ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകന്‍ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. കോടീശ്വരനായ അദ്ദേഹം ചൈനീസ് സര്‍ക്കാരിന്റെ അപ്രീതിക്കുപാത്രമായതിനെതുടര്‍ന്ന് നിരവധി ഊഹോപോഹങ്ങള്‍ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്. ഗ്രാമീണ അധ്യാപകര്‍ക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഷാങ്ഹായിലെ ഒരുപരിപാടിയില്‍ ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക്ക് മായ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബക്കുനേരെയും അന്വേഷണംനീണ്ടു. ജാക്ക് മായെ ഏറെക്കാലം പൊതുവേദിയില്‍ കാണാതായതോടെയാണ് അഭ്യൂഹംപരന്നത്.
വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജാക് മാ ധരിച്ചിരുന്ന വസ്ത്രം കറുത്തനിറത്തിലുള്ളതായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ കടുത്തനിയന്ത്രണം അദ്ദേഹത്തിന്റെമേലുണ്ടെന്ന സൂചനയായാണ് ഇതിനെ ലോകംവിലയിരുത്തുന്നത്. മുഖം മ്ലാനവുമായിരുന്നു. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെതുടര്‍ന്ന് കഴിഞ്ഞ നവംബര്‍മുതലാണ് ജാക് മാ പൊതുവേദിയില്‍നിന്ന് അകന്നത്. അദ്ദേഹത്തിന്റെതന്നെ ടാലന്റ് ഷോയായ ആഫ്രിക്കാസ് ബിസിനസ് ഹീറോസ് -ന്റെ ഫൈനല്‍ എപ്പിസോഡില്‍ ജൂറിയായി എത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ജാക് മായുടെ 'അപ്രത്യക്ഷമാകല്‍' ലോകം ശ്രദ്ധിച്ചത്.
Post your comments