സാധാരണ സിനിമ കുടുംബത്തില്‍ നിന്നൊരു യുവനടി സിനിമയിലെത്തിയാല്‍ സിനിമ തന്നെയാകും അവരുടെ പ്രിയപ്പെട്ട ലോകം. എന്നാല്‍ തെന്നിന്ത്യന്‍ താരറാണിമാരായിരുന്ന അംബിക-രാധമാരുടെ കുടുംബത്തില്‍ നിന്ന് സിനിമയിലെത്തി തിളങ്ങിയ സഹോദരിമാരാകട്ടെ പഠനം ബിസിനസ് ഉപരിപഠനം എന്നിങ്ങനെ തിരക്കോടു തിരക്കിലാണ്. പ്രശസ്‌ത ചലച്ചിത്ര താരം രാധയുടെയും യുഡിഎസ് ഗ്രൂപ്പ് (ആര്‍ ആര്‍ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്)ഉടമ രാജശേഖരന്‍ നായരുടെയും മക്കളയാ കാര്‍ത്തിക നായരും തുളസി നായരുമാണ് ജീവിതത്തിലെ മറ്റ് ചില ലക്ഷ്യങ്ങള്‍ക്കായി സിനിമയില്‍ ഓഫറുകള്‍ വരവെ തന്നെ ബ്രേക്ക് എടുത്തത്. എല്ലാം അതിന്റേതായ സമയത്തുതന്നെ ചെയ്യണമെന്ന പക്ഷക്കാരിയാണ് രാധ-രാജശേഖരന്‍ നായര്‍ ദമ്പതികളുടെ മൂത്ത മകളായ കാര്‍ത്തിക നായര്‍. 1992 ജൂണില്‍ മുംബൈയില്‍ ജനിച്ച കാര്‍ത്തികയുടെ പ്രാഥമിക വിദ്യാഭ്യാസം മുംബൈ പോഡാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലായിരുന്നു. തുടര്‍ന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ബിസിസ്സില്‍ ഇന്റര്‍ നാഷണല്‍ ഡിഗ്രിയും യുഎസിലെ ഹൈ (HEY) ബിസിനസ് സ്‌കൂളില്‍ നിന്നും എംബിഎയും നേടി. പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് കാര്‍ത്തികയെ തേടി സിനിമ ഓഫറെത്തുന്നത്. അപ്രതീക്ഷിതമായി സിനിമയിലെത്തിയ കാര്‍ത്തിക പഠനവും സിനിമയും കൃത്യതയോടെ മുന്നോട്ടുകൊണ്ടുപോയി.ഇതിനൊപ്പം ഫാമിലി ബിസിനസിലെ തന്റെ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നു.
2009- ല്‍ തെലുങ്കു സിനിമയായ Josh -ല്‍ നാഗ ചൈതന്യയുടെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്കെത്തിയ കാര്‍ത്തിക നിലവില്‍ സിനിമയില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജോഷിലെ കാര്‍ത്തികയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. 2009ല്‍ തന്നെ തമിഴ് ചിത്രമായ Ko- യില്‍ അഭിനയിച്ചു. KO-യിലൂടെ മികച്ച സപ്പോര്‍ട്ടിംഗ് ആക്ട്രസിനുള്ള SIIMA അവാര്‍ഡിന് അര്‍ഹയായി. രാജാ രവിവര്‍മ്മയുടെ ജീവിതത്തെ ആസ്‌പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത മകരമഞ്ഞ് എന്ന സിനിമയില്‍ നായികാവേഷം ചെയ്‌തുകൊണ്ട് മലയാളത്തിലെത്തി. രാജാ രവിവര്‍മ്മയുടെ കാമുകി അഞ്‌ജ്ജലി ഭായിയായും, ദേവ സുന്ദരി ഉര്‍വ്വശിയായുമുള്ള കാര്‍ത്തികയുടെ അഭിനയം മികച്ച പുതുമുഖ നടിയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും, കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരത്തിനും അര്‍ഹമായി. 2013- ല്‍ മമ്മൂട്ടിയും ദിലീപും നായകരായി അഭിനയിച്ച കമ്മത്ത് & കമ്മത്ത് എന്ന ചിത്രത്തില്‍ കാര്‍ത്തിക ദിലീപിന്റെ നായികയായി അഭിനയിച്ചു. കാര്‍ത്തികയുടെ സിനിമ, ബിസിനസ്, കുടുംബവിശേഷങ്ങളിലൂടെ.....
സിനിമയില്‍ 11 വര്‍ഷങ്ങള്‍, എന്തു തോന്നുന്നു?
അത്രയും വര്‍ഷം ആയെന്ന് എനിക്ക് തോന്നുന്നേയില്ല. സാധാരണ എല്ലാവരും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തെത്തുക. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് എനിക്ക് സിനിമയിലേക്ക് ഓഫര്‍ വന്നത്. തെലുങ്കില്‍ നിന്നായിരുന്നു ഓഫര്‍.ഈ രംഗത്തെത്തണമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത സമയമാണത്. അമ്മയെക്കാള്‍ കൂടുതല്‍ അച്ഛനാണ് അന്ന് പിന്തുണ നല്‍കിയത്. കാരണം അച്ഛന് കലാരംഗത്തോടും ആ മേഖലയിലുളളവരോടും വളരെ ബഹുമാനമാണ്. അച്ഛന്‍ പറഞ്ഞു ഇങ്ങനെ ഒരു ഓഫര്‍ വന്നിട്ടുണ്ട്. നിനക്ക് കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയിക്കും എന്ന്. എനിക്കാണെങ്കില്‍ സിനിമാമേഖലയെ കുറിച്ച് ഒന്നുമറിയില്ല. അങ്ങനെ ജോഷ് എന്ന ചിത്രം ചെയ്‌തു. ഹൈദരാബാദില്‍ ചിത്രീകരണത്തിനെത്തുമ്പോഴാണ് ഇത്ര വലിയൊരു ഇന്‍ഡസ്‌ട്രിയാണെന്ന് മനസ്സിലാക്കുന്നത്.
അമ്മ രാധ തെന്നിന്ത്യന്‍ താരറാണിയായിരുന്നല്ലോ?
മുംബൈയിലായിരുന്നു എന്റെ കുട്ടിക്കാലം. അമ്മ വലിയ നടിയൊക്കെ ആയിരുന്നെങ്കിലും വിവാഹശേഷം അഭിനയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ കണ്ടുവളര്‍ന്നത് നല്ല വീട്ടമ്മയായ അമ്മയെയാണ്. കേരളത്തിലോ ചെന്നൈയിലോ വരുമ്പോള്‍ ജനങ്ങളുടെ സ്‌നേഹപ്രകടനങ്ങള്‍ കണ്ടാണ് അമ്മ സിനിമാതാരമായിരുന്നു എന്നുപോലും ഞങ്ങള്‍ മക്കള്‍ മനസ്സിലാക്കിയത്. അതുവരെ വീട്ടിലെ അമ്മയുടെ ആറ്റിറ്റിയൂഡില്‍ നിന്ന് അതൊരിക്കലും മനസ്സിലാക്കാനാവുമായിരുന്നില്ല. സാധാരണ അമ്മമാരെ പോലെ വളരെ സ്‌നേഹമയിയായ അമ്മ. പതിയെ പതിയെ മനസ്സിലായി 200ലേറെ സിനിമകളില്‍ അഭിനയിച്ച ഒരു താരറാണിയായിരുന്നു അമ്മയെന്ന്.
വിദ്യാഭ്യാസം
ബോംബെയിലെ ഒരു കോണ്‍വെന്റിലാണ് ഏഴ് വരെ പഠിച്ചത്. 8 മുതല്‍ 10 വരെ പൂനെയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് മാറി. പ്ലസ് ടു കഴിഞ്ഞാലുടന്‍ വിദേശത്തേക്ക് പഠനം പറിച്ചുനടണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, അപ്പോഴേക്കും സിനിമയില്‍ കൂടുതല്‍ ഓഫറുകള്‍ വന്നു. അതുകൊണ്ട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ അഫിലിയേറ്റഡ് കോളജില്‍ ചേര്‍ന്നു പഠിച്ചു.
മോഡലിംഗ് ചെയ്‌തിരുന്നോ?
ഇല്ല. ഞാനൊരു പുസ്‌തകപ്പുഴു ആയിരുന്നു. പഠിത്തമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല.
ജോഷിന് ശേഷം ചെയ്‌ത സിനിമ?
തമിഴില്‍ കോയും മലയാളത്തില്‍ മകരമഞ്ഞും ഏകദേശം ഒരേ സമയത്താണ് ചെയ്‌തത്. തുടരെ തുടരെ വിവിധ ഭാഷകളിലെ സിനിമകള്‍ എന്നത് വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു. മകരമഞ്ഞിന്റെ കാര്യം പറയുകയാണെങ്കില്‍ ലെനിന്‍രാജേന്ദ്രന്‍-സന്തോഷ്‌ശിവന്‍-മധുഅമ്പാട്ട് ടീമിന്റെ അപൂര്‍വ്വ കോമ്പിനേഷന്‍ ഉളള ചിത്രമായിരുന്നു.ഈ ജീനിയസ്സുകളെ കുറിച്ചൊക്കെ ഞാന്‍ കൂടുതല്‍ അറിയുന്നത് സെറ്റില്‍വച്ചാണ്.
മലയാളത്തില്‍ തുടരെ ചിത്രങ്ങള്‍ കിട്ടിയല്ലോ?
അതെ, അത് പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. ഒരു മാനേജരോ ഒന്നുമില്ലാതെ, ഒട്ടും പ്ലാന്‍ ചെയ്യാതെ വന്ന ഓഫറുകളില്‍ നല്ല കഥയുളള സിനിമകള്‍ മാത്രമാണ് ചെയ്‌തത്. ഭാഗ്യത്തിന് ചെയ്‌ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നൊന്നും എനിക്കുണ്ടായിരുന്നില്ല. വര്‍ഷത്തില്‍ ഒരു ചിത്രമായാലും അത് നല്ല ചിത്രമായിരിക്കണം എന്നേ കരുതിയുളളു. ഇപ്പോഴാണ് ഞാന്‍ സിനിമയിലേക്ക് വന്നതെങ്കില്‍ നന്നായി പ്ലാന്‍ ചെയ്‌ത് വന്നേനെ.
അമ്മ സെറ്റില്‍ വരുമായിരുന്നോ?
ഇല്ല അമ്മയ്‌ക്ക് സിനിമ ഇന്‍ഡസ്‌ട്രിയെ വളരെ വിശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ വിദേശത്ത് ഷൂട്ടിംഗിന്നപോയപ്പോള്‍ പോലും വന്നിട്ടില്ല. എനിക്കും ഷൂട്ടിംഗ് സെറ്റുകളെല്ലാം ഒരു ഫാമിലി എന്ന പോലെ സുരക്ഷിതമായി തോന്നി.
ആദ്യവിദേശ ചിത്രീകരണം?
ജോഷിന് വേണ്ടി സ്വിറ്റ്‌സര്‍ലന്റായിരുന്നു ആദ്യ വിദേശ ഷൂട്ടിംഗ് ലൊക്കേഷന്‍. കോയിലെ ഗാനരംഗം നോര്‍വേയിലാണ് ചിത്രീകരിച്ചത്.
കമ്മത്ത് ആന്‍ഡ് കമ്മത്ത് കഴിഞ്ഞ് ഒരു ബ്രേക്ക് വന്നല്ലോ?
അതങ്ങനെയല്ല. മലയാളത്തില്‍ പ്രൊജക്ടുകളൊന്നും ചെയ്‌തില്ലെന്നേ ഉളളൂ. കാരണം തെലുങ്ക്, കന്നട ചിത്രങ്ങളും ഹിന്ദിയില്‍ വലിയൊരു സിരീസും ചെയ്‌തുവരികയായിരുന്നു. അവസാനം ചെയ്‌തത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി.വിജയേന്ദ്രപ്രസാദ് സാറിന്റെ ഹിന്ദി പരമ്പരയാണ്. ആദ്യം അത് സിനിമയായി എടുക്കാനാണ് തീരുമാനിച്ചത്. പക്ഷേ വളരെ സങ്കീര്‍ണ്ണമായ സ്‌്‌ക്രിപ്‌റ്റായതിനാല്‍ പരമ്പരയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്റ്റാര്‍ പ്ലസിലാണ് ഈ സിരീസ് സംപ്രേഷണം ചെയ്‌തത്.
കൊവിഡ് കാലത്തെ അനുഭവം?
വിദേശത്ത് എംബിഎ പഠനം കഴിഞ്ഞ് 2020 ജനുവരിയിലാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. 2019-20 സമയത്ത് ഞങ്ങള്‍ മൂന്നുപേരും വിദേശത്ത് മാസ്റ്റേഴ്‌സ് ചെയ്യാന്‍ പോയി. വിഘ്‌നേശ് സ്വിറ്റ്‌സര്‍ലന്റിലും ഞാന്‍ യുഎസിലും തുളസി യുകെയിലുമാണ് മാസ്‌റ്റേഴ്‌സ് ചെയ്‌തത്. അമേരിക്കയിലെ ഹൈ (HEY) ബിസിനസ് സ്‌കൂളിലാണ് ഞാന്‍ എംബിഎ ചെയ്‌തത്. ജനുവരിയില്‍ മൂന്നുപേരും ഇന്ത്യയില്‍ തിരിച്ചെത്തി കഴിഞ്ഞ് തായ്‌ലന്‍ഡിലേക്ക് ഒരു ഫാമിലി ടൂര്‍ പോയി.അതുകഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയാണ് കൊവിഡ് ലോക്‌ഡൗണ്‍ വന്നത്. വിഘ്‌നേശ് അപ്പോഴേക്കും ദുബായിലേക്ക് പോയിരുന്നു. എന്തായാലും ഞാനും തുളസിയും നാട്ടിലുണ്ടായിരുന്നു. അല്ലാതെ ഞങ്ങള്‍ മൂന്നുപേരും ലോകത്തിന്റെ മൂന്നുഭാഗത്തായിരുന്നെങ്കില്‍ വിഷമിച്ചേനെ.
വിവാഹം?
വിവാഹമൊക്കെ നടക്കേണ്ട സമയത്ത് നടക്കും. അതിനെ കുറിച്ചൊന്നും പുതിയ തലമുറ തലപുകയ്‌ക്കാറില്ലല്ലോ.അതുപോലെ വിവാഹത്തിനുവേണ്ടി കരിയറോ പഠനമോ മാറ്റിവയ്‌ക്കുകയുമില്ല.
അച്ഛന്റെ ബിസിനസില്‍ സഹായിക്കാറുണ്ടോ?
ആര്‍ ആര്‍ ഹോളിഡേ ഹോംസിന്റെ ഡയറക്ടര്‍മാരിലൊരാളാണ് ഞാന്‍. പിന്നെ കൊവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ടൂറിസം, ഹോട്ടല്‍ മേഖലയായിരുന്നല്ലോ. പ്രതിസന്ധിഘട്ടത്തില്‍ നമുക്ക് ജീവനക്കാരെ ഒപ്പം നിര്‍ത്തണം. ആ സമയത്ത് ഞാനുള്‍പ്പെടെ കുടുംബത്തില്‍ എല്ലാവരും ബിസിനസില്‍ അച്ഛനൊപ്പം നിന്നു. ഉദയസമുദ്ര നഗരമധ്യത്തില്‍ പുതിയ കണ്‍വെന്‍ഷന്‍ സെന്റര്‍ തുറന്ന ഉടനെയാണ് ലോക്‌ഡൗണൊക്കെ വന്നത്. ഇപ്പോഴും യുഡിഎസ് ഗ്രൂപ്പ് പുതിയ പുതിയ പ്രൊജക്ടുകളെ പറ്റി ആലോചിച്ചുവരികയാണ്. ഏത് പുതിയ സംരംഭം തുടങ്ങുമ്പോഴും കേരളത്തിന്റെ പുരോഗതിയും വികസനവുമാണ് യുഡിഎസ് ഗ്രൂപ്പിന്റെ ലക്ഷ്യം. അത്തരത്തില്‍ സംസ്ഥാനത്തിന് ഗുണംചെയ്യുന്ന പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപനത്തെകുറിച്ച് ചിന്തിക്കുന്നു. പിന്നെ സ്‌ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട സംരംഭങ്ങളെ പറ്റി ഞാന്‍ പ്രത്യേകമായി ആലോചിച്ചുവരുന്നുണ്ട്.
യാത്രകള്‍?
ധാരാളം യാത്ര ചെയ്‌തിട്ടുണ്ട്. ലോകത്തെ മിക്കവാറും എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചു. കാരണം അച്ഛന്‍ എത്ര തിരക്കായാലും വര്‍ഷത്തില്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്യും. അങ്ങനെ കുട്ടിക്കാലം മുതലേ മിക്കവാറും എല്ലായിടവും സന്ദര്‍ശിച്ചു. ഇനി ഇന്ത്യ മുഴുവന്‍ ചുറ്റിക്കാണണമെന്നാണ് ആഗ്രഹം. ലോകം മുഴുവന്‍ കണ്ടിട്ട് സ്വന്തം നാടൊന്ന് ചുറ്റിക്കണ്ടില്ല എന്നു പറയുന്നത് ശരിയല്ലല്ലോ.
കാര്‍ത്തിക ഉള്‍പ്പെടെ പുതിയ തലമുറ ബിസിനസിലേക്ക് വരുമ്പോള്‍ ബിസിനസ് കേരളത്തിനു പുറത്തേക്കും ടൂറിസത്തിന് പുറമെ പുതുമേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടോ?
തീര്‍ച്ചയായും. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ വിദ്യാഭ്യാസം, സത്രീശാക്തീകരണം തുടങ്ങി സമൂഹത്തിന് പ്രയോജനപ്രദമായ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹം. അതെ കുറിച്ച് പിന്നീട് വിശദമായി പറയാം.
അധികം അഭിമുഖങ്ങളിലൊന്നും കാണാനില്ലല്ലോ?
പഠനം, ബിസിനസ്, സിനിമ അങ്ങനെ തിരക്കാണ്. വാസ്‌തവത്തില്‍ ഞാന്‍ ആദ്യമായി കൊടുക്കുന്ന അഭിമുഖമാണിത്.
അമ്മയും വലിയമ്മയും മുന്‍കാല താരറാണിമാര്‍, അച്ഛന്‍ ബിസിനസ് പ്രമുഖന്‍, കാര്‍ത്തികയും തുളസിയും പുതുതലമുറ നടിമാര്‍
അങ്ങനെ വീട്ടിലെല്ലാവരും സെലിബ്രിറ്റികളാണല്ലോ?
പക്ഷേ, അതൊരിക്കലും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. ഞങ്ങളുടേത് ഒരു ലവ്‌ലി ഫാമിലിയാണ്. വീട്ടിലെല്ലാവരും സാധാരണക്കാരാണ്. അംബിക വലിയമ്മയാണ് സിനിമ ഇന്‍ഡസ്‌ട്രിയില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്നത്. ഇപ്പോള്‍ ചെന്നൈയിലാണ്. മക്കളൊക്കെ യുഎസിലാണ്.
നടി, ബിസിനസ് വുമണ്‍ എന്നീ നിലകളില്‍ സജീവമാണല്ലോ. സ്‌ത്രീകളോട് പറയാനുളളത്.
തീര്‍ച്ചയായും സ്‌്ത്രീകള്‍ ഒരേ സമയം വിവിധരംഗങ്ങളില്‍ ശോഭിക്കാന്‍ കഴിവുളളവരാണ്. ഒരു മേഖലയില്‍ തന്നെ ഒതുങ്ങിപ്പോകരുത്. ബിസിനസ് മാത്രം.അല്ലെങ്കില്‍ സിനിമ മാത്രം എന്ന ചിന്ത വേണ്ട. ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. ഞാന്‍ സിനിമ ചെയ്യുന്നതിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയി. അപ്പോള്‍ ചിലര്‍ പറഞ്ഞു, സിനിമയില്‍ ഓഫറുളളപ്പോള്‍ അത് ചെയ്‌തിട്ട് പിന്നീട് പഠിച്ചാല്‍ പോരേ എന്ന്. വിദൂരവിദ്യാഭ്യാസമാകാമല്ലോ എന്ന നിര്‍ദ്ദേശവും വന്നു. പക്ഷേ, എനിക്ക് ക്യാമ്പസ് എക്‌സ്‌പീരിയന്‍സ് വേണമെന്നത് നിര്‍ബന്ധമായിരുന്നു. അങ്ങനെ പഠനം തുടര്‍ന്നു.
Post your comments