"വിദ്യാ പ്രശസ്യതേ ലോകൈര്‍
വിദ്യാ സര്‍വത്ര ഗൌരവാ
വിദ്യയാ ലഭതേ സര്‍വം
വിദ്വാന്‍ സര്‍വത്ര പൂജ്യതേ
അര്‍ത്ഥമിങ്ങനെ: ലോകത്തില്‍ എവിടെയും വിദ്യ പ്രശംസിക്കപ്പെടുന്നു. അത് എവിടെയും ആദരിക്കപ്പെടുന്നു. വിദ്യ നമുക്ക് എല്ലാം നേടിത്തരുന്നു. വിദ്വാന്‍ (വിദ്യ സ്വായത്തമാക്കിയവന്‍) എവിടെയും പൂജിക്കപ്പെടുന്നു. ഇത്തരത്തില്‍ വിദ്യാഭ്യാസത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും മികച്ച വിദ്യാഭ്യാസവും മൂല്യങ്ങളും പകര്‍ന്നു നല്‍കി പുതുതലമുറയെ വാര്‍ത്തെടുക്കുകയും ചെയ്യുന്ന ഒരു വിദ്യാലയം.....അതാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയം.
1991ല്‍ അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് സരസ്വതി വിദ്യാലയം ആരംഭിച്ചത്. വിദ്യാഭ്യാസവിചക്ഷണനായിരുന്ന പ്രൊഫസര്‍ എന്‍.സി.നായരാണ് സ്‌കൂള്‍ തുടങ്ങാനുളള ആദ്യത്തെ പ്രചോദനകേന്ദ്രം. സിനിമാതാരം മധു ചെയര്‍മാനും പ്രൊഫസര്‍ എന്‍.സി.നായര്‍ ജനറല്‍സെക്രട്ടറിയുമായ കമ്മിറ്റിയാണ് ആദ്യകാലത്ത് സ്‌കൂള്‍ നടത്തിപ്പിന്റെ ചുമതല വഹിച്ചത്. ലളിതമായ രീതിയില്‍ 17 കുട്ടികളുമായി തുടങ്ങിയ സ്‌കൂള്‍ ഇന്ന് അനന്തപുരിയിലെ മികച്ച സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോള്‍ ഈ സരസ്വതീക്ഷേത്രത്തില്‍ നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. നഗരത്തില്‍ തന്നെ, എന്നാല്‍ നഗരബഹളങ്ങളൊന്നും അലട്ടാത്ത അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് പാഠപുസ്തകത്തില്‍ അച്ചടിച്ച പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുക മാത്രമല്ല ചെയ്യുന്നത്്....മറിച്ച് ഏത് കാലഘട്ടത്തിലും ജീവിതസാഹചര്യത്തിലും സാങ്കേതികയുഗത്തിലും സമൂഹത്തെ അഭിമുഖീകരിച്ച് അതില്‍ ജീവിക്കാനുളള മൂല്യങ്ങളും പ്രായോഗികബുദ്ധിയും മനക്കരുത്തും കൂടി പകര്‍ന്നുനല്‍കുന്നു. പഠനത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെ പഠനേതരമികവുകള്‍ക്കും മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ഈ സരസ്വതീക്ഷേത്രത്തെ അനന്തപുരിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി ഉയര്‍ത്തിയത്. അതിനുപിന്നില്‍ ഒരു കൂട്ടം ദീര്‍ഘദര്‍ശികളുടെ കൈയൊപ്പുണ്ട്. ഇന്ന് ആ കൂട്ടായ്മയെ നയിക്കുന്നത് വിവിധ തട്ടകങ്ങളില്‍ മികവുതെളിയിച്ച ഒരു വ്യക്തിയാണ് - ജി.രാജ്‌മോഹന്‍. തിരുവനന്തപുരത്ത് ജൂനിയര്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ അമരക്കാരനായി ആ സ്ഥാപനത്തെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നയിച്ച, ജി. രാജ്‌മോഹന്‍ ആണ് ഇപ്പോള്‍ സരസ്വതി വിദ്യാലയത്തിന്റെ ചെയര്‍മാന്‍. 1990കളില്‍ തന്നെ അനന്തപുരി എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ അംഗമായ അദ്ദേഹം 2008-ലാണ് സ്‌കൂളിന്റെ മുഴുവന്‍ സമയപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത്. സരസ്വതീ വിദ്യാലയത്തിന്റെ 28-ാം വര്‍ഷത്തില്‍ സ്‌കൂളിന്റെ നേട്ടങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ......
എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം
"വിദ്യാ ലഭതേ സര്‍വ്വാം" എന്നതാണ് സരസ്വതി വിദ്യാലയത്തിന്റെ ആപ്തവാക്യം. വിദ്യാഭ്യാസം എല്ലാ തലത്തിലുമെത്തിക്കുക, എല്ലാ വിഭാഗങ്ങളിലുമെത്തിക്കുക, എല്ലാ കാലങ്ങളിലുമെത്തിക്കുക.....അതായത് സാമ്പത്തിക, ജാതി, മത, വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുക. വിവേചനമില്ലാതെ എല്ലാ സമൂഹങ്ങളിലേക്കും വിദ്യാഭ്യാസത്തിന്റെ സന്ദേശമെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യന്‍ സംസ്‌കാരത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുളള പഠനരീതിയാണിവിടെ അവലംബിക്കുന്നത്. സരസ്വതി വിദ്യാലയം എന്ന പേരു തന്നെ അത് അന്വര്‍ത്ഥമാക്കുന്നു. സരസ്വതി വിദ്യാദേവതയാണ്. വിദ്യാദേവതയുടെ പേരിലുളള സ്‌കൂളാണിത്.
കൂട്ടായ്മയുടെ വിജയം
കിന്റര്‍ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയാണ് സരസ്വതി വിദ്യാലയത്തിലുളളത്. ഞാന്‍ സ്‌കൂളിന്റെ ഭരണ സംവിധാനച്ചുമതല ഏറ്റെടുക്കുമ്പോള്‍ ഏകദേശം 1500 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്. ഇപ്പോള്‍ നാലായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. തിരുവനന്തപുരത്തെ മികച്ച വിദ്യാലയമായി വളരാന്‍ സരസ്വതി വിദ്യാലയത്തിന് സാധിച്ചു. ഇത് ഒരിക്കലും എന്റെ വ്യക്തിപരമായ വിജയമല്ല....ഒരു വലിയ സംഘം വ്യക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടം. അതില്‍ പരേതനായ എം.ആര്‍.സുകുമാരന്‍ നായര്‍ സാറിന്റെ സംഭാവനകള്‍ എടുത്തു പറയേണ്ടതുണ്ട്. 2013 വരെ അദ്ദേഹം സരസ്വതി വിദ്യാലയത്തിന്റെ ചെയര്‍മാനായിരുന്നു. 2013-ലാണ് ആ നിയോഗം എന്നില്‍ വന്നുചേര്‍ന്നത്.
നൂറ് ശതമാനം സ്മാര്‍ട്ട്
മാറുന്ന കാലത്തിനനുസരിച്ച് പുതുമയാര്‍ന്ന നിരവധി കാര്യങ്ങളാണ് സ്‌കൂളില്‍ ഞങ്ങള്‍ നടപ്പിലാക്കി വരുന്നത്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് സ്‌കൂളിലെ നൂറുശതമാനം ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി മാറ്റി. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെയുളള കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഒരു സൗകര്യമൊരുക്കിയ കേരള ആദ്യത്തെ സ്‌കൂളായിരിക്കും സരസ്വതി വിദ്യാലയം. സ്‌കൂളിലെ ഇലക്ടീവ് വിഷയങ്ങളില്‍ സാധാരണയുളള ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കു പുറമെ ബയോടെക്‌നോളജിയും ഫാഷന്‍ സ്റ്റഡീസും ഉള്‍പ്പെടുത്തി. അത്യാധുനികമായ ബയോടെക്‌നോളജി ലാബും ഫാഷന്‍ സ്റ്റഡീസ് ലാബും ആരംഭിച്ചു. എല്ലാ കുട്ടികളുടെയും വ്യക്തിത്വവികസനത്തിനുവേണ്ടിയും ഇംഗ്ലീഷ് ഭാഷയിലുളള പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും ഒരു പ്രത്യേക ഡിപ്പാര്‍ട്ടുമെന്റ് തന്നെ ആരംഭിച്ചു. ബൃഹത്തായൊരു ലൈബ്രറിയും സ്‌കൂളില്‍ സജ്ജമാണ്. മാത്രമല്ല നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷനുകള്‍ക്കായി കുട്ടികള്‍ക്ക് സൗജന്യ പരീശീലനവും ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേംബ്രിഡ്ജ് ഇംഗ്‌ളീഷ് സ്‌പെഷ്യല്‍ കോച്ചിംഗും നല്‍കി വരുന്നു.
എടിഎല്‍ ലാബും റൊബോട്ടിക് ലാബും
ഇന്നൊവേറ്റീവ് ആയിട്ടുളള കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന അടല്‍ ടിങ്കറിംഗ് ലാബ് (എടിഎല്‍ ലാബ്) സംവിധാനം ഒരുക്കിയിട്ടുണ്ട്. സാങ്കേതികപരമായ കുട്ടികളുടെ കഴിവ് വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ഒരു റോബോട്ടിക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. താല്പര്യമുളള കുട്ടികള്‍ക്ക് ലാബില്‍ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്താം. അധ്യാപകരുടെ മേല്‍നോട്ടവും സഹായവും നിര്‍ലോഭം ലഭിക്കുന്നു. എല്ലാവര്‍ഷവും സ്‌കൂളില്‍ ശാസ്ത്രമേളകള്‍ നടത്തിവരുന്നു. മറ്റ് ശാസ്ത്രമേളകളിലും കുട്ടികള്‍ താല്പര്യത്തോടെ പങ്കെടുക്കുന്നു. സൂര്യഗ്രഹണം തുടങ്ങിയ ശാസ്ത്രീയ പ്രതിഭാസങ്ങള്‍ കാണാന്‍ വി.എസ്.എസ്.സിയുടെ സഹായത്തോടെ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നുമുണ്ട്.
കലാകായിക ഇനങ്ങളില്‍ പരിശീലനം
കലാകായിക ഇനങ്ങളില്‍ കുട്ടികള്‍ക്ക് മികച്ച പ്രോത്സാഹനവും പരിശീലനവും നല്‍കി വരുന്നു. കലാപരമായ കഴിവുകളുളള കുട്ടികള്‍ക്ക് ശാസ്ത്രീയനൃത്തം, പശ്ചാത്യനൃത്തം, ശാസ്ത്രീയസംഗീതം, പാശ്ചാത്യസംഗീതം, ചിത്രകല എന്നിവയില്‍ മികച്ച പരിശീലനം നല്‍കി വരുന്നു. കായികമേഖലയില്‍ താല്പര്യമുളള കുട്ടികള്‍ക്കും ചിട്ടയോടെയുളള പരിശീലനം നല്‍കി വരുന്നു. സ്‌കൂളില്‍ എട്ട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍മാര്‍ (കായികാധ്യാപകര്‍) ഉണ്ട്. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, ഹാന്‍ഡ്‌ബോള്‍, ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിയവയില്‍ മികച്ച പരിശീലനമാണ് നല്‍കി വരുന്നത്. കൂടാതെ, യോഗ, കരാട്ടെ, കളരിപ്പയറ്റ്, ചതുരംഗം, ക്രാഫ്റ്റ് എന്നിവ പരിശീലിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ ജില്ലാ, സംസ്ഥാനതലങ്ങളില്‍ കലാകായിക മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടുന്നുമുണ്ട്. സഹോദയ തലത്തിലും മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനം നേടുന്നു.
നാടകാവതരണത്തിലൂടെ വ്യക്തിത്വവികസനം
സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികള്‍ക്ക് തിയേറ്ററിക്കല്‍ പ്രാക്ടീസ് നല്‍കിവരുന്നുണ്ട്. അതായത് കുട്ടികള്‍ ചെറുനാടകങ്ങള്‍ അവതരിപ്പിക്കുന്നു. പലപ്പോഴും പാഠഭാഗങ്ങള്‍ തന്നെ അവര്‍ നാടകങ്ങളായി അവതരിപ്പിക്കുന്നു. അവര്‍ തന്നെ കഥാപാത്രങ്ങളായി രംഗത്തെത്തുകയും ഡയലോഗ് പറയുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ സഭാകമ്പം നീങ്ങി ഇന്ററാക്ഷന്‍ സ്‌കില്‍, വൊകാബ്യുലെറി, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നിവ മെച്ചപ്പെടുന്നു. അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് തിയേറ്ററിക്കല്‍ പ്രാക്ടീസ് നല്‍കുന്നത്. ഹെലന്‍ ഒ' ഗ്രേഡി (Helen O' Grady International) എന്ന രാജ്യാന്തരസംഘടനയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. നാടകത്തിലൂടെയും പ്രസംഗത്തിലൂടെയും മറ്റും വിദ്യാഭ്യാസപരമായ കഴിവും വ്യക്തിത്വവികസനവും ലക്ഷ്യമിടുന്ന യു.കെ ആസ്ഥാനമായുളള സ്ഥാപനമാണ് ഹെലന്‍ ഒ' ഗ്രേഡി.
മികച്ച റിസള്‍ട്ടിന് പിന്നില്‍ കഠിനാധ്വാനവും സമര്‍പ്പണവും
ബോര്‍ഡ് എക്‌സാമിനേഷനുകളില്‍ മികച്ച പ്രകടനമാണ് സരസ്വതി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ കാഴ്ചവയ്ക്കുന്നത്. നൂറു ശതമാനം വിജയം കൊയ്യുന്നുവെന്നു മാത്രമല്ല, മിക്ക വിദ്യാര്‍ത്ഥികളും 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും നേടുന്നു. കഴിഞ്ഞവര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. അതിന് പിന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും സമര്‍പ്പണവും കഠിനാധ്വാനവും ഉണ്ട്. ഞങ്ങള്‍ കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തരം തിരിക്കുന്നു. നന്നായി പഠിക്കുന്നവര്‍, ശരാശരി പഠനനിലവാരമുളളവര്‍, പഠനത്തില്‍ കൂടുതല്‍ സഹായം ആവശ്യമുളളവര്‍ എന്നിങ്ങനെ. അവരെ പ്രത്യേകം മാറ്റിയിരുത്തുകയൊന്നുമില്ല. മറിച്ച് ഈ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയ്ക്കു മുമ്പ് കൂടുതല്‍ ചോദ്യപേപ്പര്‍ വര്‍ക്കൗട്ടുകളും മറ്റും നല്‍കും, ശരാശരി വിദ്യാര്‍ത്ഥിക്ക് അതിനനുസരിച്ചുളള പരിശീലനം നല്‍കും. ഇനി കൂടുതല്‍ സഹായം ആവശ്യമുളള മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ പരീക്ഷയ്ക്ക് മുമ്പ് ഒരു മാസം സ്‌കൂളില്‍ തന്നെ താമസിപ്പിച്ച് പഠിപ്പിക്കും. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. അധ്യാപകരും ഇവിടെയുണ്ടാകും. പെണ്‍കുട്ടികള്‍ക്ക് രാത്രി രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ പോകാം. ഈ പദ്ധതി വന്‍വിജയമാണ്. 50% മാര്‍ക്ക് വാങ്ങിയിരുന്ന കുട്ടി ഈ പരീക്ഷാധിഷ്ഠിത തയ്യാറെട്ടുപ്പിനു ശേഷം ബോര്‍ഡ് എക്‌സാമില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി.
കുട്ടികളെ ക്രിയാത്മകരാക്കാന്‍ വിവിധ ക്ലബുകള്‍
പഠനേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സജീവമാക്കാനുളള നിരവധി പദ്ധതികള്‍ സ്‌കൂളില്‍ നടപ്പിലാക്കിവരുന്നുണ്ട്. പരിസ്ഥിതിദിനം, ആരോഗ്യദിനം, ശിശുദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും അതിന്റെ യഥാര്‍ത്ഥ സന്ദേശം കുട്ടികളിലെത്തിക്കുന്ന രീതിയില്‍ തന്നെ നടത്തിവരുന്നു. കുട്ടികളെ വിവിധ തലത്തില്‍ സജീവമാക്കുന്നതിനായി മീഡിയ ക്ലബ്, പരിസ്ഥിതി ക്ലബ്, ലിറ്ററി ക്ലബ് തുടങ്ങി നിരവധി ക്ലബുകള്‍ രുപീകരിച്ചിട്ടുണ്ട്. എന്‍എസ്എസ് യൂണിറ്റും സജീവമാണ്. ഇവയെല്ലാം അധ്യാപകരുടെ മികച്ച മേല്‍നോട്ടത്തോടെ കുട്ടികളെ സജീവപങ്കാളികളാക്കി മുന്നോട്ടുപോകുന്നു. കേരള മീഡിയ അക്കാദമിയുടെ കീഴിലുളള മീഡിയ ക്‌ളബ് ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി സ്‌കൂള്‍ റേഡിയോ തുടങ്ങിയവയും നന്നായി പോകുന്നു.
ആര്‍ട്ട് ഒഫ് പാരന്റിംഗ്
സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ മികച്ച ബന്ധമാണുളളത്. കുട്ടികളുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി അവര്‍ക്കൊപ്പം നില്‍ക്കുന്നു. സ്‌കൂളില്‍ മാത്രമല്ല വീട്ടിലും അവര്‍ക്ക് പഠിക്കാനുളള സാഹചര്യമുണ്ടാകണം. കുടുംബത്തില്‍ ഏതെങ്കിലും വിധത്തില്‍ പ്രശ്‌നമുളള കുട്ടികളുടെ രക്ഷിതാക്കളെ ബോധവത്ക്കരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. ഞാന്‍ തന്നെ ഇത്തരത്തില്‍ മുന്‍കൈയെടുത്ത് ഇടപെട്ട സംഭവങ്ങളുണ്ട്. പിന്നെ രക്ഷിതാക്കള്‍ക്കായി ആര്‍ട്ട് ഒഫ് പാരന്റിംഗ് എന്ന ക്ലാസ് നടത്തുന്നു. എല്ലാ വര്‍ഷവും ആദ്യമാണ് ഈ ക്‌ളാസ് നടത്തുന്നത്. പിന്നെ ഇടയ്ക്കിടെ രക്ഷിതാക്കള്‍ക്കായി മനശാസ്ത്രവിദഗ്ദ്ധരും മറ്റും നയിക്കുന്ന ക്ലാസുകള്‍ വയ്ക്കുന്നു. നിരന്തരം കുട്ടികളുമായും രക്ഷിതാക്കളുമായും അധ്യാപകര്‍ ആശയവിനിമയം നടത്തുന്നു. ക്‌ളാസില്‍ എന്തൊക്കെ പഠിപ്പിച്ചു തുടങ്ങി, രക്ഷിതാക്കളെ അവരുടെ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ദിവസവും സ്‌കൂളിന്റെ മൊബൈല്‍ ആപ്പ് മുഖേന അറിയിക്കുന്നു. കുട്ടികള്‍ ഹാജരില്ലെങ്കില്‍ ആ വിവരവും സമയബന്ധിതമായി അറിയിക്കുന്നു.
പ്രളയപാഠം
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ദുരന്ത സാഹചര്യങ്ങളില്‍ സഹജീവികളെ തങ്ങളാല്‍ കഴിയുംവിധം സഹായിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. അവര്‍ നാളെയുടെ പൗരന്മാരാണ്. സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ അവര്‍ മനസ്‌സുകൊണ്ട് സജ്ജരായിരിക്കണം. മാനേജ്‌മെന്റും അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന് പത്ത് ലക്ഷം രൂപ സ്‌കൂളിന്റെ വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തു.
രാജമോഹന്റെ നേതൃത്വത്തില്‍ അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ജൈത്രയാത്ര തുടരുകയാണ്. 2017-ല്‍ സൊസൈറ്റിയുടെ കീഴില്‍ വിളപ്പില്‍ശാലയില്‍ സരസ്വതി കോളജ് ഒഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ആരംഭിച്ചു. കേരള സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സരസ്വതി കോളജ് ഒഫ് ആര്‍ട്‌സ് & സയന്‍സില്‍ ഇപ്പോള്‍ നാലു കോഴ്‌സുകളാണുളളത്. ഓരോ വര്‍ഷവും പുതിയ ഓരോ കോഴ്‌സുകള്‍ വീതം ആരംഭിച്ച് കേരളത്തിലെ മികച്ച കലാലയങ്ങളിലൊന്നായി മാറ്റുകയാണ് ലക്ഷ്യമെന്ന് രാജമോഹന്‍ പറയുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് സര്‍വ്വപിന്തുണയുമായി അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റിയിലെ ഓരോ അംഗവും ഒപ്പമുണ്ട്.
ചെയര്‍മാന്റെ സന്ദേശം- സമ്പൂര്‍ണ്ണപൗരന്‍
പഴയ തലമുറ നേരിട്ടിരുന്ന വെല്ലുവിളികളല്ല ഇന്നത്തെ തലമുറ നേരിടുന്നത്. ലോകം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ വരും കാലത്തെ സാമൂഹിക സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ സരസ്വതി വിദ്യാലയത്തില്‍ നിന്ന് അഥവാ സരസ്വതി കോളജില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥിയും പ്രാപ്തനായിരിക്കണം. നൂറ് ശതമാനം മാര്‍ക്ക് നേടുന്ന ഒരു വിദ്യാര്‍ത്ഥി എന്നതുമാത്രമല്ല ലക്ഷ്യം. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിനൊപ്പം സമൂഹത്തിന് അനുയോജ്യനായ ഒരു സമ്പൂര്‍ണ്ണപൗരന്‍ ആയി അവരെ വാര്‍ത്തെടുക്കുക എന്നതിനും ഞങ്ങള്‍ വളരെ പ്രാധാന്യം നല്‍കുന്നു. ആ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതും.
ജി.രാജമോഹന്‍ ചെയര്‍മാനായ 15 അംഗ ഭരണസമിതിയാണ് സരസ്വതി വിദ്യാലയത്തിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്. രാജമോഹന്റെ ഭാര്യ ലൈലാ രാജമോഹന്‍ ജനറല്‍ സെക്രട്ടറിയും മകള്‍ ദേവി മോഹന്‍ സെക്രട്ടറിയുമാണ്. പ്രിന്‍സിപ്പലും വൈസ്പ്രിന്‍സിപ്പല്‍മാരും നൂറ്റമ്പതോളം അധ്യാപകരും ഉള്‍പ്പെട്ട ടീം ഒറ്റക്കെട്ടായി വിദ്യാലയത്തിന്റെ അക്കാദമിക കാര്യങ്ങള്‍ മികവോടെ മുന്നോട്ടുകൊണ്ടുപോകുന്നു.
അനന്തപുരിയുടെ ഹൃദയം തൊട്ടൊരാള്‍
സരസ്വതീവിദ്യാലയത്തിന്റെ അമരക്കാരനെന്നതിലുപരി അനന്തപുരിയുടെ ഹൃദയം തൊട്ടറിഞ്ഞ ഒരാള്‍ എന്ന നിലയിലാണ് ജി.രാജമോഹന്‍ കൂടുതല്‍ അറിയപ്പെടുന്നത്. കൊല്ലത്തെ ഉണ്ണിച്ചെക്കം കുടുംബാംഗമായ കെ.ജി.വേലുപ്പിളളയുടെ പൗത്രനും പട്ടം താണുപിളള മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന വി.ഗംഗാധരന്റെ മകനുമാണ് രാജമോഹന്‍. രാജ്‌മോഹന്റെ പിതാമഹനായ കെ.ജി.വേലുപ്പിളളയും അദ്ദേഹത്തിന്റെ സഹോദരന്മാരും കെ.ജി.ബ്രദേഴ്‌സ് എന്നാണ് അറിയപ്പെട്ടിരുന്നത്. അവര്‍ ആരംഭിച്ച പത്രമാണ് മലയാളരാജ്യം. മധ്യതിരുവിതാംകൂറില്‍ വളരെയേറെ പ്രചാരമുണ്ടായിരുന്ന ഈ പത്രത്തിന്റെ പത്രാധിപസ്ഥാനവും വി.ഗംഗാധരന്‍ വഹിച്ചിട്ടുണ്ട്. മാത്രമല്ല ഇദ്ദേഹം എഴുതിയ 'ഇന്ത്യന്‍ പാര്‍ലമെന്റ്' എന്ന പുസ്തകം എസ്എസ്എല്‍സിയുടെ പാഠപുസ്തകമായിരുന്നു.
1943-ല്‍ കൊല്ലത്ത് ജനിച്ച ജി.രാജമോഹന്‍ കൊല്ലത്തും തിരുവനന്തപുരം മോഡല്‍ സ്‌കൂളിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രിയും ടി.കെ.എം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും നേടി. തിരുവനന്തപുരത്ത് ജൂനിയര്‍ എന്‍ജിനീയറായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡില്‍ ചേര്‍ന്നു. 1990-ല്‍ എച്ച്എല്‍എല്ലിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കുയര്‍ന്നു. 2005 വരെ തത്സ്ഥാനത്ത് തുടര്‍ന്നു. 2005-ല്‍ സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായി. 2008-ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച അദ്ദേഹം സരസ്വതീ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
വേരുകള്‍ കൊല്ലത്താണെങ്കിലും തിരുവനന്തപുരത്തെ കലാസാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവസാന്നിധ്യമാണ് രാജമോഹന്‍. നഗരത്തിലെ മിക്കവാറും എല്ലാ കലാസാംസ്‌കാരിക സംഘടനകളുടെയും നേതൃനിരയില്‍ അദ്ദേഹമുണ്ട്. എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങിയ സാഹിത്യപ്രതിഭകള്‍, കലാസാംസ്‌കാരിക നായകര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നു. 'ഇവിടെ എന്റെ ഹൃദയരാഗങ്ങള്‍' എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ജ്ഞാനപീഠം കയറിയ മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരാണ്.
"നഗരത്തിലെ പല കലാ സാംസ്‌കാരിക സംഘടനകളുടെയും നേതൃനിരയില്‍ രാജമോഹന്‍ ഉണ്ട് എന്ന് കേട്ടിരുന്നു. കുറെ കഴിഞ്ഞാണ് അദ്ദേഹം പഴയ സ്പീക്കര്‍ വി.ഗംഗാധരന്റെ മകനാണ്, മലയാളരാജ്യം പത്രസ്ഥാപനം നടത്തിയിരുന്ന കൊല്ലത്തെ പ്രശസ്ത കുടുംബത്തിലെ അംഗമാണ് എന്നൊക്കെ ഞാന്‍ അറിയുന്നത്. ഈ പരിവേഷങ്ങളൊന്നുമില്ലാതെ തന്നെ എന്റെ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ദേഹം സ്ഥലം പിടിച്ചു"- എം.ടി.വാസുദേവന്‍ നായര്‍
Post your comments