എല്‍ഡിഎഫ് -98
യുഡിഫ് -41
എന്‍ഡിഎ -1 2020ലെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രവചിക്കപ്പെട്ട 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകുമോ എന്ന ചോദ്യം ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ കുഞ്ഞാലിക്കുട്ടിയും കെ മുരളീധരനും ഒക്കെ എംപി സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാനിറങ്ങിയാല്‍ തീര്‍ച്ചയായും ഭരണ തുടര്‍ച്ച ഉണ്ടാവും.
ഈ വാക്കുകള്‍ നിസ്സാരമായി തളളാനാവില്ല. എന്തെന്നാല്‍ ഇത്രയേറെ അഴിമതി ആരോപണങ്ങളും ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത തരത്തില്‍ ഡസണ്‍ കണക്കിന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും തുടര്‍ന്നുളള മാധ്യമചര്‍ച്ചകളും അതിജീവിച്ച് ഇടതുമുന്നണി നേടിയ രാഷ്ട്രീയവിജയത്തിന്റെ മാനങ്ങള്‍ പലതാണ്. പ്രതിസന്ധിയെ അവസരമാക്കി ഇടതുമുന്നണി നാല് കോര്‍പറേഷനുകളും പിടിച്ചപ്പോള്‍ യുഡിഎഫിന് പരമ്പരാഗത വോട്ടുബാങ്കുകള്‍ നഷ്ടപ്പെട്ടു. പ്രധാനമന്ത്രി തിരുവനന്തപുരത്തു വരുമ്പോള്‍ ബിജെപി മേയര്‍ അദ്ദേഹത്തെ സ്വീകരിക്കും എന്ന സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു.
യുഡിഎഫ് ഒരു കേസ് സ്റ്റഡി ആയി തന്നെ ഈ പരാജയം പഠിക്കണം. വീണ്ടും വീണ്ടും പഠിക്കണം. എങ്ങനെ അനുകൂല രാഷ്ട്രീയ സാഹചര്യം, സുവര്‍ണ്ണാവസരം നഷ്ടമായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയില്‍ ചക്കവീണ പോലെ എന്നും മുയല് ചാവില്ല എന്ന സത്യം തിരിച്ചറിയണം. അന്ന് ഇടതുമുന്നണി 19 ലോക്‌സഭാ സീറ്റ് താലത്തില്‍ വച്ച് നല്‍കിയപ്പോള്‍ തങ്ങളുടെ മികവ് കൊണ്ടാണ് ജയിച്ചത് എന്നു വിചാരിച്ചു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മൊത്തം തകര്‍ന്നടിഞ്ഞപ്പോള്‍കേരളത്തില്‍ മാത്രം എങ്ങനെ ജയിച്ചു. നവോത്ഥാനം ഇടതുമുന്നണിക്ക് തിരിച്ചടിച്ചതുകൊണ്ടാണ് യുഡിഎഫ് ജയിച്ചത്. Not on UDF's merit but on LDFs demerit എന്ന് ഒരു ഇംഗ്ലീഷ് പത്രം പറഞ്ഞത് എത്ര ശരിയാണെന്ന് 2020ലെ തദ്ദേശതിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.ബി.രാജേഷും ആലത്തൂരില്‍ പി.ബിജുവും ആറ്റിങ്ങലില്‍ എ.സമ്പത്തും പരാജയപ്പെടുമെന്ന്‌് യുഡിഎഫ് മാനേജര്‍മാര്‍ പോലും കരുതിയില്ല. ഉപദേശകരുടെ തെറ്റായ ഉപദേശം സ്വീകരിച്ച മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും വലിയ വില നല്‍കേണ്ടി വന്നതിനാലാണ് യുഡിഎഫിന് 19 എംപിമാര്‍ ഉണ്ടായത്. വനിതാമതില്‍ സിപിഎമ്മിന്റെ ആലപ്പുഴ എംപി എ.എം.ആരിഫിനെ ലോക്‌സഭയില്‍ ഏകാംഗമാക്കി. പക്ഷെ, കാണേണ്ട കാര്യം സിപിഎം തോല്‍വിയില്‍ നിന്ന് അതിവേഗം പാഠം ഉള്‍ക്കൊണ്ടു എന്നതാണ്. രണ്ട് വര്‍ഷം മുമ്പ് രാവിലെയും ഉച്ചയ്‌്‌ക്കും വൈകിട്ടും നവോത്ഥാനം എന്ന വാക്ക് ഉച്ചരിച്ചവര്‍ പിന്നീട് ആ വാക്ക് ഉച്ചരിച്ചില്ല. ഫലം യുഡിഎഫ് കോട്ടയായ പാലായും വട്ടിയൂര്‍ക്കാവും ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചു. സംഘടനാ സംവിധാനം ശക്തമാക്കി ഈ തിരുത്തല്‍ യുഡിഎഫ് കണ്ടുപഠിക്കണം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരാജയം വിജയമാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് യുഡിഎഫ് നേതാക്കള്‍ കൂലങ്കഷമായി ചിന്തിക്കണം, പ്രവര്‍ത്തിക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മുദ്രാവാക്യം കരുതലും വികസനവും കോവിഡ് കാലത്ത് നടപ്പാക്കി എല്‍ഡിഎഫ് കൈയടി നേടി. എന്നും ജാതിമത സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. മുന്നോക്ക സംവരണം സമവാക്യങ്ങള്‍ മാറ്റുന്നത് ഈ തിരഞ്ഞെടുപ്പില്‍ കണ്ടു. കോഴിക്കോടും ലീഗ് ശക്തികേന്ദ്രങ്ങളില്‍ ഇടതുമുന്നണി സ്വീകാര്യത നേടി. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെ തെക്കന്‍ കേരളം കോണ്‍ഗ്രസിന് ബാലികേറാമലയായി. എല്ലാ മതിവിഭാഗങ്ങള്‍ക്കും എല്‍ഡിഎഫ് ആണ് സുരക്ഷിതം എന്ന തോന്നല്‍ പരക്കെ ഉണ്ടായി. പരമ്പരാഗതമായി യുഡിഎഫിന് വോട്ടു ചെയ്‌തിരുന്നവര്‍ പോലും മാറി വോട്ടുചെയ്‌തിരിക്കുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പ്രമുഖ സമുദായങ്ങള്‍ അടവ് നയം പ്രയോഗിച്ചു തുടങ്ങി എന്ന് എം എം ഹസ്സന്മാര്‍ മനസ്സിലാക്കണം.
എല്‍ഡിഎഫ് പോലും തങ്ങള്‍ ഇത്ര വലിയ വിജയം നേടും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. വി എസ് അച്യുതാനന്ദന്‍ ഇല്ലാതെ തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയും എന്ന് സിപിഎം തെളിയിച്ചു. കോടിയേരിയുടെ പിന്‍മാറ്റവും പിണറായിയുടെ തന്ത്രപരമായ പിന്‍വലിയലും ഉള്‍പ്പെടെയുളള പരീക്ഷണങ്ങള്‍ ഫലം കണ്ടു. ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മറ്റികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഭരണവിരുദ്ധ വികാരം ഇല്ലാതായി. എല്‍ഡിഎഫ് മെഷിനറി എണ്ണയിട്ട യന്ത്രം പോലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ചപ്പോള്‍ യുഡിഎഫ് ഗ്രൂപ്പ് സമവാക്യങ്ങള്‍ തേടി അലഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള സഖ്യം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുംപോലെയായി.ബിജെപിയുടെ മുന്നേറ്റവും യുഡിഎഫിനെ ആണ് കൂടുതല്‍ ബാധിച്ചത്. ബിജെപി എത്ര സീറ്റില്‍ വിജയിച്ചു എന്നതിനെക്കാള്‍ എത്ര സീറ്റില്‍ രണ്ടാം സ്ഥാനത്ത് ത്തെി എന്നത് യുഡിഎഫിന് മാത്രമല്ല എല്‍ഡിഎഫിനും ഭീഷണിയാണ്. കിഴക്കമ്പലത്തും പരിസര പഞ്ചായത്തുകളും വിജയം വികസനം എന്ന ഒരു വിപ്ലവത്തിനേ പ്രസക്തി ഉളളൂ എന്ന് മൂന്ന് മുന്നണികള്‍ക്കും കാട്ടികൊടുക്കുന്നു.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവും ജോസ് കെ മാണിയുടെ മുന്നണിമാറ്റവും എല്‍ഡിഎഫിന്റെ തുറുപ്പുശീട്ട്.....
കുഞ്ഞാപ്പി തിരിച്ച് വരുന്നത് യുഡിഎഫിന് ആപ്പ് ആവുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ട്. പരസ്യമായി പറയുന്നില്ലെന്നേ ഉളളൂ. എംപിസ്ഥാനം ഉപേക്ഷിച്ച് കുഞ്ഞാലിക്കുട്ടി തിരിച്ചുവരുമ്പോള്‍ മിനിമം ലക്ഷ്യം ഉപമുഖ്യമന്ത്രിസ്ഥാനം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തീരുമാനമെടുക്കുന്നത് ലീഗ് ആണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കുറിക്ക്‌കൊണ്ടു. അതിനാല്‍ ലീഗിന് ഇനി തത്‌കാലം രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ നീങ്ങാന്‍ പറ്റില്ല. അദ്ദേഹം പ്രതിപക്ഷ നേതാവായി തുടരും, ഹരിപ്പാട് മത്സരിക്കും. മാരാരിക്കുളം ആവുമോ എന്ന് കണ്ടു തന്നെ അറിയണം.
കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നാല്‍ അത് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യംവച്ചാണ് എന്ന് ബിജെപിയും എല്‍ഡിഎഫും പ്രചാരണം നടത്തും. ഇപ്പോള്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി ബന്ധം എല്‍ഡിഎഫ് സജീവമായി ഉയര്‍ത്തിക്കഴിഞ്ഞു. ഇത് തെക്കന്‍-മധ്യ കേരളത്തില്‍ ചാലനങ്ങള്‍ ഉണ്ടാക്കും. യുഡിഎഫിന്റെ എത്ര ഘടകകക്ഷി നേതാക്കള്‍ ജയിച്ചു കയറും എന്നും കണ്ടറിയേണ്ടി വരും. ലീഗിന്റെ അപ്രമാദിത്വം കോണ്‍ഗ്രസിന് വിനയാകുമോ എന്ന ഭയം ഇരു ഗ്രൂപ്പുകാര്‍ക്കും ഉണ്ട്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടിയെ തിരിച്ചുവിളിക്കണമെന്ന ബുദ്ധി കുഞ്ഞാലിക്കുട്ടിയുടേതും ആണ് എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണ്ട എന്നാണ് ചാണ്ടി വിരുദ്ധര്‍ പറയുന്നത്.
ഉമ്മന്‍ ചാണ്ടി എന്നൊക്കെ അതിബുദ്ധി കാണിച്ചിട്ടുണ്ടോ അന്നൊക്കെ അത് വിപരീത ഫലം മാത്രമേ നല്‍കിയിട്ടുളളു എന്ന് എ ഗ്രൂപ്പിലെ തന്നെ ചാണ്ടി വിരുദ്ധര്‍ പറയുന്നു. വി.എം.സുധീരനെ ഒതുക്കാന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി, രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ആഭ്യന്തരമന്ത്രിയാക്കി, ലീഗിന്റെ പിന്തുണ ഉറപ്പിക്കാന്‍ അഞ്ചാംമന്ത്രിസ്ഥാനം നല്‍കി, എന്തിന് പി.ജെ.കുര്യനുളള രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കി. രമേശ് പിന്നെ ആഭ്യന്തരമന്ത്രിയായി, ബാറുകളെല്ലാം തുറന്നു, ബാര്‍ കോഴ യുഡിഎഫിനെ തോല്‍പിച്ചു, രാജ്യസഭ സീറ്റ് കിട്ടിയ കുഞ്ഞുമാണി മറുകണ്ടം ചാടുകയും ചെയ്‌തു. അതുപോലെ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ഫാക്ടര്‍ രമേശ് ചെന്നിത്തലയെ വീണ്ടും പ്രതിപക്ഷനേതാവ് ആക്കാനേ ഉപകരിക്കൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറഞ്ഞു തുടങ്ങഇ. ലീഡര്‍ കെ കരുണാകരന്‍ ഇപ്പോള്‍ എല്ലാം കണ്ട് ചിരിക്കുന്നുണ്ടാവും...
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കണക്ക് അനുസരിച്ച് യുഡിഎഫിന് കിട്ടിയ 48 സീറ്റില്‍ നിന്ന്‌ന 71 എന്ന് മാജിക് ഫിഗറില്‍ എത്തുക എന്നത് ലീഗുകാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി അന്തര്‍ധാര പുതിയ ഗ്രൂപ്പ് യുദ്ധത്തിന് കാരണവുമായേക്കാം. ലീഗ് കൊടുത്ത സീറ്റ് ചോദിച്ചാലും ഇടതുമുന്നണിയും ബിജെപിയും അത് മുതലെടുക്കും എന്ന കാര്യവും ഉറപ്പാണ്.
കേരള കോണ്‍ഗ്രഫ് മാണി വിഭാഗത്തിനെ തഴഞ്ഞത് യുഡിഎഫിന്റെ കാര്യത്തില്‍ വിനാശകാലേ വിപരീതബുദ്ധി എന്നു പറഞ്ഞപോലെയായി. ഇക്കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് അക്ഷന്തവ്യമായ വീഴ്‌ച പറ്റി. ജോസ് കെ മാണിയുടെ മുന്നണിമാറ്റം യുഡിഎഫിന് എത്ര നഷ്ടം ഉണ്ടാക്കുമെന്ന് 2021 മെയ് മാസത്തില്‍ അറിയാം. ലീഗിന്റെ അപ്രമാദിത്വം ക്രിസ്‌ത്യന്‍ സഭകളില്‍ ആശങ്ക സൃഷ്ടിച്ച കാലഘട്ടത്തില്‍ ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന് ഒരു കാറ്റലിസ്റ്റ് ആണ്. ഓര്‍ത്തഡോക്‌സ്-യാക്കോബ തര്‍ക്കങ്ങളില്‍ നഷ്ടം യുഡിഎഫിനും നേട്ടം സിപിഎമ്മിനും ബിജെപിക്കും ആണ്. മുന്നോക്ക സംവരണ കാര്യത്തില്‍ ലീഗിന്റെ നിലപാടും നായര്‍-ക്രിസ്‌ത്യന്‍ വോട്ട് ചോര്‍ച്ചയ്‌ക്കിടയാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അടിവരയിട്ട് പറയുന്നു.
മുന്നോക്കസംവരണ വിഷയത്തില്‍ എല്‍ഡിഎഫിന്റെ കൃത്യമായ നിലപാട് യുഡിഎഫിനെ വെട്ടിലാക്കുന്നുണ്ട്. നായര്‍-ക്രിസ്‌ത്യന്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ എല്‍ഡിഎഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആരംഭിച്ചുകഴിഞ്ഞു. ഏതു വിദഗ്‌ദ്ധന്‍ വന്നുനോക്കിയാലും കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി എല്‍ഡിഎഫിന് യഹലശൈിഴ ശി റശഴൌശലെ ആണ്. കുഞ്ഞാപ്പി ഫാക്ടറും കുഞ്ഞുമാണി ഫാക്ടറും എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അതിശയിക്കാനില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വര്‍ണ്ണക്കളളക്കടത്ത് വിവാദത്തില്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് തദ്ദേശതിരഞ്ഞെടുപ്പ് നടന്നത്. ശിവശങ്കരന്റെ അറസ്റ്റഅ, സ്വപ്‌നസുരേഷിന്റെ അറസ്റ്റ്, ലൈഫ് മിഷന്‍ അഴിമതി, ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് തുടങ്ങി നിരവധി പ്രശ്‌നങ്ങളുടെ നടുവിലും എല്‍ഡിഎഫ് തിളങ്ങുന്ന വിജയം നേടി. കാരണങ്ങള്‍ ചുവടെ:
കൊവിഡ്‌കാലത്തെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
ഭക്ഷ്യകിറ്റിന്റെ കൃത്യമായ വിതരണം
വ്യവസായ-കൃഷി വകുപ്പുകളുടെ സജീവ ഇടപെടലുകള്‍.
കോവിഡ്‌കാലത്തെ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളും ഡിജിറ്റല്‍ പഠനോപാധികളുടെ വിതരണവും.
കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യം, വിമതശല്യം, അനുയോജ്യരല്ലാത്ത സ്ഥാനാര്‍ത്ഥികള്‍, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം
ബിജെപിയുടെ വളര്‍ച്ച
എന്‍ഡിഎയെയും ഭാരതീയ ജനതാ പാര്‍ട്ടിയെയും സംബന്ധിച്ചാണെങ്കില്‍ തിരുവനന്തപുരംകോര്‍പറേഷന്‍ പോലും പിടിക്കാന്‍ കഴിയാത്തത് കേരളത്തിലെ വളര്‍ച്ചയ്‌ക്ക് തടസ്സമാണ്. നേമം സീറ്റ് നിലനിര്‍ത്താന്‍ തന്നെ ബിജെപി വരുന്ന തിരഞ്ഞെടുപ്പില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. പന്തളത്തെയും വര്‍ക്കലയിലെയും ബിജെപിയുടെ വിജയം എല്‍ഡിഎഫ് ശബരിമല പ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടിന്റെ തുടര്‍ചലനങ്ങളാണ് എന്നുവേണം കരുതാന്‍. ബിജെപിക്ക് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. കര്‍ഷക സമരവും പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലക്കയറ്റവും ബിജെപിക്ക് ആശങ്ക ഉയര്‍ത്തുന്നു. ലീഗിന് എതിരായ വോട്ടുകള്‍ എല്‍ഡിഎഫില്‍ എത്തുമോ എന്ന ആശങ്കയും ബിജെപി നേതാക്കള്‍ക്കുണ്ട്. ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സുരേന്ദ്ര-മുരളീധര വിഭാഗത്തിന് എതിരെ അടവ്‌നയം പ്രയോഗിച്ചാല്‍ വോട്ടുകള്‍ എല്‍ഡിഎഫ് പെട്ടിയില്‍ വീഴും.
ഇനിയും മൂന്ന് മാസം ഉണ്ട്. പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. ജനം വോട്ടുചെയ്യുന്നതാര്‍ക്കോ അവര്‍ ജയിക്കും.
വാല്‍ക്കഷണം
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ തിരുവനന്തപുരത്തുകാര്‍ക്ക്‌് കിട്ടി. പണ്ട് പൃഥ്വിരാജ് മലയാളസിനിമയെ വിളിച്ചത് ആസ്‌ട്രേലിയന്‍ ടീം പോലെ കിഴവന്മാര്‍ നിറഞ്ഞ ടീം എന്നാണ്.
യുഡിഎഫിന് യുവനേതാക്കളെ മുന്‍നിര്‍ത്തി മത്സരിച്ചു നോക്കാം. കെ.എസ് ശബരീനാഥ്, എം ലിജു, സി ആര്‍ മഹേഷ്, ഷാഫി പറമ്പില്‍, പി കെ ഫിറോസ് നീണ്ട നിര ഉണ്ടല്ലോ ആലത്തൂരില്‍ രമ്യ ഹരിദാസ് ജയിച്ച ചരിത്രം ഉണ്ടല്ലോ. മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍. അല്ലാതെ, രാഹുല്‍ നി വന്നതുകൊണ്ടൊന്നും രക്ഷയുണ്ടാവില്ല.
ബോക്‌സ്
യുഡിഫ് ശിഥിലീകരണം വേഗത്തിലാകും:എ വിജയരാഘവന്‍
തദ്ദേശതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട യുഡിഎഫ് ഇനിയും തകരുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുളള എ വിജയരാഘവന്‍.സംസ്ഥാനത്തെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കാന്‍ എല്ലാ അതിരും ലംഘിച്ച് കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ക്ക് ജനം ശക്തമായ മറുപടി നല്‍കി. കേരള കോണ്‍്‌ഗസ് എം വിട്ടുപോയപ്പോള്‍ ആരംഭിച്ച യുഡിഎഫ്‌ിന്റെ ശിഥിലീകരണം ഇനിയുളള നാളുകളില്‍ വേഗത്തിലാകും. ബിജെപിക്കും മുന്നേറാനായില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഒരു ഭാഗത്ത് ബിജെപിയുമായി വോട്ട് കച്ചവടം ഉറപ്പിച്ച യുഡിഎഫ്, മറുഭാഗത്ത് മുസ്ലിം മതധ്രുവീകരണം ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലീം ലീഗ് ഉണ്ടാക്കിയ സഖ്യം അംഗീകരിച്ചു. സംവരണ വിഷയമടക്കം സങ്കുചിത രാഷട്രീയനേട്ടത്തിനായി ലീഗ് ഉപയോഗിച്ചപ്പോള്‍ അവര്‍ക്ക് കീഴ്‌പ്പെട്ടുനിന്ന യുഡിഎഫും കോണ്‍ഗ്രസും അത് അംഗീകരിച്ചു. ലീഗിന്റെ തീവ്ര മതവത്‌ക്കരണ രാഷ്ട്രീയവും കോണ്‍ഗ്രസ് ഇപ്പോള്‍ തുടരുന്ന അവസരവാദസമീപനവും ജനം തളളിക്കളഞ്ഞതിന്റെ തെളിവാണ് തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം.
ബിജെപിയും കേന്ദ്രസര്‍്‌കകാരും തീവ്രഹിന്ദുവര്‍ഗീയത ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന അതിഭീകരമായ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നു. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ.ുളള നിലപാടുകള്‍ യുഡിഎഫിന് ഗുണകരമാകില്ല. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു. ഇവിടെ യുഡിഎഫിനു പിന്നില്‍ അണിനിരക്കുന്ന മതനിരപേക്ഷ വിശ്വാസികള്‍ ജനതാല്‌പര്യം സംരക്ഷിക്കുന്ന എല്‍ഡിഎഫിനൊപ്പം ചേരും. സാധാരണക്കാരന്റെ സാമൂഹ്യസാമ്പത്തിക സംരക്ഷണം, മതനിരപേക്ഷത, സര്‍വ്വതലസ്‌പര്‍ശിയായ വികനം എന്നിവ ഉറപ്പുവരുത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മാസങ്ങളായി നടക്കുന്ന കളളപ്രചാരണം വിലപ്പോയില്ല. കഴിഞ്ഞ കാലങ്ങളില്‍വച്ച് ഏറ്റവും മികച്ച ജനകീയ അംഗീകാരമാണ് എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ചത്.
തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും കോണ്‍ഗ്രസും ലീഗും ബിജെപിയും വലിയ ആക്രമണമാണ് സിപിഐ എമ്മിനെതിരെ കെട്ടഴിച്ചുവിട്ടത്. ആറ് സിപിഐഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. ഒടുവില്‍ കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ടു. എന്നാല്‍, ഇതിലൊന്നും തളരാതെ ജനതാല്‌പര്യം മുറുകെപ്പിടിച്ച് പാര്‍ടി ശക്തമായി മുന്നോട്ടുപോകുമെന്നും വിജയരാഘവന്‍ പറഞ്ഞു.
വിമോചന സമരം ഇനി സാധ്യമല്ല. ഇടതുപക്ഷത്തിന്റെ വോട്ട് ഭൂരിപക്ഷ, ന്യൂനപക്ഷ, മതപരിഗണനയിലല്ല. എല്ലാ വിഭാഗത്തിലെയും സാധാരണക്കാരും ഇടത്തരം വിഭാഗങ്ങളും ഒപ്പം നിന്നതിനാലാണ് എല്‍ഡിഎഫിന് ഇത്രയും വലിയ വിജയം ലഭിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന കമ്മിറ്റി സമഗ്രമായി വിശകലനം ചെയ്‌തു. ഉടന്‍ ജില്ലാ കമ്മിറ്റികള്‍ പേരും. 16, 17, 19 തീയതികളില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ഏരിയ കമ്മിറ്റികള്‍ ചേരും. ജനുവരി അവസാനത്തോടെ പൊതുരാഷ്ട്രീയ സ്ഥിതി താഴേത്തട്ടില്‍വരെ വിലയിരുത്തും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രാദേശികമായി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.
തുറന്നടിച്ച് മുല്ലപ്പള്ളി
ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള നീക്ക്‌പോക്ക് മുസ്ലിം ജനവിഭാഗത്തില്‍ വലിയൊരുവിഭാഗത്തെ യു ഡിഎഫിന് എതിരാക്കി. ക്രിസ്‌ത്യാനികളിലും അന്യതാബോധമുണ്ടാക്കി. ജമാഅത്തെ ബന്ധത്തെ എഐസിസി നിലപാട് ഉയര്‍ത്തിയാണ് താന്‍ എതിര്‍ത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ആവര്‍ത്തിക്കരുത്. ഇത്തരം ശക്തികളുമായി സൂക്ഷിച്ചുമാത്രമേ ഇടപെടൂ. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍നിന്ന് പറഞ്ഞുവിട്ടു എന്ന പ്രതീതിയുണ്ടായി. അതു കുറേക്കൂടി സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതംവയ്‌പ് അപകടകരമായ സ്ഥിതിയുണ്ടാക്കി. മോശം സ്ഥാനാര്‍ഥികള്‍ മുന്നണിയുടെ കഥകഴിക്കും എന്നതിന് ക്ലാസിക് ഉദാഹരണമാണ് തിരുവനന്തപുരം കോര്‍പറേഷനിലെയും ജില്ലയിലെയും സ്ഥാനാര്‍ഥി നിര്‍ണയം. ഗ്രൂപ്പ് നേതാക്കള്‍ പല സീറ്റുകളും വീതംവച്ചു.കെപിസിസി മാനദണ്ഡം മറന്നു. അവിടങ്ങളില്‍ പാര്‍ടി തോറ്റു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് തോറ്റു. ചില നേതാക്കള്‍ ജയിച്ചു.''
Post your comments