ഹരിത വ്യാവസായിക വിപ്ലവം (ഗ്രീന്‍ ഇന്‍ഡസ്‌ട്രിയല്‍ റെവല്യൂഷന്‍) എന്ന ആശയം പൂക്കുന്നത് ഇന്ത്യയിലെ തെക്കേഅറ്റത്തുളള കേരളത്തിലെ നെയ്യാറ്റിന്‍കരയിലുളള ഒരു ചെറിയ ഗ്രാമത്തിലെ വലിയ സംരംഭമായ നിംസ് മെഡിസിറ്റിയുടെ അകത്തളങ്ങളിലാണ്;അതിന്റെ അമരക്കാരനായ എം.എസ്.ഫൈസല്‍ഖാന്‍ എന്ന പച്ചമനുഷ്യന്റെ മനസ്സിലും. സൗരോര്‍ജ്ജവൈദ്യുതി ഉപയോഗിച്ച് ഹൃദയ ശസ്‌ത്രക്രിയ നടത്തിയതിന് ഐക്യരാഷ്ട്രസഭയില്‍ വരെ അംഗീകരിക്കപ്പെട്ട മലയാളി. യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളി. ഭൂമിക്കായി നെയ്യാറ്റിന്‍കരയില്‍ വേരുപിടിച്ച പച്ചമരത്തണലാണ് ഈ മനുഷ്യനെന്ന് നമുക്ക് അഭിമാനപൂര്‍വ്വം പറയാം. ആ മരം കേരളത്തിനും ഇന്ത്യയ്‌ക്കും ലോകത്തിനും മീതെ തണല്‍വിരിക്കാനായി തന്റെ ശാഖകള്‍ നീട്ടാനൊരുങ്ങുകയാണ്.....
ഒരു കഥ പറയാം.....വളരെ വ്യത്യസ്‌തമായ ഒരു കഥ...അല്ല സംവാദം....
ഭാഗം ഒന്ന്
നെയ്യാറ്റിന്‍കരയിലെ ആറാലുമൂട് എന്ന കൊച്ചുഗ്രാമത്തിന്റെ യശസ്സ് ഐക്യരാഷ്ട്രസഭയോളം എത്തിച്ച നിംസ് മെഡിസിറ്റി കോംപ്ലക്‌സ് കെട്ടിടസമുച്ചയം തലയുയര്‍ത്തി നില്‍ക്കുകയാണ്. ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആതുരാലയം, ഗവേഷണസ്ഥാപനം എന്നതിലൊക്കെ ഉപരി മാനുഷികമായ പരിഗണനകളാല്‍, പ്രവര്‍ത്തനങ്ങളാല്‍ ജനം നെഞ്ചിലേറ്റിയ സ്ഥാപനമാണത്. പച്ചപ്പുനിറഞ്ഞ അന്തരീക്ഷത്തില്‍ ആ കെട്ടിടസമുച്ചയം പതിവുതിരക്കുകളാല്‍ മുഖരിതമാണ്. കെട്ടിടത്തിന് മുന്നില്‍ നില്‍ക്കുന്ന ആല്‍മരമാകട്ടെ പുച്ഛഭാവത്തില്‍ നിംസിനെ നോക്കിക്കൊണ്ടിരിക്കുന്നു. നിംസിന് കാര്യം മനസ്സിലാകുന്നില്ല. തന്റെ കാര്യങ്ങളുമായി നിംസ് മുന്നോട്ടുപോകുകയാണ്. മരത്തിനാകട്ടെ പുച്ഛമേറി വരുന്നു. അങ്ങനെയായപ്പോള്‍ സഹികെട്ട് നിംസ് ചോദിച്ചു: എന്താ പ്രശ്‌നം?
ആല്‍മരം: അല്ല ഓരോ കാര്യങ്ങള്‍ കാണുമ്പഴേ.....
നിംസ്: എന്ത് കാര്യം?
ആല്‍മരം: നീ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു. പക്ഷേ, 5 മിനിറ്റ് വൈദ്യുതിനിലച്ചാല്‍ സ്ഥിതിയെന്താകും. നിനക്കെന്തെങ്കിലും ചെയ്യാനാകുമോ? നീ ഇല്ല....നിന്നെക്കൊണ്ട് ഒന്നിനും കൊള്ളാതാകും. പക്ഷേ ഞാനങ്ങനെയല്ല. മൂന്ന്�നാല് മാസത്തോളം സൂര്യപ്രകാശമില്ലെങ്കിലും എനിക്ക് പിടിച്ചുനില്‍ക്കാനാകും. അതിനുവേണ്ടുന്ന ഊര്‍ജ്ജം എന്റെ വേരുകളില്‍ സംഭരിച്ചുവച്ചിട്ടുണ്ട്. നിന്നെ പോലെ അഞ്ചുമിനിട്ട് വൈദ്യുതി നിലച്ചാല്‍ തീരുന്നതല്ല എന്റെ ജീവിതം.
ആല്‍മരത്തിന്റെ മറുപടി നിംസിനെ ഉലച്ചു....ആ പരിഹാസം ഗൗരവമായെടുത്തു. അതെക്കുറിച്ച് ആലോചിച്ചു.
ശരിയാണ് കെഎസ്‌ഇബിയുടെ ഒരു ലൈനിലാണല്ലോ എന്റെ ജീവന്‍ തളയ്‌ക്കപ്പെട്ടിരിക്കുന്നത്. ഒരു വെന്റിലേറ്റര്‍ രോഗിയെ പോലെ. അതങ്ങനെയായാല്‍ പോര. എനിക്ക് സുസ്ഥിരഊര്‍ജ്ജം വേണം. അതിനായി ചുറ്റുമുളള സാധ്യമായ ഇടങ്ങളിലെല്ലാം നിംസ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ദിവസം 10000 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. അതില്‍ 6000 യൂണിറ്റോളം സൂര്യനില്‍ നിന്നു കിട്ടും. 1000 യൂണിറ്റോളം കാറ്റില്‍ നിന്നു കിട്ടും.ഞാന്‍ ഉത്‌പാദിപ്പിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കുറച്ചുവൈദ്യുതി കിട്ടും. അത്തരത്തില്‍ നിംസ് മരത്തെ വെല്ലുവിളിച്ചു. അതെല്ലാം യാഥാര്‍ത്ഥ്യമാക്കി.
ഭാഗം 2
ആംബുലന്‍സുകള്‍ വരുന്നു പോകുന്നു. രോഗികള്‍ വരുന്നു. പോകുന്നു.
സായംസന്ധ്യയില്‍ കാറ്റില്‍ നാമം ജപിക്കുന്ന പോലെ ആല്‍മരത്തിന്റെ ഇലകളുടെ മര്‍മ്മരം. നിംസ് മരത്തെ നോക്കി മന്ദഹസിച്ചു. പക്ഷേ ആ വൃക്ഷരാജന്റെ മുഖത്ത് വീണ്ടും പുച്ഛഭാവം
അതുകണ്ട നിംസ്: എന്താ നിന്റെ പ്രശ്‌നമൊന്നും തീര്‍ന്നില്ലേ?
ആല്‍മരം: നീ ഇങ്ങനൊരു മണ്ടനായിപ്പോയല്ലോ.
നിംസ് :ഇനിയെന്താ പുതിയ പ്രശ്‌നം?
ആല്‍മരം: പ്രശ്‌നം വെളളം തന്നെ. എനിക്ക് വെളളമില്ലെങ്കിലും അടുത്ത മഴക്കാലം വരെ പിടിച്ചുനില്‍ക്കാനാകും. അഞ്ചു മിനിട്ട് വെളളമില്ലാതായാല്‍ നിന്റെ സ്ഥിതിയെന്താകും?
ആല്‍മരം പരിഹാസത്തിന്റെ കൂരമ്പെയ്‌തു.
നിംസ് വീണ്ടും ഗൗരവമായി ആലോചിച്ചു ശരിയാണ് എനിക്ക് പ്രതിദിനം 4 ലക്ഷം ലിറ്റര്‍ വെളളം വേണം. പ്രതിമാസം ഒന്നര കോടി ലിറ്റര്‍ വെളളം. അങ്ങനെയെങ്കില്‍ 8-10 കോടി ലിറ്റര്‍ വെളളം പാഴാകാതെ സംരക്ഷിക്കാനുളള കാര്യങ്ങള്‍ ചെയ്യണം. അതിനായി മഴവെളള സംഭരണിയുണ്ടാക്കണം. എന്റെ പരിസരത്ത് വെളളം പാഴാകാതെ സംഭരിക്കാനുളള കാര്യങ്ങള്‍ ഞാന്‍ ചെയ്യും. മലിനജലം സംഭരിച്ച് റീസൈക്കിള്‍ ചെയ്‌ത് ഉപയോഗിക്കും. റൂഫ് ടോപ്പില്‍ നിന്നും മറ്റുമെല്ലാം മഴവെളളം സംഭരിക്കാനുളള സംവിധാനങ്ങളും ജലം പാഴാകാതിരിക്കാനുളള സംവിധാനങ്ങളും എല്ലാം ചെയ്‌തു. എന്നിട്ട് വെല്ലുവിളിയോടെ മരത്തെ നോക്കി.
മരം നോക്കിയപ്പോള്‍ പയ്യന്‍സ് കൊളളാമല്ലോ. താന്‍ മുന്നോട്ടുവയ്‌ക്കുന്ന വെല്ലുവിളികളൊക്കെ ഏറ്റെടുക്കുന്നുണ്ട്. എന്നാലും അത് സമ്മതിച്ചുകൊടുക്കാന്‍ മരം തയ്യാറായില്ല. നേര്‍ത്തൊരു അസൂയയോടെ മരം വീണ്ടും പറഞ്ഞു എന്തൊക്കെ പറഞ്ഞാലും നീയൊരു പരാജയമാണ്. കാരണം ഓരോ സൃഷ്ടിക്കും ഒരു ധര്‍മ്മമുണ്ട്. എന്റെ ധര്‍മ്മം എന്നു പറയുന്നത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്‍ ഉത്‌പാദിപ്പിക്കുക എന്നതാണ്. നിന്റെ കാര്യത്തിലോ അനുദിനം വന്‍തോതില്‍ മാലിന്യം പുറംതളളുന്നു.
നിംസ് ആലോചിച്ചു ശരിയാണല്ലോ. പ്രതിദിനം രണ്ടേകാല്‍ ടണ്‍ മാലിന്യം ഞാന്‍ പുറംതളളുന്നു. എന്റെ പരിസരത്തും മാലിന്യസംസ്‌കരണം ശരിയായ രീതിയില്‍ നടത്താത്തവര്‍ നിരവധിയാണ്. ഈ മാലിന്യങ്ങളെല്ലാം സംഭരിച്ച് പ്രതിദിനം 5 ടണ്‍ മാലിന്യത്തില്‍ നിന്ന് ഞാന്‍ ഉര്‍ജ്ജോത്‌പാദനം നടത്തും. ജൈവമാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉണ്ടാക്കാം. സ്വീവേജ് (എസ്‌ടിപി) റീഫില്‍ട്ടര്‍ ചെയ്‌ത് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എല്ലാം ചെയ്‌തു.
ഭാഗം 4
കൊടിയ വരള്‍ച്ച. മരം അങ്ങനെ ക്ഷീണിതനായി നില്‍ക്കുകയാണ്.
നിംസ് (മരത്തോട്): കഴിഞ്ഞ കാര്യങ്ങളെല്ലാം പോകട്ടെ, നിനക്ക് ഞാന്‍ കുറച്ചു വെളളം തരട്ടെ
മരം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.
അങ്ങനെ ജൈവവും അജൈവവുമായ ഘടകങ്ങള്‍ പരസ്‌പരസഹകരണത്തോടെ വര്‍ത്തിക്കുന്നിടത്ത് കഥയ്‌ക്ക് പരിസമാപ്‌തി.
ഇതൊരു സംവാദമാണ്. നമ്മെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കുന്ന സംവാദം. ഇത്തരമൊരു സംവാദം വിഭാവനം ചെയ്യാന്‍ ബിസിനസിനൊപ്പം മാനവികമൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന, സമൂഹത്തിന്റെയും എന്തിന് ഭൂമിയുടെയും തന്നെ നിലനില്‌പിനായി നിരന്തരം ചിന്തയാലും പ്രവര്‍ത്തിയാലും വ്യാപൃതനായ ഒരു സ്വപ്‌നവ്യാപാരിക്കല്ലാതെ ആര്‍ക്കാണ് സാധിക്കുക. ഈ സംവാദവും ആ എളിയ വലിയ മനുഷ്യന്റെ ഹൃദയത്തിലാണ് ഉരുത്തിരിഞ്ഞത്. ഹൃദയം കൊണ്ടു ചിന്തിക്കുകയും ഹൃദയം കൈമോശം വരാതെ ബിസിനസ് ചെയ്യുകയും ചെയ്യുന്ന നിംസ് മെഡിസിറ്റി എംഡിയും നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രോ ചാന്‍സലറും മലയാളത്തിലെ ആദ്യ ബിസിനസ് നോവലിന്റെ രചയിതാവും മിത്രസംയോഗ, ന്യൂസാറ്റ്, ഹാര്‍ട്ട് ടു ഹാര്‍ട്ട് തുടങ്ങി വൈവിധ്യവും ചിന്തോദ്ദീപവുമായ നിരവധി പദ്ധതികളുടെ, സംരംഭങ്ങളുടെ ഊര്‍ജ്ജവും ഉറവിടവുമായി മാറിയ എം എസ് ഫൈസല്‍ ഖാന്‍ എന്ന പ്രതിഭയുടെ....
അംഗീകാരങ്ങളുടെ തട്ട് പിന്നെയും പിന്നെയും നിറയുന്തോറും നന്മയുടെ തുലാസ് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇപ്പോഴിതാ ആഗോളതാപനം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ ഭൂമിയെ നാള്‍ക്കുനാള്‍ വാസയോഗ്യമല്ലാതാക്കുമ്പോള്‍, ഹരിത വ്യവസായ വിപ്ലവം (ഗ്രീന്‍ ഇന്‍ഡസ്‌ട്രിയല്‍ റെവല്യൂഷന്‍) എന്ന ആശയം പ്രായോഗികമാക്കുകയാണ് ഫൈസല്‍ ഖാന്‍. ഒരു ആശയം പ്രചരിപ്പിക്കുന്നതിന് മുമ്പ് അത് സ്വയം പ്രാവര്‍ത്തികമാക്കി തെളിയിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധി ഇവിടെയും പ്രതിഫലിക്കുന്നു. ഹരിത വ്യവസായ വിപ്ലവം അഥവാ ജിഐആറിനെ കുറിച്ച് ഫൈസല്‍ ഖാന്റെ വാക്കുകളിലേക്ക്......
മാറ്റം അനിവാര്യം
വ്യാവസായിക വിപ്ലവം (ഇന്‍ഡസ്‌ട്രിയല്‍ റെവല്യൂഷന്‍) ലോകത്തിന്റെ പല ഭാഗത്തുമുണ്ടായി. ഇന്ത്യയിലും വ്യാവസായികവിപ്ലവം ഉണ്ടായി. ഓരോ വിപ്ലവം വരുന്നതും മാറ്റത്തിന്റെ മുന്നോടിയായിട്ടാണ്. അഥവാ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിനുളളതാണ് ഓരോ വിപ്ലവവും. ഹരിതവിപ്ലവത്തെ കുറിച്ച് നമുക്കറിയാം. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെയധികം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയുടെ, ഭക്ഷ്യോത്‌പാദനത്തിന്റെ, ഭക്ഷ്യസംസ്‌കരണത്തിന്റെ വികസനത്തിന് വഴിമരുന്നിട്ടത് ഹരിതവിപ്ലവമാണ്. വ്യാവസായിക വിപ്ലവമാകട്ടെ വ്യാവസായിക വികസനവും ആ മേഖലയിലെ തൊഴില്‍സൃഷ്ടിയും അതുവഴി സമ്പദ് വ്യവസ്ഥയുടെ വികസനവുമാണ് ലക്ഷ്യമിടുന്നത്. ആഗോള സാഹചര്യം കണക്കിലെടുത്താല്‍ ഇത് രണ്ടും സംയോജിപ്പിച്ചുളള ഒരു വിപ്ലവത്തിന് സമയം അതിക്രമിച്ചില്ലേ എ്‌ന്ന ചിന്തയാണ് ഗ്രീന്‍ ഇന്‍ഡസ്‌ട്രിയല്‍ റെവല്യൂഷന്‍ അഥവാ ഹരിത-വ്യവസായ വിപ്ലവം എന്ന ആശയത്തിന് വിത്തുപാകിയത്. 2013-14ലാണ് സോളാര്‍ ഇന്‍ഡസ്‌ട്രിയലൈസേഷനെ കുറിച്ച് കേള്‍ക്കുന്നത്. 2014ലാണ് ജിഐആര്‍ എന്ന ആശയത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുളള പാരമ്പര്യഊര്‍ജ്ജോത്‌പാദനത്തെ പറ്റിയുളള ആശയങ്ങളൊക്കെ പ്രചരിച്ചു തുടങ്ങിയിട്ട് ഏതാണ്ട് എട്ടുവര്‍ഷമേയാകുന്നതേയുളളു.മനുഷ്യരാശിയുടെ നിലനില്‌പിന് നല്ല ഭക്ഷണവും മറ്റും കൂടിയേ തീരൂ. അതൊടൊപ്പം തന്നെ വികസനത്തില്‍ വ്യവസായങ്ങളുടെ പങ്കും ഒഴിച്ചുകൂടാനാവാത്തതാണ്. അപ്പോള്‍ കാര്‍ഷികമേഖലയും സ്വച്ഛമായ പരിസ്ഥിതിയും മാനവരാശിയുടെ നിലനില്‌പിന് എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം തന്നെ പ്രാധാന്യം മനുഷ്യരാശിയുടെ വളര്‍ച്ചയില്‍ വ്യവസായമേഖലയ്‌ക്കുമുണ്ട്. അപ്പോള്‍ രണ്ടും നിലനില്‌പിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഈ രണ്ടുമേഖലകളെയും ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ അതിന്റെ ഗുണവും മനുഷ്യരാശിക്കുണ്ടാവും.
കര്‍മ്മവും ധര്‍മ്മവും
നിലവില്‍ പരിസ്ഥിതിവാദികള്‍ അവരുടെ വഴിക്കും വ്യവസായികള്‍ അവരുടെ വഴിക്കും കര്‍ഷകര്‍ അവരുടെ വഴിക്കും വ്യത്യസ്‌തമായ പാതകളിലൂടെ സഞ്ചരിക്കുകയാണ്. അതുകൊണ്ടുളള പ്രശ്‌നങ്ങളും പ്രതിസന്ധികളും നിരവധിയാണ്. ഇന്ത്യന്‍ മിതോളജി പ്രകാരം മനുഷ്യജീവിതത്തില്‍ കര്‍മ്മവും ധര്‍മ്മവും സുപ്രധാനമാണ്. അതായത് മനുഷ്യനായാല്‍ കര്‍മ്മം ചെയ്യണം ആ കര്‍മ്മത്തില്‍ ഒരു ധര്‍മ്മം ഉണ്ടായിരിക്കുകയും വേണം. അഥവാ കര്‍മ്മം ധര്‍മ്മാധിഷ്‌ഠിതമായിരിക്കണം. ഇപ്പോള്‍ ഞാന്‍ കുറേ സമ്പത്തുണ്ടാക്കുന്നു. എന്നാല്‍ അതിനായുളള ഓട്ടത്തിനിടയില്‍ എന്റെ പ്രവൃത്തി ആര്‍ക്കെങ്കിലും ഹാനികരമായി വര്‍ത്തിക്കുന്നു എന്നിരിക്കട്ടെ, അവിടെ കര്‍മ്മം ചെയ്യപ്പെടുന്നുണ്ടെങ്കിലും ധര്‍മ്മം പാലിക്കപ്പെടുന്നില്ല. നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മ്മവും മനുഷ്യരാശിക്ക് ഗുണമുളളതായിരിക്കണം. വ്യവസായരംഗത്ത് ഇതെങ്ങനെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്ന ചിന്തയാണ് ഗ്രീന്‍ ഇന്‍ഡസ്‌ട്രിയല്‍ റെവല്യൂഷന്‍ എന്ന ആശയത്തിന്റെ അടിസ്ഥാനം.
കാലങ്ങളായി നാം പിന്തുടരുന്ന ഒരു തെറ്റായ ധാരണയാണ് വിദേശികള്‍ അഥവാ യുറോപ്യന്മാരാണ് എല്ലാ കാര്യങ്ങളിലും മാതൃക സൃഷ്ടിക്കുന്നത് നാം അത് പിന്തുടരുന്നവരാണ് എന്നത്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ ആ ധാരണ തെറ്റാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഉദാഹരണമായി ബഹിരാകാശരംഗത്ത് ഇന്ത്യ ആദ്യ അഞ്ചില്‍ ഇടംനേടിയിട്ടുണ്ട്. റെന്യൂവബിള്‍ എനര്‍ജിരംഗത്ത് നാലാമതാണ്. അത് ഇനി മൂന്നോ രണ്ടോ ഒക്കെ ആയേക്കാം. ചില ഗ്രീന്‍ ഇനിഷ്യേറ്റീവുകള്‍ക്ക് ഇന്ത്യ വളരെയധികം സംഭാവന ചെയ്‌തു എന്നത് വസ്‌തുതയാണ്. ഇന്ത്യയുടെ പോളിസികളില്‍ വന്ന മാറ്റവും ഗ്രീന്‍ ഇക്കോണമി എന്ന ആശയവും കൂടുതല്‍ സംരംഭകരെ ഈ മേഖലയില്‍ ഉറച്ചുനില്‍ക്കാനുളള സാഹചര്യമുണ്ടാക്കി. കേന്ദ്രസര്‍ക്കാരിന്റെ എംഎന്‍ആര്‍ഇ (Ministry of New and Renewable Ener-gy ) പോലുളളവയുടെ രൂപീകരണവും എല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി.
മോദിയുടെ സൗരനെക്ലസ്(OSOWOG)
മോദി സര്‍ക്കാരിന്റെ കാലത്താണ് റെന്യൂവബിള്‍ എനര്‍ജി സെക്ടറിന് കൂടുതല്‍ ഗൗരവകരമായ പ്രാധാന്യം ലഭിച്ചത്. അത് അദ്ദേഹത്തിന്റെ ഒരു ഇനിഷ്യേറ്റീവ് തന്നെയാണ്. നേരത്തേ വിന്‍ഡ് എനര്‍ജി, സൗരോര്‍ജ്ജം എന്നൊക്കെ പറയുമെങ്കിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുറവായിരുന്നു. ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെയേറെയാണ്. വണ്‍ സണ്‍ വണ്‍ വേള്‍ഡ് വണ്‍ ഗ്രിഡ് (OSOWOG) എന്ന പ്രൊജക്ടുണ്ട്. ഇന്ത്യ 24 മണിക്കൂറും സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കും എന്നതാണ്. അതായത് ലോകത്തെ എല്ലാരാജ്യങ്ങളിലും ഇന്ത്യ ഒരു സൗരനെക്‌ലസ് ഉണ്ടാക്കുകയാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് സൂര്യന്‍ അസ്‌തമിക്കുമ്പോള്‍ മറുഭാഗത്ത് ഉദിക്കുകയാണല്ലോ. അങ്ങനെ വരുമ്പോള്‍ ഈ സൗര നെക് ലസ് ഇന്ത്യയെ 24 മണിക്കൂറും സൗരോര്‍ജ്ജം ഉപയോഗിക്കുന്ന രാഷ്ടമാക്കും. ഇതിലൂടെ രാജ്യാന്തരബന്ധങ്ങള്‍ കൂടുതല്‍ ഊഷ്‌മളമാക്കുക എന്ന ആശയവും OSOWOG പദ്ധതിയുടെ ഭാഗമാണ്. വസുദൈവകുടുംബകം എന്ന നമ്മുടെ സംസ്‌കാരം ഇതുവഴി ലോകരാജ്യങ്ങളില്‍ അലയടിക്കും അതുപോലെ മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജോത്‌പാദനം എന്ന ആശയത്തിനും മോദി സര്‍ക്കാരിന്റെ കാലത്ത് വന്‍ പ്രാധാന്യം ലഭിച്ചു. അത്തരത്തില്‍ വ്‌്യത്യസ്‌തമായ മേഖലകളിലും പാരമ്പര്യഊര്‍ജ്ജമേഖലയിലും ഇന്ത്യയെ മുന്നോട്ടുനയിക്കാനുളള സുപ്രധാന ചുവടുവയ്‌പുകള്‍ നടത്തിയതും നടത്തുന്നതും മോദി സര്‍ക്കാരാണ്. സംസ്ഥാനസര്‍ക്കാരുകളും അതിനൊത്ത് ഉയരണം എന്നുളളതാണ്. അത്തരമൊരു വിശാലമായ കാഴ്‌ചപ്പാടിലേക്ക് സംസ്ഥാനനയങ്ങള്‍ മാറേണ്ടതുണ്ട്.
സാധ്യതകളേറെ
ഉണ്ട്. ഇന്ത്യ വളരെ വിസ്‌തൃതമായ രാജ്യമാണ്. രാജ്യത്തിന്റെ ഭൂപ്രകൃതിയനുസരിച്ചും മറ്റും പാരമ്പര്യഊര്‍ജ്ജം പരമാവധി ഉപയോഗപ്പെടുത്തുക എന്ന ആശയത്തിന് വളരെ സാധ്യതയുണ്ട്. വളരെ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളുണ്ട്, വിശാലമായ കടല്‍ത്തീരമുണ്ട്, ശക്തിയായി കാറ്റുവീശുന്ന ഇടങ്ങളുണ്ട്, എന്തിന് ജനസാന്ദ്രതയേറിയതിനാല്‍ മാലിന്യം കുന്നുകൂടുന്ന അവസ്ഥയുളളതിനാല്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി എന്നതിനും വലിയ സാധ്യതയുണ്ട്. വിദേശരാജ്യങ്ങള്‍ പാരമ്പര്യഊര്‍ജ്ജോത്‌പാദനം തുടങ്ങിവച്ചാലും ഇന്ത്യയ്‌ക്കാണ് പ്രൊഡക്ടിവിറ്റി കൂടുതല്‍. അതിനുളള വിശാലമായ ഇടങ്ങളും സ്രോതസ്സുകളും ഇന്ത്യയിലുണ്ട്.
പാരമ്പര്യഊര്‍ജ്ജരംഗത്ത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഉദാഹരണമായി കുറച്ചുകാലം മുമ്പു വരെ ഓണ്‍ലൈന്‍ മീഡിയ എന്ന ആശയത്തെ കുറിച്ച് പോലും നമ്മള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല. എന്നാല്‍ ഇന്ന് ആ രംഗത്തെ വികസനം നോക്കൂ. അനുനിമിഷം മാറുകയാണ്. അതുപോലെ തന്നെ സാധ്യതയുളള മേഖലയാണ് പാരമ്പര്യഊര്‍ജ്ജമേഖല. ഉദാഹരണമായി ഇലക്ട്രിക് വാഹനങ്ങളുടെ കാര്യമെടുക്കാം. മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണമാകും. അപ്പോള്‍ അതിന്റെ പരിപാലനം, സര്‍വ്വീസ് തുടങ്ങി നിരവധി തൊഴിലവസരങ്ങളുണ്ടാകും. ഇത് ഓട്ടോമൊബൈല്‍ സെക്ടറിന്റെ മാത്രം കാര്യമാണ്. എന്നാല്‍ ഇന്ധനരഹിത(ഫ്യുവല്‍ലെസ്) കണ്‍സെപ്‌റ്റ് മിക്കവാറും എല്ലാമേഖലയിലേക്കും വ്യാപിക്കും. അപ്പോള്‍ അവസരങ്ങളും വര്‍ദ്ധിക്കും.
ജീവനില്ലാത്തവയെയും സ്വയംപര്യാപ്‌തമാക്കാം
നിംസിന്റെ ഒരു കണ്‍സെപ്‌റ്റ് എന്താണെന്നു വച്ചാല്‍, ജൈവഘടികാരം( ബയോളജിക്കല്‍ ക്ലോക്ക്) എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്. ജീവനില്ലാത്തവയ്‌ക്കാണ് ജൈവഘടികാരമില്ലാത്ത്. ജീവനില്ലാത്തവയെയും സ്വയംപര്യാപ്‌തമാക്കാം എന്നതാണ് ഞാന്‍ മുന്നോട്ടുവയ്‌ക്കുന്ന ജിഐആര്‍ (ഗ്രീന്‍ ഇന്‍ഡ്‌ട്രിയല്‍ റെവല്യൂഷന്‍) കണ്‍സെപ്‌റ്റ്. മാലിന്യം ഒരു പാഴ് വസ്‌തുവാകുന്നത് അതിനെ നമ്മള്‍ പാഴ് വസ്‌തുമായി തളളുമ്പോള്‍ മാത്രമാണ്. അതില്‍ നിന്ന് ഊര്‍ജ്ജോത്‌പാദനം നടത്തുമ്പോള്‍ അത് ഒരു ഊര്‍ജ്ജസ്രോതസ്സാണ്. അതായത് നമ്മുടെ കാഴ്‌ചപ്പാടാണ് പ്രധാനം. പരിസ്ഥിതി സൗഹൃദവീടുകള്‍ നിര്‍മ്മിച്ചുകൊണ്ട് പരിസ്‌ഥിതിക്കായി പലതും ചെയ്യുമെന്ന് പറഞ്ഞെങ്കിലും നാം ഫലത്തില്‍ ഒന്നും ചെയ്യുന്നില്ല. ജിആര്‍സിയില്‍ എന്തിനെയും നല്ല നാളേക്കുവേണ്ടി ഫലവത്തായി ഉപയോഗിക്കുന്നു. അതായത് ഒരു വ്യവസായി ഒരു മികച്ച കര്‍ഷകന്റെ അഥവാ കാര്‍ഷികവിദഗ്‌ദ്ധന്റെ മനസ്സോടെ പ്രവര്‍ത്തിക്കണം (Industrialist should act like an Agriculturist). ഒരു കര്‍ഷകന്‍ കൃഷി ചെയ്യാനായി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ മഴ കിട്ടുമോ, വെളളമുണ്ടോ എന്നൊക്കെ നോക്കും അതുപോലെ ഒരു വ്യവസായി തന്റെ ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അതിനായി എത്ര വെളളം ആവശ്യം വരും അതില്‍ എത്രഭാഗം തനിക്ക് മഴവെളള സംഭരണി പോലുളള ജലസംരക്ഷണ ഉപാധികളിലൂടെയും റീസൈക്ലിംഗിലൂടെയും കണ്ടെത്താനും പാഴാകാതെ ഉപയോഗിക്കാനും കഴിയും എന്ന് ചിന്തിക്കണം. അതുപോലെ വൈദ്യുതിയുടെ കാര്യമെടുത്താല്‍ തനിക്ക് പ്രതിദിനം 10,000 യൂണിറ്റ് വൈദ്യുതി ആവശ്യമാണെങ്കില്‍ അതിനായി രണ്ട് ജില്ലകളില്‍ ഉപയോഗിക്കേണ്ട വൈദ്യുതി കവര്‍ന്നെടുക്കാതെ ആവശ്യമായ വൈദ്യുതിയുടെ എത്രഭാഗം സോളാര്‍ പാനലുകളും വിന്‍ഡ്‌മില്ലുകളും സ്ഥാപിച്ച് പാരമ്പര്യഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് കണ്ടെത്താനാകുമെന്നും തന്റെ സംരംഭത്തിന്റെ ഭാഗമായി പുറംതളളപ്പെടുന്ന പാഴ് വസ്‌തുക്കളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നും ചിന്തിക്കണം. ആ ചിന്തയാണ് ഗ്രീന്‍ ഇന്‍ഡസ്‌ട്രിയല്‍ റെവല്യൂഷന്‍.
നല്ല നാളേക്കായി ഹരിത സമ്പദ് വ്യവസ്ഥ
ഹരിത സമ്പദ് വ്യവസ്ഥ (ഗ്രീന്‍ ഇക്കോണമി) എന്നത് എന്റെ ആശയമാണ്. കോവിഡനന്തരം നിരവധി പ്രവാസികളാണ് തിരിച്ചെത്തിയത്. അവരൊക്കെ സ്വന്തമായി എന്തെങ്കിലും ചെയ്യാനുളള തയ്യാറെടുപ്പിലാണ്. പത്ത് സെന്റില്‍ കുറയാതെ സ്ഥലമുണ്ടെങ്കില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കാം. പത്ത് ടണ്‍ മാലിന്യത്തില്‍ നിന്ന് 1200 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനാകും.അതായത് പ്രതിദിനം 8000-9000 രൂപയുടെ വൈദ്യുതി. അങ്ങനെയുളള ചെറിയ ചെറിയ പ്ലാന്‍്‌റുകള്‍ ആരംഭിക്കാം. ആ വൈദ്യുതി അനെര്‍ട്ടിന് വില്‍ക്കാം. നെറ്റ് മീറ്റര്‍ വച്ച് എത്ര വൈദ്യുതി ഉത്‌പാദിപ്പിക്കുന്നുവെന്നും സപ്ലൈ ചെയ്യുന്നുവെന്നും ഉറപ്പാക്കാം. പ്രതിമാസം വൈദ്യുതിയുടെ കാശ് നമ്മുടെ അക്കൗണ്ടിലെത്തും. അതുകൊണ്ടുളള ഗുണം രണ്ടാണ്. ഒന്ന് ഇത്തരത്തിലൊരു പ്ലാന്റ് തുടങ്ങുന്നവരുടെ ചിന്ത എങ്ങനെ കൂടുതല്‍ മാലിന്യം സംഭരിക്കാമെന്നതും മറ്റുളളവരുടെ ചിന്ത എങ്ങനെ മാലിന്യം ഒഴിവാക്കാമെന്നതും ആണ്. അപ്പോള്‍ പ്ലാന്റ് ഉടമകള്‍ എവിടുന്ന് കിട്ടിയാലും മാലിന്യം സംഭരിക്കുന്നു. അങ്ങനെ വരുമ്പോള്‍ മാലിന്യം കെട്ടിക്കിടന്നു നാറുന്ന ഒരു ചിരകാല വൈതരണിയില്‍ നിന്ന് ഫലപ്രദമായ ഉത്‌പന്നമായി മാറ്റപ്പെടുന്നു. നാടും നഗരവും ശുചിയാകുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടെയും വലിയ തലവേദന ഒഴിവാകുന്നു. അപ്പോള്‍ ചോദിക്കും ഈ മാലിന്യം സംഭരിക്കുന്നത് സമീപവാസികള്‍ തടയില്ലേ എന്ന്. 50 കിലോ മാലിന്യം ഉള്‍ക്കൊളളുന്ന എയര്‍ടൈറ്റ് കണ്ടെയ്‌നറുകളില്‍ മാലിന്യം സംഭരിച്ച് പ്ലാന്റുകളിലെത്തിച്ച് നേരെ പ്ലാന്റിലേക്ക് തളളുകയാണ് വേണ്ടത്. ആ രീതിയില്‍ ചിട്ടയോടെ പ്രവര്‍ത്തിക്കണം. അല്ലാതെ ടണ്‍ കണക്കിന് മാലിന്യം ദീര്‍ഘവീക്ഷണമില്ലാതെ കുന്നൂകൂട്ടുകയല്ല വേണ്ടത്. ശരിയായ ആസൂത്രണത്തോടെ പ്രവര്‍ത്തിച്ചാല്‍ വിളപ്പില്‍ശാലകള്‍ ഉണ്ടാകില്ല പകരം പത്തും പതിനഞ്ചും സെന്റ് സ്ഥലമുളളവര്‍ അന്നന്ന് മാലിന്യങ്ങളെ വൈദ്യുതിയായി മാറ്റുന്നു. ഉപോത്‌പന്നമായ സ്‌ളറിയെ ബയോകേക്കായി മാറ്റിയാല്‍ അത് കൃഷിക്ക് നല്ല വളമാണ്. അജൈവമാലിന്യങ്ങള്‍ കത്തിച്ചുകളയാന്‍ പ്രത്യേകം സംവിധാനങ്ങളുണ്ട്.
പശുവിന് തീറ്റ; ചാണകവും ചേര്‍ത്താല്‍ വൈദ്യുതി
നേപിയര്‍ ഗ്രാസ് അഥവാ കറന്റുപുല്ല് കൃഷി ചെയ്‌ത് അതില്‍ നിന്ന് ഇരട്ടിവരുമാനമുണ്ടാക്കാം. അതായത് ഈ പുല്ല് പശു തിന്നും. അതുകൊണ്ടുതന്നെ പശുവിനെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് സ്ഥലമുണ്ടെങ്കില്‍ നേപിയര്‍ ഗ്രാസ് കൃഷി ചെയ്യാം. ചാണകവും നേപ്പിയര്‍ ഗ്രാസും ചേര്‍ത്ത് ബയോഗ്യാസ് ഉണ്ടാക്കാനാകും. അങ്ങനെ ഏത് ഉപജീവനവൃത്തിയുടെയും ഭാഗമായി വരുന്ന പാഴ് വസ്‌തുവില്‍ നിന്ന് നമുക്ക് പരിസ്ഥിതിക്കോ പരിസരവാസികള്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കാതെ ഊര്‍ജ്ജോത്‌പാദനം നടത്താം. പിന്നെയുളള ഒരു കാര്യം വേസ്റ്റ് ടു എനര്‍ജി പ്രോജക്ടിനായി ചില ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരും. 1.2 മെഗാവാട്ട് വൈദ്യുതി പ്ലാന്റിനായി 3-3.5 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും വേണ്ടിവരും. പക്ഷേ അഞ്ചുവര്‍ഷം കൊണ്ട് നമുക്ക് ആ തുക തിരിച്ചുപിടിക്കാനാകും.
നിക്ഷേപകരെ ആകര്‍ഷിക്കാം
നിംസ് ഒരു സ്ഥാപനം തുടങ്ങിയെന്ന് വച്ചോളു. പ്രതിദിനം 2000 യൂണിറ്റ് വൈദ്യുതി ആവശ്യമുണ്ട്. അത് കെഎസ്‌ഇിബിയില്‍ നിന്നാണ് വാങ്ങുന്നത്. അപ്പോള്‍ മറ്റു ചില സംരംഭകര്‍ വരുന്നു. ആദ്യത്തെയാള്‍ പറയുകയാണ് നിങ്ങള്‍ക്കിത്രയും ടെറസ് ഉണ്ടല്ലോ. ഞാനതില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചോട്ടെ അതില്‍ നിന്ന് കിട്ടുന്ന വൈദ്യതി എനിക്ക് ആറു രൂപയ്‌ക്ക് തന്നുകൂടേ. എന്റെ സംരംഭവും വിജയിക്കും നിങ്ങള്‍ക്ക് ഹരിതോര്‍ജ്ജത്തിലേക്ക് മാറുകയും ചെയ്യാം.അതൊരു നിക്ഷേപമാര്‍ഗ്ഗമാണ്. അതായത് പാരമ്പര്യ ഊര്‍ജ്ജമേഖലയില്‍ ഒരുമിച്ച് നിക്ഷേപം നടത്താന്‍ കഴിയാത്തവര്‍ക്ക് ഇത്തരത്തില്‍ അവസരം നല്‍കാം. അതും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്.
മനസ്സുണ്ടെങ്കില്‍ മാതൃകയാക്കാം
2015ല്‍ ആണ് ഹരിത വ്യാവസായിക വിപ്ലവം എന്ന ആശയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. ആ ചിന്ത പങ്കുവച്ചതുകൊണ്ടുമാത്രം കാര്യമില്ല. പ്രാവര്‍ത്തികമാക്കി ലോകസമക്ഷം വയ്‌ക്കണം. എന്നാലേ ഇതൊക്കെ പ്രായോഗികമാണ്, സാധ്യമാണ് എന്ന് അധികൃതരും ജനവും വിശ്വസിക്കൂ. ജിഐആര്‍ ഉള്‍പ്പെടെയുളള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് വലിയ യത്‌നം ആവശ്യമാണ്. മാലിന്യത്തില്‍ നിന്ന് വൈദ്യുതി എന്ന ആശയം തന്നെയെടുക്കാം. ഉകരണങ്ങള്‍ വേണം, മാലിന്യം സംഭരിക്കണം, അവയില്‍ നിന്ന് ജൈവവും അജൈവവുമായവ വേര്‍തിരിക്കണം തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. കടമ്പകളുമേറെ. ഇതൊക്കെ കടന്നാണ് നിംസ് ലക്ഷ്യം കൈവരിച്ചത്. നിംസിന് സാധിക്കുമെങ്കില്‍ അത് ഇന്ത്യയിലെ ഏത് ക്യാമ്പസിലും ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലും സാധിക്കും. അതായത് 20 ഏക്കര്‍ സ്ഥലത്ത് നാം ഒരു സംരംഭം കൊണ്ടുവരുമ്പോള്‍ ആ ഭൂമിയും കെട്ടിടവും മാത്രമല്ല, ഇരുപതേക്കറിന്റെ ഭാഗമായ ആകാശം, കാറ്റ്,മഴ, സൂര്യപ്രകാശം എല്ലാം നമ്മുടേതാണ്. അത് പാഴാക്കാതെ ഉപയോഗിക്കാനുളള സംവിധാനമുണ്ടായാല്‍ ഏത് സംരംഭത്തിനും വെളളം, വൈദ്യുതി എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാം. മാലിന്യസംസ്‌കരണം എന്ന ബാലികേറാമല ശരിയായ ഉപയോഗത്തിലൂടെ അനായാസം മറികടക്കാം,നേട്ടംകൊയ്യാം. അവിടെയാണ് സുസ്ഥിരവികസനം യാഥാര്‍ത്ഥ്യമാകുന്നത്.
നിംസിനെ സംബന്ധിച്ച് 4ലക്ഷം ലിറ്റര്‍ വെളളം ആവശ്യമാണ്. എന്നാല്‍ പുറത്തുനിന്ന് വെളളം വാങ്ങുന്നതേയില്ല. മഴവെളളസംഭരണി, റീസൈക്ലിംഗ്, നിംസ് കോമ്പൗണ്ടിലെ കുളങ്ങള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ വെളളം ലഭിക്കുന്നു.ഭാവിയിലേക്ക് സംഭരിക്കാനും കഴിയുന്നു. അതുപോലെ നിലവില്‍ 550 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന 130 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റാണുളളത്. 1.2 മെഗാവാട്ട് ഉത്‌പാദനശേഷിയുളള അതായത് പ്രതിദിനം 6500 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. 1200 യൂണിറ്റ് വൈദ്യുതി മാലിന്യത്തില്‍ നിന്നും 800 യൂണിറ്റ് കാറ്റില്‍ നിന്ന് ഉത്‌പാദിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. അങ്ങനെ വരുമ്പോള്‍ വൈദ്യുതിയുടെ കാര്യത്തിലും നിംസ് സ്വയംപര്യാപ്‌തതകൈവരിക്കും.
നിയമം പ്രായോഗികമല്ല
പാരമ്പര്യഊര്‍ജ്ജ ഉപയോഗം നിയമം മൂലം നിര്‍ബന്ധമാക്കല്‍ പ്രായോഗികമല്ല. കാരണം നിലവില്‍ അത്തരം സംവിധാനങ്ങളൊന്നുമില്ലാത്ത സാധാരണ സംരംഭകന് ആ ചെലവുകൂടി തുടക്കത്തില്‍ താങ്ങാനായെന്നു വരില്ല. അത് സംരംഭകസൗഹൃദം അഥവാ നിക്ഷേപസൗഹൃദം എന്ന ആശയത്തിന് തിരിച്ചടിയാകും. എന്നാല്‍ 50 ശതമാനം വൈദ്യുതിയെങ്കിലും മേല്‍പറഞ്ഞ രീതികളിലൂടെ സ്വന്തമായി കണ്ടെത്തുന്നവര്‍ക്ക് ആനുകൂല്യങ്ങളോ മുന്‍തൂക്കമോ നല്‍കാം. അത് പലരെയും ആകര്‍ഷിക്കും. ഇപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ നിംസിന് വജ്ര സ്‌റ്റാറ്റസ് ന്‌ല്‍കിയിട്ടുണ്ട്. കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന, എല്ലാ വേതനവ്യവസ്ഥകളും കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് വജ്ര സ്റ്റാറ്റസ് നല്‍കുന്നത്. വജ്ര സ്റ്റാറ്റസ് ലഭിച്ച ഒരാള്‍ക്ക് പുതിയ ഒരു സംരംഭം തുടങ്ങാന്‍ അനായാസം അനുമതി ലഭിക്കും. അതുകണ്ട് മറ്റുളളവരും വേതനകാര്യങ്ങളില്‍ കൃത്യത പാലിക്കാന്‍ ശ്രമിക്കും. അതുപോലെയുളള പദ്ധതികളാണ് പാരമ്പര്യഊര്‍ജ്ജ ഉപയോഗവുമായി ബന്ധപ്പെട്ടും വേണ്ടത്.
നെഹ്‌റു, ഇന്ദിര,മോദി
സര്‍ക്കാരുകള്‍ക്ക് നാടിനെ പൂങ്കാവനമാക്കിയേ പറ്റൂ എന്ന നിര്‍ബന്ധമുണ്ടെന്ന് നാം ധരിക്കരുത്. എന്റെ കാലാവധി ഇത്രവര്‍ഷം ഞാന്‍ പോയാല്‍ അടുത്ത ആള്‍വരും എന്ന ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന അധികാരികളും ഉദ്യോഗസ്ഥരുമാണ് കൂടുതല്‍. മാലി ദ്വീപിലൊക്കെ ഞാന്‍ ചില പ്രോജക്ടുകളുമായി വലിയ ആവശത്തോടെ ചെല്ലുമ്പോള്‍ സൗഹൃദമൊക്കെയാണെങ്കിലും നാടിനും ജനങ്ങള്‍ക്കും ഗുണമുളള കാര്യങ്ങള്‍ ചെയ്യാന്‍ അവിടുത്തെ അധികാരികള്‍ വലിയ ആവേശമൊന്നും കാട്ടാറില്ല. ഇന്ത്യയില്‍ അതില്‍നിന്നൊക്കെ വ്യത്യസ്‌തമായി ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, നരേന്ദ്രമോദി തുടങ്ങിയവരെ പോലുളള ഭരണാധികാരികളുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തെ കുറിച്ചൊക്കെ എടുത്തുപറയേണ്ടതുണ്ട്.
നെഹ്‌റുവിന്റെ ഭരണകാലത്ത് ഡാമുകളും റോഡുകളും നിര്‍മ്മിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചു. കൃഷിക്ക് അനുകൂലമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും നെഹ്‌റുവിന്റെ സംഭാവനയാണ്. ഇന്ത്യയ്‌ക്ക് ആദ്യകാലഘട്ടത്തില്‍ വേണ്ട എല്ലാ സാഹചര്യങ്ങളും കൃത്യമായി ഒരുക്കാന്‍ നെഹ്‌റുവിന്റെ കാലത്ത് സാധിച്ചു.
നെഹ്‌റുവിനു ശേഷം, ഇന്ദിര ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പരിസ്ഥിതി-വനം-വന്യജീവിസംരക്ഷണനിയമങ്ങള്‍ കൊണ്ടുവന്നത്.
അതിനുശേഷം നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെയാണ് പരിസ്ഥിതി സംരക്ഷണം, ശുചിത്വം എന്നിവയ്‌ക്ക് വലിയ പ്രാധാന്യവും ഭരണതലത്തിലുളള ഏകോപനവുമുണ്ടാകുന്നത്. ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് കഴിഞ്ഞു. സ്വച്ഛ് ഭാരത് മിഷന്‍ പോലുളള പദ്ധതികള്‍ ലോകത്തിന് തന്നെ മാതൃകയാണ്.
അതിനുശേഷം അത്തരമൊരുവെല്ലുവിളി ഏറ്റെടുത്തത് നരേന്ദ്ര മോദിയാണെന്നു പറയാം. പരിസ്ഥിതി, ഉന്നതവിദ്യാഭ്യാസം, സാമൂഹികോന്നമനം എന്നീ മേഖലകളില്‍ പല പദ്ധതികളും കൊണ്ടുവന്നു. ഉജ്ജ്വല, എല്ലാവര്‍ക്കും വൈദ്യുതി, ശൗചാലയം, എല്ലാവര്‍ക്കും കുടിവെളളം തുടങ്ങിയ പദ്ധതികളെല്ലാം അദ്ദേഹത്തിലെ മികച്ച ഭരണാധികാരിയെയാണ് പ്രകടമാക്കുന്നത്. പിന്നെ പലരും ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരം അതിന്റെ തനിമ ചോരാതെ സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. കാരണം ലോകത്തെങ്ങുമില്ലാത്ത വൈവിധ്യമേറിയ ജ്ഞാനത്തിലധിഷ്‌ഠിതമായ സംസ്‌കാരമാണ് നമ്മുടേത്. ഏത് ആധുനിക ശാസ്‌ത്രശാഖയെടുത്താലും അത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലുണ്ടായിരുന്നതാണ്. ജ്യോതിശാസ്‌ത്രം, ചികിത്സാശാസത്രം തുടങ്ങി ഏതെടുത്താലും അത് വ്യക്തമാകും.യോഗ ലോകത്തിന് ഇന്ത്യയുടെ സംഭാവനയാണ്. അശ്വഗന്ധപോലുളളവ വിഷാദരോഗത്തിന് ഉത്തമമരുന്നാണെന്ന് 8000 വര്‍ഷങ്ങള്‍ക്ക് മുമ്പോ കണ്ടെത്തിയിരുന്നു. ഹൈടെക് യുഗത്തിലാണ് നാം വിഷാദരോഗത്തെ പറ്റി കേള്‍ക്കുന്നത്. മനോരോഗത്തിന്റെ തോത് നിര്‍ണ്ണയിക്കാനുളള സംവിധാനങ്ങള്‍ പോലും പുരാതനഇന്ത്യയില്‍ ഉണ്ടായിരുന്നു. ആര്യഭടനും ചരകനും ശുശ്രുതനുമൊക്കെ നമ്മുടെ സംസ്‌കാരത്തിന്റെ ഹൈലൈറ്റുകള്‍ തന്നെയാണ്. അതുകൊണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെ ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ആവശ്യമാണ്.
ത്രിതല സംവിധാനത്തിലൂടെ സുസ്ഥിരതയിലേക്ക്
ജിഐആറിന്റെ മൂന്നുഘട്ടങ്ങളാണ് നിംസ് പദ്ധതിയിടുന്നത്. ഒന്ന് ഇത് സ്വയം പ്രാവര്‍ത്തികമാക്കുക. രണ്ടാമത്തേത് ഇതുമായി ബന്ധപ്പെട്ട മേഖലകളെ നിലനിര്‍ത്തുക.ഉദാഹരണത്തിന് മണ്‍പാത്രനിര്‍മ്മാണം, കയര്‍ മേഖല,കരകൗശലവസ്‌തുനിര്‍മ്മാണം, കൈത്തറി തുടങ്ങി പ്രകൃതിയോടിണങ്ങിയുളള പരമ്പരാഗത മേഖലകളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുക. ഇതെല്ലാം ലോകത്തിന് മുന്നിലെത്തിക്കുക എന്നതാണ് മൂന്നാം ഘട്ടം. രാജ്യാന്തര കോണ്‍ഫറന്‍സുകളിലും മറ്റും ഇന്ത്യയെ പ്രതിനിധീകരിച്ച്, ഇന്ത്യയിലേക്ക് ഗ്രീന്‍ ട്രേഡ് കൊണ്ടുവരിക. അതായത് നെയ്യാറ്റിന്‍കരയില്‍ തകര്‍ന്നടിഞ്ഞ മണ്‍പാത്രവ്യവസായമുണ്ടെന്നിരിക്കട്ടെ, അതിനെ ജിഐആറിന്റെ ഭാഗമായി ഏറ്റെടുത്ത് സജീവമാക്കി ജിഐആറിന്റെ ലേബലില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക, അതിലൂടെ ജിഐആര്‍ എന്ന ആശയം പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഗ്രീന്‍ ട്രേഡ് പ്രോത്സാഹിപ്പിക്കുന്നതിന് മേളകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുവാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക ടീം തന്നെയുണ്ട്. ആ ടീം തന്നെയാണ് ഇതിന്റെ പ്രചാരകരായി വര്‍ത്തിക്കുക. അതിനായി സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം തേടും. അവരുടെയൊക്കെ സഹായത്തോടെ ഇന്ത്യയിലെ ക്യാമ്പസുകളില്‍ ജിഐആര്‍,ഗ്രീന്‍ ട്രേഡ് ആശയങ്ങള്‍ എത്തിക്കും.
പ്രകൃതിസ്‌നേഹം വാക്കുകളില്‍ ഒതുങ്ങരുത്
താന്‍ പ്രകൃതിയുടെ ഭാഗമല്ല എന്ന രീതിയിലാണ് മനുഷ്യന്റെ പോക്ക്. ദൈവത്തിനും ദൈവസൃഷ്ടിയായ മറ്റ് ജീവജാലങ്ങള്‍ക്കുമിടയില്‍ ദൈവത്തിന്റെ സബ്‌കോണ്‍ട്രാക്ടെടുത്തു നില്‍ക്കുന്ന ആളാണ് താനെന്ന ഭാവം ഓരോ മനുഷ്യനെയും ഭരിക്കുന്നു. അത് ശരിയല്ല പുല്ലിനെയും പുല്‍ച്ചാടിയെയും പോലെ സകല ചരാചരങ്ങളെയും പോലെ കേവലം ഒരു ദൈവസൃഷ്ടിമാത്രമാണ് മനുഷ്യന്‍. അപ്പോള്‍ പ്രകൃതിക്ക് എതിരായല്ല പ്രകൃതിയോട് ഇണങ്ങിയാണ് അവന്‍ ജീവിക്കേണ്ടത്. പ്രകൃതി സ്‌നേഹിയായ കവിയുടെ ധര്‍മ്മം പ്രകൃതിയെ വാഴ്‌ത്തിപ്പാടുന്നതില്‍ മാത്രം അവസാനിക്കുന്നില്ല. തന്നാലാകുന്നത് പ്രകൃതിക്കായി ചെയ്യണം. കുറഞ്ഞപക്ഷം പ്രകൃതിക്ക് വിരുദ്ധമായത് ചെയ്യാതിരിക്കുകയെങ്കിലും വേണം. ഒരു ഡോക്ടര്‍ പ്രകൃതിസ്‌നേഹത്തെ കുറിച്ച് വാചാലനാകുകയും അയാള്‍ താനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങള്‍ കഴിയുന്നത്ര കുറയ്‌ക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്‌താല്‍ ഫലമെന്താണ്? ഒരു വ്യവസായിയുടെ ധര്‍മ്മം വ്യവസായവികസനത്തിനായുളള കര്‍മ്മത്തോടൊപ്പം പ്രകൃതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. അതാണ് നിംസ് ലക്ഷ്യമിടുന്നത്. ആ ചിന്തയുടെ ഉത്‌പന്നങ്ങളാണ് ഹരിത വ്യവസായ വിപ്ലവും ഗ്രീന്‍ ട്രേഡും ഗ്രീന്‍ ഇക്കോണമിയുമെല്ലാം. കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഇതിനകം ഹരിതവ്യാവസായിക വിപ്ലവത്തില്‍ ഒരു റോള്‍മോഡലായി നിംസ് മാറുമായിരുന്നു. അടുത്ത 7 മാസത്തിനുളളില്‍ ആ ലക്ഷ്യം കൈവരിക്കും.
ആല്‍മരത്തണലില്‍ രോഗികള്‍ ക്ഷീണം തീര്‍ക്കുന്നു; ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ പക്ഷികളും അണ്ണാനും ചെറുജീവികളും. നിംസിലെത്തുന്നവര്‍ക്കെല്ലാം ആ കെട്ടിടസമുച്ചയം കനിവിന്റെയും കഴിവിന്റെയും ദൃഷ്ടാന്തമാണ്. അതിനുളളിലെവിടെയോ ധൃതിയില്‍ തന്റെ ചിന്തകളും പതിവുതിരക്കുകളുമായി ഓടി നടക്കുകയാണ് കേരളത്തിന്റെ സ്വപ്‌നവ്യാപാരി.
യു.എന്‍ പൊതുസഭയില്‍ പ്രസംഗിച്ച പ്രായംകുറഞ്ഞ ഇന്ത്യാക്കാരന്‍
വ്യാവസായിക ഉപയോഗത്തിന് മാത്രമല്ല സോളാര്‍ ഉപയോഗിക്കാനാകുക എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നതിന് മുമ്പുതന്നെ മിത്രസംഗയോഗ എന്ന പദ്ധതിയിലൂടെ നിംസില്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഹൃദയശസ്‌ത്രക്രിയ ചെയ്‌തു. അത്തരത്തില്‍ ഹൃദയശസ്‌ത്രക്രിയ ചെയ്യുന്ന ഏഷ്യയിലെ ആദ്യ ആശുപത്രിയാണ് നിംസ്. എനര്‍ജി മാനേജുമെന്റുമായി ബന്ധപ്പെട്ട ഒരു യോഗം ഡല്‍ഹിയില്‍ സംഘടിപ്പിച്ചപ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് ദാമോദരന്‍ സര്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തു. ആ യോഗത്തില്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി വ്യാവസായികമേഖലയില്‍ ഹരിതോര്‍ജ്ജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞപ്പോള്‍, താന്‍ തിരുവനന്തപുരത്തുനിന്നാണ് വരുന്നതെന്നും ജില്ലയിലെ ഒരു ആശുപത്രിയില്‍ ഹൃദയശസ്‌ത്രക്രിയ വരെ സൗരോര്‍ജ്ജ വൈദ്യുതി ഉപയോഗിച്ച് ചെയ്‌തെന്നും ദാമോദരന്‍ സാര്‍ അറിയിച്ചു. യോഗം കഴിഞ്ഞ് അന്നു രാത്രി യുഎന്‍ പ്രതിനിധി ദാമോദരന്‍ സാറിനോട് ചോദിച്ചത് അത് നിങ്ങള്‍ വെറുതെ പറഞ്ഞതല്ലേ എന്നാണ്. അല്ല താന്‍ കണ്ട് ബോധ്യപ്പെട്ടതാണെന്ന് സാറും മറുപടി പറഞ്ഞു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഊര്‍ജ്ജവിഭാഗം മേധാവി,അണ്ടര്‍ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുളള സംഘം നിംസിലെത്തി. ഐഎസ്‌ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി.മാധവന്‍ സാറായിരുന്നു മിത്രസംയോഗ പ്രൊജക്ടിന്റെ മേധാവി. അദ്ദേഹം എല്ലാം ഐക്യരാഷ്ട്രസഭാ സംഘത്തിനോട് വിശദീകരിച്ചു. മൂന്നുമാസമായപ്പോള്‍ യുഎന്നിലേക്ക് ഫൈസല്‍ഖാന് ക്ഷണം വന്നു. കാരണം യുഎന്‍ നേരിട്ട് ഒരാളെ ക്ഷണിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.
യുഎന്നില്‍ പല രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് പ്രോജക്ടുകളാണ് അവതരിപ്പിക്കപ്പെട്ടത്. പക്ഷേ തിരഞ്ഞടുക്കപ്പെട്ടത് ഫൈസല്‍ഖാന്റെ പ്രോജക്ടാണ്. അപ്രതീക്ഷിതമായിരുന്നു ആ അംഗീകാരമെന്ന് അദ്ദേഹം പറയുന്നു. തന്റെ കൂടെയുണ്ടായിരുന്ന എന്‍ജിനീയര്‍ സര്‍ എന്നെങ്കിലും പൊതുസഭയുടെ സ്റ്റേജില്‍ പ്രസംഗിക്കണമെന്ന ആഗ്രഹം പങ്കുവെച്ചപ്പോള്‍ തമാശയായി തളളുകയായിരുന്നു ഫൈസല്‍ഖാന്‍. പക്ഷേ ദൈവനിയോഗം മറിച്ചായിരുന്നു. ഫൈസല്‍ഖാന്‍ യുഎന്‍ പൊതുസഭയില്‍ സംസാരിച്ചു. തന്റെ പ്രൊജക്ടിനെ കുറിച്ച് വിശദീകരിച്ചു. ആ യുവസംരംഭകന്റെ ദീര്‍ഘവീക്ഷണം യുഎന്നിന്റെ തളങ്ങളില്‍ ഗാംഭീര്യത്തോടെ മുഴങ്ങി. അതിനുമുമ്പ് യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച മലയാളികള്‍ വി.കെ.കൃഷ്‌ണമേനോന്‍, മാതാ അമൃതാനന്ദമയി, ശശി തരൂര്‍, തുടങ്ങിയവര്‍ മാത്രമാണ്. ഫൈസല്‍ഖാന് തൊട്ടുമുമ്പ് പ്രസംഗിച്ച ഇന്ത്യാക്കാരനാവട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന അംഗീകാരവും ലഭിച്ചു.
ഉറവവറ്റാത്ത കനിവ്
കോവിഡ് കാലത്തും സഹജീവികള്‍ക്ക് താങ്ങായി നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന്‍. നിംസ് മെഡിസിറ്റിയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം മുഴുവനായും നല്‍കിയാണ് അദ്ദേഹം മാതൃക കാട്ടിയത്. കമ്മ്യുണിറ്റി കിച്ചണില്‍ നിംസിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കി. ലോക്ക് ഡൗണ്‍ സമയത്തെ ഈ സൗകര്യം ജീവനക്കാര്‍ക്കും ദൂരെ നിന്ന് വന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഏറെ ആശ്വാസമായി. തിരുവനന്തപുരം ജില്ലയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കമ്മ്യുണിറ്റി കിച്ചണ്‍ ആരംഭിക്കുന്ന ഏക ആതുരാലയമാണ് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി.
നാഴികക്കല്ലായ ന്യൂസാറ്റ്
നൂറുല്‍ ഇസ്ലാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നാനോ സാറ്റ്‌ലൈറ്റ്- ന്യൂസാറ്റ് വിജയകരമായി വിക്ഷേപിച്ചതും ഫൈസന്‍ഖാനെ സംബന്ധിച്ച് മറ്റൊരു അഭിമാന നിമിഷമാണ്. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും പ്രവചിക്കുന്ന ഉപഗ്രഹമാണ് ന്യൂസാറ്റ്. ഇന്ത്യയിലെ മികച്ച ശാസ്‌ത്രജ്ഞരും ഇരുനൂറോളം വിദ്യാര്‍ഥികളും ആറുമാസം കൊണ്ടാണ് സാറ്റ്‌ലൈറ്റ് നിര്‍മിച്ചത്. ഐഎസ്‌ആര്‍ഒയുടെ സ്റ്റുഡന്റ്‌സ് സാറ്റ്‌ലൈറ്റ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം നടന്നത്. പതിനാലു കിലോ മാത്രം ഭാരമുള്ള നാനോ സാറ്റ്‌ലൈറ്റായ ന്യൂസാറ്റിന് ഭൂഗര്‍ഭ ജലവിതാനങ്ങള്‍ കണ്ടെത്താനും പ്രകൃതിദുരന്തങ്ങളും കടല്‍ക്ഷോഭങ്ങളും മുന്‍കൂട്ടി അറിയിക്കാനുമുള്ള ശേഷിയുണ്ട്.
ഒരു വ്യവസായിയുടെ ധര്‍മ്മം വ്യവസായവികസനത്തിനായുളള കര്‍മ്മത്തോടൊപ്പം പ്രകൃതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. അതാണ് നിംസ് ലക്ഷ്യമിടുന്നത്. ആ ചിന്തയുടെ ഉത്‌പന്നങ്ങളാണ് ഹരിത വ്യവസായ വിപ്ലവും ഗ്രീന്‍ ട്രേഡും ഗ്രീന്‍ ഇക്കോണമിയുമെല്ലാം. കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഇതിനകം ഹരിതവ്യാവസായിക വിപ്ലവത്തില്‍ ഒരു റോള്‍മോഡലായി നിംസ് മാറുമായിരുന്നു. അടുത്ത 7 മാസത്തിനുളളില്‍ ആ ലക്ഷ്യം കൈവരിക്കും.
കാര്‍ഷികമേഖലയും സ്വച്ഛമായ പരിസ്ഥിതിയും മാനവരാശിയുടെ നിലനില്‌പിന് എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം തന്നെ പ്രാധാന്യം മനുഷ്യരാശിയുടെ വളര്‍ച്ചയില്‍ വ്യവസായമേഖലയ്‌ക്കുമുണ്ട്. അപ്പോള്‍ രണ്ടും നിലനില്‌പിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഈ രണ്ടുമേഖലകളെയും ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ അതിന്റെ ഗുണവും മനുഷ്യരാശിക്കുണ്ടാവും
Post your comments