വീട്, വിദ്യാഭ്യാസം, വാഹനം, ചികിത്‌സ, വിവാഹം, യാത്ര എല്ലാ സാമ്പത്തികലക്ഷ്യങ്ങള്‍ക്കും വേണ്ടത്ര കരുതല്‍ ഉണ്ടായിരിക്കണം!- 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നായിരിക്കും പലര്‍ക്കും തോന്നുക. നമ്മുടെ സാമ്പത്തികലക്ഷ്യങ്ങള്‍ നേടണമെന്നുണ്ടെങ്കില്‍ പലപ്പോഴും വായ്പയെ ആശ്രയിക്കാതെ തരമില്ല. ചില വായ്പകളെങ്കിലും പില്ക്കാലത്ത് വായപയെടുത്തവര്‍ക്ക് മെച്ചമുണ്ടാക്കിക്കൊടുത്ത എത്രയോ അനുഭവങ്ങള്‍. വിദ്യാഭ്യാസ വായ്പയും ഭവനവായ്പയും ഒക്കെയെടുത്ത് പില്ക്കാലത്ത് നേട്ടമുണ്ടാക്കിയ എത്രയോ പേര്‍.
സാമ്പത്തികലക്ഷ്യപൂര്‍ത്തീകരണത്തിനു വായ്പകളെ ആശ്രയിക്കുന്നവര്‍ അടിസ്ഥാനപരമായി മനസിലാക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. അത്യാവശ്യത്തിനല്ലാതെ വായ്പയെടുക്കാന്‍ തുനിയരുത്-പ്രത്യേകിച്ചും ആഢംബരാവശ്യങ്ങള്‍ക്കുള്ള വായ്പകള്‍! തങ്ങളുടെ കുടുംബബജറ്റ് അവലോകനം ചെയ്ത്, ലോണ്‍ തിരിച്ചടവിന് ആവശ്യത്തിനുള്ള പണം കൈവശമുണ്ടെങ്കില്‍ മാത്രമേ വായ്പയെ ആശ്രയിക്കാവൂ. വായ്പയെടുക്കും മുന്‍പ് എല്ലാ വായ്പകളിന്‍മേലുള്ള തിരിച്ചടവും ഒരാളുടെ പ്രതിമാസ വരുമാനവും തട്ടിച്ചുനോക്കി ഇത് ഏത് അനുപാതത്തിലാണെന്ന് ഉറപ്പുവരുത്തണം.
സാമ്പത്തിക ലക്ഷ്യ പൂര്‍ത്തീകരണത്തിനായി വായ്പയെ ആശ്രയിക്കുന്നൊരാള്‍ ആദ്യം മനസിലാക്കേണ്ടത് തിരിച്ചടവ് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള ലോണുകള്‍ ഒരിക്കലും എടുക്കരുതെന്നതാണ്. വായ്പയും വരുമാനവും തമ്മിലുള്ള അനുപാതം (Loan to Income Ratio) ഇവിടെ നല്ലൊരു സൂചകമായി കണക്കാക്കാം.
Loan to Income Ratio=Total EMI X 100,
Net monthly income
ഈ അനുപാതം 20% മുതല്‍ 25% വരെയെങ്കില്‍ നിങ്ങളുടെ സാമ്പത്തികസ്ഥിതി സുരക്ഷിതമെന്നും 25% നു മേല്‍ 40% വരെയെങ്കില്‍ അല്പം ശ്രദ്ധ ആവശ്യമുണ്ടെന്നും 40% നും 50% നും ഇടയിലെങ്കില്‍ പ്രതിമാസചെലവുകള്‍ക്ക് നിങ്ങള്‍ ഞെരുങ്ങുന്നുവെന്നും ഈ അനുപാതം 50% നു മുകളിലാണെങ്കില്‍ നിങ്ങളുടെ സ്ഥിതി അപകടകരമായ സ്ഥിതിയിലാണെന്നും കണക്കാക്കാം. ലോണെടുക്കാന്‍ തുനിയുന്നൊരാള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഈ അനുപാതം തന്നെ!
തങ്ങളുടെ സാമ്പത്തികസ്ഥിതിയും പ്രതിമാസ കുടുംബബജറ്റും അനുവദിക്കുമെങ്കില്‍ മാത്രം എടുക്കുന്ന അധവാ എടുക്കേണ്ടി വരുന്ന വായ്പയുടെ തിരിച്ചടവു കാലാവധി എത്രയും കുറയ്ക്കുന്നോ അത്രയും നന്ന്.
റെക്കറിങ്ങ് ഡെപ്പോസിറ്റിലൂടെ കൂട്ടുപലിശയുടെ ശക്തി നിങ്ങള്‍ക്കു ലഭിക്കുന്നത് ഓര്‍ക്കുക. ദീര്‍ഘകാല തിരിച്ചടവില്‍ വായ്പകള്‍ എടുക്കുമ്പോള്‍ ഈ മെച്ചം ലഭിക്കുന്നത് വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ക്ക് ആണെന്നറിയുക. മെച്ചം ലഭിക്കുന്നതാകട്ടെ, വായ്പയെടുക്കുന്നയാളില്‍ നിന്നും. എന്നാല്‍, ഓരോരുത്തരുടെയും കുടംബബജറ്റ് താറുമാറാക്കുംവിധം ഉയര്‍ന്ന തിരിച്ചടവ്(ഇ.എം.ഐ) ആകാതിരിക്കാനും ശ്രദ്ധിക്കണം. പത്തുവര്‍ഷക്കാലാവധിയില്‍ 9.75 ശതമാനം വായ്പയില്‍ ലോണെടുക്കുന്ന ഒരാള്‍ ഇ.എം.ഐ മുഴുവന്‍ അടച്ചു കഴിയുമ്പോള്‍ ആകെ അടച്ച ഇ.എം.ഐ യുടെ 57 ശതമാനം പലിശയ്ക്കു പോകുമ്പോള്‍, 15 വര്‍ഷ കാലാവധിയില്‍ ഇത് 91 ശതമാനം ആയും 20 വര്‍ഷത്തില്‍ 128 ശതമാനം ആയും ഉയരും എന്നറിയുമ്പോള്‍ കാര്യങ്ങളുടെ തീവ്രത മനസ്‌സിലാക്കാം
ലോണെടുത്തു കഴിഞ്ഞാല്‍ കൃത്യമായി മാസത്തവണകള്‍ അടയ്ക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില ബാങ്കുകളെങ്കിലും പിഴപലിശ ഈടാക്കുന്നത് മാസത്തവണകള്‍ മുടക്കുമ്പോഴാണെന്ന് അറിയുക.
തങ്ങളുടെ ലോണ്‍ പോര്‍ട്ട്‌ഫോളിയോ പരിശോധിച്ച് നിരക്ക് കൂടിയ ലോണുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ അതിനു ശ്രമിക്കണം.
Post your comments