ദേശീയ പാതയിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സ്വീകരിച്ച് തുടങ്ങിയതോടെ വാഹന ഉടമകൾക്ക് തിരിച്ചടി. ഫാസ്ടാഗ് ടാഗ് ലഭിക്കുന്നതിന് സർവീസ് ചാർജ് ഏർപ്പെടുത്തിയ നടപടിയ്ക്കെതിരെയാണ് വിമർശനമുയർന്നിട്ടുള്ളത്. ഈ നീക്കം ഉപഭോക്തൃ ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എംആർപിക്ക് അനുസൃതമായി പണം അടച്ചാൽ മതിയെന്നിരിക്കെയാണ് സർവീസ് ചാർജ് എന്ന പേരിൽ 100 രൂപ മുതൽ 300 രൂപ വരെ ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോ ഫാസ്റ്റ് ടാഗിലുമുള്ളത് അതിൽ കുറഞ്ഞ തുകയാണെങ്കിൽ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യുകയുമില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ ചട്ടം അനുസരിച്ച് ടോളിന്റെ ഇരട്ടി തുകയാണ് പിഴയായി നൽകേണ്ടത്. ഇതോടെ ഈ പ്രവണതയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് ഉപയോക്താക്കൾ.
അക്കൌണ്ടിൽ പണം ഉണ്ടായിരിക്കെ ഇരട്ടിത്തുക പിഴയിനത്തിൽ ഈടാക്കുന്നത് അനീതിയാണെന്ന് ഉപഭോക്തൃ കേസുകളിൽ വിദഗ്ധനായ അഡ്വ. ഡിബി ബിനുവും പറയുന്നു. ഇക്കാര്യത്തിൽ എൻഎച്ച്എഐയ്ക്ക് അടക്കം പരാതി നൽകിയിയിട്ടും വിശദീകരണങ്ങളൊന്നുും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് നിയമനടപടിയിലേക്ക് നീങ്ങാനാണ് ഉപയോക്താക്കളുടെ തീരുമാനം.
എറണാകുളം ജില്ലയിലെ കുമ്പളത്തെ ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് സംബന്ധിച്ച തർക്കങ്ങൾ സ്ഥിരം സംഭവമായിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളാണ് ഉപയോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കിക്കൊണ്ട് ഫാസ്റ്റ് ടാഗ് അനുവദിക്കുന്നത്. കുമ്പളത്തെ ടോൾ പ്ലാസയിൽ 300 രൂപ വരെ സർവീസ് ചാർജ് ഇനത്തിൽ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നാണ് ബിനു ചൂണ്ടിക്കാണിക്കുന്നു. മിനിമം ബാലൻസായി ഇത്തരത്തിൽ പണം ലഭിക്കുന്നതിലൂടെ കമ്പനികളുടെ കോടികളുടെ ലാഭമാണ് ലഭിക്കുന്നതെന്നാണ് ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.
Post your comments