കൊച്ചി: സിനിമാ ടിക്കറ്റിനു ജിഎസ്ടിക്കു പുറമേ 10% വിനോദ നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ചലച്ചിത്ര വ്യവസായ രംഗത്തെ സംഘടനകള്‍. വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും വിനോദ നികുതി ഒഴിവാക്കിയില്ലെങ്കില്‍ തിയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു സമരം ചെയ്യേണ്ടിവരുമെന്നു ഫിലിം ചേംബര്‍ മുന്നറിയിപ്പു നല്‍കി.
നികുതിക്കുമേല്‍ നികുതി ഈടാക്കുന്ന ഏര്‍പ്പാട് അംഗീകരിക്കാനാവില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് കെ.വിജയകുമാര്‍ പറഞ്ഞു. ഇ-ടിക്കറ്റിങ്ങിലേക്കു മാറിയ തിയറ്ററുകളോട്, അച്ചടിച്ച ടിക്കറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീല്‍ ചെയ്യാനാണു പറയുന്നത്. ഇത് പ്രായോഗികമല്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.ജിഎസ്ടിക്കുപുറമെ വിനോദ നികുതി കൂടി ഈടാക്കുമ്പോള്‍ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി ഉയരുന്നത് പ്രേക്ഷകര്‍ കുറയാന്‍ കാരണമാകുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ കേരള (ഫിയോക്) പറഞ്ഞു.
100 രൂപയുടെ ടിക്കറ്റിന് ജിഎസ്ടിയും വിനോദനികുതിയും വരുന്‌പോള്‍ 129.80 രൂപ നല്‍കേണ്ടിവരുമെന്നും ഇപ്പോഴത്തെക്കാള്‍ 17.80 രൂപ കൂടുതലാണ് ഇതെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം.സി.ബോബി പറഞ്ഞു. കേരളത്തിലെ 80% തിയറ്ററുകളും നഷ്ടത്തിലാണെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
നേരത്തേ 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവുമായിരുന്നു ജിഎസ്ടി. സിനിമാ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഇത് യഥാക്രമം 12%, 18% എന്നിങ്ങനെ കുറച്ചിരുന്നു. എന്നാല്‍ ജിഎസ്ടി കുറച്ചതിനു പിന്നാലെ 10% വിനോദ നികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു
Post your comments