Global block

bissplus@gmail.com

Global Menu

പ്രമേഹ രോഗികളിൽ അധികം പേരും ഭക്ഷണക്രമം തെറ്റിക്കുന്നവരെന്ന് സർവേ

തിരുവനന്തപുരം: ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ പ്രമേഹരോഗികളില്‍ പത്തില്‍ ഏഴു പേരും തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഒട്ടും ചിന്തയില്ലാത്തവരാണ്. അടുത്തിടെ നടത്തിയ ആബട്ട് ഫുഡ്, സ്പൈക്സ് ആന്‍ഡ് ഡയബെറ്റീസ് സര്‍വേ പ്രകാരം പ്രമേഹ രോഗികൾ എന്തു കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നതിൽ  ഒരു ശ്രദ്ധയും നല്കുന്നില്ല എന്നും, അവരുടെ പ്ളേറ്റുകളില്‍ നിറയുന്നത് പ്രമേഹം വര്‍ധിപ്പിക്കുന്ന അന്നജമടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് എന്നും കണ്ടെത്തി.

സർവേ യിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നത് തിരുവനന്തപുരം നഗരത്തിൽ സര്‍വേയില്‍ പങ്കെടുത്ത 429 പേരിൽ അമിത ഭാരമുള്ളവര്‍ 58 ശതമാനവും അനിയന്ത്രിത  ബ്ലഡ്ഷുഗര്‍ ഉള്ളവർ 77 ശതമാനവുമാണ്. 35 വയസിനു താഴെ 10 ശതമാനം പേരും 36-45 വയസ് പ്രായമുള്ളവർ 34%, 46-55 വയസ്- 40%,  56-65 വയസ്- 15%  എന്നീ നിലയിലുമാണ് പ്രമേഹം കണ്ടെത്തിയത്.

ഇവരിൽ ഉറക്കമെഴുന്നേല്‍ക്കുന്നതും പ്രഭാത ഭക്ഷണവും തമ്മിലുള്ള സമയ വ്യത്യാസം 90 മിനിറ്റ് ആണ്.  ദിവസവും ലഭിക്കുന്നത്  2558 കലോറിയും, 60 ശതമാനത്തിലധികം അന്നജമുള്ള ഭക്ഷണം കഴിക്കുന്നവര്‍ 84 ശതമാനവുമാണ്.

സർവേയുടെ മുഖ്യ കണ്ടെത്തലുകള്‍ ഇവയാണ്.  പ്രമേഹ രോഗികളില്‍ 62 ശതമാനം പേര്‍ അധിക ശരീരഭാരമുള്ളവരാണ് (ഇവരുടെ  ബോഡി മാസ് ഇന്‍ഡെക്സ്-ബിഎംഐ 22.9 പോയിന്‍റിനേക്കാള്‍ കൂടുതലാണ്. ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് ആണ് 22.9). രോഗികളില്‍ 46 ശതമാനം തടിയന്‍മാരുടെ ഗണത്തിലാണ്. പുരുഷന്മാരുടെ ശരാശരി ബിഎംഐ 24.1-ഉം സ്ത്രീകളുടെ ശരാശരി ബിഎംഐ 25.3-ഉം ആണ്.

പ്രമേഹ രോഗികളില്‍ 55 ശതമാനത്തിനും 45 വയസിനു താഴെയാണ് രോഗം കണ്ടെത്തിയത്. പതിനേഴു ശതമാനത്തിനു രോഗം കണ്ടെത്തിയത് 35 വയസിനു താഴെയാണ്.

രോഗികളില്‍ 65 ശതമാനത്തിന്‍റെയും രക്തത്തിലെ പഞ്ചസാര നിയന്ത്രണാതീത നിലയിലാണ്. ഭക്ഷണത്തിനും മുമ്പും ഭക്ഷണശേഷവും സ്ഥിതി ഇതു തന്നെയാണ്. കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന ഇടവേളകള്‍ എന്നിവ രക്തത്തിലെ പഞ്ചസാരയെ സ്വാധീനിക്കുന്നു.

അറുപത്തിരണ്ടു ശതമാനം  പ്രമേഹ രോഗികള്‍ക്കും മറ്റു രോഗങ്ങളുണ്ട്. രോഗികളില്‍ 40 ശതമാനത്തിനും രക്തസമ്മര്‍ദ്ദമുണ്ട്. പ്രമേഹരോഗികളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും ഇതാണ്. അഞ്ചുവര്‍ഷമായി പ്രമേഹം ബാധിച്ചിട്ടുള്ളവരില്‍ 70 ശതമാനത്തിനും കുറഞ്ഞതു മറ്റൊരു രോഗവുംകൂടിയുണ്ട്.  കണ്ണ് (റെറ്റിനോപ്പതി), ഞരമ്പ് (ന്യൂറോപ്പതി) രോഗങ്ങളാണ് കൂടുതലായി ഈ വിഭാഗത്തില്‍ കാണുന്നത്.

ഭക്ഷണത്തിനു മുമ്പും ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞു രക്തത്തിലെ പഞ്ചസാര നോക്കണമെന്നാണ് ശിപാര്‍ശയെങ്കിലും 40 ശതമാനം പേര്‍ ഒരു ടെസ്റ്റ് മാത്രമാണ് നടത്തുന്നത്. ഭക്ഷണത്തിനു മുമ്പുള്ള ടെസ്റ്റിനാണ് മുന്‍ഗണന നല്കുന്നത്.  ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ ടെസ്റ്റ് നടത്തണമെന്നാണ് ശിപാര്‍ശയെങ്കിലും ശരാശരി 58 മിനിറ്റിനുശേഷം ടെസ്റ്റ് നടത്തുന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയത്.

പത്തില്‍ ഏഴു പ്രമേഹരോഗികളുടേയും ഭക്ഷണം സന്തുലിതമല്ല. ഭക്ഷണപ്ളേറ്റില്‍ 68 ശതമാനവും അന്നജമാണ്. അങ്ങേയറ്റം ശിപാര്‍ശ ചെയ്യുന്നത് 60 ശതമാനം അന്നജമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ ശിപാര്‍ശ ചെയ്യുന്ന അളവിലാണ് കലോറി ( പുരുഷന്മാര്‍ക്ക് 2534 കലോറി; സ്ത്രീകള്‍ക്ക് 2634 കലോറി) ലഭിക്കുന്നത്. പക്ഷേ ഇതില്‍ നല്ലൊരു പങ്കും അന്നജത്തില്‍നിന്നാണ്.  ഇവയില്‍ ഫൈബറിന്‍റെ അളവ് കുറവാണ്. 

 റൊട്ടിയും അരിയുമാണ് ഇന്ത്യന്‍ ഭക്ഷണപ്ളേറ്റിലെ അന്നജത്തിന്‍റെ ഉറവിടം. മറ്റൊന്ന് ഉപ്പുമാവാണ്. പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍. പ്രമേഹ രോഗികളില്‍ 80 ശതമാനവും ദിവസം 3-4 തവണ ഭക്ഷണം കഴിക്കുന്നു. ഭക്ഷണ ഇടവേള 4.5-7 മണിക്കൂറാണ്.

ഉറക്കമുണര്‍ന്നു വളരെയേറെ സമയം കഴിഞ്ഞാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. ഇവ തമ്മിലുള്ള ശരാശരി സമയം വ്യത്യാസം 3.5 മണിക്കൂറാണ്. ഈ വ്യത്യാസം പ്രമേഹ രോഗികളില്‍ രോഗം വഷളാക്കുന്നു. ഈ സമയവ്യത്യാസം കുറയ്ക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. നീണ്ട സമയത്തിനുശേഷം വയര്‍നിറയെ ഭക്ഷണം കഴിക്കുന്നതിനു പകരം ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുവാനാണ് വിദഗ്ധര്‍ ശിപാര്‍ശ ചെയ്യുന്നത്.

ഉത്സവവേളകളില്‍ 30 ശതമാനം രോഗികളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മധുരവും ചോറും ഉരുളക്കിഴങ്ങും ഐസ്ക്രീമുമൊക്കെ ഉപയോഗിക്കുന്നതായി സര്‍വേ പറയുന്നു. സാധാരണയായുള്ള ഭക്ഷണത്തിനു പുറമേയാണ് പലപ്പോഴുമിത്.

പത്തു ശതമാനത്തോളം രോഗികള്‍ ആഴ്ചയിലൊരിക്കല്‍ നിരാഹാരം ശീലമാക്കുന്നു. ഇത്തരത്തില്‍ നിരാഹാരം ശീലമാക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ മൂന്നിരട്ടിയാണ്.

 നിരാഹാരം എടുക്കുന്നവരില്‍ 45 ശതമാനം പ്രമേഹത്തിനുള്ള മരുന്നുകളും ഒഴിവാക്കുന്നു. അമ്പത്തിനാലു ശതമാനം പേര്‍ നിരാഹാര ദിനത്തില്‍ ഒരു നേരം ഭക്ഷണം കഴിക്കാറുണ്ട്. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം മാത്രമേ എന്തെങ്കിലും വ്യായാമം ചെയ്യുന്നുള്ളു. ഏറ്റവും ജനപ്രിയ വ്യായാമം നടത്തമാണ്. വ്യായാമം ചെയ്യുന്നവരില്‍ 93 ശതമാനവും സ്ഥിരമായി നടക്കുന്നുവരാണ്.

ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തേയും ജീവിതശൈലിയേയും ബാധിക്കുന്ന ഒന്നാണ് പ്രമേഹമെന്നാണ് സര്‍വേ തെളിയിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുവാന്‍ ആളുകളുടെ സ്വഭാവവും പെരുമാറ്റരീതിയും മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്നു സര്‍വേ തെളിയിക്കുന്നുവെന്നു ആബട്ട് വൈസ് പ്രസിഡന്‍റ് ഭാസ്കര്‍ അയ്യര്‍ പറഞ്ഞു.

ഈ പഠനത്തില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുവാനും  ജീവിതം മുഴുവന്‍ സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കുവാനും സഹായിക്കുവാന്‍ ആബട്ട് ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post your comments