെ ഓര്‍ഡര്‍ എന്‍.പി. ഒ.എല്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. ഓഗസ്റ്റ് 15നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാസ്റ്റര്‍ പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. മാസ്റ്റര്‍ പ്ലാനുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കും. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക എത്രയാണോ അത് ഒരു തവണകൊണ്ടു നല്‍കാനാണ് തീരുമാനം. ആദ്യ ആദ്യഘട്ടത്തില്‍ നല്‍കേണ്ട സഹായങ്ങള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈക്കൊണ്ട ക്രിയാത്മകമായ നടപടികളിലൂടെ പൊതുമേഖലയെ ലാഭത്തില്‍ എത്തിക്കാന്‍ സാധിച്ചു. ഈ സര്‍ക്കാറിന്റെ നയവും പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ്. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ വേണം എന്ന് തീരുമാനിച്ചത്.പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല ഓട്ടോകാസ്റ്റില്‍ ഉത്തര റെയില്‍വേയ്ക്കായി നിര്‍മ്മിച്ച ആദ്യ ട്രെയിന്‍ ബോഗിയുടെ കയറ്റി അയയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
Post your comments