Global block

bissplus@gmail.com

Global Menu

കൈത്തറി മേഖലയ്ക്ക് കരുത്തായി ഹാന്‍ടെക്സ്

കേരളത്തിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് കൈത്തറി. കേരളത്തനിമയുടെയും കരവിരുതിന്റെയും ഉത്തമ ഉദാഹരണമായ കൈത്തറി വസ്ത്രങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചവയാണ്. പരമ്പരാഗത വ്യവസായമായ കൈത്തറിമേഖലയുടെ ഒരു മാര്‍ക്കറ്റിംഗ് ബോഡിയായിട്ടാണ് 1961 ല്‍ ഹാന്‍ടെക്‌സ് സ്ഥാപിക്കുന്നത്. ഏതാണ്ട് മുന്നൂറോളം പ്രാഥമിക കൈത്തറി സംഘങ്ങള്‍ ഹാന്റക്സിലെ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഹാന്റക്സിലൂടെ മാര്‍ക്കറ്റിംഗ് ചെയ്യുക എന്നതാണ് ഹാന്റക്സിന്റെ ലക്ഷ്യം. ഹാന്റക്സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൈത്തറി മേഖലയെക്കുറിച്ചും ഹാന്‍ടെക്സ് മാനേജിംഗ് ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍ ബിസിനസ്‌സ് പ്‌ളസിനോട്.  

ഓണം വിപണിയില്‍ ഹാന്‍ടെക്‌സ്

ഓണക്കാലം ഹാന്‍ടെക്‌സിന്റെ പ്രധാന വിപണിയാണ്. ഓണവിപണിയില്‍ ജനങ്ങളെ ഹാന്റക്സിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രധാനപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക്, എല്‍ഐസി ഇത്തരത്തില്‍ പ്രധാന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹാന്റക്സിന്റെ ഏതു ഷോറൂമില്‍ നിന്നും10000 രൂപവരെ ക്രെഡിറ്റ് ഫെസിലിറ്റിയിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം  ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇലക്രേ്ടാണിക് ക്രെഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വഴി നേരിട്ട് ഉപഭോക്താവിനെ അവരുടെ അക്കൗണ്ടില്‍ നിന്നും മാസ തവണ വ്യവസ്ഥയില്‍ തിരിച്ചടവ് നല്‍കുന്നതിനുള്ള സംവിധാനമാണിത്. മറ്റു ഓഫറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റിബേറ്റ് സെയില്‍. അതായത് 20% ഗവണ്‍മെന്റ് റിബേറ്റ് നല്‍കുന്നു. അതിനോടൊപ്പം തന്നെ അഡീഷണലായി ഡിസ്‌കൗണ്ട് നല്‍കാനുള്ള സാഹചര്യമുണ്ട്. അങ്ങനെയാകുമ്പോള്‍ ഡിസ്‌കൗണ്ട് തുകയ്ക്കുള്ള ഉല്‍പ്പന്നം തിരഞ്ഞെടുക്കാം. ഹാന്റക്സിന്റെ അംഗങ്ങളില്‍ നിന്ന് പുതിയ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ ഹാന്‍ടെക്‌സ് ഷോറൂമുകളില്‍ നിന്നും ഓണക്കാലത്ത് ലഭ്യമാകും.അതിനായുള്ള എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.  കൈത്തറി മേഖലയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കൈത്തറി മേഖലയുടെ നിലവില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണക്കാലം കഴിയുമ്പോള്‍ കൈത്തറി മേഖലയ്ക്ക് മികച്ച ഒരു ഭാവിയാണ് പ്രതീക്ഷിക്കുന്നത്.
ഈ മേഖലയില്‍ കച്ചവടം വന്‍തോതില്‍ വികസിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട്. ഹാന്റക്സിന്റെ പുതിയ ഷോറൂമുകള്‍ ചെയ്യുന്നുണ്ട്. ഷോറൂമുകളുടെയെല്ലാം നവീനാമായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഹാന്റക്സിന്റെ പ്രവര്‍ത്തനം ഷോ റൂമുകളുടെ പ്രവര്‍ത്തനത്തിലൂടെയാണ്. അതിനാല്‍ ഷോറൂമുകളുടെ പ്രവര്‍ത്തനം വളരെയധികം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ജീവനക്കാര്‍ ഉപഭോക്താക്കളോട് സൗഹാര്‍ദ്ദപരമായി പെരുമാറുകയും വില്പന വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായുള്ള പദ്ധതിയുണ്ട്. ഉപഭോക്താവിന് സങ്കല്പങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.ഉല്‍പ്പന്നങ്ങള്‍ക്ക് പുതുമ അനിവാര്യമാണ്. പുതിയ രീതിയിലുള്ള ട്രെന്‍ഡുകളും ഡിസൈനുകളും യോജിച്ച രീതിയിലുള്ള വസ്ത്രങ്ങള്‍ വിഭാവനം ചെയ്യുവാനുള്ള പദ്ധതികളുണ്ട്. വിശേഷാവസരങ്ങളിലും പാര്‍ട്ടികളിലും  പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ അണിയാന്‍ യുവതലമുറയ്ക്ക് ഇഷ്ടമാണ്. വിവാഹത്തിന് അണിയാവുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇതിലുണ്ട്. കൈത്തറി ഉല്‍പ്പന്നങ്ങള്‍ പുതിയ തലമുറയിലേക്ക് ഒരു ട്രെന്‍ഡ് ആക്കി നിലനിര്‍ത്തുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. അതിനുള്ള പ്രചാരണങ്ങളും മറ്റും നടക്കുന്നുണ്ട്. 

കൈത്തറിയും കരവിരുതും 

പവര്‍ ലൂമില്‍ നിന്ന് വളരെ വലിയ രീതിയിലുള്ള കോമ്പറ്റീഷന്‍ ഈ മേഖലയില്‍ ഉണ്ടാകുന്നുണ്ട്. കൈത്തറിയെ അപേക്ഷിച്ച് അഞ്ചിരട്ടി പ്രൊഡക്റ്റിവിറ്റി പവര്‍ലൂമില്‍ ഉണ്ട്. എന്നാല്‍ കൈത്തറി ഉല്‍പ്പന്നങ്ങളേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് പവര്‍ ലൂമില്‍ ഉള്ളത്. കൈത്തറിയില്‍ ഉള്ള ഉത്പന്നങ്ങള്‍ തന്നെ അതേ ഡിസൈനില്‍ പവര്‍ ലൂമില്‍ നല്‍കുന്നു. ഉപഭോക്താവിന് ഇത് തിരിച്ചറിയാന്‍ സാധിക്കില്ല. ശരിയായ കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിച്ച ശേഷം പവര്‍ ലൂം ഉപയോഗിക്കുമ്പോഴാണ്  ഉപഭോക്താവിന് വ്യത്യാസം അറിയാന്‍ സാധിക്കുന്നത്. പലപ്പോഴും വിലയിലുള്ള കുറവ് മാത്രമാണ് ഉപഭോക്താക്കള്‍ നോക്കാറുള്ളത്. അവയുടെ ക്വളിറ്റിയില്‍ ഉള്ള വ്യത്യാസം  ശ്രദ്ധിക്കാറില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടി ഇതിന്റെ വില കുറയ്ക്കുവാനുള്ള ഡിസ്‌കൗണ്ടുകളും മറ്റും ഈ മേഖലയ്ക്ക് വളരെ സഹായകരമാകും. കൈത്തറി വസ്ത്രങ്ങള്‍ക്ക് മറ്റൊരു പ്രധാന പ്രത്യേകതയുണ്ട്. അതായത്  ചില യൂണീക്ക് ആയിട്ടുള്ള ഡിസൈനുകള്‍ പവര്‍ ലൂമില്‍ ചെയ്യാന്‍ സാധിക്കില്ല. അവ കൈത്തറിയിലൂടെ ആ കരവിരുതിലൂടെ മാത്രമേ നിര്‍മിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇവിടെയാണ് കൈത്തറിയുടെ വിജയം.  
നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ച വസ്ത്രങ്ങളാണ് ഈ പരമ്പരാഗത വസ്ത്രങ്ങള്‍. അവ ധരിക്കുമ്പോഴുള്ള കംഫര്‍ട്ട് മറ്റു വസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇത്തരത്തില്‍ വളരെ മേന്മയുള്ള വസ്ത്രങ്ങളാണ് കൈത്തറി വസ്ത്രങ്ങള്‍. വസ്ത്രനിര്‍മാണ മേഖലയില്‍ ഘടനയില്‍ കൈത്തറി മേഖലയ്ക്ക് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. പരമ്പരാഗത വസ്തുക്കളോടൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഹാന്‍ടെക്‌സ് വിഭാവനം ചെയ്യുന്നത്.  2017 –18 വര്‍ഷം ഹാന്റക്സിന്റെ ടേണ്‍ ഓവര്‍ 36 കോടിയായിരുന്നു. ഇതിനു മുന്‍പത്തെ വര്‍ഷം 32 കോടിയായിരുന്നു. 4 കോടിയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഏതാണ്ട് 50 കോടിക്കു മുകളില്‍ ഉള്ള ടേണ്‍ ഓവര്‍ ആണ് പ്രതീക്ഷിക്കുന്നത്.

Post your comments