കോവിഡ് ആഘാതത്തെ അതിജീവിച്ച് അടുത്ത വർഷം ഇന്ത്യ 7.9 ശതമാനം വളർച്ച നേടുമെന്ന് രാജ്യാന്തര നാണ്യനിധി( ഐഎംഎഫ്) യുടെ വേൾഡ് ഇക്കണോമിക് റിപ്പോർട്ടിൽ പറയുന്നു. 1.9 ശതമാനം വളർച്ച മാത്രമാവും ഈ വർഷം രേഖപ്പെടുത്തുക. 1991ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനം കൂടിയാണിത്. 5.8 ശതമാനം വളർച്ച നേടുമെന്ന് ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ചൈനയ്ക്ക് 1.2 ശതമാനം വളർച്ച ഉണ്ടാവും. അടുത്ത വർഷം ചൈന 9.2 ശതമാനം വളർച്ച കൈവരിക്കും. കോവിഡ് 19 പടർന്നു പിടിച്ചതിനു ശേഷം സാമ്പത്തിക രംഗത്തെ ചലനങ്ങൾ വിലയിരുത്തി ഐഎംഎഫ് തയാറാക്കിയ റിപ്പോർട്ടാണിത്.
നൂറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത സാമ്പത്തിക മാന്ദ്യത്തെയാവും രാജ്യങ്ങൾ നേരിടേണ്ടി വരിക. കോവിഡ് ബാധ തുടർന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു. ആഗോള സാമ്പത്തിക വളർച്ച ഈ വർഷം 3 ശതമാനമായി ചുരുങ്ങും. അടുത്ത വർഷം 5.8 ശതമാനം വളർച്ച നേടാം. എന്നാൽ എല്ലാം കോവിഡ് വ്യാപനത്തിന്റെ തോതിനെ ആശ്രയിച്ചാവും. ആഗോള സാമ്പത്തിക രംഗം രണ്ട് വർഷം കൊണ്ട് നേരിടുന്നത് 9 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകുമെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് പറയുന്നു.
ലോക്ഡൗൺ പോലുള്ള നിയന്ത്രണ സംവിധാനങ്ങളിലൂടെ പ്രവർത്തി ദിവസങ്ങളിൽ 8 ശതമാനം നഷ്ടമാണ് ഉണ്ടാകുന്നത്. വളർച്ചയിൽ യുഎസ് ആകും കനത്ത തിരിച്ചടി നേരിടുക. വളർച്ച 5.9 ശതമാനമായി ചുരുങ്ങുമെന്ന് കണക്കാക്കുന്നു. തൊഴിലില്ലായ്മ 10.4 ശതമാനമാകും.യൂറോപ്യൻ രാജ്യങ്ങളുടെ വളർച്ച 7.5 ശതമാനമായും വികസിത രാജ്യങ്ങളുടെ വളർച്ച7.5 ശതമാനമായും വികസിത രാജ്യങ്ങളുടെ വളർച്ച 6.1 ശതമാനമായും ചുരുങ്ങും.
പല രാജ്യങ്ങളുടെയും സാമ്പത്തിക ഘടനയിലും കോവിഡ് സ്വാധീനം ചെലുത്തിത്തുടങ്ങി. സാമ്പത്തിക മാന്ദ്യം മറികടക്കാൻ വൻ പാക്കേജുകളാണ് സർക്കാരുകൾ പ്രഖ്യാപിക്കുന്നത്. ഒരു ട്രില്യൻ ഡോളറിന്റെ ഉത്തേജക പാക്കേജാണ് ജപ്പാൻ പ്രഖ്യാപിച്ചത്, ജിഡിപിയുടെ 20 ശതമാനം. ജിഡിപിയുടെ 17 ശതമാനം വരുന്ന ഉത്തേജന പാക്കേജ് യുകെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചു. ജിഡിപിയുടെ 11 ശതമാനം വരുന്ന 2.3 ട്രില്യൻ ഡോളറിന്റെ പാക്കേജ് യുഎസും പ്രഖ്യാപിച്ചു. ഇതുകൊണ്ടും പോരന്നുവന്നാൽ പണത്തിന്റെ ലഭ്യത കൂടുതൽ ഉറപ്പാക്കാൻ രാജ്യങ്ങൾ നിർബന്ധിതമാകും. ഇത് രാജ്യങ്ങളുടെ സമ്പദ് ഘടനയെ ആകെ മാറ്റിമറിയ്ക്കുമെന്നും ഐഎംഎഫ് പറയുന്നു. ചരക്ക്, സേവന മേഖലകളിലെ ആഗോള വ്യാപാര ഇടിവ് 11 ശതമാനമാകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
Post your comments