Global block

bissplus@gmail.com

Global Menu

ബാങ്കുകളുടെ കിട്ടാക്കടം കീറാമുട്ടിയാകുന്നു

ന്യു ഡൽഹി: രാജ്യത്തെ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കിട്ടാക്കടം വർദ്ധിക്കുന്നതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. 

ഇക്കാര്യത്തിൽ ബാങ്കുകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി അടുത്തകാലത്ത് സർക്കാർ ചില നടപടികൾ പ്രഖ്യാപിച്ചിരുന്നുവെന്നും കടം തിരിച്ചു ഈടാക്കാൻ ബാങ്കുകൾക്ക് ഇപ്പോൾ കൂടുതൽ അധികാരമുണ്ടെന്നും വിവിധ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ ചർച്ചയിൽ ധനമന്ത്രി പറഞ്ഞു. 

ഈ വർഷം സെപ്റ്റംബറിലെ കണക്കു പ്രകാരം 19 ബാങ്കുകളുടെ മൊത്തം കിട്ടാക്കടം  2.60 ലക്ഷം കോടി രൂപയാണ്. പത്തു വർഷത്തിനിടയിലെ ഏറ്റവും കൂടിയ  തുകയാണിത് . രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നത് വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ അഭിപ്രായം പുറത്ത് വന്നത് .

സാമ്പത്തിക പ്രതിസന്ധിമൂലം പല പദ്ധതികളും മുടങ്ങി കിടക്കുന്ന അവസ്ഥയാണ്.  ഈ വർഷം 69,500 കോടി രൂപ ഓഹരി വില്പനയിലൂടെ നടത്താൻ ലക്ഷ്യമിട്ടിരുന്നെങ്കിലും വിപണിയിലെ മാന്ദ്യം വില്പനയെ ബാധിച്ചു. എന്നാൽ വിപണി അനുകൂലമാകുന്ന മുറയ്ക്ക് ഓഹരി വില്പന നടത്തുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി, അടിസ്​ഥാന സൗകര്യ വികസനം തുടങ്ങിയ രംഗങ്ങളിലെ മാന്ദ്യത്തോടൊപ്പം  വായ്പയെടുത്ത വൻകിടക്കാർ  ബോധപൂർവം തിരിച്ചടവ് മുടക്കുന്നതാണ് കിട്ടാക്കടം വർധിക്കാൻ കാരണമാകുന്നത്.

സ്റ്റീൽ, ഖനനം, ഊർജ്ജം, വ്യോമയാനം,ടെക്സ്റ്റൈൽ,റിയൽ എസ്റ്റേറ്റ്  എന്നീ  മേഖലയിലെ കമ്പനികളാണ് കിട്ടാക്കടം വർധിക്കുന്നതിനു പ്രധാന കാരണം .പൊതുമേഖലാ രംഗത്ത് അലഹാബാദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ കിട്ടാകടത്തിന്റെ തോത് കുറച്ചപ്പോൾ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി ഐ.സി .ഐ .യുടെ കിട്ടാക്കടം മൊത്തം വായ്പയുടെ 3.77 ശതമാനമായി ഉയർന്നു.

പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ കണക്കുകൂട്ടൽ പ്രകാരം സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ രാജ്യത്തെ മൊത്തം ബാങ്കുകളുടെ കിട്ടാക്കടം നാലു ലക്ഷം കോടി രൂപയാകുമെന്നാണ്.

Post your comments