Global block

bissplus@gmail.com

Global Menu

പൊതുമേഖലാ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ച വര്‍ഷത്തിനിടെ നടന്നത് 61,260 കോടിയുടെ തട്ടിപ്പ്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം 17634 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി ആര്‍ബിഐ വ്യക്തമാക്കുന്നു. 8670 വായ്പാ തട്ടിപ്പ് കേസുകളാണ് കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. ബാങ്കുകളില്‍ നിന്ന് പണമെടുത്ത് മനഃപൂര്‍വം തിരിച്ചടക്കാത്തതിനെയാണ് തട്ടിപ്പായി ആര്‍ബിഐ വിലയിരുത്തുന്നത്.

 കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള വായ്പാത്തട്ടിപ്പുകളുടെയും കടത്തിക്കൊണ്ടുപോയ തുകയുടെയും കണക്കാണിത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോഡി തട്ടിയെടുത്ത തുക കൂടി ചേരുമ്പേള്‍ ബാങ്കുകളുടെ നഷ്ടം 72,000 കോടി രൂപയിലധികമാകും.
വിവരാവകാശ നിയമപ്രകാരം റോയിട്ടേഴ്സ് ലേഖകന് റിസര്‍വ് ബാങ്ക് നല്‍കിയ രേഖയിലാണ് അഞ്ചുവര്‍ഷത്തിനിടെ മുക്കാല്‍ ലക്ഷം കോടിയോളം രൂപ വായ്പാത്തട്ടിപ്പിലൂടെ അടിച്ചുമാറ്റിയതായി വ്യക്തമാക്കുന്നത്.
ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളാണ് കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ തട്ടിപ്പു നടന്ന വായ്പകളുടെ എണ്ണവും നഷ്ടമായ തുകയും താരതമ്യം ചെയ്യുമ്പോള്‍ ഓരോ ഇടപാടിലൂടെയും ശരാശരി എട്ടുകോടിയലധികം രൂപ തട്ടിയെടുത്തതായാണ് വ്യക്തമാകുന്നത്.
വര്‍ഷംതോറും വായ്പാത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 2012-13 സാമ്പത്തികവര്‍ഷം 6357 കോടിയുടെ തട്ടിപ്പ് നടന്നപ്പോള്‍ 2016-17 സാമ്പത്തികവര്‍ഷത്തില്‍ ഇത് 17634 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
വ്യാജവായ്പകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടിട്ടില്ല. പലപ്പോഴും രാഷ്ട്രീയ ഉദ്യോഗസ്ഥ സമ്മര്‍ദ്ദം കാരണമാണ് വേണ്ടത്ര പരിശോധനകളില്ലാതെ ഭീമമായ വായ്പകള്‍ അനുവദിച്ചുനല്‍കുന്നതെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു. മിക്കവാറും വായ്പാത്തട്ടിപ്പുകളെ നിഷ്‌ക്രിയ ആസ്തിയായി രേഖപ്പെടുത്തി മറച്ചുവയ്ക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്.
പിഎന്‍ബിയിലെ വായ്പാ കുംഭകോണം പുറത്തായതോടെ മറ്റ് ബാങ്കുകളിലുള്ള വായ്പാ കണക്കുകളും ആര്‍ബിഐ പരിശോധിച്ച് വരികയാണ്.

Post your comments