ബാങ്കിന്റെ അമിതമായ ആവേശം കടങ്ങള്‍ വീട്ടാനുള്ള ശ്രമങ്ങളെ തകര്‍ത്തിരിക്കുകയാണ്. ബാധ്യതകള്‍ വളരെക്കുറവാണ്. ബാങ്ക് പറയുന്നതുപോലെ ഇത്രയും വലിയ തുക ബാങ്കിന് നല്‍കാനില്ല. അയ്യായിരം കോടി രൂപയില്‍ താഴെയാണ് കടമുള്ളത്. ഇത് വീട്ടാന്‍ നിഷ്പ്രയാസം കഴിയും. എന്നാല്‍ ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്ത് സാമ്പത്തിക ഇടപാട് തടഞ്ഞതാണ് ഇതിനു തടസ്സമായത്. സിബിഐ കേസെടുത്തിരിക്കുന്ന ബന്ധുക്കള്‍ക്കു കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിധ പങ്കുമില്ല. മാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ പെരുപ്പിച്ച് കാട്ടിയതിലൂടെ ബ്രാന്‍ഡിന്റെ മൂല്യം കുറയുകയാണുണ്ടായിട്ടുള്ളത്. ഇത് കടങ്ങള്‍ വീട്ടാനുള്ള ശ്രമങ്ങളെ തകര്‍ത്തിരിക്കുകയാണ്.
നീരവ് മോഡി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു കൊറിയന്‍ ചിത്രത്തിലെ കഥയാണിത്. ബാങ്കുകള്‍ തോറും തട്ടിപ്പുകള്‍ നടത്തുന്ന ഒരു അജ്ഞാതനായ വില്ലന്‍. ആരാണ് തട്ടിപ്പ് നടത്തിയതെന്നോ ഏതു രീതിയിലാണ് തട്ടിപ്പു നടത്തിയതെന്നോ അറിയാതെ കുഴയുന്ന ഒരു കൂട്ടം ഡിക്ടറ്റീവുകള്‍. ക്ലൈമാക്‌സില്‍ കഥയുടെ സസ്‌പെന്‍സിന്റെ ചുരുളഴിയുമ്പോള്‍ ആരെയും അമ്പരപ്പിക്കുന്ന തട്ടിപ്പിന്റെ പുതുരീതികളാണ് വില്ലന്‍ വിശദീകരിക്കുന്നത്. യാഥാര്‍ഥ്യവുമായി ഒരു രീതിയിലും ബന്ധമില്ലാത്ത ഒരു സിനിമയായി ആളുകള്‍ അത് കണ്ടു മറന്നു. എന്നാല്‍ ചിലപ്പോഴൊക്കെ സിനിമയെക്കാളും വിചിത്രമായിരിക്കും യാഥാര്‍ഥ്യം. ഇത്തരത്തില്‍ ആരെയും അമ്പരപ്പിക്കുന്ന വിചിത്രമായ ഒരു ബാങ്ക് തട്ടിപ്പിന്റെ കഥയാണ് കഴിഞ്ഞ മാസം മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പിന്റെ കഥ.
ഇന്ത്യയുടെ വജ്രരാജാവായ നീരവ് മോഡിയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലായി 11,400 കോടിയുടെ തട്ടിപ്പ് നടത്തിയത്. നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, അമ്മാവനായ മെഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്നാണ് വ്യാജരേഖകള്‍ ചമച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തത്. 2011 മുതല്‍ ഏഴ് വര്‍ഷം നീണ്ടു നില്‍ക്കുന്ന തട്ടിപ്പായിരുന്നു ഇത്. തട്ടിപ്പിനൊടുവില്‍ മോഡി രാജ്യം വിടുകയാണുണ്ടായത്. ആദ്യം ന്യൂയോര്‍ക്കിലേക്കും പിന്നീട് ബെല്‍ജിയത്തിലെ രഹസ്യ താവളത്തിലേക്കുമാണ് മോഡി ചേക്കേറിയതെന്നുള്ള റിപ്പോര്‍ട്ടുകളാണുള്ളത്.
രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന് മോദിക്ക് സഹായികള്‍ ആരൊക്കെയാണ്. ഇത്രയും വര്‍ഷമായി നടത്തിയ തട്ടിപ്പു എന്ത് കൊണ്ട് ഇതുവരെയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഈ തട്ടിപ്പിന് തുടര്‍ച്ചയായി ഇനിയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ. രാജ്യം വിട്ടകന്ന മോദിയില്‍ നിന്ന് ഈ തുക ഏതു രീതിയില്‍ തിരികെ ഈടാക്കുവാന്‍ സാധിക്കും. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് മോദിയുടെ തിരോധാനം.
ഡയമണ്ട് കിംഗ്
ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ മഹാ ശതകോടീശ്വരന്‍. ഇന്ത്യയിലെ വജ്രരാജാവ്. ബിസിനസ്സുകാരുടെയും സിനിമ താരങ്ങളുടെയും ഇഷ്ട തോഴന്‍. ഒന്നോ ഒന്നിലധികം വാചകങ്ങളിലോ ഒതുങ്ങുന്നതല്ല നിമോ എന്ന ചുരുക്കപ്പേരിലെ നീരവ് മോഡിയുടെ വിശേഷണങ്ങള്‍. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വജ്രവ്യാപാരത്തിന്റെ തന്ത്രങ്ങള്‍ പഠിച്ചു വിജയിച്ച നീരവ് അത്ഭുതകഥയിലെ നായകനെപ്പോലെ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.
ഇന്ത്യക്കാരനാണെങ്കിലും മോഡി തന്റെ ശൈശവകാലം ചെലവിട്ടത് ലോകത്തിന്റെ വജ്രതലസ്ഥാനമായ ബല്‍ജിയത്തിലെ ആന്റ് വെര്‍പ്പിലാണ്. കുട്ടിക്കാലം മുതലേ മോദിയുടെ മനസ്സില്‍ വജ്രത്തിനോടും വജ്രവ്യാപാരത്തിനോടുമുള്ള താത്പര്യമുണ്ടായിരുന്നു. മോദിയുടെ മുന്‍ തലമുറയിലുള്ളവരും വജ്രവ്യാപാരികളാണ്. കാലങ്ങള്‍ക്ക് ശേഷം മോഡി ഇന്ത്യയില്‍ തിരിച്ചെത്തി. അമ്മാവനായ ചോക്‌സിയുമായി ചേര്‍ന്ന് വജ്രവ്യാപാരത്തിനെക്കുറിച്ച് പഠിച്ചു. ഗീതാഞ്ജലി ജെംസിന്റെ ഡയറക്ടറായ ചോക്‌സിയും മോഡിയും ചേര്‍ന്ന് ബിസിനസ്സ് വളര്‍ത്തി.
കാലങ്ങള്‍ പിന്നിട്ടു. പോളിഷ് ചെയ്ത ഡയമണ്ടുകള്‍ വില്‍ക്കുന്ന ബിസിനസ്സ് മോഡി സ്വന്തമായി തുടങ്ങി. തശാലിയായ ബിസിനസ്സുകാരനായിരുന്നു മോഡി. വെറും പോളിഷ് ചെയ്ത ഡയമണ്ടുകള്‍ വില്‍ക്കുന്നതിലൂടെ ബിസിനസ്സ് നിലനിര്‍ത്തുവാന്‍ കഴിയില്ല എന്നത് അദ്ദേഹം മനസ്സിലാക്കി. പോളിഷ് ചെയ്ത ഡയമണ്ടുകള്‍ക്ക് പകരം ഡയമണ്ട് ആഭരങ്ങള്‍ ഡിസൈന്‍ ചെയ്ത നിര്‍മിച്ചു വില്‍ക്കുന്ന ബിസിനസ്സായിരുന്നു മോഡി പിന്നീട് ചെയ്തത്. അത് വളരെ വലിയ ലാഭം നേടിക്കൊടുത്തു. ബിസിനസ്സ് വളര്‍ന്നതോടെ ഡയമണ്ട് ബിസിനസിലെ മറ്റു പല കമ്പനികളും മോഡി വാങ്ങുകയുണ്ടായി.
ബോളിവുഡ് താരങ്ങള്‍ പലരും ഡയമണ്ട് ആഭരങ്ങള്‍ക്കായി അദ്ദേഹത്തെ സമീപിച്ചു. താരങ്ങളായതിനാല്‍ വളരെ യുണീക്ക് ആയിട്ടുള്ള ആഭരങ്ങളായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. അതിനായി അദ്ദേഹം അതിനു യോജിച്ച ഡയമണ്ടുകള്‍ ശേഖരിച്ചു. അതിലൂടെ ആഭരങ്ങള്‍ നിര്‍മിച്ചു നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ വജ്രരാജാവായി മോഡി വളര്‍ന്നു. രാജ്യത്തും വിദേശത്തും സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഡയമണ്ട് രാജാവായി മോഡി മാറിയ ചരിത്രമാണ് കാലങ്ങള്‍ക്ക് ശേഷം കാണുവാന്‍ സാധിച്ചത്.
തട്ടിപ്പ് ഇങ്ങനെ
ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളില്‍ ഒന്നായ നിമോ തട്ടിപ്പിന്റെ ആരംഭം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള വാര്‍ത്തകള്‍ പ്രകാരം 2011ലാണ് നീരവ് മോഡി തട്ടിപ്പ് ബാങ്കില്‍ അരങ്ങേറുന്നത്. 2018 ജനുവരിയിലാണ് ഈ തട്ടിപ്പ് സ്ഥിരീകരിക്കുന്നത്. അതിവിദഗ്ദമായ തന്ത്രമായിരുന്നു ഈ ബാങ്ക് തട്ടിപ്പിനായി ഉപയോഗിച്ചത്. നീരവ് മോഡിയെന്ന തന്ത്രശാലിയായ ബിസിനസ്സുകാരനാണ് ഈ മാസ്റ്റര്‍ പ്ലാനിനു പിന്നിലെ മാസ്റ്റര്‍ മൈന്‍ഡ്. സിനിമ കഥകളെപ്പോലും വെല്ലുന്ന വിധം അസാധാരണമായ രീതിയിലാണ് നീരവ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ഏതെങ്കിലും വിധത്തിലുള്ള ഗ്യാരന്റി നല്‍കിയാണ് വ്യവസായികള്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കുന്നത്. അവ പിന്നീട് പലിശയോടെ തിരിച്ചടയ്ക്കും. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഈടു നല്‍കിയ സ്വത്ത് ബാങ്ക് കണ്ടുകെട്ടും. ഇതാണ് സാധാരണ രീതിയില്‍ സംഭവിക്കുക.
നീരവ് മോഡിയും ഇത്തരത്തില്‍ ലോണിനായി പിഎന്‍ബിയെ സമീപിച്ചു. വിദേശത്തുള്ള ബിസിനസ്സ് ആവശ്യങ്ങള്‍ക്കായിരുന്നു മോഡി വായ്പയ്ക്കായി സമീപിച്ചത്. സാധാരണ രീതിയില്‍ ഒരു വിദേശബാങ്കിനെ നേരിട്ട് സമീപിക്കാന്‍ നീരവ് മോഡിക്ക് കഴിയില്ല. വിദേശ ബാങ്കിന് മോദിയെന്ന വ്യാപാരിയെ അറിയില്ല. അതിനാല്‍ ഇവിടെയുള്ള ബാങ്കിലൂടെ മാത്രമേ വിദേശബാങ്കിനെ സമീപിക്കാന്‍ കഴിയൂ. ഇത്തരത്തിലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ മോഡി സമീപിച്ചത്. ബാങ്ക് നേരിട്ട് വിദേശ ബാങ്കിനെ സമീപിക്കും. മോഡി വായ്പ തിരിച്ചടച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഇവിടെയുള്ള ബാങ്കിനാണ്. ലെറ്റര്‍ ഓഫ് അണ്ടര്‍ട്ടേക്കിങ് (എല്‍ഒയു) ലൂടെയാണ് ഈ ഇടപാടുകള്‍ നടക്കുന്നത്. എല്‍ഒയുവിലൂടെ പിഎന്‍ബിക്ക് വിദേശബാങ്ക് വായ്പ നല്‍കും. ഇവിടെയുള്ള ബാങ്കിന് വിദേശബാങ്കിലുള്ള അക്കൗണ്ടിലൂടെയാണ് തുക നല്‍കുക.
മറ്റു ലോണുകളില്‍ നിന്ന് ഈ ലോണിനുള്ള വ്യത്യാസം ഇതില്‍ ലോണ്‍ നല്‍കുന്ന ആളിനേക്കാള്‍ എല്‍ഒയു കൊടുക്കുന്ന ബാങ്കിനെയാണ് വിദേശബാങ്ക് പ്രാധ്യാന്യം നല്‍കുന്നത്. ഗ്യാരന്റിയുടെ കാര്യത്തിലും ഇതുപോലെ വായ്പയെടുക്കുന്നയാള്‍ തിരിച്ചടയ്ക്കാതിരുന്നാല്‍ എല്‍ഒയു നല്‍കുന്ന ബാങ്കിനാണ് ഉത്തരവാദിത്വം. അവരാണ് ഈ ലോണ്‍ തുക വീട്ടേണ്ടത്. ഇവിടെയുള്ള ബാങ്ക് ഇതിന്റെ ഭാഗമായി ലോണ്‍ നല്‍കുന്ന തുകയ്ക്ക് ആവശ്യമായ ഈട് മോഡിയില്‍ നിന്ന് വാങ്ങിയിരിക്കണം. എന്നാല്‍ ഇതിലാണ് ഈ തട്ടിപ്പിലെ ഏറ്റവും പ്രധാനമായ ഭാഗം അരങ്ങേറുന്നത്. ഇത്തരത്തില്‍ ഒരു ഈടുംവാങ്ങാതെയാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ മോഡിക്ക് എല്‍ഒയു നല്‍കിയത്.
പിഎന്‍ബിയുടെ ഗ്യാരന്റിയില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ മോഡി പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത പിഎന്‍ബിക്കായി. മോദിക്ക് എല്‍ഒയു നല്‍കിയിരുന്ന ഉദ്യോഗസ്ഥന്‍ വിരമിക്കുകയുണ്ടായി. അതിനു ശേഷവും മോദി തട്ടിപ്പിനായി ശ്രമിച്ചു. പുതിയ ബാങ്ക് ഉദ്യോഗസ്ഥര്‍ എല്‍ഒയു നല്‍കണമെങ്കില്‍ ഈട് വേണമെന്ന് മോദിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് ഈടില്ലാതെ പലതവണ എല്‍ഒയു ലഭിച്ചിട്ടുള്ളതായി മോദി ബാങ്കിനോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഒരു രേഖയും ബാങ്കില്‍ ഉണ്ടായിരുന്നില്ല. ബാങ്കിന്റെ ഒരു രേഖയിലുമില്ലാതെയായിരുന്നു മുന്‍ ഉദ്യോഗസ്ഥന്‍ മോദിക്ക് ഇതു നല്‍കിയിരുന്നത്.
നിമോ
നീരവ് മോഡി, ഭാര്യ ആമി മോഡി, സഹോദരന്‍ നിശാല്‍ മോഡി, അമ്മാവന്‍ മെഹുല്‍ ചോക്‌സി ഇവരൊക്കെയാണ് തട്ടിപ്പിലെ പ്രധാനികള്‍. ജനുവരി ഒന്നിനാണ് നീരവ് മോഡി രാജ്യം വിട്ടത്. നീരവിന്റെ സഹോദരന്‍ വിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടിരുന്നു. അമ്മാവന്‍ മെഹുല്‍ ചോക്‌സി ജനുവരി നാലിനും നീരവിന്റെ ഭാര്യ ആമി ജനുവരി ആറിനുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്.ബെല്‍ജിയം പാസ്‌പോര്‍ട്ടും നീരവിന്റെ കൈവശമുണ്ടായിരുന്നു. സഹോദരന്‍ നിശാല്‍ ബല്‍ജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയ്ക്ക് യുഎസ് പൗരത്വമാണുള്ളത്. ജനുവരി 29 നാണ് നീരവിനെതിരെയുള്ള പരാതി സിബിഐയ്ക്കു നല്‍കുന്നത്. സിബിഐ നീരവിനെതിരെ ലുക്ക്ഔട്ട് നോട്ടിസും ഇറക്കിയിട്ടുണ്ട്.
തട്ടിപ്പിന് ശേഷം നീരവ് മോദിയും ഭാര്യ ആമിയും ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 5100 കോടി രൂപയുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. മോദിയുടെ ആഡംബരക്കാറുകളും പെയിന്റിങ്ങുകളും ഇതിലുണ്ട്. ഇത്തരത്തില്‍ പണം തിരികെ ഇടാക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ സഹായം തേടാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുംബൈ പ്രത്യേക കോടതി അനുമതി നല്‍കി. ഇവയൊക്കെ എത്രത്തോളം ഫലപ്രദമാകുമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
തട്ടിപ്പിന്റെ കഥകള്‍ ഒരു നീരവ് മോഡിയില്‍ മാത്രമായി ചുരുങ്ങുന്നില്ല. നിമോ തട്ടിപ്പിനു ശേഷം നിരവധി ബാങ്ക് തട്ടിപ്പിന്റെ കഥകള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ തലക്കെട്ടുകളില്‍ നിറയുന്നുണ്ട്. വന്‍വിവാദങ്ങള്‍ ഉണ്ടാക്കിയ പഴയ കാല തട്ടിപ്പുകള്‍ പലതും പിന്നീട് വെറും കഥകളായി അവശേഷിക്കുകയാണുണ്ടായിട്ടുള്ളത്. ഒരു വിവാദ വാര്‍ത്തയ്ക്ക് പുറകെ മറ്റൊരു വിവാദ വാര്‍ത്ത നിറയുമ്പോള്‍ പഴയ വാര്‍ത്തകള്‍ കളമൊഴിയുന്ന അവസ്ഥയാണ് കാണുവാന്‍ സാധിച്ചിട്ടുള്ളത്. വിദേശത്തേക്ക് കടന്ന വന്‍ വ്യവസായികളെ ഇതുവരെയും ഇന്ത്യയിലെത്തിക്കാനോ നടപടികള്‍ എടുക്കുവാനോ ഇതുവരെയും സാധിച്ചിട്ടില്ല. നിമോ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുവാനും കഴിഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വാദ പ്രതിവാദങ്ങളും ചര്‍ച്ചകള്‍ക്കുമൊടുവില്‍ നിമോയും ചിലപ്പോള്‍ ഒരു കഥ മാത്രമായി അവശേഷിക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു പുതിയ കഥയല്ല. ലളിത് മോഡിയും മല്യയും ആവര്‍ത്തിച്ച തട്ടിപ്പു തന്ത്രങ്ങളുടെ ഒരു പുനരാവിഷ്‌കരണം മാത്രമാണ് നീരവ് മോദിയും.
സെലിബ്രിറ്റി ഡയമണ്ട്‌സ്
ഹോളിവുഡ് താരങ്ങളെ വെല്ലുന്ന വിധം ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്നു ഇന്ത്യയുടെ വജ്രരാജാവായ നീരവ് മോഡിക്ക്. ഓസ്‌കര്‍, അവാര്‍ഡിലും ഈ വജ്രരാജാവിന്റെ റോയല്‍ സ്പര്‍ശമുണ്ടായിരുന്നു. അവാര്‍ഡ് നിശയില്‍ താരങ്ങള്‍ അണിയുവാനായി തിരഞ്ഞെടുത്തിരുന്നത് മോദിയുടെ ഡയമണ്ട് കളക്ഷനുകളായിരുന്നു. താരങ്ങളായ സ്‌റ്റെല്ല മാക്‌സ്വെല്‍, ഒലിവിയ മൂണ്‍, താരാജി പിന്‍ ഹെന്‍സണ്‍ ഇവരെല്ലാം നീരവ് മോദിയുടെ വജ്രാഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഡയമണ്ട് സ്‌റ്റോറിന്റെ ഉദ്ഘാടനത്തിന് ലിസാ ഹെയ്ഡന്‍ പങ്കെടുത്തിരുന്നു. പ്രിയങ്ക ചോപ്രയായിരുന്നു നീരവ് മോഡി ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. വിവാദങ്ങളുടെ സാഹചര്യത്തില്‍ പ്രിയങ്ക ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഒഴിയുകയാണുണ്ടായത്. പ്രതിഫലം നല്‍കിയില്ല എന്നാരോപിച്ച് നീരവിനെതിരെ കേസും പ്രിയങ്ക നല്‍കിയിട്ടുണ്ട്. പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട മറ്റു പല നടിമാരും മോഡലുകളും പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഡിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബിസിനസുകാര്‍ക്കും താരങ്ങള്‍ക്കും പ്രധാന ചടങ്ങുകളില്‍ അണിയുവാനായി മോഡി ആഭരണങ്ങള്‍ നല്‍കിയിരുന്നു. ഇവരില്‍ പലരും മോദിയുടെ കടുത്ത ആരാധകര്‍ കൂടിയായിരുന്നു. ഈ താരറാണിമാര്‍ക്കായി വജ്രങ്ങള്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്താണ് നല്‍കിയിരുന്നത്.
ഉന്നതരുടെ സംരക്ഷണമില്ലാതെ കോടികളുടെ തട്ടിപ്പ് നടത്താനാകില്ല. ബിജെപി സര്‍ക്കാരിെ കാലത്താണ് 90ശതമാനം ഇടപാടുകളും നടന്നത്. മോദി ജനങ്ങളോട് ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പറയുന്നു. എന്നാല്‍ നീരവ് പണം മുഴുവന്‍ കൊള്ളയടിക്കുകയാണ്. ഇന്ത്യയെ കൊള്ളയടിക്കേണ്ട നീരവ് മോദി മാതൃക ഇതാണ്. മോദിയെ കെട്ടിപ്പിടിക്കുക, ദാവോസില്‍ മോദിയോടൊപ്പം കാണപ്പെടുക, ആ സ്വാധീനം ഉപയോഗപ്പെടുത്തി 12,000 കോടി അടിച്ചുമാറ്റുക, ഗവണ്‍മെന്റ് കണ്ടില്ലെന്ന് നടിക്കുക, മല്യയെ പോലെ രാജ്യം വിടുക.
രാഹുല്‍ ഗാന്ധി
മാനേജ്‌മെന്റും ഓഡിറ്റര്‍മാരും തട്ടിപ്പ് വിഷയത്തില്‍ ഉത്തരവാദികളാണ്. തട്ടിപ്പ് നടക്കുമ്പോള്‍ ഓഡിറ്റര്‍മാര്‍ എന്തു ചെയ്യുകയായിരുന്നു. മാനേജ്‌മെന്റിന് അധികാരം നല്‍കുന്നത് അത് ഫലപ്രദമായും ശരിയായ രീതിയിലും പ്രയോഗിക്കുമെന്ന പ്രതീക്ഷയിലാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അതിന് ഉത്തരവാദികള്‍ ഇവരാണ്.
അരുണ്‍ ജെയ്റ്റിലി
സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുത്തിട്ടുള്ള സര്‍ക്കാരാണിത്. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതു സഹിക്കുകയില്ല.
നരേന്ദ്രമോഡി
Post your comments