Global block

bissplus@gmail.com

Global Menu

രണ്ടാം തരംഗം : തകര്‍ന്നടിഞ്ഞ്‌ വ്യാപാരമേഖല

കോറോണയുടെ രണ്ടാം തരംഗം ഒന്നാംതരംഗം കശക്കിയെറിഞ്ഞ, തിരിച്ചുവരാന്‍ ശ്രമിച്ച വ്യാപാര-വാണിജ്യമേഖലയെ പാടേ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്‌. ഹോട്ടല്‍ ടൂറിസം, കാറ്ററിംഗ്‌, ചെറുകിട സംരംഭകര്‍, വസ്‌ത്രവ്യാപാരികള്‍, ഗൃഹോപകരണവിപണി, നിര്‍മ്മാണമേഖലയും അനുബന്ധവ്യവസായങ്ങളും തുടങ്ങി സകല മേഖലകളെയും കടപുഴക്കിയെറിഞ്ഞിരിക്കുകയാണ്‌ മഹാമാരിയുടെ രണ്ടാം സുനാമി.പ്രതീക്ഷയോടെ വ്യാപാരികള്‍ കാത്തിരുന്ന വിഷു-റമദാന്‍ സീസണ്‍ ഈ സുനാമിയില്‍ കടലെടുത്തു. ഇപ്പോഴിതാ മൂന്നാംതരംഗമെന്ന ആശങ്ക ഡെമോക്ലിസിന്റെ വാള്‍ പോലെ ഓണപ്രതീക്ഷയുടെ മേല്‍ തൂങ്ങിക്കിടക്കുകയാണ്‌. കൊവിഡ്‌ 19 മഹാമാരി കഴിഞ്ഞ 15 മാസക്കാലയളവില്‍ വ്യാപാര-വാണിജ്യമേഖലയ്‌ക്ക്‌ വരുത്തിവച്ച നാശത്തിന്റെ കണക്കുകള്‍ ആരുടെയും ചങ്കിടിപ്പിക്കുന്നതാണ്‌.

കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റീട്ടെയ്‌ല്‍ സ്ഥാപനങ്ങളില്‍ 15-20 ശതമാനം കൊവിഡ്‌ കാലത്ത്‌ അടച്ചു പൂട്ടിപ്പോയെന്നാണ്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിലയിരുത്തല്‍. ചെറുതും വലുതുമായ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ജീവനോപാധികള്‍ നഷ്ടമായവര്‍ ലക്ഷക്കണക്കിനാമ്‌. കൊവിഡനന്തരം സംസ്ഥാനത്ത്‌ 20 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചൂപൂട്ടിയിട്ടുണ്ടെന്ന്‌ കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്ററന്റ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറയുന്നു. പരമ്പരാഗത ഹോട്ടലുകളാണ്‌ അടച്ചൂപൂട്ടിപ്പോയതിലേറെയും. പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ മിക്കതും വന്‍ സാമ്പത്തിക ബാധ്യതയിലാണ്‌. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ വരുമാനം പഴയതിന്റെ പകുതി മാത്രമാണ്‌.

എറണാകുളം ബ്രോഡ്‌ വേയില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി ബ്രോഡ്‌ വേയിലെ വ്യാപാരിയും മര്‍ച്ചന്റ്‌സ്‌ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ സെക്രട്ടറിയുമായ സോളമന്‍ ചെറുവത്തൂര്‍ പറയുന്നു. നിരവധി സ്ഥാപനങ്ങളുടെ വരുമാനം മൂന്നിലൊന്നില്‍ താഴെയായി കുറഞ്ഞു. ഓരോ ജില്ലയിലും ശരാശരി ഇരുപത്തഞ്ച്‌ സ്ഥാപനങ്ങള്‍ വീതം ഓരോ മാസവും അടച്ചു പൂട്ടുന്നതായാണ്‌ റിപ്പോര്‍ട്ടുകളെന്ന്‌ കേരള മര്‍ച്ചന്റ്‌സ്‌ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ഇതുവരെ ഇതിന്റെ പൂര്‍ണമായ കണക്കെടുപ്പ്‌ നടത്തിയിട്ടില്ലെന്നതാണ്‌ വാസ്‌തവം. കൊവിഡിന്റെ ഫലമായി വ്യാപാര മേഖലക്കുണ്ടായ നഷ്ടം നികത്താന്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നാണ്‌ വ്യാപാര മേഖലയുടെ പൊതുവിലയിരുത്തല്‍

വസ്‌ത്രവിപണി കൂപ്പുകുത്തി, തൊഴിലാളികളും പ്രതിസന്ധിയില്‍
കച്ചവടം സാധാരണ നിലയിലേക്കു വന്നു തുടങ്ങിയതോടെ പെരുന്നാള്‍ വിപണി ലക്ഷ്യമിട്ടു വസ്‌ത്രങ്ങളുടെ വന്‍ ശേഖരമാണ്‌ ഒരുക്കിയത്‌. മുന്‍പു കമ്പനികളില്‍ നിന്നു കടമായി തുണിത്തരങ്ങള്‍ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ പണം അടച്ചുവേണം ഓര്‍ഡര്‍ ചെയ്യേണ്ടത്‌. മിക്ക വ്യാപാരികളും ബാങ്ക്‌ വായ്‌പ എടുത്തും കടം വാങ്ങിയുമാണ്‌ കമ്പനികള്‍ക്കു മുന്‍കൂര്‍ പണം അടച്ചത്‌. ഓര്‍ഡര്‍ നല്‍കിയ സാധനങ്ങള്‍ എത്തിയെങ്കിലും അവയുടെ കെട്ടുപോലും പൊട്ടിക്കുന്നതിനുമുമ്പേയാണ്‌ കൊവിഡ്‌ രണ്ടാം തരംഗത്തിന്റെ ഭാഗമായ ലോക്‌ഡൗണും നിയന്ത്രണങ്ങളുമെത്തിയത്‌. പാഴ്‌സല്‍ സ്ഥാപനങ്ങളുടെ ഗോഡൗണില്‍ വന്ന്‌ കെട്ടിക്കിടക്കുന്ന പാഴ്‌സലുകള്‍ നിരവധി. എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്‌ വസ്‌ത്രവ്യാപാരികളും വസ്‌ത്രശാലകളിലും മറ്റും ജോലി ചെയ്‌തിരുന്ന പതിനായിരക്കണക്കിന്‌ തൊഴിലാളികളും.

ഫാന്‍സി, ചെരിപ്പ്‌ വ്യാപാരം
കൊറോണ തരംഗത്തില്‍ തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തിയ മറ്റൊരു മേഖലയാണ്‌ ഫാന്‍സി, ചെരുപ്പ്‌, കോസ്‌മറ്റിക്‌ എന്നിവയുടെ വിപണി. പെരുന്നാള്‍, വിവാഹം, ഉത്സവം എന്നിവയുടെ വിപണി ലക്ഷ്യമാക്കി കളിപ്പാട്ടങ്ങളും ഫാന്‍സി ഇനങ്ങളും ഏറെ ശേഖരിച്ചിരുന്നു. വിപണി നഷ്ടമായതോടെ ഇവയില്‍ ഏറെയും വില്‍ക്കാന്‍ കഴിഞ്ഞില്ല. മിക്ക ഫാന്‍സി ഇനങ്ങളുടെയും നിറം മങ്ങും. ഫാഷന്‍ മാറുന്നതും വില്‍പനയെ ബാധിക്കും. കളിപ്പാട്ട വിപണിയും നഷ്ടമായി. കോസ്‌മറ്റിക്‌ ഇനങ്ങളുടെ കാലാവധി കഴിഞ്ഞാല്‍ വില്‍ക്കാനാവില്ല. ആഘോഷ വേളകളില്‍ സജീവമാകുന്ന ചെരിപ്പു വ്യാപാരവും ഇല്ലാതായി. ഓണവിപണിയും കൊറോണ ഭീതിയുടെ നിഴലിലാണ്‌.

ഓണ്‍ലൈന്‍ വ്യാപാരം
കഴിഞ്ഞ വര്‍ഷത്തെ ലോക്‌ഡൗണ്‍ കാലത്ത്‌ ഓണ്‍ലൈന്‍ വ്യാപാരവും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ അവശ്യ വസ്‌തുക്കള്‍ ഒഴികെയുള്ള വ്യാപാര ശാലകള്‍ അടച്ചിട്ടിരിക്കുകയാണെങ്കിലും ഓണ്‍ ലൈന്‍ വ്യാപാരത്തിനു തടസ്സമില്ല. വസ്‌ത്രം, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ വസ്‌തുക്കളും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ലഭിക്കും. ഇതോടെ കച്ചവടം നഷ്ടമാകുന്നതു കഷ്ടപ്പെട്ട്‌ കടയും മറ്റും വാടയ്‌ക്കെടുത്തിരിക്കുന്ന വ്യാപാരികള്‍ക്കാണ്‌.

സ്‌കൂള്‍ വിപണിയും പോയി
കൊറോണ കാരണം രണ്ടുവര്‍ഷമായി സ്‌കൂള്‍ വിപണിയും നഷ്ടമായി. ഏറ്റവും വലിയ കച്ചവട സീസണില്‍ ഒന്നാണ്‌ അധ്യയന വര്‍ഷാരംഭം. കുട്ടികള്‍ മുതല്‍ അധ്യാപകര്‍ വരെ കൂടുതല്‍ വസ്‌ത്രങ്ങളും പഠനോപകരണങ്ങളും സ്‌കൂള്‍ബാഗുകളും കുടകളും ഒക്കെയായി വിപണിക്ക്‌ ആഘോഷമാണ്‌. പക്ഷേ രണ്ടു സീസണുകളായി ഇതൊന്നുമില്ല. മേയ്‌ ആദ്യം മുതല്‍ സ്‌കൂള്‍ വിപണി സജീവമാകുകയാണു പതിവ്‌, ഇത്തവണയും എന്നു സ്‌കൂള്‍ തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്‌.

നട്ടംതിരിഞ്ഞ്‌ തൊഴിലാളികള്‍
കഴിഞ്ഞ ലോക്‌ഡൗണ്‍ കാലത്തെക്കാള്‍ പ്രതിസന്ധിയിലാണ്‌ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍. വ്യാപാര മാന്ദ്യം മൂലം എല്ലാ ദിവസവും ജോലി പോലും ലഭിക്കാറില്ലായിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം പോലും ഒരു വര്‍ഷത്തിനിടയില്‍ ഇല്ലാതായി.. ഇതിനിടയിലാണ്‌ വീണ്ടും കടകള്‍ അടച്ചത്‌. വീണ്ടും തുറക്കുമ്പോള്‍ എല്ലാവര്‍ക്കും ജോലി ലഭിക്കും എന്നുപോലും ഉറപ്പില്ല. പല സ്ഥാപനങ്ങളും തൊഴിലാളികളെ കുറയ്‌ക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ്‌.

കണ്ണീര്‍ വിളമ്പി കേറ്ററിങ്‌ യൂണിറ്റുകള്‍
ആഘോഷവേളകളില്‍ ആയിരങ്ങള്‍ക്ക്‌ അന്നം വിളമ്പിയവര്‍ക്ക്‌ കഴിഞ്ഞ 15 മാസക്കാലമായി കണ്ണീരുപ്പാണ്‌ പ്രതിഫലം. ചെറുതും വലുതുമായി മൂവായിരത്തിലേറെ കേറ്ററിങ്‌ സ്ഥാപനങ്ങളാണ്‌ സംസ്ഥാനത്ത്‌ ഉള്ളത്‌. കൊവിഡിനെ തുടര്‍ന്ന്‌ സംസ്ഥാനത്താകെ നൂറുകണക്കിനു കേറ്ററിങ്‌ യൂണിറ്റുകള്‍ പൂട്ടി. ലക്ഷത്തിലേറെ പേര്‍ തൊഴില്‍രഹിതരായി. ഭക്ഷണ വിതരണത്തിനുള്ള പാത്രങ്ങളും മറ്റനേകം ഉപകരണങ്ങളും കിട്ടിയ വിലയ്‌ക്ക്‌ വിറ്റൊഴിവാക്കാന്‍ ശ്രമിച്ചിട്ടും വാങ്ങാനാളില്ല. ബിസിനസ്‌ വായ്‌പയെടുത്തവരും തിരിച്ചടയ്‌ക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ്‌. ംവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിളമ്പുകാരും ഡ്രൈവര്‍മാരും മറ്റനേകം കയ്യാളുകളും ചേര്‍ന്ന്‌ ലക്ഷത്തിലേറെ പേര്‍ക്ക്‌ വരുമാനമില്ല. പലരും ഈ രംഗം തന്നെ വിട്ട്‌ ദിവസക്കൂലി കിട്ടുന്ന പലതരം പണികള്‍ക്കായി പോയി.

കോണ്‍ഫെഡറേഷന്‍ ഓഫ്‌ കേരള കേറ്ററേഴ്‌സ്‌, ഓള്‍ കേരള കേറ്ററേഴ്‌സ്‌ അസോസിയേഷന്‍ എന്നീ രണ്ടു സംഘടനകളിലായി 1800 അംഗങ്ങളുണ്ടായിരുന്നു. പാതിപ്പേരെങ്കിലും ഈ ബിസിനസില്‍ നിന്നു പിന്‍വാങ്ങുകയാണ്‌. അംഗത്വമോ രജിസ്‌ട്രേഷനോ ഇല്ലാത്തവര്‍ ഇതിലേറെയുണ്ട്‌. ആഘോഷവേളകളില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ 500 പേര്‍ക്കെങ്കിലും പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ്‌ എല്ലാവരുടേയും ആവശ്യം.

ബ്രാന്‍ഡഡ്‌ കടകളുടെ പൂട്ട്‌ തുരുമ്പിച്ചു

തലസ്ഥാനത്തെ ആറോളം ബ്രാന്‍ഡഡ്‌ സ്ഥാപനങ്ങളടക്കം എണ്‍പതിലധികം വ്യാപാര സ്ഥാപനങ്ങളാണ്‌ ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്നത്‌.
വെജിറ്റേറിയന്‍ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷണശാലകളില്‍ പലതും കഴിഞ്ഞ ലോക്ക്‌ ഡൗണിന്‌ ശേഷം തുറന്നിട്ടില്ല. തുണിക്കടകള്‍, ചെരുപ്പ്‌ വില്‍ക്കുന്ന കടകള്‍ എന്നിവയുടെ അവസ്ഥയും സമാനമാണ്‌. കൊവിഡ്‌ വ്യാപനം കുറപ്പോള്‍ അപൂര്‍വം കടകള്‍ തുറന്നെങ്കിലും ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാനുള്ള വരുമാനം ലഭിക്കാത്തതിനാല്‍ പൂട്ടിയിട്ടിരിക്കുകയാണ്‌.കൊവിഡ്‌ ഭീതിയൊഴിഞ്ഞ്‌ അന്തരീക്ഷം വീണ്ടും സാധാരണ നിലയിലായാല്‍ കടകള്‍ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ ഉടമകളില്‍ പലരും. ഇതിനായി മാസങ്ങളായി കൈയില്‍ നിന്ന്‌ വാടകയും തദ്ദേശ സ്ഥാപനങ്ങളിലെ ടാക്‌സുകളും നല്‍കി കാത്തിരിക്കുകയാണ്‌ ഇവര്‍. എത്രനാള്‍ ഇങ്ങനെ കൈയില്‍ നിന്ന്‌ പണം മുടക്കി തുടരാനാവുമെന്നറിയാത്ത അവസ്ഥയിലാണ്‌.

കൊവിഡിന്റെ ആദ്യ വരവില്‍ മാസങ്ങളായി അടച്ചിട്ട കടകള്‍ തുറന്ന്‌ കച്ചവടം ഉഷാറാകുന്നതിനിടെയാണ്‌ രണ്ടാം തരംഗം വ്യാപാരമേഖലയെ തകര്‍ത്തത്‌. വാടക നല്‍കാന്‍ പണമില്ലാതെ വന്നതോടെ വ്യാപാരികളുടെ സംഘടനകള്‍ ബില്‍ഡിംഗ്‌ ഓണേഴ്‌സ്‌ അസോസിയേഷനുമായി ബന്ധപ്പെട്ട്‌ ഒരു മാസത്തെ വാടകയില്‍ ഇളവ്‌ ചോദിച്ചിരിക്കുകയാണ്‌.ട്രിപ്പിള്‍ ലോക്ക്‌ ഡൗണിന്‌ ശേഷം തുണി, ചെരുപ്പ്‌, ജുവലറികള്‍ എന്നീ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചെങ്കിലും വിവാഹ ആവശ്യത്തിനുള്ളവര്‍ക്ക്‌ മാത്രമേ കച്ചവടം പാടുള്ളൂവെന്ന നിയമം കാരണം കടകള്‍ വെറുതെ തുറന്നിരിക്കാനേ കഴിയുന്നുള്ളൂവെന്ന്‌ വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്‌.എസ്‌. മനോജ്‌ പറഞ്ഞു.

ടൂറിസം: നഷ്ടം 34,000 കോടി
കൊവിഡ്‌ പ്രതിസന്ധിയില്‍ ഈ വര്‍ഷം ഇതുവരെ കേരളത്തിന്റെ ടൂറിസം മേഖലയില്‍ 34,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി പി.എം.മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. കോവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുമെന്നും എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ്‌ വ്യാപനം കുറയുന്ന മുറയ്‌ക്കു ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണമെന്നു മുഖ്യമന്ത്രിയോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. വിദേശ സഞ്ചാരികള്‍ക്കു കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ വീസ പദ്ധതിയെ സഹായിക്കുന്ന തരത്തില്‍ വിമാനത്താവളങ്ങളില്‍ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം തുടങ്ങും. ടൂറിസം മേഖലയിലെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ജോബ്‌ ഫാക്ടറി തുടങ്ങും. ടൂറിസം മേഖല വീണ്ടും തുറക്കുമ്പോള്‍ സംരംഭകര്‍ക്കു സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തും.

2019ല്‍ 11.89 ലക്ഷം വിദേശ ടൂറിസ്റ്റുകളാണു കേരളത്തിലെത്തിയത്‌. 2025ല്‍ ഇത്‌ 20 ലക്ഷമാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. പബ്‌ തുടങ്ങുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. നടപ്പാക്കി വരുന്ന വലിയ ടൂറിസം പദ്ധതികള്‍ ഇപ്പോഴത്തെ സാഹചര്യം മാറിക്കഴിഞ്ഞു മുന്നോട്ടു കൊണ്ടുപോകും. 154 റെസ്റ്റ്‌ ഹൗസുകളില്‍ ജനങ്ങള്‍ക്കു താമസ സൗകര്യമേര്‍പ്പെടുത്തും. പരീക്ഷാ ആവശ്യത്തിനു മറ്റു ജില്ലകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ നിരക്കില്‍ ഇളവ്‌ ആലോചിക്കും. ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള കംഫര്‍ട്ട്‌ സ്റ്റേഷനുകളും ഇവിടെ തുറക്കാനാകും.

ഇനിയെന്ത്‌ ചെയ്യാനാവും
ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കണമെങ്കില്‍ പഴഞ്ചന്‍ വില്‍പന മാതൃകകളില്‍ നിന്ന്‌ മാറി കൂടുതല്‍ നവീകരിക്കുകയും ഓണ്‍ലൈന്‍ മേഖലകളെ കൂടുതല്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണം. ഇടനിലക്കാരില്ലാതെ നേരിട്ട്‌ ഉപഭോക്താക്കളിലേക്ക്‌ എത്തിയാലേ മാറ്റമുണ്ടാവൂ. അതിന്‌ പുതിയ കാലത്തെ ഡിജിറ്റല്‍ മാതൃകകളെ പിന്തുടരുകയല്ലാതെ വഴിയില്ല. താല്‍ക്കാലികമല്ലാത്ത, എക്കാലത്തും നിലനില്‍പുള്ള വിപണനരീതികളിലൂടെ സ്വയം നവീകരിക്കാന്‍ തയ്യാറാവണം.

തകര്‍ന്നടിഞ്ഞ്‌ ചെറുകിട വ്യാപാരമേഖല
കോവിഡ്‌ മഹാമാരി ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്‌ ഏതു മേഖലയെയാണെന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. എന്നാല്‍, അത്‌ വലിയ തകര്‍ച്ചയിലേക്ക്‌ തള്ളിയിട്ടത്‌ പൊതുഗതാഗത മേഖലയെയും ചെറുകിട വ്യാപാരമേഖലയെയുമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. രണ്ട്‌ പ്രളയവും അതിനുമുമ്പ്‌ നോട്ട്‌ നിരോധനവും വ്യാപാരമേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. അപ്പോഴാണ്‌ കോവിഡിന്റെ വരവ്‌. കോവിഡിന്റെ ഒന്നാം തരംഗം കഴിഞ്ഞ്‌ മെല്ലെ ഉണര്‍ന്നുവരാന്‍ തുടങ്ങുമ്പോഴേക്കും രണ്ടാം വ്യാപനവും ലോക്‌ഡൗണും ട്രിപ്പിള്‍ ലോക്‌ഡൗണുമെല്ലാം വഴിക്കുവഴി വന്നു. എല്ലാ പ്രതീക്ഷയും നശിച്ച്‌ കണ്ണീര്‍കുടിച്ച്‌ ജീവിക്കുകയാണ്‌ ഇപ്പോള്‍ ലക്ഷക്കണക്കിന്‌ കച്ചവടക്കാര്‍.

വ്യവസായ വികസനത്തിനു പദ്ധതി തയാറാക്കും: മന്ത്രി പി.രാജീവ്‌
കേരളത്തിലേക്കു കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാനും നിലവിലുള്ളവയുടെ വികസനത്തിനുമായി കര്‍മ പദ്ധതി തയാറാക്കുമെന്ന്‌ മന്ത്രി പി. രാജീവ്‌ പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്‌, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കും. 100 ദിവസം, 1 വര്‍ഷം, 5 വര്‍ഷം തുടങ്ങിയ സമയപരിധി നിശ്ചയിച്ചാവും പദ്ധതികള്‍. വ്യവസായ മേഖലയിലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. ബജറ്റിലും പ്രകടനപത്രികയിലുമുള്‍പ്പെടുത്തിയ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാവും പദ്ധതി തയാറാക്കുക. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ 3 ലക്ഷം യൂണിറ്റുകള്‍ തുടങ്ങാനും 6 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇന്റര്‍നാഷനല്‍ ട്രേഡ്‌ സെന്റര്‍ പദ്ധതി അതിവേഗം നടപ്പാക്കും. വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും പരിഹരിക്കാനുമായി വ്യവസായ, നിയമ, തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു.വ്യവസായങ്ങള്‍ക്കുള്ള ഏകജാലക സംവിധാനം ശക്തിപ്പെടുത്തും. വിജയകരമായ വ്യവസായങ്ങളെക്കുറിച്ചു പഠനം നടത്തി വിജയവഴികളെക്കുറിച്ചുള്ള മാര്‍ഗരേഖ പുതിയ വ്യവസായികള്‍ക്കു പരിചയപ്പെടുത്തും. തോട്ടം മേഖലയെ വ്യവസായമായാണ്‌ സര്‍ക്കാര്‍ കാണുന്നത്‌. ഇതിനായി പ്ലാന്റേഷന്‍ ഡയറക്‌ടറേറ്റ്‌ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറുകിട വ്യവസായത്തിന്‌ 1416 കോടി സഹായം
കോവിഡ്‌ രണ്ടാം തരംഗം ചെറുകിട വ്യവസായ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 1416 കോടി രൂപയുടെ കോവിഡ്‌ സമാശ്വാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ വരെയാണു പദ്ധതി. ബജറ്റ്‌ വിഹിതത്തില്‍ നിന്ന്‌ 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.രാജ്യാന്തര എംഎസ്‌എംഇ ദിനാചരണത്തോടനുബന്ധിച്ചു വ്യവസായ വകുപ്പ്‌ സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറില്‍ മന്ത്രി പി. രാജീവാണ്‌ സഹായപദ്ധതി പ്രഖ്യാപിച്ചത്‌. 'വ്യവസായ ഭദ്രത' സ്‌കീമില്‍ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്‌മ-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക്‌ 50% പലിശ ധനസഹായം നല്‍കും. ഇത്തരത്തില്‍ ഒരു യൂണിറ്റിന്‌ 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജില്‍ 5000 സംരംഭകര്‍ക്കു സഹായം ലഭ്യമാക്കും.

സംരംഭകര്‍ക്കുള്ള സഹായം ഉയര്‍ത്തി
സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ധിപ്പിക്കും. അര്‍ഹരായ യൂണിറ്റുകള്‍ക്കുള്ള സബ്‌സിഡി 20 ലക്ഷം എന്നുള്ളതു 30 ലക്ഷം ആക്കി ഉയര്‍ത്തി. വ്യവസായ പിന്നാക്ക ജില്ലകളിലും മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്‌സിഡി 30 ലക്ഷത്തില്‍ നിന്ന്‌ 40 ലക്ഷം ആയി ഉയര്‍ത്തി. 3000 യൂണിറ്റുകള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. 445 കോടി രൂപ വിനിയോഗിക്കും. വനിത- യുവ - പട്ടികവിഭാഗ, പ്രവാസി സംരംഭകര്‍ക്കും 25% വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.മുന്‍ഗണനാ വ്യവസായ സംരംഭങ്ങളായ റബര്‍, കൃഷി, ഭക്ഷ്യ സംസ്‌കരണം, വസ്‌ത്ര നിര്‍മാണം, പാരമ്പര്യേതര ഊര്‍ജ ഉല്‍പാദനം, ഉപകരണ നിര്‍മാണം, ബയോ ടെക്‌നോളജി വ്യവസായം, പ്ലാസ്റ്റിക്‌ മാലിന്യ സംസ്‌കരണ പുനരുപയോഗ യൂണിറ്റുകള്‍, ജൈവ - കീടനാശിനി നിര്‍മാണ യൂണിറ്റുകള്‍ എന്നിവയ്‌ക്ക്‌ 45% സഹായം സബ്‌സിഡിയായി ലഭിക്കും. സഹായത്തിന്റെ തോത്‌ 40 ലക്ഷത്തില്‍ അധികരിക്കരുതെന്ന വ്യവസ്ഥയോടെ 45% വരെ വര്‍ധിപ്പിച്ചു. വ്യാവസായിക പിന്നാക്ക ജില്ലകളായ ഇടുക്കി, വയനാട്‌, കാസര്‍കോട്‌, പത്തനംതിട്ട എന്നിവിടങ്ങളിലെ സംരംഭകര്‍ക്കും 45% സബ്‌സിഡിയായി നല്‍കും.

നാനോ യൂണിറ്റുകള്‍ക്ക്‌ 60 കോടി
നാനോ വ്യവസായ യൂണിറ്റുകള്‍ക്ക്‌ 60 കോടി രൂപയുടെ ധനസഹായം നല്‍കും. 600 യൂണിറ്റുകള്‍ക്ക്‌ സഹായം ലഭിക്കും. നാനോ യൂണിറ്റുകളില്‍ 5 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കാണു നിലവില്‍ പലിശ സബ്‌സിഡി ലഭിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകള്‍ക്കും ലഭ്യമാക്കും. സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള നാനോ യൂണിറ്റുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 30 കോടി രൂപയുടെ വായ്‌പ ഇതിലൂടെ നാനോ യൂണിറ്റുകള്‍ക്ക്‌ ലഭിക്കും.കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷനില്‍ നിന്നു വായ്‌പയെടുത്ത തുക ലോക്‌ഡൗണ്‍ സാഹചര്യത്തില്‍ തിരിച്ചടയ്‌ക്കാന്‍ കഴിയാത്തവരുടെ അക്കൗണ്ടില്‍ ബാഡ്‌ ഡെറ്റ്‌ രേഖപ്പെടുത്തില്ല. 179 കോടി രൂപയുടെ വായ്‌പ ഇപ്രകാരം ഇതിനായി പുനഃക്രമീകരിക്കും.

കെഎസ്‌ഐഡിസി വായ്‌പകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയം ഈ മാസം വരെ നീട്ടി. 3 മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഒരു വര്‍ഷത്തേക്കുള്ള പിഴ പലിശയും ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക്‌ ഒഴിവാക്കും. ചെറുകിട- സൂക്ഷ്‌മ-ഇടത്തരം സംരംഭകര്‍ക്കായി 5% പലിശയില്‍ 100 കോടി രൂപ വായ്‌പയായി നല്‍കും. 150 സംരംഭങ്ങള്‍ക്കു പ്രയോജനം ലഭിക്കും. തിരിച്ചെത്തിയ പ്രവാസികള്‍ക്കായി 5% നിരക്കില്‍ വായ്‌പ അനുവദിക്കും.

ആരോഗ്യമേഖലയില്‍ 100 കോടി
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണ മേഖലയിലെ വ്യവസായങ്ങള്‍ക്കായി കെഎസ്‌ഐഡിസി പ്രത്യേക വായ്‌പാ പാക്കേജുകളും പ്രഖ്യാപിച്ചു. 100 കോടി രൂപ വരെ ഇതിനായി മാറ്റിവച്ചു. 5% പലിശ നിരക്കില്‍ സംരംഭകര്‍ക്ക്‌ വായ്‌പ ലഭ്യമാക്കും. സ്റ്റാന്‍ഡേഡ്‌ ഡിസൈന്‍ ഫാക്ടറികളുടെ ഗുണഭോക്താക്കള്‍ക്ക്‌ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വാടകയും കോമണ്‍ ഫെസിലിറ്റി ചാര്‍ജും ഒഴിവാക്കി. വായ്‌പകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ തുടരും. വ്യവസായ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഭൂമിയുടെ ഡൗണ്‍ പേയ്‌മെന്റ്‌ ആകെ തുകയുടെ 20% നല്‍കിയാല്‍ മതി. ബാക്കി 80% 5 തുല്യ ഗഡുക്കളായി കൈമാറിയാല്‍ മതി. ഇതിനു പലിശ ഈടാക്കില്ല.

വാടക ഒഴിവാക്കി
കിന്‍ഫ്രയുടെ സ്റ്റാന്‍ഡേഡ്‌ ഡിസൈന്‍ ഫാക്ടറികളിലെ ഗുണഭോക്താക്കള്‍ക്ക്‌ 3 മാസത്തെ വാടക ഒഴിവാക്കി. കിന്‍ഫ്രയുടെ ഗുണഭോക്താക്കളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3 മാസത്തെ കോമണ്‍ ഫെസിലിറ്റി ചാര്‍ജുകളും ഒഴിവാക്കി. കിന്‍ഫ്രയുടെ കീഴിലുള്ള വ്യവസായ പാര്‍ക്കുകളിലെ ഭൂമി വില 2020 മാര്‍ച്ചിലെ നിരക്കില്‍ നില നിര്‍ത്തും. ഭൂമി അനുവദിച്ചവര്‍ക്ക്‌ ആകെ തുകയുടെ 20% ഡൗണ്‍ പേയ്‌മെന്റ്‌ നല്‍കി ഭൂമി വാങ്ങാം. ബാക്കി തുക തുല്യ 5 ഗഡുക്കളായി ഓരോ വര്‍ഷവും നല്‍കണം. ഇതിന്‌ പലിശ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു.

Post your comments