വിപണി ഉത്തേജനത്തിന് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു പിന്നാലെ കേന്ദ്രം ആദായ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. ഇടത്തരക്കാര്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റാനുള്ള സര്‍ക്കാരിന്‍റെ നാലാമത്തെ ഉത്തേജന പാക്കേജിന്‍റെ ഗുണഭോക്താക്കള്‍ കോര്‍പ്പറേറ്റ് മേഖലയായിരുന്നു. വര്‍ഷം 1.45 ലക്ഷം കോടിയുടെ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായം കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ആദായ നികുതി ഇളവ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് അംഗം അഖിലേഷ് രഞ്ജന്‍ അധ്യക്ഷനായ നികുതി പരിഷ്കാരം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ മാസം സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും പുതിയ നികുതി പരിഷ്കാരം. നികുതി സ്ലാബുകള്‍ മൂന്നില്‍ നിന്ന് അഞ്ചാവുമെന്നതാണ് പരിഷ്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇത് സാധ്യമായാല്‍ അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ പത്തു ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. നിലവിലത് ഇരുപത് ശതമാനമാണ്. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ വരുമാന പരിധിയിലുള്ളവര്‍ 20 ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നാണ് ശുപാര്‍ശ. 20 ലക്ഷം മുതല്‍ രണ്ടു കോടി വരെ വരുമാനപരിധിയിലുള്ളവര്‍ക്ക് 30 ശതമാനം. രണ്ടുകോടിയ്ക്ക് മുകളിലുള്ളവര്‍ 35 ശതമാനം നികുതിയും പ്രഖ്യാപിച്ചേക്കും.
ഇടത്തരക്കാരെ ലക്ഷ്യമിട്ടാകും പുതിയ നികുതി പരിഷ്കരണമെന്നാണ് വ്യക്തമാകുന്നത്. നികുതി സ്ലാബുകള്‍ പരിഷ്കരിക്കുന്നതിന്‍റെ ഗുണമേറെയും ഇടത്തരക്കാര്‍ക്ക് ലഭിച്ചാല്‍ വിപണിയിലേക്ക് കൂടുതല്‍ പണമെത്തുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
Post your comments