കൊവിഡ് കാലത്താണ് നമ്മള്‍ 'കോണ്‍ടാക്ട്‌ലെസ്' പണമിടപാടുകളെ കുറിച്ച് വളരെ ഗൗരവത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പല ബാങ്കുകളും എടിഎം കൗണ്ടറുകളില്‍ കോണ്‍ടാക്ട്‌ലെസ് ഇടപാടുകള്‍ക്കുള്ള സൗകര്യങ്ങളും ചെയ്തിരുന്നു.കോണ്‍ടാക്ട്‌ലെസ് ഇടപാട് എന്നൊക്കെ പറഞ്ഞാല്‍, അത് പൂര്‍ണമായും സ്പര്‍ശന രഹിതമായിരുന്നില്ല എന്നത് വേറെ കാര്യം. എന്തായാലും ഇപ്പോള്‍ പൂര്‍ണമായും 'സ്പര്‍ശന രഹിത' എടിഎം ഇടപാടിനുള്ള സൗകര്യമാണ് വരുന്നത്. പക്ഷേ, പണം നമ്മള്‍ കൈകൊണ്ട് തന്നെ എടുക്കേണ്ടി വരും.
മാസ്റ്റര്‍ കാര്‍ഡ് ആണ് ഇപ്പോള്‍ സമ്പൂര്‍ണ സ്പര്‍ശന രഹിത എടിഎം ഇടപാട് കൊണ്ടുവരുന്നത്. എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസുമായി കൈകോര്‍ത്തുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് മാസ്റ്റര്‍കാര്‍ഡ് രംഗത്തിറങ്ങുന്നത്. ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ഉണ്ടായിരിക്കണം. എടിഎം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ക്യുആര്‍ കോഡ്, ഈ ആപ്പ് വഴി സ്‌കാന്‍ ചെയ്യുക. അതിന് ശേഷം മൊബൈല്‍ ആപ്പില്‍ എടിഎം പിന്‍നമ്പര്‍ അമര്‍ത്തുക, പിന്‍വലിക്കേണ്ട തുകയും ആപ്പില്‍ തന്നെ നല്‍കാം. ഒടുക്കം പണം സ്വീകരിക്കുന്നത് മാത്രം എടിഎമ്മില്‍ നിന്ന്!
ഇപ്പോഴത്തെ സ്ഥിതിയിലും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ അല്ലേ 'കോണ്‍ടാക്ട്‌ലെസ്' എടിഎം ഇടപാടുകള്‍ എന്ന് സംശയം തോന്നിയേക്കാം. എന്നാല്‍ നിലവില്‍, പിന്‍വലിക്കേണ്ട തുക എടിഎമ്മില്‍ തന്നെ എന്റര്‍ ചെയ്യണം എന്നതാണ് നിലവിലെ രീതി. പുതിയ രീതിയില്‍ പൂര്‍ണമായും കോണ്‍ടാക്ട്‌ലെസ് ആയി ഇടപാട് പൂര്‍ത്തിയാക്കാം. മാസ്റ്റര്‍കാര്‍ഡ് ആണ് ഇപ്പോള്‍ ഇത്തരമൊരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. മാസ്റ്റര്‍കാര്‍ഡ് സേവനം നല്‍കുന്ന എല്ലാ ബാങ്കുകള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അതിന് എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസിനെ അതാത് ബാങ്കുകള്‍ ബന്ധപ്പെടണം.
കൊവിഡ് പോലുള്ള മഹാമാരികളില്‍ നിന്ന് മാത്രമല്ല, എടിഎം തട്ടിപ്പുകളില്‍ നിന്നും ഈ 'സ്പര്‍ശനരഹിത' ഇടപാടുകള്‍ സംരക്ഷണം തരും എന്നാണ് വിലയിരുത്തല്‍. രണ്ട്- രണ്ടര വര്‍ഷം മുമ്പ് ഇത്തരം ഒരു പദ്ധതിയെ കുറിച്ച് ആലോചിച്ചത് തന്നെ എടിഎം തട്ടിപ്പുകള്‍ കുറയ്ക്കാന്‍ വേണ്ടിയിട്ടാണെന്നാണ് എജിഎസിന്റെ ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയ മഹേഷ് പട്ടേല്‍ പറയുന്നത്. നിലവില്‍ ഒരേ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് മാത്രം സമ്പൂര്‍ണ സ്പര്‍ശന രഹിത ഇടപാട് നടത്താനുള്ള സംവിധാനം ആയിട്ടുള്ളു. അടുത്ത ഘട്ടത്തില്‍ മാസ്റ്റര്‍കാര്‍ഡ് സേവനം ഉപയോഗിക്കുന്ന എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിലും ഈ സേവനം ഉപയോഗിക്കുന്ന സംവിധാനം കൊണ്ടുവരുമെന്നാണ് എജിഎസ് വാഗ്ദാനം ചെയ്യുന്നത്.
Post your comments