ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നവി മൂംബൈയിലെ 150 റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകള്‍ വിറ്റു. 330 കോടി രൂപയ്ക്കാണ് ഫ്ലാറ്റുകള്‍ വിറ്റിരിക്കുന്നത്. തങ്ങളുടെ കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്ലാറ്റുകള്‍ വിറ്റതെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രസാതവനയിലൂടെ അറിയിച്ചു.
നിലവില്‍ 39,894 കോടിരൂപയുടെ കടമുള്ള കമ്പനി അത് 10,000 കോടിയായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഫ്ലാറ്റ് വില്‍പ്പനയിലൂടെ ലഭിച്ച 330 കോടി രൂപയും കടബാധ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കും. തുകയുടെ പകുതിയിലേറെ ഇതിനോടകം ലഭ്യമായിട്ടുണ്ടെന്നും ബാക്കിതുക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി.
ഡല്‍ഹി കൊണാട്ട് പ്ലെയിസിലെ നാലേക്കറോളം ഭൂമി വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും കമ്പനി അറിയിച്ചു. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം ആദ്യം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെ മൊബൈല്‍ ടവറുകള്‍ ടില്‍മാന്‍ ഗ്ലോബല്‍ ഹോള്‍ഡിങ്സ് എല്‍എല്‍സി, ടിജിപി എഷ്യ എന്നിവയ്ക്ക് വില്‍ക്കാന്‍ കരാറായിരുന്നു. 30,000 കോടിരൂപയ്ക്കാണ് വില്‍പ്പന നടത്തിയിരിക്കുന്നത്.
Post your comments