പുതുവർഷം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ലോകത്തിലെ പുതിയ അതിസമ്പന്നരുടെ പട്ടികയില്‍ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വൻ തിരിച്ചടി. മുകേഷ് അംബാനി ആദ്യ പത്തിൽ പോലും ഇടംനേടിയില്ല.
ഈ വർഷം ആദ്യം ബ്ലൂംബെർഗ് പുറത്തുവിട്ട ശതകോടീശ്വരൻമാരുടെ പട്ടികയിൽ നാലാം സ്ഥാനം നേടിയ അദ്ദേഹം വർഷാവസാനം ആകുമ്പോഴേക്കും പട്ടികയിൽനിന്ന് പുറത്തായി.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ചതിന് ശേഷമാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യവും മൊത്തം ആസ്തിയും ഇടിഞ്ഞത്. എക്കാലത്തെയും ഉയർന്ന നിരക്കായ 2,369.35 രൂപയിൽ നിന്ന് 16 ശതമാനമാനം നഷ്ടത്തിലേക്കാണ് റിലയൻസിന്റെ ഓഹരിവില കൂപ്പുക്കുത്തിയത്.
നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നനായ പതിനൊന്നാമത്തെ വ്യക്തിയാണ് മുകേഷ് അംബാനി. ആമസോൺ തലവൻ ജെഫ് ബെസോസ് തന്നെയാണ് പട്ടികയിൽ ഇപ്പോഴും ഒന്നാമതുള്ളത്. 186 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.160 ബില്യൺ ഡോളർ ആസ്തിയുമായി ടെസ്‌ല സിഇഒ ഇലോൺ മസ്ക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
ബ്ലൂംബെർഗ് റാങ്കിംഗ് അനുസരിച്ച് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി 76.5 ബില്യൺ ഡോളർ (5.63 ലക്ഷം കോടി രൂപ) ആണ്. ഈ വർഷം ആദ്യം ഇത് 90 ബില്യൺ ഡോളർ (6.62 ലക്ഷം കോടി രൂപ) ആയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം ഇടിഞ്ഞതാണ് അംബാനിയുടെ ആസ്തിയിൽ വ്യത്യാസം വരാൻ കാരണം.
Post your comments