Global block

bissplus@gmail.com

Global Menu

നോക്കിയ വീണ്ടും പ്രതിസന്ധിയിലോ?

മൊബൈല്‍ ഫോണിന്റെ ആദ്യകാലത്ത്‌ വിപണി കൈയടക്കി വച്ചിരുന്ന വമ്പനാണ്‌ നോക്കിയ. മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്ന്‌ ജനം മൊഴിഞ്ഞിരുന്ന കാലം. ലോകത്തിലെ മൊബൈല്‍ ഫോണ്‍ കച്ചവടത്തിന്റെ 90 % വരെ കൈകാര്യം ചെയ്‌തിരുന്നത്‌ ഈ ഫിന്‍ലാന്‍ഡ്‌ കമ്പനിയാണ്‌. 1865 ല്‍ ഒരു പേപ്പര്‍ മില്‍ ആയി തുടങ്ങിയ കമ്പനി ലോക മഹാ യുദ്ധങ്ങളുടെ കാലത്ത്‌ ഇലക്ട്രോണിക്‌സ്‌ മേഖലയിലോട്ടു കടക്കുകയാണ്‌ ഉണ്ടായത്‌. 1980 കളില്‍ മൊബൈല്‍ ഫോണിന്റെ കണ്ടുപിടുത്തത്തോടെ ആ മേഖലയിലേക്ക്‌ ചുവട്‌ മാറ്റി. മൊബൈലര്‍ ഫോണ്‍ കണ്ടുപിടിച്ചത്‌ മോട്ടറോള കമ്പനി ആണെങ്കിലും, മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകളിലെ മിന്നും താരം ആയി മാറിയത്‌ നോക്കിയ ഫോണുകള്‍ ആയിരുന്നു. 2006 വരെ നോക്കിയ ഫോണുകളെ ജയിക്കുവാന്‍ പോന്ന എതിരാളികള്‍ ഇല്ലായിരുന്നു എന്ന്‌ തന്നെ പറയാം. ആ അമിത ആത്‌മവിശ്വാസമാണ്‌ വിനയായത്‌. വിപണിയിലെ മാറ്റവും കസ്റ്റമേഴ്‌സിന്റെ അഭിരുചികളിലെ മാറ്റവും തിരിച്ചറിയാന്‍ അവര്‍ വളരെ വൈകി.

2007 ല്‍ ആപ്പിള്‍ കമ്പനി ഐഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. അത്‌ വരെ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സങ്കല്‌പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലുള്ള ഒരു അതിനൂതനമായ ഒരു ഫോണ്‍ ആയിരുന്നു അത്‌. ആദ്യമൊന്നും കാര്യമായ വില്‍പന നേടാനായില്ലെങ്കിലും ഐഫോണ്‍ 3ജി യുടെ വരവോട്‌ കൂടി ആപ്പിള്‍ നോക്കിയയുടെ എതിരാളിയായി വളര്‍ന്നു, കൂട്ടത്തില്‍ ആന്‍ഡ്രോയിഡ്‌ ഫോണുകള്‍ അവതരിപ്പിച്ചു htc , സാംസങ്‌ പോലുള്ള കമ്പനികളും കളം നിറഞ്ഞു.അതോടെ നോക്കിയ ഫീല്‍ഡ്‌ ഔട്ട്‌ ആയി തുടങ്ങി. സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കാനറിയാത്ത, താല്‌പര്യമില്ലാത്ത വിഭാഗത്തിന്റെ ഗാഡ്‌ജറ്റായി അത്‌ ചുരുങ്ങി. അപ്പോഴാണ്‌ തങ്ങള്‍ക്ക്‌ പിണഞ്ഞ അമളി നോക്കിയ കമ്പനിക്ക്‌ മനസ്സിലായത്‌. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

അവസാന ശ്രമം എന്ന നിലയില്‍ വിന്‍ഡോസ്‌ സോഫ്‌റ്റ്‌ വെയര്‍ ഉള്‍പ്പെടുത്തി ഫോണുകള്‍ നിര്‍മിച്ചുവെങ്കിലും അവ വലുതായി ശ്രദ്ധിക്കപ്പെടാതെ പോയി. 2012 ല്‍ നോക്കിയ എന്ന വമ്പന്റെ പതനം ഏതാണ്ട്‌ പൂര്‍ത്തി ആയി. അതേവര്‍ഷം ഫിന്‍ലാന്റിലെ അവരുടെ ആസ്ഥാന മന്ദിരം വരെ കമ്പനിക്ക്‌ വില്‍ക്കേണ്ടി വന്നു. തങ്ങളുടെ മൊബൈല്‍ ഫോണ്‍ നിര്‍മാണ ബിസിനസ്‌ പൂര്‍ണ്ണമായും മൈക്രോസോഫ്‌റ്റ്‌ കമ്പനിക്ക്‌ വിട്ടതായി പ്രഖ്യാപിച്ച നടത്തിയ പത്ര സമ്മേളനത്തില്‍ കമ്പനിയുടെ അന്നത്തെ മേധാവി സ്റ്റീഫന്‍ ഈലോപ്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു ' ഞങ്ങള്‍ തെറ്റായി ഒന്നും തന്നെ ചെയ്‌തില്ല എന്നിട്ടും ഞങ്ങള്‍ക്ക്‌ എല്ലാം നഷ്ടമായി '. തങ്ങള്‍ അജയ്യരാണ്‌ എന്ന ധാരണയും, കാലത്തിനും മാറുന്ന സാങ്കേതികവിദ്യയ്‌ക്കും അനുസരിച്ച്‌ മാറ്റം ഉള്‍കൊള്ളാന്‍ ശ്രമിക്കാത്തതും ആണ്‌ അവരുടെ നാശത്തിന്‌ കാരണമായത്‌.

- 2016 ല്‍ HMD ഗ്ലോബല്‍ എന്ന കമ്പനിയുടെ നേതൃത്വത്തില്‍ നോക്കിയ ഒരു തിരിച്ചു വരവ്‌ നടത്തിയെങ്കിലും 10 ശതമാനം മാര്‍ക്കറ്റ്‌ വിഹിതം പോലും ഇത്‌ വരെ നേടാനായില്ല. 2021 മാര്‍ച്ച്‌ 21ന്‌ പുറത്തുവന്ന ഒരു വാര്‍ത്തപ്രകാരം ലോകത്താകമാനം ഉള്ള 10,000 ജീവനക്കാരെ രണ്ടുവര്‍ഷത്തിനുളളില്‍ നോക്കിയ പിരിച്ചുവിടുമെന്നാണ്‌ വ്യക്തമാകുന്നത്‌. അതില്‍ 1500 ഇന്ത്യന്‍ ജീവനക്കാരും പെടും. കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ്‌ എതിരാളികളുടെ ഭാഷ്യം. എന്നാല്‍ നോക്കിയ പറയുന്നത്‌ മറിച്ചാണ്‌.

5 ജി സാങ്കേതകവിദ്യയില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും
രണ്ടു വര്‍ഷത്തിനുള്ളില്‍ 10,000 ജീവനക്കാരെ ഒഴിവാക്കാന്‍ തയ്യാറെടുക്കുന്നത്‌ ചെലവുചുരുക്കലിന്‍െറ ഭാഗമായാണെന്ന്‌ നോക്കിയ അധികൃതര്‍ പറയുന്നു. കൂടുതല്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും. നോക്കിയയുടെ തലപ്പത്ത്‌ എത്തിയ പുതിയ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ കമ്പനിയില്‍ വന്‍ അഴിച്ചു പണികള്‍ നടത്തുകയാണ്‌. 5 ജി സാങ്കേതിക വിദ്യയില്‍ മുന്നിലെത്തുന്നതിനും മറ്റുമായി കമ്പനി ഒക്ടോബറില്‍ പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിരുന്നു. നോക്കിയയ്‌ക്ക്‌ കീഴില്‍ നാല്‌ ബിസിനസ്‌ ഗ്രൂപ്പുകളാവും പ്രധാനമായും ഉണ്ടാവുക . നോക്കിയയില്‍ നിലവില്‍ 90,000 ജീവനക്കാരുണ്ട്‌, 2016- ല്‍ അല്‍കാറ്റെല്‍-ലൂസെന്റ്‌ ഏറ്റെടുത്തതിനെ തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ ജോലികള്‍ കമ്പനി വെട്ടിക്കുറച്ചിരുന്നു. നിലവിലെ പുനസംഘടന 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ്‌ സൂചന. ആഗോള വ്യാപകമായി ആണ്‌ നോക്കിയ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്‌ .പൊതുചെലവുകള്‍ കുറച്ച്‌ കൊണ്ട്‌ ഗവേഷണത്തിലും വികസനത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ ഭാവിയില്‍ വളര്‍ച്ചയ്‌ക്കും മികച്ച ലാഭത്തിനും കാരണമായേക്കുമെന്നാണ്‌ കണക്ക്‌ കൂട്ടല്‍. ഗവേഷണ, വികസന മേഖലകളിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും 5 ജി, ക്ലൗഡ്‌, ഡിജിറ്റല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഉള്‍പ്പെടെയുള്ള ശേഷികള്‍ വര്‍ദ്ധിപ്പിക്കാനുമാണ്‌ കമ്പനി പദ്ധതിയിടുന്നത്‌. 2021-ല്‍ കമ്പനിയുടെ വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ്‌ പുതിയ തീരുമാനങ്ങള്‍.
 

Post your comments