Global block

bissplus@gmail.com

Global Menu

സുരഭിയുടെ സ്വപ്‌നങ്ങള്‍

കേരളത്തിന്റെ കായലോര ജില്ലയിലെ ഗ്രാമീണജീവിതം പശ്ചാത്തലമാക്കിയുളള ഒരു സിനിമ....അതിന്റെ ക്ലൈമാക്‌സ്‌ രംഗത്തില്‍ നായകനെ പറ്റിച്ച പുതുതലമുറയുടെ ഭാഷയില്‍ തേച്ചൊട്ടിച്ച നായികയ്‌ക്ക്‌ അതിലും വലിയ തേപ്പുനല്‍കിയ നായകന്‍ നിഷ്‌കളങ്കഭാവത്തോടെ നായികയുടെ കല്യാണവീഡിയോ പകര്‍ത്തുകയാണ്‌. നായികയ്‌ക്ക്‌ ചെറിയൊരു അസ്വസ്ഥതയില്ലാതെയില്ല. അവസാനം വിവാഹവസത്രത്തിലെ കറ കഴുകാന്‍ പോയ നായികയുടെ മുന്നിലൂടെ അവളുടെ അനുജത്തിയുടെ കൈപിടിച്ച്‌ നമ്മുടെ നായകന്‍ തലയുയര്‍ത്തി മടങ്ങുന്നു. തേപ്പുകാരിക്ക്‌ പണികൊടുത്ത ആ നിഷ്‌കളങ്കയായ അനുജത്തിയുടെ മുഖം മലയാളി ഒറ്റ ക്ലിക്കില്‍ പിടിച്ചെടുത്ത്‌ ഹൃദയത്തോട്‌ ചേര്‍ത്തു.....സുരഭി സന്തോഷ്‌ എന്ന പുതുമുഖ നായികയുടെ മലയാളത്തിലേക്കുളള മാസ്‌ എന്‍ട്രി ആ ക്ലൈമാക്‌സ്‌ സീനിലൂടെയായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല.
വളരെ യാദൃച്ഛികമായി സിനിമയിലേക്ക്‌ വരികയും മലയാളികളുടെ പ്രിയനായികയായി മാറുകയും ചെയ്‌ത നടിയാണ്‌ സുരഭി സന്തോഷ്‌. മറുനാട്ടില്‍ വളര്‍ന്ന്‌ മറുനാടന്‍ സിനിമയിലൂടെ വെളളിത്തിരയില്‍ അരങ്ങേറി മലയാളിയുടെ ഹൃദയം കവര്‍ന്ന പെണ്‍കൊടി.

ബിസിനസ്‌ പ്ലസ്‌ സെലിബ്രിറ്റി ചാറ്റിലെക്ക്‌ സ്വന്തം വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ്‌ സുരഭി സന്തോഷ്‌.....

സിനിമയിലേക്ക്‌?
വളരെ യാദൃച്ഛികമായാണ്‌ സിനിമയിലെത്തിയത്‌. അടിസ്ഥാനപരമായി ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സറാണ്‌. ആറു വയസ്സുമുതല്‍ നൃത്തം പഠിക്കുന്നു. ഭരതനാട്യത്തിലാണ്‌ സ്‌പെഷ്യലൈസ്‌ ചെയ്യുന്നത്‌. പത്മിനി പ്രിയദര്‍ശിനിയാണ്‌ ഗുരു. ടീച്ചര്‍ ഇപ്പോഴില്ല. എന്നാല്‍ നൃത്തപഠനം ഇപ്പോഴും തുടരുന്നു. 16-ാം വയസ്സില്‍ എന്റെ ഒരു നൃത്തപരിപാടി കണ്ടിട്ട്‌ നിര്‍മ്മാതാവ്‌ ഒമര്‍ ഷെരീഫ്‌ സാറാണ്‌ സിനിമയിലേക്ക്‌ വിളിച്ചത്‌. നിവേദ്യം എന്ന മലയാളചിത്രത്തിന്റെ കന്നഡ റീമേക്കിലേക്കായിരുന്നു വിളിച്ചത്‌. എന്തുകൊണ്ടോ ആ പ്രോജക്ട്‌ നടന്നില്ല. പിന്നീട്‌ അദ്ദേഹത്തിന്റെ തന്നെ ദുഷ്ട എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിലെത്തി.അതൊരു ഫീമെയില്‍ ഓറിയന്റഡ്‌ ഫിലിമായിരുന്നു. 17-ാമത്ത വയസ്സിലായിരുന്നു.

മലയാളസിനിമാ പ്രവേശം?
കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെയാണ്‌ ഞാന്‍ മലയാള സിനിമയിലെത്തുന്നത്‌. അതുകഴിഞ്ഞ്‌ സുഗീത്‌ സാറിന്റെ കിനാവള്ളി എന്ന ചിത്രം ചെയ്‌തു. പിന്നീട്‌ ദി ഗ്രേറ്റ്‌ ഗ്രാന്‍ഡ്‌ഫാദര്‍, ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, ഹാപ്പി സര്‍ദാര്‍ (അതിഥി വേഷം) എന്നിവ ചെയ്‌തു.

ഇനി വരാനിരിക്കുന്ന പ്രൊജക്ടുകള്‍?
ഇന്ദ്രജിത്‌ സുകുമാരന്‍ നായകനായ അനുരാധ ക്രൈം നമ്പര്‍ 159/2019 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ്‌. മറ്റ്‌‌ ചില പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. ഇതിനിടെ കന്നഡയില്‍ മൂന്ന്‌ ചിത്രങ്ങള്‍ ചെയ്‌തു.

കോളിവുഡിലേക്ക്‌?
തമിഴില്‍ 2014ല്‍ ഒരു ചിത്രം ചെയ്‌തു. പിന്നീട്‌ ഓഫറുകള്‍ വന്നെങ്കിലും ചെയ്‌തില്ല.

ചെയ്യാനിഷ്ടപ്പെടുന്ന റോള്‍?
ഒരു ലൈറ്റ്‌ ഹേര്‍ട്ടഡ്‌ കോമഡി റോള്‍ ചെയ്യണം എന്നുണ്ട്‌. പിന്നെ നൃത്തത്തിന്‌ പ്രാധാന്യമുളള ഒരു വേഷവും സ്വപ്‌നമാണ്‌.

കുടുംബം?
അച്ഛന്‍ സന്തോഷ്‌ കുമാര്‍, അമ്മ സിന്ധു. ഞങ്ങള്‍ രണ്ടു മക്കളാണ്‌. ജ്യേഷ്‌ഠന്‍ ശശാങ്ക്‌ സന്തോഷ്‌. വിവാഹിതനാണ്‌.ഭാര്യ സ്‌നേഹ. ഇരുവരും കാനഡയിലാണ്‌. അച്ഛന്‍ ആര്‍മിയിലായിരുന്നതിനാല്‍ ഞങ്ങള്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരിലാണ്‌. അച്ഛനും അമ്മയും തിരുവനന്തപുരം കാരാണ്‌. പക്ഷേ 18 വര്‍ഷമായി ബാംഗ്ലൂരില്‍ സെറ്റില്‍ഡ്‌ ആണ്‌.

സിനിമയും നൃത്തവുമല്ലാതെ .?

ഞാനൊരു നിയമബിരുദധാരിയാണ്‌. ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയില്‍ പ്രാക്ടീസ്‌ ചെയ്യുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി എന്തെങ്കിലും ചെയ്യണം എന്നാണ്‌ ആഗ്രഹം.

ഈശ്വരവിശ്വാസിയാണോ?
അതേ. നര്‍ത്തകിയായതിനാല്‍ പുരാണങ്ങളെ കുറിച്ചൊക്കെ അറിയാം. നൃത്തത്തില്‍ പുരാണകഥാപാത്രങ്ങളാണല്ലോ ഏറെയും അവതരിപ്പിക്കപ്പെടുന്നത്‌. മാത്രമല്ല ഭഗവാന്‍ ശിവന്‍ നടരാജനാണ്‌...നൃത്തത്തിന്റെ ദേവന്‍. കൃഷ്‌ണനും നൃത്തം ചെയ്യും.

ഹോബികള്‍?
വായനയും യാത്രയുമാണ്‌ ഇഷ്ടവിനോദങ്ങള്‍. ഖാലിദ്‌ ഹൊസൈനിയുടെ പുസ്‌തകങ്ങള്‍ ഇഷ്ടമാണ്‌. അദ്ദേഹത്തിന്റെ എ തൗസന്‍ഡ്‌ സ്‌പ്ലെന്‍ഡിഡ്‌ സണ്‍സ്‌ ആണ്‌ ഏറ്റവും ഇഷ്ടപ്പെട്ട പുസ്‌തകം. യാത്രയുടെ കാര്യം പറഞ്ഞാല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന എല്ലാ വര്‍ഷവും ഒരു യാത്ര സംഘടിപ്പിക്കാറുണ്ട്‌. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ദുബായ്‌, തായലന്‍ഡ്‌ തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും യാത്ര ചെയ്‌തു.

കൊവിഡ്‌ കാലം എങ്ങനെ കഴിച്ചുകൂട്ടി?

കൊവിഡ്‌ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച ദിവസം ഞാന്‍ എറണാകുളത്തായിരുന്നു. അവസാന വിമാനത്തില്‍ ബാംഗ്ലൂരിലേത്തി. ഒരു മാസം ശരിക്കും അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുസമയം ആസ്വദിച്ചു. അതുകഴിഞ്ഞപ്പോഴേക്കും ബോറടിച്ചു തുടങ്ങി. പിന്നീട്‌ ഓണ്‍ലൈന്‍ ലോയുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്‌തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍, ക്രിമിനല്‍ ലോ എന്നിങ്ങനെ നാല്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ ചെയ്‌തു. വെബിനാറുകളില്‍ പങ്കെടുത്തു. ഒക്‌്ടോബറില്‍ വീണ്ടും പ്രാക്ടീസ്‌ തുടങ്ങി.

സിനിമാതാരമെന്ന നിലയിലും അഭിഭാഷക എന്ന നിലയിലും സമൂഹത്തോട്‌ പറയാനുളളത്‌?
പ്രളയവും കൊവിഡുമൊക്കെ നമ്മെ വളരെ വലിയ പാഠങ്ങളാണ്‌ പഠിപ്പിച്ചത്‌. അപ്രതീക്ഷിതമായതെന്തും സംഭവിക്കാം. ലോകം എത്ര ചെറുതാണെന്നും മനുഷ്യബന്ധങ്ങളുടെ ആഴവും കൊവിഡ്‌ വൈറസ്‌ നമ്മെ പഠിപ്പിച്ചു. ആ പാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌ നല്ല മനസ്സോടെ മുന്നോട്ടുപോകണം.

ദൂരദര്‍ശന്റെ ഗ്രേഡ്‌ ആര്‍ട്ടിസ്‌റ്റുകൂടിയാണ്‌ സുരഭി സന്തോഷ്‌. ലാളിത്യം തുളുമ്പുന്ന സംസാരം അവസാനിപ്പിച്ച്‌ തന്റേതായ തിരക്കുകളിലേക്ക്‌ താരം മടങ്ങി.

Post your comments