ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാരിന്റെ എല്ലാ തരം വരുമാനങ്ങളും കുത്തനെ താഴേക്ക്. ഇൗ സാമ്പത്തിക വർഷം നികുതി വരുമാനത്തിൽ 30% വർധന പ്രതീക്ഷിച്ച സർക്കാരിന് തുടക്കത്തിലെ കിട്ടിയ ഇൗ തിരിച്ചടി സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ ഗുരുതര നിലയിലെത്തിക്കും. ലോക്ഡൗൺ കാലാവധി കഴിഞ്ഞാലും ധനസ്ഥിതിമെച്ചപ്പെടാൻ മാസങ്ങളെടുക്കും. കഴിഞ്ഞ മാസം 25 മുതൽ സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടതുമൂലം വരുമാനത്തിൽ 75 ശതമാനമെങ്കിലും കുറവുണ്ടാകും.
പ്രതിമാസം 1000 കോടി രൂപയാണ് മദ്യവരുമാനം. ബാറുകളും ബവ്റിജസ് ഷോപ്പുകളും അടച്ചിട്ടതുമൂലം ഇതിനകം തന്നെ 300 കോടിയുടെ കുറവുണ്ടായി.രണ്ടാഴ്ചകൂടി അടച്ചിടുന്നതോടെ 500 കോടി കൂടി നഷ്ടപ്പെടും. ലോട്ടറി നറുക്കെടുപ്പ് ഉപേക്ഷിച്ചതുവഴി 600 കോടിയാണ് വരുമാന നഷ്ടം.
ചരിത്രത്തിലില്ലാത്ത വരുമാന നഷ്ടം കോവിഡ് കാരണമുണ്ടാകുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. വ്യാപാര മേഖലയിൽ നിന്ന് ഒരു മാസത്തേക്ക് നികുതി കിട്ടില്ലെന്ന് ഉറപ്പായി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. മിക്ക അവശ്യ സാധനങ്ങൾക്കു മേലും നികുതി ഇല്ലാത്തതിനാൽ ആ വഴിക്കു നികുതി കിട്ടില്ല. ശരാശരി 1800 കോടി രൂപ ജിഎസ്ടി ഇനത്തിൽ പ്രതിമാസം കിട്ടേണ്ടിടത്ത് കഴിഞ്ഞ മാസം കിട്ടിയത് 1450 കോടി മാത്രം. 350 കോടി രൂപ ഈ വഴിക്കു നഷ്ടം.
ചോരാതെ ലഭിക്കുന്ന ഇന്ധന നികുതി വരുമാനം വാഹനങ്ങൾ ഓടാത്തതിനാൽ 90 ശതമാനമെങ്കിലും ഇടിയും. സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 450 കോടിയാണ് 2019 മാർച്ചിൽ ലഭിച്ചത്. ഈ മാർച്ചിൽ ഇത് 235 കോടിയായി കുറഞ്ഞു. ആകെ നഷ്ടം 215 കോടി. കഴിഞ്ഞ 25 മുതൽ സബ് റജിസ്ട്രാർ ഓഫിസുകൾ അടച്ചിട്ടതാണ് ഈ ഇടിവിനു കാരണം. അതേസമയം, സാമ്പത്തിക വർഷത്തിന്റെ അവസാനം വാഹന റജിസ്ട്രേഷൻ വർധിച്ചതിനാൽ മോട്ടർ വാഹന വകുപ്പിന് മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെ മാത്രം 10 കോടി ലഭിച്ചു.
ട്രഷറി നിയന്ത്രണത്തിലൂടെ പിടിച്ചു വച്ച പണം കൊണ്ടാണ് സർക്കാർ ഈ മാസത്തെ ശമ്പളവും പെൻഷനും നൽകുന്നത്. 7000 കോടി രൂപ വായ്പയെടുക്കാൻ അനുമതി ആവശ്യപ്പെട്ട സർക്കാരിന് കേന്ദ്രം 6000 കോടിക്ക് അനുമതി നൽകിയിട്ടുണ്ട്. ഇൗ മാസം തന്നെ വീണ്ടും കടമെടുത്താലെ സ്കോളർഷിപ്, റബർ സബ്സിഡി അടക്കം കൊടുത്തു തീർക്കാൻ കഴിയൂ.
മാർച്ചിലെ നഷ്ടക്കണക്ക്
ജിഎസ്ടി – 350 കോടി ∙
മദ്യം – 300 കോടി ∙
ലോട്ടറി – 600 കോടി ∙
ഭൂമി റജിസ്ട്രേഷൻ – 215 കോടി
Post your comments