കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോട് ലോകം വിട്ടുവീഴ്ചയില്ലാതെ പോരാടുന്നുണ്ടെങ്കിലും ഇതു മൂലമുള്ള ആഗോള സാമ്പത്തിക മാന്ദ്യം ഏറെക്കുറെ അനിവാര്യമാണെന്ന് അമേരിക്കയിലെ സാമ്പത്തിക വിദഗ്ധര്‍. ‘ഞങ്ങളുടെ കാഴ്ചപ്പാടില്‍, സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ കാലം അടുത്ത കുറച്ച് മാസങ്ങള്‍ക്കകം വരാനിരിക്കുന്നു’ ആഗോള നിക്ഷേപക ഉപദേശക സ്ഥാപനമായ പിംകോയിലെ മുഖ്യ ഉപദേഷ്ടാവ് ജോവാക്കിം ഫെല്‍സ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റലി മൊത്തം നിശ്ചലമായതും യുഎസിലുടനീളമുള്ള താല്‍ക്കാലിക ബിസിനസ്സ് അടച്ചുപൂട്ടലും ചൈനയിലെ ഉല്‍പാദനത്തകര്‍ച്ചയും എണ്ണവിലയിലുണ്ടായ ഇടിവും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നുവെന്ന് സിഎന്‍എന്‍ പറയുന്നു. എസ് ആന്റ് പി ഗ്ലോബലിലെ സാമ്പത്തിക വിദഗ്ധരും 2020 ല്‍ ലോകവ്യാപകമായി സാമ്പത്തിക മാന്ദ്യം സംഭവിക്കുമെന്നു പ്രവചിച്ചതായി മാര്‍ക്കറ്റ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. ആഗോള ജിഡിപി വളര്‍ച്ച ഈ വര്‍ഷം 1.5 ശതമാനത്തില്‍ താഴെയാണെന്ന് എസ് ആന്റ് പി കണക്കാക്കിക്കഴിഞ്ഞു.
ലോകത്തെ മികച്ച ഉല്‍പാദന കേന്ദ്രങ്ങളിലൊന്നായ ചൈനയിലെ ഫാക്ടറി അടച്ചുപൂട്ടല്‍ ആഗോള വിതരണ ശൃംഖലയിലുടനീളം ഗുരുതര പ്രതിസന്ധിക്കു കാരണമായി. കൊറോണ വൈറസിന്റെ വ്യാപനം ഒഴിവാക്കാന്‍ അമേരിക്കയിലുള്‍പ്പെടെ പല രാജ്യങ്ങളിലും ബിസിനസുകള്‍ മിക്കവാറും നിര്‍ത്തിവച്ചിരിക്കുന്നു. സ്റ്റോറുകള്‍ മുതല്‍ കാസിനോകളും തിയറ്റര്‍ ശൃംഖലകളും വരെ അടച്ചു. റെസ്റ്റോറന്റുകള്‍ പിക്ക്അപ്പ്, ഡെലിവറി സേവനത്തിലേക്കു മാത്രം മാറി. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചുപൂട്ടുന്നു.ഉപഭോക്താക്കളുടെ ഭയത്തിനു കീഴ്‌പ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളിലെ അലമാരകള്‍ ശൂന്യമായി. അതേസമയം, ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കായി വ്യക്തിഗത ഷോപ്പര്‍മാരെ നിയമിക്കുന്നത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് പൂജ്യമായി കുറച്ചെങ്കിലും ഇതുകൊണ്ട് എത്ര ഗുണമുണ്ടാകുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ശക്തം. വാള്‍സ്ട്രീറ്റ് ഉള്‍പ്പെടെയുള്ള ഓഹരി വിപണികളിലാകെ തകര്‍ച്ചയാണ് തുടരുന്നത്.’കാര്യങ്ങള്‍ നാം കണ്ടിട്ടുള്ള എന്തിനേക്കാളും മോശമാകാം,’ ഗോള്‍ഡ്മാന്‍ സാച്ചിലെ ആഗോള റിപ്പോ ട്രേഡിംഗ് മേധാവി അലക്‌സ് ബ്ലാഞ്ചാര്‍ഡ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ട്രംപ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊറോണ വൈറസിന്റെ ഭീഷണി കുറഞ്ഞുകഴിഞ്ഞാല്‍ പെട്ടെന്ന് മാറ്റം വരുമെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്‌തെങ്കിലും വിദഗ്ധര്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ കഴിയാത്ത പക്ഷം ആഗോള സാമ്പത്തിക സങ്കോചത്തിന്റെ ദൈര്‍ഘ്യവും ആഴവും സംബന്ധിച്ച പ്രവചനങ്ങള്‍ അസാധുവാകുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചിലെ ചീഫ് ഇക്കണോമിസ്റ്റ് ജാന്‍ ഹാറ്റ്‌സിയസ് പറഞ്ഞു.
അമേരിക്ക ഇതിനകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിട്ടുണ്ടെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുസിഎല്‍എ ആന്‍ഡേഴ്‌സണ്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലെ സാമ്പത്തിക വിദഗ്ധരുടെ നിരിക്ഷണത്തില്‍ യു.എസ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച നിലച്ചിരിക്കുകയാണിപ്പോള്‍. ഈ വേനല്‍ക്കാലത്ത് തന്നെ വൈറസ് ബാധ അവസാനിച്ചാലും സെപ്റ്റംബര്‍ വരെ പുരോഗതിക്കു സാധ്യതയില്ലെന്നും അവര്‍ പറയുന്നു.
Post your comments