Global block

bissplus@gmail.com

Global Menu

പാചകം, പ്രകൃതി, യാത്ര ലക്ഷ്‌മിനായര്‍ റോക്ക്‌സ്‌

 

ദമയന്തിയെ തിരികെ ലഭിക്കാന്‍ പാചകക്കാരനായ നളനാണ്‌ ഹിന്ദു പുരാണപ്രകാരം പാചകത്തിന്റെ രാജാവ്‌. വല്ലപ്പോഴും പാചകം ചെയ്യുന്ന പുരുഷന്മാരുടെ പാചകം നന്നാണെങ്കില്‍ നളപാകമെന്ന്‌ പുകഴ്‌ത്താറുമുണ്ട്‌. എന്താ പുരാണത്തില്‍ നന്നായി പാചകം ചെയ്യുന്ന സ്‌ത്രീജനങ്ങളൊന്നുമില്ലായിരുന്നോ? അല്ല അങ്ങനെ ഒരു പേരും ഉയര്‍ന്നുകേട്ടില്ല. പാചകത്തിന്റെ റാണിയായോ ദേവതയായോ ഒരു പുരാണകഥാപാത്രത്തിന്റെയും പേര്‌ ഉദ്ധരിച്ചുകാണുന്നുമില്ല. എന്നാല്‍, മലയാളിയെ സംബന്ധിച്ച്‌ അവര്‍ക്ക്‌ ലോകത്തിന്‌ മുന്നില്‍ അഭിമാനത്തോടെ വയ്‌ക്കാന്‍ ഒരു പാചകറാണിയുണ്ട്‌-ലളിതമായ രുചിവിസ്‌മയങ്ങള്‍ തീര്‍ത്ത്‌ ആഗോളമലയാളിയെ കൊതിപ്പിക്കുന്ന ഡോ.ലക്ഷ്‌മി നായര്‍. പാചകത്തെ പ്രത്യേകിച്ചും കേരളത്തിന്റെ തനത്‌ രുചികളെ ജനകീയമാക്കുന്നതില്‍ ലക്ഷ്‌മിനായരോളം യത്‌നിച്ച മറ്റൊരാളില്ല. മാജിക്‌ ഓവന്‍ എന്ന ചാനല്‍ പരിപാടിയിലൂടെ 20 വര്‍ഷം മുമ്പ്‌ മലയാളിയുടെ സ്വീകരണമുറികളിലെത്തിയ, അവരുടെ ഹൃദയം കവര്‍ന്ന, അടുക്കളകളെ സജീവമാക്കിയ ലക്ഷ്‌മി നായര്‍ പിന്നീട്‌ ഫ്‌ളേവേഴ്‌സ്‌ ഓഫ്‌ ഇന്ത്യ എന്ന പരിപാടിയിലൂടെ തന്റെ രണ്ട്‌ പാഷനുകള്‍ യാത്രയും പാചകവും അവതരിപ്പിച്ച്‌്‌ രംഗത്തെത്തി. ആ പരിപാടിയിലൂടെ നാം പറഞ്ഞുകേട്ടിരുന്ന, വായിച്ചറിഞ്ഞിരുന്ന നിരവധി വിഭവങ്ങളുടെ തനത്‌ ചേരുവകളും പാചകവിധിയും അവര്‍ നമുക്ക്‌ പരിചയപ്പെടുത്തി. ആ പരിപാടിയിലൂടെ ആഹാരം ഭൂമിയുടെ അതിരുകള്‍ ഭേദിച്ചു.ഇപ്പോഴിതാ #ഘമസവൊശചമശൃഢഹീഴ െഎന്ന വ്‌ളോഗിലൂടെ ലക്ഷ്‌മിനായര്‍ ലൈവായി നമുക്ക്‌ മുന്നിലുണ്ട്‌. ചക്കയുടെ ഗുണഗണങ്ങളും രുചിഭേദങ്ങളുമായി ലക്ഷ്‌മി മുന്നിലെത്തിയപ്പോള്‍ കാഴ്‌ചയ്‌ക്ക്‌ വികൃതമെന്ന്‌ അധിക്ഷേപിച്ച വിദേശമാധ്യമം പോലും മൂക്കത്തുകൈവച്ചുകാണും. ലക്ഷ്‌മി നായരുടെ വ്‌ളോഗ്‌ 10 ലക്ഷം ഫോളോവേഴ്‌സ്‌ പൂര്‍ത്തിയാക്കി മുന്നോട്ടുകുതിക്കുന്ന സാഹചര്യത്തില്‍ ബിസിനസ്‌ പ്ലസ്‌ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌.....

1.ലക്ഷ്‌മി നായരുടെ വേ്‌ളാഗ്‌ ഇത്രയും വമ്പന്‍ ഹിറ്റാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നോ?

അങ്ങനെയൊരു പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പ്രത്യേകിച്ച്‌ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. എന്റെ ബെസ്റ്റ്‌ നല്‍കും അത്രയേ ഉളളൂ. എന്റെ ഒരിഷ്ടം. അതിനുവേണ്ടി തുടങ്ങിയതാണ്‌. ഏത്‌ കാര്യവും നന്നായി ചെയ്യണം എന്നത്‌ എനിക്ക്‌ നിര്‍ബന്ധമുണ്ട്‌. അത്‌ ആളുകളിലെത്തണം. അതല്ലാതെ വേ്‌ളാഗ്‌ ഹിറ്റാവണം എന്ന മുന്‍ധാരണയോടെ ഒന്നും ചെയ്‌തിട്ടില്ല.

2.വ്‌ളോഗിലേക്ക്‌
യുട്യൂബ്‌ എന്നത്‌ ഞാന്‍ നേരത്തെ അത്ര ഗൗരവമായെടുത്തിരുന്നില്ല. കാരണം കോളേജിലെ ജോലിയും ചാനലിനുവേണ്ടിയുളള ഷൂട്ടിംഗ്‌ യാത്രകളും വീട്ടുകാര്യങ്ങളും മറ്റുമായി തിരക്കിലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡെപ്യൂട്ടേഷനിലാണ്‌. അപ്പോള്‍ പഴയതുപോലെ ഹെക്ടിക്‌ അല്ല. അങ്ങനെ ഫ്രീയായപ്പോഴാണ്‌ യുട്യൂബിലെ സാധ്യതകളെ കുറിച്ച്‌ ഗൗരവമായി ചിന്തിച്ചത്‌. ചാനലിലെ ഷോ താലപര്യമുളള എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍ പുനഃസംപ്രേക്ഷണത്തിനായി കാത്തിരിക്കണം. മാത്രമല്ല ഞാന്‍ നോക്കുമ്പോള്‍ പഴയ എപ്പിസോഡുകള്‍ ചാനലുകാര്‍ തന്നെ യുട്യൂബിലിട്ടപ്പോള്‍ ഹിറ്റാവുന്നു. മാത്രമല്ല ചെറിയ ചെറിയ പാചകവിധികളുമായി നിരവധി യുട്യൂബ്‌ ചാനലുകള്‍ക്ക്‌ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിക്കുന്നു. പലതിലും എന്റെ പഴയ പാചകവിധികള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചിരിക്കുകയാണ്‌. ഞാനാണെങ്കില്‍ 20 വര്‍ഷമായി ഈ രംഗത്തുണ്ട്‌. മാത്രമല്ല യുട്യൂബില്‍ ഉടന്‍ തന്നെ പ്രതികരണവും അറിയാം. തുടര്‍ന്നാണ്‌ ഞാനും സ്വന്തമായൊരു വേ്‌ളാഗ്‌ തുടങ്ങാന്‍ തീരുമാനിച്ചത്‌. 2019 ഏപ്രിലിലാണ്‌ ആദ്യ യുട്യൂബ്‌ അപ്‌ ലോഡ്‌ വരുന്നത്‌. കൃത്യം ഒന്നര വര്‍ഷമായപ്പോള്‍ 10 ലക്ഷം ഫോളോവേഴ്‌സ്‌ ആയി.

LakshmiNairVlog എന്നാണ്‌ വ്‌ളോഗിന്റെ പേര്‌. ആദ്യം ആറ്‌ ഒരു മിനിട്ട വീഡിയോകളാണ്‌ അപ്‌ ലോഡ്‌ ചെയ്‌തത്‌. തേങ്ങ അരക്കാത്ത മത്തിക്കറി, തേങ്ങയരച്ച മീന്‍കറി, തോരന്‍, മാങ്ങ അച്ചാര്‍, രസം, കൊഴുക്കട്ട എന്നിവ. അത്‌ വിജയിച്ചതോടെ പിന്നീട്‌ വ്യത്യസ്‌തമായ ഒരു ആശയം വേണമെന്നു തോന്നി. അപ്പോഴാണ്‌ ഒരു പ്രമുഖ ഇംഗ്ലീഷ്‌ പത്രത്തില്‍ നമ്മുടെ സംസ്ഥാനഫലമായ ചക്കയെ കാഴ്‌ചക്ക്‌ വികൃതമായ, വല്ലാത്ത മണമുളള, കൃഷിചെയ്യപ്പെടാത്ത ഫലം എന്ന രീതിയില്‍ പ്രയോഗിച്ചു കണ്ടത്‌. അതോടെ ചക്കയെ കുറിച്ചാകാം അടുത്ത വീഡിയോ എന്ന്‌ തീരുമാനിച്ചു. ചക്ക വൃത്തിയാക്കുന്നത്‌ പലര്‍ക്കും ബുദ്ധിമുട്ടാണ്‌. അതു കാരണമാണ്‌ പലരും പറമ്പിലെ ചക്കയെ മൈന്‍ഡ്‌ ചെയ്യാത്തതും. അതോടെ ചക്ക എളുപ്പത്തില്‍ വൃത്തിയാക്കുന്ന വീഡിയോ ഇട്ടു. പിന്നീട്‌ ചക്കയുടെ ഗുണഗണങ്ങളും ഇടിച്ചക്ക മുതല്‍ പഴുത്ത ചക്കവരെ എങ്ങനെ രുചികരമായ വിഭവങ്ങളാക്കാമെന്നും പല വീഡിയോകളിലായി അപ്‌ ലോഡ്‌ ചെയ്‌തു. അങ്ങനെ ആരോഗ്യകരമായ വിഭവങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്ന രീതിയാണ്‌ വ്‌ളോഗിലൂടെ പങ്കുവയ്‌ക്കുന്നത്‌. അത്‌ ജനം സ്വീകരിച്ചു.

3. കോവിഡ്‌ കാലത്ത്‌ ലക്ഷ്‌മി നായരുടെ റെസിപ്പികള്‍ക്കായി കാത്തിരുന്നവരേറെയാണ്‌. അതെക്കുറിച്ച്‌ പറയാമോ?

കോവിഡ്‌ കാലത്ത്‌ എല്ലാവരും വെറുതെയിരിക്കുന്നു. വീട്ടില്‍ പാചകം ചെയ്യുക എന്നത്‌ ഘട്ടത്തില്‍ ഒഴിവാക്കാനാവില്ല. കടകളെല്ലാം തുറക്കാത്തതിനാല്‍ പല സാധനങ്ങളുടെയും ലഭ്യതക്കുറവും ഉണ്ട്‌. സര്‍ക്കാര്‍ ധാന്യവര്‍ഗ്ഗങ്ങളും പയറുവര്‍ഗ്ഗങ്ങളും ഒക്കെ പൊതുവിതരണസംവിധാനം വഴി നല്‍കുന്നുണ്ടായിരുന്നു. ആ കാലഘട്ടത്തിന്റെ പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണം ഒരുക്കുക എന്നതായിരുന്നു എന്റെ ആശയം. വളരെ സാധാരണക്കാരായവര്‍ക്കും വീട്ടില്‍ അപ്പോള്‍ ലഭ്യമായ സാധനങ്ങള്‍ കൊണ്ട്‌ ചെയ്യാവുന്ന ഏറ്റവും മിനിമലിസ്‌റ്റിക്‌ ആയ കുക്കിംഗ്‌ ആണ്‌ ആ ഘട്ടത്തില്‍ ഞാന്‍ വേ്‌ളാഗിലൂടെ പങ്കുവെച്ചത്‌. ചോറും രണ്ടു കറികളും ഉള്‍പ്പെട്ട കോംബോയാണ്‌ അവതരിപ്പിച്ചത്‌.ലളിതവും പ്രോട്ടീന്‍ സമ്പുഷ്ടവുമായിരുന്നു അന്ന്‌ പങ്കുവെച്ച വിഭവങ്ങള്‍. എനിക്കു കിട്ടുന്ന സാധനങ്ങള്‍ വച്ചുളള വിഭവങ്ങളാണ്‌ ചെയ്‌തത്‌. ഉദാഹരണത്തിന്‌ ചേന സാമ്പാര്‍. പരിപ്പിന്‌ പകരം ചേന വേവിച്ച്‌ ഉടച്ചാണ്‌ ആ സാമ്പാര്‍ തയ്യാറാക്കിയത്‌. ലോക്‌ഡൗണ്‍ കാലത്ത്‌ മത്സ്യം കിട്ടുമായിരുന്നില്ല. ആ സമയത്ത്‌ കത്തിരിക്ക മീന്‍പോലെ ഫ്രൈ ചെയ്യുന്നതും മുട്ട അവിയലും പുളിക്ക്‌ പകരം ചെറുനാരങ്ങ ഉപയോഗിച്ചുളള രസവും ഒക്കെ അവതരിപ്പിച്ചു. നാരങ്ങയില്‍ വൈറ്റമിന്‍ സി ഉണ്ട്‌, അതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. അത്തരത്തില്‍ കാലഘട്ടത്തിന്‌ യോജിച്ച ഈസിയായി ചെയ്യാന്‍ കഴിയുന്ന വിഭവങ്ങളാണ്‌ അവതരിപ്പിച്ചത്‌. അതുകൊണ്ടുതന്നെ ആളുകള്‍ക്കും സന്തോഷമായി. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ മോട്ടിവേറ്റ്‌ ചെയ്യുക, അവരില്‍ പോസിറ്റീവ്‌ എനര്‍ജി നിറയ്‌ക്കുക-അതായിരുന്നു ലക്ഷ്യം.

4.അധ്യാപിക, അവതാരക, പാചകവിദഗ്‌ദ്ധ, യാത്രാവിവരണം, ഒടുവിലിതാ വേ്‌ളാഗര്‍ എന്ന നിലയിലും ഹിറ്റ്‌. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേ ഉളളു. ഇതില്‍ ഏറ്റവും ആസ്വദിക്കുന്നത്‌?
ഓരോന്നിനും അതിന്റേതായ പ്രത്യേകതയുണ്ട്‌. ഓരോ ജോലിക്കും വെവ്വേറെ മൂഡാണ്‌. അധ്യാപനം ആദരണീയമായ ഒരു പ്രൊഫഷനാണ്‌.വിദ്യാര്‍ത്ഥികള്‍ ഒരു അധ്യാപകനെ അല്ലെങ്കില്‍ അധ്യാപികയെ സംബന്ധിച്ച്‌ ആജീവനാന്ത സമ്പാദ്യമാണ്‌. വിദ്യയുമതേ. അതിന്റെ ഒരു തലം വേറെയാണ്‌. നഴ്‌സറിയില്‍ പഠിപ്പിക്കുന്ന ടീച്ചറായാല്‍ പോലും അവരെ കുട്ടികള്‍ ഒരിക്കലും മറക്കില്ല. അധ്യാപിക എന്നത്‌ എന്റെ പഠനവുമായി ബന്ധപ്പെട്ട്‌ നേടിയ ജോലിയാണ്‌. അത്‌ ആ തലത്തില്‍ ഞാന്‍ ആസ്വദിച്ചു.

പാചകവും യാത്രയും എന്റെ പാഷനാണ്‌. പ്രകൃതിസൗന്ദര്യം എന്റെ ദൗര്‍ബല്യമാണ്‌. ഓരോ സ്ഥലത്തെയും സംസ്‌്‌കാരവും ഭൂപ്രകൃതിയുമെല്ലാം എന്നെ ആകര്‍ഷിക്കുന്നു. കാടിന്റെ നിശബ്ദസൗന്ദര്യവും കൃഷിയിടങ്ങളുടെ ഭംഗിയുമെല്ലാം ഞാന്‍ ആസ്വദിക്കുന്നു. വെറുതെ യാത്ര ചെയ്യുന്നതിനു പകരം അതിനെ പാചകവുമായി കണക്ടുചെയ്‌തു എന്നതാണ്‌ സത്യം. യാത്രയ്‌ക്കിടയില്‍ അതതുസ്ഥലത്തെ തനത്‌ വിഭവങ്ങള്‍ കണ്ടെത്തി അവയുടെ രുചിക്കൂട്ട്‌ പഠിച്ചെടുത്ത്‌ പരീക്ഷിച്ചു അത്‌ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. നേരത്തേ ഇത്തരം വിഭവങ്ങളെ കുറിച്ച വായിച്ചറിഞ്ഞ പരിചയമേയുളളു. നേരില്‍ കണ്ട്‌ മനസ്സിലാക്കുമ്പോഴത്‌ വേറെ ഒരു തലത്തിലേക്കെത്തിക്കുന്നു. ഉദാഹരണമായി ലക്ഷദ്വീപില്‍ അവിടത്തെ സാധാരണക്കാരുടെ വീട്ടില്‍ പോയപ്പോഴാണ്‌ അവരുടെ റിയല്‍ ടേസ്‌റ്റ്‌ അറിയാന്‍ കഴിഞ്ഞത്‌. വ്യത്യസ്‌തമായ പലഹാരങ്ങളും മറ്റും നേരില്‍ കണ്ടാസ്വദിച്ചു. ഇത്തരം അനുഭവങ്ങള്‍ നമ്മളില്‍ ഊര്‍ജ്ജം നിറയ്‌ക്കും.

പാചകവിധികള്‍ പരിചയപ്പെടുത്തുമ്പോള്‍ വീണ്ടും ഒരു അധ്യാപികയുടെ റോളാണ്‌. കുക്കിംഗ്‌ അറിയാത്ത നിരവധി പേരുണ്ട്‌. എന്നാല്‍ ഞാന്‍ ഈ രംഗത്തേക്ക്‌ വന്നതിനു ശേഷം നിരവധി പേരെ മോട്ടിവേറ്റ്‌ ചെയ്യാനായി എന്ന്‌ കരുതുന്നു. എന്റെ തുടക്കകാലത്ത്‌ പാചകം അറിയില്ല എന്നു പറയുന്നതായിരുന്നു ഫാഷന്‍. വിദ്യാസമ്പന്നയായ, അധ്യാപികയായ ഞാന്‍ ഈ രംഗത്തുവന്നു. അത്യാവശ്യം പ്രശസ്‌തയായി. അംഗീകരിക്കപ്പെടുന്നു. ഇതൊക്കെ കണ്ടപ്പോള്‍ ആളുകളുടെ ചിന്താഗതി മാറി. മാത്രമല്ല ഡ്രസിംഗ്‌, ആക്‌സസറീസ്‌, പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍ തുടങ്ങിവയിലൂടെ ഞാന്‍ കുറച്ചു ഗ്ലാമര്‍ പാചകകലയിലേക്ക്‌ ആഡ്‌ ചെയ്യുകയും ചെയ്‌തു. അതോടെ കുക്കിംഗ്‌ ഫാഷനബിളായി. പലരും അതൊരു വരുമാനമാര്‍ഗ്ഗമാക്കി വളര്‍ത്തിയെടുത്തു.

5.പാചകകലയിലേക്ക്‌ എത്തിയതെങ്ങനെയാണ്‌?
പ്രത്യേകിച്ച്‌ ഒരു കാരണവുമില്ല. അത്‌ എന്റെ ചെറുപ്പകാലം മുതലുളള പാഷനാണ്‌. പടംവരയ്‌ക്കാന്‍ കഴിവുളളയാള്‍ കടലാസും പേനയും കിട്ടിയാല്‍ വരയ്‌ക്കും. അതുപോലെ തന്നെയാണ്‌ പാചകവും. ആറാം ക്ലാസ്‌ മുതല്‍ തന്നെ ഞാന്‍ അടുക്കളയിലൊക്കെ ചുറ്റിക്കറങ്ങും. എന്തെങ്കിലും കഴിക്കുമ്പോള്‍ അത്‌ എങ്ങനെയാണ്‌ ഉണ്ടാക്കിയത്‌ എന്നറിയാനുളള ആകാംക്ഷയുണ്ടായിരുന്നു. പിന്നെ പതിയെ പതിയെ അതൊക്കെ കണ്ടുപഠിച്ചു. മീന്‍വെട്ടുന്നതൊക്കെ ഞാന്‍ അങ്ങനെ കണ്ടുപഠിച്ചതാണ്‌. പിന്നെ പതിയെ പതിയെ പാചകം ചെയ്‌തു തുടങ്ങി. ആറാം ക്ലാസ്‌ കഴിഞ്ഞപ്പോള്‍ തന്നെ ചെറിയ രീതിയില്‍ കുക്കിംഗ്‌ തുടങ്ങി. പത്താംക്ലാസിലൊക്കെ പഠിക്കുമ്പോള്‍ എന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കൊക്കെ കൂട്ടുകാരെ ക്ഷണിക്കുകയും അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കുകയും ചെയ്‌തു. സെന്റ്‌ തെരേസാസില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ ഹോസ്‌റ്റലില്‍ നില്‍ക്കേണ്ടിവന്നു. വീക്കെന്‍ഡുകളില്‍ വീട്ടില്‍ വന്നിട്ടു മടങ്ങുമ്പോള്‍ കൂട്ടുകാരൊക്കെ പലതരം ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരും. എന്റെ അമ്മ പാചകത്തില്‍ അത്ര സമര്‍ത്ഥയൊന്നുമല്ല. ജോലിക്കാരൊക്കെ ഉണ്ടാക്കിത്തരുമെങ്കിലും അത്ര പോര. ഒടുവില്‍ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാനായി ഞാന്‍ തന്നെ എനിക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുപോകും. എന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ പലഹാരങ്ങളൊക്കെ ഉണ്ടാക്കിയത്‌ ഞാന്‍ തന്നെയാണ്‌.

6. കുടുംബം
തിരുവനന്തപുരം ലോ അക്കാഡമിയുടെ സ്ഥാപക ഡയറക്ടറായ ഡോ.എന്‍. നാരായണന്‍നായരാണ്‌ പിതാവ്‌. അമ്മ പരേതയായ പൊന്നമ്മ നാരായണന്‍ നായർ  ഭര്‍ത്താവ്‌ നായര്‍ അജയ്‌ കൃഷ്‌ണന്‍ എന്നാണ്‌ എന്റെ ഭര്‍ത്താവിന്റെ പേര്‌. അഭിഭാഷകനാണ്‌.പുള്ളി പൂനെയിലാണ്‌ ഡിഗ്രി ചെയ്‌തത്‌. നോര്‍ത്ത്‌ ഇന്ത്യയിലോക്കെ പഠിക്കുമ്പോള്‍ അവിടെ സര്‍ നെയിം ആണ്‌ പേരിന്‌ മുന്‍പില്‍ ഇടുക. മൂത്ത മകള്‍ പാര്‍വതി, ഭര്‍ത്താവ്‌ അശ്വിനൊപ്പം യുകെയില്‍ താമസിക്കുന്നു. ഞാനൊരു മുത്തശിയാണ്‌. കൊച്ചു മകന്റെ പേര്‌ ആയുഷ്‌. തിരുവനന്തപുരത്ത്‌ ഞങ്ങള്‍ക്കൊപ്പം മകന്‍ വിഷ്‌ണുവും ഭാര്യ അനുരാധയുമുണ്ട്‌.

7.കുടുംബത്തിന്റെ പിന്തുണ
കുടുംബത്തിന്റെ പിന്തുണ എന്നുമുണ്ട്‌. അച്ഛനും അമ്മയും എന്നെ പിന്തുണച്ചു. അതുപോലെ വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും കുടുംബവും പിന്നീട്‌ മക്കളും മരുമക്കളും എല്ലാം പിന്തുണച്ചു.അവരുടെ പിന്തുണ ഇല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാനാവില്ല. എനിക്കിഷ്ടമുളള കാര്യങ്ങള്‍ ചെയ്യാം. അതിലൊന്നും ആരും ഇടപെടില്ല.

8. ചാനല്‍ ഷോകളില്‍ നിന്നുളളതിനേക്കാള്‍ ആളുകളുമായി കൂടുതല്‍ അടുക്കാന്‍ വേ്‌ളാഗിലൂടെ സാധിച്ചെന്നു പറഞ്ഞാല്‍, യോജിക്കുന്നോ?
ഉവ്വ്‌ തീര്‍ച്ചയായും. ചാനല്‍ പ്രോഗ്രാമിന്‌ ലഭിക്കുന്ന പ്രതികരണങ്ങള്‍ അത്‌ നല്ലതായാലും ചീത്തയായാലും നമ്മള്‍ അറിയുന്നില്ല. അത്‌ ചാനലിന്റെ ഇന്‍ബോക്‌സില്‍ അങ്ങനെ തന്നെ വര്‍ഷങ്ങളോളം കിടക്കും. ഇവിടെ അതല്ല പ്രതികരണം ലൈവ്‌ ആണ്‌. മോശമായവ നമുക്ക്‌ അപ്പോള്‍ തന്നെ നീക്കാം. അതുമല്ല ഇപ്പോള്‍ ആളുകള്‍ കൂടുതലും ടിവിക്ക്‌ മുമ്പിലല്ല മൊബൈല്‍ ഫോണിലാണ്‌. അതുകൊണ്ടുതന്നെ വ്‌ളോഗിലൂടെ കുടുതല്‍ ആളുകളുമായി സംവദിക്കാനായി.

9.വിവാഹകാലത്തെ കുറിച്ചുളള വാര്‍ത്തകള്‍ കോവിഡ്‌ കാലത്ത്‌ ഹിറ്റായല്ലോ. പഠനകാലത്തെയും വിവാഹത്തെയും കുറിച്ച്‌ പറയാമോ?

പലരും നേരത്തേ തന്നെ എന്റെ ലൈഫ്‌ സ്റ്റോറി പറയണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. കോവിഡ്‌ കാലത്ത്‌ അത്‌ രസകരമായി അവതരിപ്പിച്ചു.വിവാഹവും മറ്റ്‌ വിശേഷങ്ങളുമൊക്കെ പറഞ്ഞു. വിവാദങ്ങളൊക്കെ ഒഴിവാക്കി. പലതവണ ചര്‍ച്ചചെയ്‌തു മുഷിഞ്ഞ കാര്യങ്ങള്‍ പറയേണ്ട കാര്യമില്ല. ഞാന്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുമോ എന്ന്‌ കാതോര്‍ത്തിരുന്നവരുമുണ്ട്‌, പക്ഷേ വിവാദകാലത്തുപോലും ഞാന്‍ പ്രതികരിച്ചിട്ടില്ല. ഇനിയും അതുണ്ടാവില്ല.

10. സിനിമാ നടികളെക്കാള്‍ ആരാധകരുണ്ടല്ലോ? ആരാധകരായ സിനിമാക്കാരും ഏറെ?

ആരു പറഞ്ഞു( തുടര്‍ന്ന്‌ പ്രശസ്‌തമായ ആ ചിരി).100 പേര്‍ ചീത്ത പറയുമ്പോള്‍ പതിനായിരം പേര്‍ നല്ലതുപറയുന്നു. വ്‌ളോഗൊക്കെ തുടങ്ങിയ ശേഷമാണ്‌ അത്തരം ലൈവ്‌ പ്രതികരണങ്ങള്‍ നമ്മളറിയുന്നത്‌. ഇപ്പോള്‍ കോളേജ്‌ വിവാദം തന്നെ എടുത്താലും 1200 കുട്ടികള്‍ പഠിക്കുന്ന കോളജിലെ 100 വിദ്യാര്‍ത്ഥികള്‍ മാത്രമാണ്‌ പ്രതിഷേധവുമായെത്തിയത്‌. ബാക്കിയുളളവര്‍ വീട്ടിലിരിക്കുകയാണ്‌. പക്ഷേ 1200 പേരും എനിക്കെതിരാണ്‌ എന്ന രീതിയിലാണ്‌ വാര്‍ത്ത പ്രചരിച്ചത്‌. Empty boxes raise more voice എന്നു പറഞ്ഞതുപോലെ നെഗറ്റീവായിട്ടുളള ശബ്ദം ഉറക്കെ കേട്ടു. പോസിറ്റീവായിട്ടുളള ശബ്ദം ആരും കേട്ടില്ല. ഒരു കണക്കിന്‌ അങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ട്‌ എനിക്ക്‌ സമയം കിട്ടി വ്‌ളോഗ്‌ തുടങ്ങാന്‍ പറ്റി.

11. രുചിഭേദങ്ങള്‍ തേടിയുളള ചാനല്‍ യാത്ര പുനരാരംഭിച്ചോ?
ഫ്‌ളേവേഴ്‌സ്‌ ഓഫ്‌ ഇന്ത്യചാനല്‍ യാത്ര കോവിഡിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌. അതിനുപകരം ഞാന്‍ തുടങ്ങിയ ലക്ഷ്‌മി നായര്‍ ഫുഡ്‌ ആന്‌ഡ്‌ ട്രാവല്‍ എന്ന യുട്യൂബ്‌ ചാനല്‍ തുടങ്ങി. അതില്‍ രണ്ടാമത്തെത്‌ ലോഞ്ച്‌ ചെയ്‌തത്‌ ഒക്ടോബര്‍ അവസാനവാരമാണ്‌. എവിടെപോയാലും സ്ഥലഭംഗി കാണുമ്പോള്‍ അവിടെ സ്ഥലം വാങ്ങണമെന്ന്‌ കരുതി അന്വേഷിക്കും വീണ്ടും വീണ്ടും പോകും. പക്ഷേ വാങ്ങില്ല. ബോബി പറയും ഉളള സ്ഥലത്തുതന്നെ പോയി നില്‍ക്കാന്‍ സമയമില്ല പിന്നെന്തിനാ എന്ന്‌. വാങ്ങാനൊന്നുമല്ല. ഞാന്‍ വെറുതെ ഒരാഗ്രഹം കൊണ്ട്‌ പറയുന്നതാണ്‌.

12. ലക്ഷ്‌മി നായര്‍ക്ക്‌ ശേഷം കുടുംബത്തില്‍ നിന്ന്‌ പാചകകലയില്‍ പിന്‍ഗാമി?
പാചകകലയില്‍ ഇനി എന്റെ കൊച്ചുമക്കളാരെങ്കിലും വന്നാലേ ഉളളൂ. മകള്‍ക്ക്‌ ഇതിനോടൊന്നും വലിയ താല്‌പര്യമില്ല. അവള്‍ വേറൊരു പ്രൊഫഷനാണല്ലോ.

13 സൗന്ദര്യരഹസ്യം
വലിയ രഹസ്യമൊന്നുമില്ല. അതൊക്കെ മാതാപിതാക്കളില്‍ നിന്ന്‌ ലഭിക്കുന്നത്‌ാണ്‌. വംശപാരമ്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ അതൊക്കെ. അമ്മ സുന്ദരിയായിരുന്നു. അച്ഛന്റെ കുടുംബത്തില്‍ ആര്‍ക്കും അത്ര പ്രായം മതിക്കില്ല. അച്ഛന്‌ 94 വയസ്സായി. ഇപ്പോഴാണ്‌ പ്രായം മതിക്കുന്നത്‌. മുമ്പൊക്കെ അദ്ദേഹത്തെ കണ്ടാല്‍ പ്രായം മതിക്കില്ലായിരുന്നു.

 സ്‌ത്രീകള്‍ മാത്രമല്ല ലക്ഷ്‌മിനായരുടെ പാചകവിധികളുടെ ആരാധകര്‍. ലക്ഷ്‌മിനായരുടെ പാചകവിധികള്‍ പരീക്ഷിച്ച്‌ പാചകകലയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട പുരുഷകേസരികളും ഏറെയാണ്‌. പാചകവുമായി ബന്ധപ്പെട്ട്‌ ലക്ഷ്‌മി നായര്‍ അഞ്ച്‌ പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. പാചകത്തിനും യാത്ര യുട്യൂബിലൂടെ മോട്ടിവേഷന്‍ ടിപ്‌സും സൗന്ദര്യ-ആരോഗ്യപരിപാലന ടിപ്‌സും പങ്കുവയ്‌ക്കുന്നുണ്ട്‌. തൊടുന്നതെല്ലാം പൊന്നാക്കുന്ന ലക്ഷ്‌മി നായര്‍ മലയാളിക്ക്‌ ചുറ്റും പോസിറ്റീവ്‌ ഊര്‍ജ്ജം ചൊരിഞ്ഞുകൊണ്ട്‌ ഈ പ്രതിസന്ധികാലത്തും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ്‌. അതെ ഡോ.ലക്ഷ്‌മി നായര്‍ റോക്ക്‌സ്‌......

ഹൈലൈറ്റ്‌

ലക്ഷ്‌മി നായരുടെ യാത്ര യുട്യൂബിലും ഹിറ്റ്‌
യാത്രകള്‍ ഇഷ്ടപ്പെടുന്ന ലക്ഷ്‌മി നായര്‍ തന്റെ യാത്രകളും സന്ദര്‍ശിച്ച സ്ഥലങ്ങളിലെ തനത്‌ വിഭവങ്ങളും പങ്കുവയ്‌ക്കുന്ന യുട്യൂബ്‌ ചാനലിനും ആരാധകരേറെയാണ്‌. കൂര്‍ഗിലെ നീര്‍ദോശ, ലക്ഷദ്വീപിലെ മത്സ്യവിഭവങ്ങള്‍ തുടങ്ങി താന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെയെല്ലാം പ്രകൃതിഭംഗിയും രുചിപ്പെരുമയും വിവരിക്കുന്ന യുട്യൂബ്‌ ചാനല്‍ വേറിട്ട ഒരു അനുഭവമാണ്‌. ഓരോ പ്രദേശത്തെ ഭക്ഷണവും അവിടത്തെ ഭൂപ്രകൃതിയുമായും സംസ്‌കാരവുമായും ഇഴചേര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ എത്‌നിക്‌ വിഭവങ്ങളുമായെത്തുന്ന ലക്ഷ്‌മിനായരെ ആകാംക്ഷയോടെയാണ്‌ കാത്തിരിക്കുകയാണ്‌ ആരാധകര്‍. സിനിമാരംഗത്തും ലക്ഷ്‌മി നായരുടെ പാചകവിധികള്‍ക്ക്‌ ആരാധകരേറെയാണ്‌.

ഹൈലൈറ്റ്‌
ആറാം ക്ലാസ്‌ കഴിഞ്ഞപ്പോള്‍ തന്നെ ചെറിയ രീതിയില്‍ കുക്കിംഗ്‌ തുടങ്ങി. പത്താംക്ലാസിലൊക്കെ പഠിക്കുമ്പോള്‍ എന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കൊക്കെ കൂട്ടുകാരെ ക്ഷണിക്കുകയും അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കുകയും ചെയ്‌തു.ഹോസ്‌റ്റലിലായിരിക്കുമ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കാനായി ഞാന്‍ തന്നെ എനിക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുപോകും. എന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ പലഹാരങ്ങളൊക്കെ ഉണ്ടാക്കിയത്‌ ഞാന്‍ തന്നെയാണ്‌.

ഹൈലൈറ്റ്‌ 3
ചക്ക വൃത്തിയാക്കുന്നത്‌ പലര്‍ക്കും ബുദ്ധിമുട്ടാണ്‌. അതു കാരണമാണ്‌ പലരും പറമ്പിലെ ചക്കയെ മൈന്‍ഡ്‌ ചെയ്യാത്തതും. അതോടെ ചക്ക എളുപ്പത്തില്‍ വൃത്തിയാക്കുന്ന വീഡിയോ ഇട്ടു. പിന്നീട്‌ ചക്കയുടെ ഗുണഗണങ്ങളും ഇടിച്ചക്ക മുതല്‍ പഴുത്ത ചക്കവരെ എങ്ങനെ രുചികരമായ വിഭവങ്ങളാക്കാമെന്നും പല വീഡിയോകളിലായി അപ്‌ ലോഡ്‌ ചെയ്‌തു. അങ്ങനെ ആരോഗ്യകരമായ വിഭവങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്ന രീതിയാണ്‌ വ്‌ളോഗിലൂടെ പങ്കുവയ്‌ക്കുന്നത്‌. അത്‌ ജനം സ്വീകരിച്ചു.

Post your comments