Global block

bissplus@gmail.com

Global Menu

ഗോ എയര്‍ എത്തുന്നു; പുതിയ വിമാനസര്‍വീസുകളുമായി

ഇന്ത്യയിലെ അതിവേഗം വളരുന്ന എയർലൈനായ ഗോ എയർ 12 പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ കമ്പനി ദിവസവും നൽകുന്ന സർവീസുകളുടെ എണ്ണം 325ൽ അധികമായി. ഡൽഹി-ഛണ്ഡീഗഡ്, ലഖ്നൗ-അഹമ്മദാബാദ്, കൊൽക്കത്ത-ലഖ്നൗ എന്നീ റൂട്ടുകളിൽ രണ്ടുവീതം സർവീസുകളാണ് ഗോ എയർ ആരംഭിക്കുന്നത്. കൂടാതെ നിലവിലുള്ള കൊൽക്കത്ത - ഗുവാഹത്തി റൂട്ടിൽ നാലു സർവീസുകളും അഹമ്മദാബാദ് - ഛണ്ഡീഗഡ്  റൂട്ടിൽ രണ്ടു സർവീസുകളും പുതുതായി ആരംഭിക്കുന്നു. പുതിയ ഫ്ളൈറ്റുകൾ ഒക്ടോബർ അഞ്ചു മുതൽ സർവീസ് നടത്തും.

ഗോ എയറിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് 12 പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജേ വാഡിയ പറഞ്ഞു. ഇവയിൽ ആറെണ്ണം പുതിയ റൂട്ടിലേക്കും മറ്റുള്ളവ നിലവിലുള്ള റൂട്ടുകളിലേക്കുമാണ് സർവീസ് നടത്തുക. നിലവിൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നീ നഗരങ്ങളുമായി ലഖ്നൗവിനെ ബന്ധിപ്പിച്ചു കഴിഞ്ഞു. പുതുതായി കൊൽക്കത്തയിലേക്കുള്ള സർവീസ് ലഖ്നൗവിനെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോ എയർ അതിന്റെ ശ്യംഖലയിലേക്ക് 16 വിമാനങ്ങൾ കൂടി ചേർത്തതോടെ 90 പുതിയ സർവീസുകളാണ് കഴിഞ്ഞ 11 മാസത്തിൽ ആരംഭിക്കാനായത്. കൂടാതെ അബുദാബി, ദുബായ്, മസ്‌ക്കറ്റ്, കുവൈറ്റ് തുടങ്ങിയവ ഉൾപ്പെടെ എട്ടു വിമാനത്താവളങ്ങളും ഗോ എയറിന്റെ ശ്യംഖലയിലേക്ക് ചേർക്കപ്പെട്ടു.

ഡൽഹി -ഛണ്ഡീഗഡ് സർവീസുകൾ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ലഭ്യമാണ്. 1707 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.  ലഖ്നൗ - അഹമ്മദാബാദ് സർവീസും ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളിൽ സേവനം നൽകുന്നു. 2487 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്ത-ലഖ്നൗ വിമാനം ദിവസേന സേവനം നൽകുമ്പോൾ 2010 രൂപ മുതലും, ഛണ്ഡീഗഡ് - അഹമ്മദാബാദ് ഫ്ളൈറ്റ് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും സേവനം നൽകുമ്പോൾ 3074 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

ഈ റൂട്ടുകളിലെ പുതിയ സർവീസുകൾ ഒക്ടോബർ അഞ്ചു മുതൽ ആരംഭിക്കും. ഗോ എയർ ഫ്ളൈറ്റ് ടിക്കറ്റുകൾ goair.in, ഗോ എയർ മൊബൈൽ ആപ്പ്, കോൾ സെന്റർ, ട്രാവൽ ഏജന്റുമാർ, ട്രാവൽ പോർട്ടലുകൾ എന്നിവ വഴി ബുക്ക് ചെയ്യാം.

ഗോ എയർ നിലവിൽ ദിവസവും 330 ഫ്ളൈറ്റ് സർവീസുകൾ നടത്തുന്നു. ഓഗസ്റ്റിൽ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയർ വഴി യാത്ര ചെയ്തത്. നിലവിൽ ഗോ എയർ അഹമ്മദാബാദ്, ബാഗ്ദോഗ്ര, ബെംഗലുരു, ഭുവനേശ്വർ, ഛണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കൊച്ചി, കൊൽക്കത്ത, കണ്ണൂർ, ലേ, ലഖ്നൗ, മുംബൈ, നാഗ്പൂർ, പാട്ന, പോർട് ബ്ലെയർ, പൂനെ, റാഞ്ചി, ശ്രീനഗർ എന്നിങ്ങനെയുള്ള 24 ആഭ്യന്തര സർവീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ദുബായ്, ബാങ്കോക്ക്, കുവൈറ്റ് എന്നീ ഏഴ് അന്താരാഷ്ട്ര സർവീസുകളും നൽകിവരുന്നു.

Post your comments