Global block

bissplus@gmail.com

Global Menu

ആലിബാബയുടെ ലോകത്തെ സന്തോഷവാന്‍ - ജോബിന്‍ എസ്‌ കൊട്ടാരം

പല ആളുകളുടെയും ജീവിതത്തില്‍ തിരസ്‌കരണങ്ങളോ, പരീക്ഷയില്‍ പരാജയമോ സംഭവിക്കുമ്പോള്‍ എല്ലാ സന്തോഷവും നഷ്ടപ്പെട്ട്‌ ദുഃഖാകുലരായി ഇരിക്കുന്നത്‌ കാണാറുണ്ട്‌. അതിന്റെ കാരണം ജീവിതത്തിന്റെ സ്വഭാവം മനസ്സിലാക്കുവാന്‍ അവര്‍ക്ക്‌ സാധിക്കാതെ വരുന്നതുകൊണ്ടാണ്‌. ഒരു കൈകൊണ്ട്‌ പ്രഹരിക്കുമ്പോള്‍ മറുകൈകൊണ്ട്‌ തലോടുന്നവളാണ്‌ ജീവിതം

ആലിബാബ സ്ഥാപകന്‍ ജാക്ക്‌ മായുടെ തിരോധാനവും തിരിച്ചുവരവുമെല്ലാം വലിയ വാര്‍ത്തായ ദിനങ്ങളാണ്‌ കടന്നുപോയത്‌. 2020 ഒക്ടോബറില്‍ ചൈനീസ്‌ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പുലിവാലുപിടിച്ച ജാക്ക്‌മായെ നവംബര്‍ മുതല്‍ കാണാനില്ലായിരുന്നു. പൊതുവേദികളില്‍ നിന്ന്‌ അപ്രത്യക്ഷനായ ജാക്ക്‌ മായുടെ തിരോധാനത്തിന്‌ പിന്നില്‍ ചൈനീസ്‌ സര്‍ക്കാരാണെന്ന ആരോപണം ശക്തമായി. ഈ സാഹചര്യത്തിലാണ്‌ 2021 ജനുവരിയില്‍ അധ്യാപകരെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട ജാക്ക്‌ മാ ഫൗണ്ടേഷന്റെ പരിപാടിയില്‍ ഓണ്‍ലൈനായി അദ്ദേഹം പങ്കെടുത്തത്‌. കറുത്ത വേഷം ധരിച്ചെത്തിയ ജാക്ക്‌്‌ മാ അത്ര സന്തോഷവാനായിരുന്നില്ല. അദ്ദേഹം ചൈനീസ്‌ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്നാണ്‌ നിലവിലെ ആരോപണം.

ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്‌ രംഗത്ത്‌ വിസ്‌മയം സൃഷ്ടിച്ച ജാക്ക്‌മാ പിന്നിട്ട വഴികളെ കുറിച്ച്‌ പറയുകയാണ്‌ പ്രസിദ്ധ മോട്ടിവേഷണല്‍ ട്രെയിനറും സൈക്കോളജിസ്‌റ്റും ഹ്യമന്റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ദ്ധനുമായ ജോബിന്‍ എസ്‌ കൊട്ടാരം.

മുപ്പതോളം ജോലികള്‍ക്കായി ശ്രമിച്ചിട്ട്‌ കിട്ടാതെ വരികയും , പത്തുതവണ ഹാവാര്‍ഡിലേക്കുളള പ്രവേശനപരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്‌താല്‍ നിങ്ങളുടെ മനോഭാവം എന്തായിരിക്കും. ഞാന്‍ ശ്രമിക്കുന്നതൊന്നും എനിക്ക്‌ ലഭിക്കുന്നില്ല ഞാനൊരു പരാജയമാണ്‌ എന്ന മാനസിക നിലയിലേക്ക്‌ നിങ്ങള്‍ എത്തുമോ?

പക്ഷേ, നിരന്തരമായ അവഗണകള്‍ക്കുമപ്പുറം വിജയത്തിന്റെ സുവര്‍ണ്ണസിംഹാസനം സ്വന്തമാക്കിയ ഒരു വ്യക്തിയുണ്ട്‌. ആ വ്യക്തിയാണ്‌ ആലിബാബ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിലൂടെ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയ ജാക്ക്‌ മാ.

പ്രൈമറി സ്‌കൂളില്‍ രണ്ടു തവണ പരാജയപ്പെട്ട ജാക്ക്‌മാ മിഡില്‍ സ്‌കൂളില്‍ മൂന്നു തവണയാണ്‌ പരാജയപ്പെട്ടിട്ടുളളത്‌. കെ.എഫ്‌.സി ചൈനയില്‍ വന്നപ്പോള്‍ കെ.എഫ്‌.സിയിലെ ജോലിക്കായി അപേക്ഷിച്ചവരില്‍ ജാക്ക്‌ മായും ഉണ്ടായിരുന്നു. 24 പേരാണ്‌ ഇന്റര്‍വ്യൂവിനായി ഉണ്ടായിരുന്നത്‌. അതില്‍ 23 പേരെയും കെ.എഫ്‌.സി തിരഞ്ഞെടുത്തു. എന്നാല്‍ കഴിവില്ല എന്ന കാരണം പറഞ്ഞ്‌ ജാക്ക്‌ മായെ തിരഞ്ഞെടുത്തതുമില്ല.

പൊലീസ്‌ സേനയിലേക്ക്‌ അപേക്ഷ അയച്ചുവെങ്കിലും അവസാന റൗണ്ടിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌ ജാക്ക്‌ മാ അടക്കം അഞ്ചുപേരാണ്‌. ബാക്കി നാലുപേരെയും തിരഞ്ഞെടുത്തുവെങ്കിലും അത്തവണയും ജാക്ക്‌ മാ ഒഴിവാക്കപ്പെട്ടു. ഹാവാര്‍ഡ്‌ യൂണിവേഴ്‌സിറ്റി പ്രവേശനത്തിനായി പത്തുതവണ ശ്രമിച്ചെങ്കിലും പത്തുതവണയും തിരസ്‌കരണമായിരുന്നു ഫലം.

പല ആളുകളുടെയും ജീവിതത്തില്‍ തിരസ്‌കരണങ്ങളോ, പരീക്ഷയില്‍ പരാജയമോ സംഭവിക്കുമ്പോള്‍ എല്ലാ സന്തോഷവും നഷ്ടപ്പെട്ട്‌ ദുഃഖാകുലരായി ഇരിക്കുന്നത്‌ കാണാറുണ്ട്‌. അതിന്റെ കാരണം ജീവിതത്തിന്റെ സ്വഭാവം മനസ്സിലാക്കുവാന്‍ അവര്‍ക്ക്‌ സാധിക്കാതെ വരുന്നതുകൊണ്ടാണ്‌. ഒരു കൈകൊണ്ട്‌ പ്രഹരിക്കുമ്പോള്‍ മറുകൈകൊണ്ട്‌ തലോടുന്നവളാണ്‌ ജീവിതം.

പരാജയങ്ങള്‍ക്കും നഷ്ടബോധങ്ങള്‍ക്കുമപ്പുറം വീണ്ടും വീണ്ടും ശ്രമിക്കുന്നവരെ ജീവിതം അവസരങ്ങളുടെ രൂപത്തില്‍ സഹായിക്കുക തന്നെ ചെയ്യും. ആ അവസരം നമുക്കു കാണുവാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ കണ്ണും കാതും തുറന്നിരിക്കണം.

ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങളും നഷ്ടങ്ങളും പ്രിയപ്പെട്ടവരുടെ വേര്‍പാടും രോഗങ്ങളുമൊക്കെ പലരുടെയും സന്തോഷം തല്ലിക്കെടുത്താറുണ്ട്‌. പക്ഷേ, തിരിച്ചറിയുക, ജീവിതത്തില്‍ മോശമായത്‌ സംഭവിക്കുമ്പോഴും ദൂഃഖിക്കണോ, വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ടത്‌ നാമോരോരുത്തരുമാണ്‌.

ദുഃഖിക്കാന്‍ നൂറുകണക്കിനു കാരണങ്ങള്‍ ജാക്ക്‌ മാ എന്ന വ്യക്തിക്കുണ്ടായിരുന്നു. പക്ഷേ, നിരന്തരമായ അവഗണനകളും പരാജയങ്ങളും തിരസ്‌കരണങ്ങളും നേരിട്ടപ്പോഴും അദ്ദേഹം ദുഃഖിച്ചില്ല. മറിച്ച്‌ പുഞ്ചിരിക്കുന്ന മുഖത്തോടെ ജീവിതം വച്ചുനീട്ടുന്ന അവസരങ്ങള്‍ക്കായി അദ്ദേഹം കാതോര്‍ത്തു.

പന്ത്രണ്ട്‌ വയസ്സുളളപ്പോഴാണ്‌ ഇംഗ്ലീഷ്‌ പഠിക്കണമെന്ന മോഹം ജാക്ക്‌ മായ്‌ക്കുണ്ടായത്‌. ചൈനയിലെ ഹാന്‍ഷൂ എന്ന പ്രവിശ്യയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്‌. എന്നാല്‍ ഇംഗ്ലീഷ്‌ പഠനത്തിനു സഹായിക്കുന്ന പുസ്‌തകങ്ങളൊന്നും അക്കാലത്ത്‌ ഹാന്‍ഷ്യൂവില്‍ സുലഭമായിരുന്നില്ല. ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കുന്ന സെന്ററുകളാവട്ടെ അവിടുത്തുകാര്‍ക്ക്‌ കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ല. ഇതിനൊരു പോംവഴിയും ജാക്ക്‌ മാ തന്നെ കണ്ടുപിടിച്ചു.

ഹാന്‍ഷ്യൂവിലെ ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ധാരാളം വിദേശ ടൂറിസ്‌റ്റുകള്‍ എത്തുമായിരുന്നു. എല്ലാ ദിവസവും രാവിലെ ജാക്ക്‌ മാ ഹോട്ടലിലെത്തി ഒരു ഫ്രീ ഗൈഡായി വിനോദസഞ്ചാരികള സഹായിക്കാന്‍ തുടങ്ങി. ഒന്‍പത്‌ വര്‍ഷത്തോളം ഇത്‌ തുടര്‍ന്നു. ഇംഗ്ലീഷ്‌ ഭാഷ ഒഴുക്കോടെ സംസാരിക്കാനും ലോകത്ത്‌ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സേവനമനുഷ്‌ഠിച്ച ഈ കാലഘട്ടം സഹായകരമായി എന്നാണ്‌ ജാക്ക്‌ മാ പിന്നീട്‌ പറഞ്ഞിട്ടുളളത്‌.

ജാക്ക്‌ മാ ചിരിക്കുമ്പോള്‍ ഉളളു തുറന്നാണ്‌ ചിരിക്കുന്നത്‌. ഓരോ തവണ ചിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കവിളുകള്‍ക്ക്‌ ചുറ്റിലും ചുളിവുകള്‍വീഴും. ഒരാള്‍ ആത്മാര്‍ത്ഥമായാണ്‌ ചിരിക്കുന്നത്‌ എന്നതിന്റെ സൂചനയാണത്‌. ബിസിനസ്സിലെ തിരക്കുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ചിരി മായുന്നവരുടെ ലോകത്ത്‌ ഒരു അത്ഭുതമാണ്‌ ജാക്ക്‌ മാ. ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമല്ല മറിച്ച്‌ നമ്മുടെ മനോഭാവമാണ്‌ നമ്മുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും വിജയവും നിര്‍ണ്ണയിക്കുന്നത്‌ എന്നതിന്റെ മികവുറ്റ ഉദാഹരണമാണ്‌ അദ്ദേഹത്തിന്റെ ജീവിതം.

സദാ സന്തോഷിച്ചുകൊണ്ടിരിക്കുക. ദുഃഖത്തിന്റെ കരിമേഘങ്ങള്‍ മാറി പ്രകാശത്തിന്റെ സൂര്യരശ്‌മികള്‍ ജീവിതത്തില്‍ പതിച്ചുതുടങ്ങും. ജീവിതം സന്തോഷപ്രദമാകട്ടെ. ജീവിതം സുഖകരമാകട്ടെ. വിജയാശംസകള്‍.

ചിന്ത: അസംതൃപ്‌തരായ ആളുകളാണ്‌ മറ്റുളളവരുടെ ദൗര്‍ഭാഗ്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നത്‌-ഈസോപ്പ്‌
 

Post your comments