കോവിഡ് -19 രണ്ടാം തരംഗം മൂലം ജൂണിലെ ഒരു ചെറിയ മാന്ദ്യത്തിന് ശേഷം, 2021 ജൂലൈ മാസത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.16 ലക്ഷം കോടി രൂപയായി ഉയർന്നു. രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ ദുർബലാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും വീണ്ടെടുക്കുന്ന സമ്പദ്‌വ്യവസ്ഥ പുതിയ പ്രതീക്ഷകൾ ഉണർത്തുന്നു.
"കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ, 2021 ജൂലൈയിലെ ജിഎസ്ടി ശേഖരണം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു, ഇത് സമ്പദ്‌വ്യവസ്ഥ അതിവേഗം വീണ്ടെടുക്കുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. വരും മാസങ്ങളിലും ശക്തമായ ജിഎസ്ടി വരുമാനം തുടരും" ധനമന്ത്രി നിർമ്മലാ സീതാരാമൻ ട്വിറ്ററിൽ കുറിച്ചു. ജൂലൈ 1 ന് പുറത്തുവിട്ട ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നത് കഴിഞ്ഞ മാസം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ താഴെയായി 92,849 കോടി രൂപയിലേക്ക് എത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥയിൽ വർദ്ധിച്ചുവരുന്ന പ്രതിരോധത്തിന്റെ സൂചനായാണ് പുതിയ കണക്കുകളെ സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
ജി എസ് റ്റി വരുമാനത്തിലുള്ള വർദ്ധനവ് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെ സൂചിപ്പിക്കുന്നു, വരും മാസങ്ങളിൽ മികച്ച വരുമാനം ലഭിക്കും എന്ന് പ്രതീക്ഷികാം. ആഭ്യന്തര ഇടപാടുകളിലും ഇറക്കുമതിയിലും ഉള്ള ജിഎസ്ടി വരുമാനത്തിലെ പുരോഗതി, പ്രധാന ഉൽപാദന സംസ്ഥാനങ്ങൾ ഗണ്യമായ വർദ്ധനവ് കാണിക്കുന്നു എന്നതിനൊപ്പം, രാജ്യത്തുടനീളം സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി സൂചിപ്പിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
ജൂണിൽ, ജിഎസ്ടി പിരിവ് കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ ആദ്യമായി ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായി. എന്നാൽ ഇപ്പോൾ കേന്ദ്രവും സംസ്ഥാനങ്ങളും പ്രാദേശികവൽക്കരിച്ച ലോക്ക്ഡൗണുകളും കണ്ടെയ്ൻമെന്റ് സോണുകളും നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചതുകൊണ്ടുതന്നെ മൂന്നാമത്തെ തരംഗമുണ്ടായാലും, സാമ്പത്തിക പ്രവർത്തനങ്ങൾ കാര്യമായി ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം.
"ജൂണിൽ ബിസിനസുകൾ അൺലോക്ക് ചെയ്തതുമൂലം സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പശ്ചാത്തലത്തിൽ ജൂണിലെ അപേക്ഷിച്ച് ജൂലിലെ കളക്ഷനുകൾ കുത്തനെ ഉയർന്നു. മൂന്നാം തരംഗത്തെ ചെറുക്കാൻ രാജ്യത്തിന് കഴിയുമെങ്കിൽ, ജിഎസ്ടി പിരിവ് ഇവിടെ നിന്ന് വർദ്ധിക്കണം" എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപ ആണ്. അതിൽ കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ് (ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ശേഖരിച്ച 27,900 കോടി ഉൾപ്പെടെ). സെസ് ഇനത്തിൽ 7,790 കോടി രൂപയും സമാഹരിച്ചു (സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ശേഖരിച്ച 815 കോടി ഉൾപ്പെടെ) കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
2021 ജൂലൈ ഒന്നിനും 2021 ജൂലൈ 31 നും ഇടയിൽ സമർപ്പിച്ച ജിഎസ്ടിആർ-3 ബി റിട്ടേണുകളിൽ നിന്ന് ലഭിച്ച ജിഎസ്ടി വരുമാനവും, അതേ കാലയളവിൽ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച സംയോജിത ജിഎസ്ടിയും സെസും ഇതിൽ ഉൾപ്പെടുന്നു. സംയോജിത ജിഎസ്ടി-യിൽ നിന്നും, കേന്ദ്ര ജിഎസ്ടിയിലേക്ക് 28,087 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയിലേക്ക് 24,100 കോടി രൂപയും ഗവൺമെന്റ് റെഗുലർ സെറ്റിൽമെന്റ് ആയി നൽകി. 2021 ജൂലൈ മാസത്തിൽ റെഗുലർ സെറ്റിൽമെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തിൽ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തിൽ 52,641 കോടി രൂപയുമാണ്.
Post your comments