Global block

bissplus@gmail.com

Global Menu

വിദേശ നിക്ഷേപ വരവില്‍ വന്‍ മുന്നേറ്റം, മുന്‍ മാസങ്ങളിലെ തളര്‍ച്ച മറികടന്ന് കുതിച്ചുകയറി ഇന്ത്യ

മുംബൈ: ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് വിദേശ നിക്ഷേപ വരവില്‍ വന്‍ വര്‍ധനവ്. നവംബറിന്‍റെ ആദ്യ പകുതിയില്‍ 19,203 കോടി രൂപയാണ് നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്. കോര്‍പ്പറേറ്റ് മേഖലയ്ക്കായും നിക്ഷേപ വര്‍ധനവിനായും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഫലം കാണുന്നതിന്‍റെ സൂചനയാണ് നിക്ഷേപ വര്‍ധനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപങ്ങളെ സംബന്ധിച്ച് ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇക്വിറ്റികളിലേക്ക് നിക്ഷേപമായി 14,435.6 കോടി രൂപ എത്തി. ഡെബ്റ്റ് വിഭാഗത്തില്‍ 4,767.18 കോടി രൂപയും എത്തി. ഈ മാസം ഒന്ന് മുതല്‍ 15 വരെയുളള കണക്കുകളനുസരിച്ചാണിത്. മൊത്തത്തില്‍ നിക്ഷേപമായി ഇന്ത്യന്‍ മൂലധന വിപണിയില്‍ എത്തിയത് 19,202.7 കോടി രൂപയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി വിദേശ നിക്ഷേപത്തിലുണ്ടായ വന്‍ ഇടിവിന് ശേഷമുളള വന്‍ തിരിച്ചുവരവാണിത്.    

ഒക്ടോബറില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ നിന്ന് ആകെ 16,464.6 കോടി രൂപയായിരുന്നു എത്തിയത്. സെപ്റ്റംബറില്‍ ഇത് വെറും 6,557.8 കോടിയായിരുന്നു. മാസത്തിന്‍റെ ആദ്യ പകുതിയില്‍ വിദേശ നിക്ഷേപത്തിലുണ്ടായ ഈ വന്‍ കുതിച്ചുകയറ്റം ശുഭസൂചനയായിട്ടാണ് മൂലധന വിപണി കാണുന്നത്. ഈ മുന്നേറ്റം നവംബര്‍ മുഴുവനും ലഭിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. 

പ്രധാനമായും ആഭ്യന്തര ഘടകമാണ് വിദേശ നിക്ഷേപ പ്രവാഹത്തിന് കാരണമായതെന്ന് മോർണിംഗ്സ്റ്റാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ഇന്ത്യയിലെ സീനിയർ അനലിസ്റ്റ് മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

Post your comments