ഇ.പി.ജയരാജന്‍
വ്യവസായ മന്ത്രി
നമ്മുടെ നാട്ടില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു മഹാപ്രളയമാണ് ഓഗസ്റ്റ് മാസം ഉണ്ടായത്. ആ പ്രളയം സൃഷ്ടിച്ചത് ഒരു മഹാദുരന്തവും. ആ ദുരന്തം ഉണ്ടാക്കിയിട്ടുള്ള നാശനഷ്ടങ്ങളും ജീവഹാനിയും വളരെ കനത്തതാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏതാണ്ട് 488 ഓളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ സംസ്ഥാനത്തെ 55 ലക്ഷം ആളുകളെ ഈ ദുരിതം ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളെ മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കേരളത്തിന്റെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ്. പുതിയ കേരളത്തെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
4.7 ലക്ഷം വീടുകളെ പ്രളയം ആക്രമിച്ചിട്ടുണ്ട്. വെള്ളമിറങ്ങിയതോടെ ഏതാണ്ട് 3,75, 000 വീടുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. മലിനമായ കിണറുകളില്‍ മിക്കതും വൃത്തിയാക്കി. ബാക്കിയുള്ള കിണറുകള്‍ വൃത്തിയാക്കാന്‍ ഉണ്ട്. കുട്ടനാട്ടില്‍ വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടാണിത്. 4632 ടണ്‍ ജൈവമാലിന്യം ശേഖരിച്ചിട്ടുണ്ട്. അതില്‍ ഏതാണ്ട് മൂവായിരത്തില്‍പരം ടണ്‍ മാലിന്യം സംകരിച്ചിട്ടുണ്ട്. 3200 ടണ്‍ അജൈവ മാലിന്യം ശേഖരിച്ചിട്ടുണ്ട്. അവയും സംസ്‌കരിക്കും. 14 ലക്ഷത്തോളം ആളുകളാണ് മുന്‍പ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. ഇത് പന്ത്രണ്ടായിരത്തോളമായി കുറഞ്ഞിട്ടുണ്ട്.
മഹാദുരന്തത്തില്‍ നിന്ന് ചുരുങ്ങിയ നിലയിലുള്ള ജീവഹാനിയാണുണ്ടായത്. പ്രളയത്തിന്റെ തീവ്രതയില്‍ കൂടുതല്‍ ജീവനാശങ്ങളും വസ്തുനാശങ്ങളുമൊക്കെ ഉണ്ടാകേണ്ടിയിരുന്നതായിരുന്നു. അത് കുറയ്ക്കാന്‍ കഴിഞ്ഞത് ഗവണ്‍മെന്റിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് കമാണ്ടറായി മുന്നില്‍ നിന്ന് നയിക്കുകയാണുണ്ടായത്. സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തിച്ചിരുന്നു. പ്രളയക്കെടുതികള്‍ ഫലപ്രദമായി നിയന്ത്രിച്ച് ജീവഹാനി കഴിയുന്നിടത്തോളം ഒഴിവാക്കി. രക്ഷാപ്രവര്‍ത്തനത്തിനായി ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളും യഥാസമയം ചെയ്യാന്‍ കഴിഞ്ഞതിനാലാണ് ജീവഹാനി പരമാവധി കുറക്കാനായത്. അല്ലെങ്കില്‍ പ്രളയം ഇതിലും എത്രയോ വലിയ ഒരു മഹാ ദുരന്തമായി മാറിയേനെ. പട്ടാളം, നേവി, എയര്‍ ഫോഴ്‌സ് ഇവയുടെ പ്രവര്‍ത്തനവും ദുരന്ത നിവാരണത്തിന് സഹായകമായി. കേരള പോലീസിന്റെ പ്രവര്‍ത്തനം വളരെ പ്രശംസനീയമാണ്. ഒരു ജനകീയ സേനയായി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് രക്ഷയായി.മത്സ്യത്തൊഴിലാളികളായിരുന്നു ഏറ്റവുമധികം ആളുകളുടെ ജീവന്‍ രക്ഷിച്ചത്. ഒരു ലക്ഷത്തില്‍പരം മരണം മുന്നില്‍ കണ്ട ആളുകളെയാണ് സംരക്ഷണസേനയിലെ എല്ലാവരും കൂടി രക്ഷിച്ചത്. ഇപ്പോഴുള്ള പ്രധാന പ്രതിസന്ധി തകര്‍ന്ന വീടുകളുടെ നിര്‍മ്മാണമാണ്. പല വീടുകളും താമസയോഗ്യമല്ല. ഇവ പുനര്‍ നിര്‍മിക്കണം. ഒരുപാട് സ്വത്തുക്കളുടെയും വസ്തുക്കളുടെയും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ കച്ചവടക്കാരുടെ ഭാഗത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഏതാണ്ട് നാല്‍പതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. വ്യാപാരികള്‍ക്ക് വളരെ വലിയ രീതിയില്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ ചെറുകിട–ഇടത്തരം വ്യവസായങ്ങള്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ട്. വ്യവസായികളെ സംരക്ഷിക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് പത്തുലക്ഷം രൂപവരെ വായ്പനല്‍കാന്‍ നടപടികളുണ്ട്. പ്രളയബാധിതമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിലെ വ്യാപാരികള്‍ക്കുമാത്രമാണ് ഇതിന് അര്‍ഹത. ദുരിതബാധിതര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരു ലക്ഷം രൂപവരെയുള്ള പലിശരഹിതവായ്പകള്‍ കുടുംബശ്രീയില്‍ നിന്ന് ലഭിക്കും.
പ്രളയ ബാധിതര്‍ക്ക് നഷ്ടം രേഖപ്പെടുത്താന്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്
പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്നതിന് ഐ.ടി. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ആപ്പ് തയ്യാറായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും ഇത് പ്രയോജനമാകും. വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേട് വന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്‌ളിക്കേഷനിലൂടെ കഴിയും; ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലത്തിന്റെ ലൊക്കേഷനും (ജിയോ ടാഗിങ്) ഫോട്ടോയും അപ്ലോഡ് ചെയ്യാം. തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16–30 ശതമാനം, 31–50 ശതമാനം, 51–75 ശതമാനം, എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുളള നഷ്ടത്തെ പൂര്‍ണ്ണ നഷ്ടമായി കണക്കാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും.
പുതിയ കേരളം
പടുത്തുയര്‍ത്താം
എല്ലാവരുടെയും സഹകരണത്തോടെയും സഹായത്തോടെയും ഒരു പുതിയ കേരളത്തിനായി കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി എല്ലാവരുടെയും സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ നിര്‍ലോഭ മായ സഹായങ്ങളുണ്ടായിട്ടുണ്ട്. മറ്റു സ്ഥലങ്ങ ളിലെ മലയാളികളും അവിടുത്തെ ഗവണ്‍മെന്റും സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ദുരന്തത്തെ നേരിടാന്‍ ഇറങ്ങിയവരെല്ലാം ആത്മാര്‍ത്ഥതയോടെയും പരസ്പര വിശ്വാസത്തോടെയുമാണ് പ്രവര്‍ത്തിച്ചത്. അതിന്റെ ഭാഗമായി രൂപംകൊണ്ട കൂട്ടായ്മയാണ് അതിജീവനത്തിന് സഹായിച്ചത്. ഇങ്ങനെ വലിയ രീതിയില്‍ ജനകീയ കൂട്ടായ്മയുടെ ഫലമായിട്ടാണ് ഇത്തരത്തില്‍ ഒരു സ്ഥിതിയിലേക്ക് ഉയരാന്‍ കേരളത്തിന് സാധിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്ത നങ്ങള്‍ മികച്ച രീതിയിലുള്ളതായിരുന്നു. ഇപ്പോള്‍ സുരക്ഷിത കേന്ദ്രങ്ങളിലുള്ളവരുണ്ട്. അവര്‍ വീട്ടിലേക്ക് പോകണം .അവരുടെ വീടുകളില്‍ പലതും നാശനഷ്ടത്തിലാണ്. ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സഹായമായി ഗവണ്‍മെന്റ് പതിനായിരം രൂപ കൊടുക്കുന്നുണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്.
Post your comments