Global block

bissplus@gmail.com

Global Menu

മൗഗ്ളിയുടെ രക്തപുഷ്പവും അംബാനിയും

ഇന്ത്യൻ സാമ്പത്തികമേഖല കഴിഞ്ഞ മുപ്പതു കൊല്ലമായി കുതിപ്പിലാണ്. ലൈസൻസ് രാജ് മാറി ലിബറലൈസേഷനാണ് ഇതിന് കാരണം. വിദഗ്ദ്ധർ പറയുന്നതാണ്. വിശ്വസിക്കണം. ചോദ്യം ചെയ്യാൻ പാടില്ല. ചോദ്യം ചെയ്താൽ വിഡ്ഢി, വിവരമില്ലാത്തവൻ എന്നു നമ്മെ കളിയാക്കി ഒതുക്കും.

കെ എൽ മോഹനവർമ്മ

ലോകത്ത് രണ്ടു കാര്യങ്ങളേ സത്യമായുള്ളു. അവ ചരിത്രാതീതകാലം മുതൽ ഇന്നു വരെ മാനവസമൂഹത്തിനെ ജാതിമതഭാഷാവർണ്ണപ്രായവ്യത്യാസമില്ലാതെ ഭൂമിശാസ്ത്രത്തിനെയും ശാസ്ത്രസാങ്കേതികമേഖലകളിലെ സ്വപ്നാതീതമായ കണ്ടുപിടുത്തങ്ങളെയും അതിജീവിച്ച് നില കൊണ്ട് നമ്മെ നയിക്കുന്നുണ്ട്.
ഇവയിൽ ആദ്യത്തേത് മരണം ആണ്. ജനനം ഇല്ലാതാക്കാം പക്ഷെ മരണത്തിനെ അല്പകാലം മാറ്റിവയ്ക്കാം എന്നല്ലാതെ .തീർത്തും ഇല്ലാതാക്കാൻ ഇന്നു വരെ സാധിച്ചിട്ടില്ല.
രണ്ടാമത്തേത് ദുർബലനെ ശക്തി കൂടിയവൻ ചൂഷണം ചെയ്യുന്ന സ്വഭാവമാണ്. ഇത് ശരീരബലം കൊണ്ടോ ബുദ്ധി കൊണ്ടോ ആകാം. എല്ലാ ജീവികളിലും സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ് ആയിരുന്നു പ്രക്യതിനിയമം. ഫിറ്റസ്റ്റ് എന്നത് ഭക്ഷണം കൈവശമാക്കാനുള്ള കഴിവിനെ ആധാരമാക്കി എളുപ്പം നിർണ്ണയിക്കാവുന്ന ശാരീരികമികവിൽനിന്ന് ബുദ്ധിയിലേക്ക് മാറ്റിയത് മനുഷ്യൻ എന്ന ജീവിയായിരുന്നു. കിപ്ലിംഗിന്റെ ലോകപ്രസിദ്ധമായ ജംഗിൾ ബുക്ക് എന്ന നോവലിലെ (അതി മനോഹരമായ. സിനിമയും) മൗഗ്ളി എന്ന വന്യമ്യഗങ്ങൾ എടുത്തു വളർത്തിയ ദുർബലനായ കുട്ടി ഹിമാലയൻ വനപ്രദേശത്തെ മ്യഗങ്ങളുടെ രാജാവാകുന്നത് ബുദ്ധി ഉപയോഗിച്ച് തീ ഉണ്ടാക്കുന്ന (സംഹാരശക്തിയുള്ള ചുമന്ന പുഷ്പം) വിദ്യ കണ്ടുപിടിക്കുന്നതോടെയാണ്. മനുഷ്യൻ പ്രക്യതിയിലെ അതിശക്തനായ ജീവിയായി മാറിയപ്പോഴും അവൻ പഴയ സ്വഭാവം വിട്ടില്ല. ദുർബലനെ ചൂഷണം ചെയ്യുന്നത് മാനവികതയുടെ ഭാഗമായി വളർത്തി. അദ്യശ്യനായ ദൈവത്തെയും ദ്യശ്യമായ മതങ്ങളെയും അതിനുതകുന്ന തത്ത്വശാസ്ത്രങ്ങളെയും ആയൂധങ്ങളെയും വളർത്തി ഊ ചൂഷണം ഒരു സത്യമാക്കി.
ഈ ചൂഷണത്തിന്റെ അളവുകോലാണ് വാസ്തവത്തിൽ നമ്മെ ഇന്ന് ഭയപ്പെടുത്തി നയിക്കുന്ന സാമ്പത്തികക്കണക്കുകൾ. . നോക്കൂ. ഇതിലെ ഒരു തമാശ. അക്ഷരാഭ്യാസമാണ് വിദ്യാഭ്യാസം എന്ന് നമ്മെ വിശ്വസിപ്പിച്ച് കണക്കുകൾ കാട്ടി നമുക്കു മനസ്സിലാക്കിത്തരുന്നു. ഇന്ത്യൻ സാമ്പത്തികമേഖല കഴിഞ്ഞ മുപ്പതു കൊല്ലമായി കുതിപ്പിലാണ്. ലൈസൻസ് രാജ് മാറി ലിബറലൈസേഷനാണ് ഇതിന് കാരണം. വിദഗ്ദ്ധർ പറയുന്നതാണ്. വിശ്വസിക്കണം. ചോദ്യം ചെയ്യാൻ പാടില്ല. ചോദ്യം ചെയ്താൽ വിഡ്ഢി, വിവരമില്ലാത്തവൻ എന്നു നമ്മെ കളിയാക്കി ഒതുക്കും. പക്ഷെ ഒന്നാലോചിക്കൂ. ഈ കാലത്ത് ഉണ്ടായ കുതിപ്പിന് കാരണമെന്താണ്. സിംപിൾ. ചൂഷണം വളർന്നു. ശരാശരി വളർന്നു .ധനവാന്റെ സമ്പത്ത് നൂറിരട്ടി വളർന്നപ്പോൾ ദരിദ്രന്റേത് അക്കക്കണക്കിൽ പത്തിരട്ടിയായി. പക്ഷെ പണത്തിന്റെ എൻഡ് യൂസിൽ അവന് കാര്യമായ വ്യത്യാസമുണ്ടായില്ല.
പക്ഷെ ഒരു വലിയ മാറ്റം വന്നു. അഴിമതിയെയും കൈക്കൂലിയെയും നാം മടിയില്ലാതെ അംഗീകരിച്ചു അതിനെ നമ്മുടെ ഭാഗമാക്കി.
ഇന്ദിരാഗാന്ധി പണ്ട് പറഞ്ഞിരുന്നു. അഴിമതി ഒരു ആഗോളപ്രതിഭാസമാണ്.
മൻമോഹൻസിംഗ്ജി പറഞ്ഞു. വികസനത്തിന്റെ വേർപെടുത്താൻ പറ്റാത്ത ഭാഗമാണ് അഴിമതി.
ലോകത്ത് ഏറ്റവുമധികം നിയമങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രം നമ്മുടേതാണ്. അവയെല്ലാം ക്യത്യമായി നടപ്പാക്കിയാൽ നമുക്കു ജീവിക്കാൻ പറ്റുകില്ല എന്നു നേരായി ജീവിക്കാൻ ശ്രമിച്ചവർക്കൊക്കെ അറിയാം. അപ്പോൾ വളഞ്ഞ വഴി നാം നോക്കും. അതിന് നിയമം ഉണ്ടാക്കുന്നവരും നടപ്പാക്കുന്നവരും നമ്മെ സഹായിക്കും. കേന്ദ്രത്തിന്റെ ടു ജിയും, കൽക്കരിയും, കേരളത്തിന്റെ കരിമണലും, കാടും എല്ലാം ഇതിന്റെ രൂപങ്ങളാണ്.
അഴിമതിക്കെതിരായ സമരങ്ങളും ഗീർവാണപ്രസംഗങ്ങളും കാണുകയും കേൾക്കുകയും ചെയ്യുമ്പോഴൊക്കെ ചില സിനിമാരംഗങ്ങളണ് എനിക്ക് ഓർമ്മവരിക. ഞാൻ രണ്ടു സിനിമാക്കഥകൾ പറയാം.
രണ്ടും അഴിമതി, കൈക്കൂലി എന്നതിന്റെ ഇന്നത്തെ അർത്ഥവ്യാപ്തിയെക്കുറിച്ച് നമ്മെ തീർച്ചയായും ചിന്തിപ്പിക്കാൻ ഉതകുന്നതാണ്.
ഒന്നാമത്തേത്.
1969 ൽ ദേശീയ സുവർണ്ണ പുരസ്‌ക്കാരം നേടിയ മ്യണാൾ സെന്നിന്റെ സിനിമ ഭുവൻ ഷോം. ന്യൂ വേവ് ഫിലിമുകളുടെ തുടക്കക്കാരൻ.
നായകൻ റിട്ടയറാകാറായ നിയമം വരവണ്ണം തെറ്റാതെ നടപ്പാക്കുന്ന കർക്കശനായ റയിൽവെ ആഫീസർ. അദ്ദേഹം അവധിക്കാലത്ത് രാജസ്ഥാനിലെ മണലാരണ്യത്തിൽ പക്ഷിവേട്ട എന്ന കൗതുകത്തിനായി പോകുന്നു. അവിടെ സ്വന്തം ഗ്രാമത്തിനപ്പുറം കണ്ടിട്ടില്ലാത്ത ഗൗരി എന്ന പെൺകുട്ടി അദ്ദേഹത്തിന് പക്ഷികളെ തേടാൻ സഹായിയായി മാറുന്നു. ഒരിക്കൽ അവളുടെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം അവിടെ തൂക്കിയിട്ടിരുന്ന അവളുടെ പ്രതിശ്രുതവരന്റെ ഫോട്ടോ കാണുന്നു. അയാൾ കൈക്കൂലിക്കേസിൽ താൻ പിടിച്ച് കേസാക്കി സസ്പെൻഡ് ചെയ്ത് ഇപ്പോൾ ജോലിയിൽ നിന്നും പിരിച്ചുവിടാൻ തീർച്ചയാക്കിയ അദ്ദേഹത്തിന്റെ ഏറ്റവും താഴെയുള്ള ഒരു ജോലിക്കാരന്റേതാണ്. ഗൗരി പരിചയപ്പെടുത്തി.
ബാബുജി, എന്നെ താലി കെട്ടാൻ പോകുന്ന ആളുടെ പടമാണിത്. ദൂരെ പട്ടണത്തിൽ റയിൽവെയിൽ ജോലിയാണ്. ഇപ്പോൾ ഒരു ദുഷ്ടൻ സാഹിബ് അവന്റെ ജോലി കളയാൻ പോകുകാണത്രെ. എന്തിനാണെന്നോ ? ഒരു ദിവസം വലിയ തിരക്കിൽ പെട്ട് വണ്ടിയിൽ കയറാൻ പറ്റാതെ വലഞ്ഞു നിന്ന ഒരു വയസ്സനെ പിടിച്ച് വണ്ടിക്കകത്തു കൊണ്ടുപോയി ഇരിക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. ആ വയസ്സൻ സന്തോഷത്തോടെ രണ്ടു രൂപാ മിഠായി മേടിച്ചു തിന്നോളാൻ പറഞ്ഞു കൊടുത്തു. അതവൻ വാങ്ങിച്ചു. ഇത് ആരോ ആ ദുഷ്ടൻ കഴുകനോട് പറഞ്ഞു. ആ രാക്ഷസൻ ഇത് കൈക്കൂലി ആണെന്നും പറഞ്ഞ് എന്റെ ആളിനെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ പോകുകാ. ബാബുജി, പറ. നമ്മൾ ഒരാളെ സഹായിക്കുമ്പോൾ അയാൾ സന്തോഷത്തോടെ ഒരു സമ്മാനം തരുന്നത് തെറ്റാണോ ? അത് വാങ്ങാതിരിക്കുന്നതല്ലേ തെറ്റ്. അല്ലേ, ബാബുജീ ?.
രണ്ടാമത്തെ കഥ.
ഇന്ന് ലക്ഷക്കണക്കിന് ജോലിക്കാർക്കും കോടിക്കണക്കിന് നിക്ഷേപകർക്കും വരുമാനം നൽകുന്ന വൻകോർപ്പറേറ്റ് ശ്യംഖലയായ റിലയൻസ് ഗ്രൂപ്പിന്റെ വളർച്ചയുടെ ആദ്യകാലം. റിലയൻസ് വളർന്നത് കൈവിരലിലെണ്ണാവുന്ന വർഷങ്ങൾ കൊണ്ടായിരുന്നു. റിലയൻസ് എന്നാൽ ധീരുഭായി അംബാനി എന്ന പത്താം ക്ലാസ് കോഴ്സ് കംപ്ലീറ്റഡ് ഗുജറാത്തി ബനിയാ ബിസിനസ്സുകാരനാണ്. അദ്ദേഹത്തിന്റെ ചരിത്രം പശ്ച്ചാത്തലമാക്കി സംവിധായകൻ മണിരത്നം 2007 ൽ പുറത്തിറക്കിയ ലോകപ്രസിദ്ധമായ ബോളിവുഡ് സിനിമാ ഗുരു വിലെ ഒരു സീൻ.
ധീരുഭായി അംബാനി സിനിമയിൽ ഗുരുഭായി ആണ്. ഗുരുഭായിയുടെ വാണിജ്യവ്യവസായ ശൈലി, നിയമത്തെ വളഞ്ഞ വഴികളിലൂടെ മറി കടക്കുക എന്നതാണ്. ഈ രീതിയിലൂടെ മാത്രമേ ലൈസൻസി രാജിന്റെ അഴിമതിയും നൂറായിരം നിയമങ്ങളും കാരണം മുരടിച്ചു നശിക്കുന്ന ഇന്ത്യൻ വ്യവസായമേഖല വളരുകയുള്ളുവെന്നും അങ്ങിനെ കോടിക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിക്കുമെന്നും അതിനാൽ ഈ ലക്ഷ്യത്തിനു വേണ്ടി ചെയ്യുന്നതെന്തും കൈക്കൂലിയോ അഴിമതിയോ അധാർമ്മികമോ അല്ലെന്നും ഗുരുഭായി ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.
ഇന്ത്യൻ ബിസിനസ് രംഗത്തെ അഴിമതിക്കും കൈക്കൂലിക്കുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ചെറുപ്പക്കാരനായ പുതിയ പ്രധാനമന്ത്രി. ഗുരുഭായി തന്റെ ഒരു പുതിയ വൻ പ്രോജക്ടിന്റെ ക്ലിയറൻസിനുവേണ്ടി എത്ര ശ്രമിച്ചിട്ടും അത് ലഭിക്കുന്നില്ല. പ്രധാനമന്ത്രിയെ നേരിട്ടു കാണാൻ നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടു. അവസാനം രാഷ്ട്രീയനേതാക്കളുടെയും
ഉന്നത ഉദ്യോഗസ്ഥരുടെയും സ്വാധീനവും പിടിപാടുകളും എല്ലാം ഉപയോഗിച്ച് പ്രധാനമന്ത്രിയുമായി അഞ്ചു മിനിട്ട് നേരത്തെ വൺ ടു വൺ സംഭാഷണത്തിന് സമയം ഗുരുഭായി സമ്പാദിക്കുന്നു. പ്രധാനമന്ത്രിയുടെ ഭവനത്തിലെ പിന്നിലെ പൂമുഖത്താണ് സിനിമയിലെ രംഗം. .
ഗുരുഭായിയെ കണ്ടയുടൻ പ്രധാനമന്ത്രി ഒരു സംശയത്തിനും ഇടനൽകാത്തവിധം വെട്ടിത്തുറന്ന് പറയുന്നു.
താങ്കളെപ്പോലെ അഴിമതിയും കൈക്കൂലിയും വഴി നിയമവാഴ്ച്ചയെ പരിഹാസ്യമാക്കുന്ന ബിസിനസ്‌കാരന് യാതൊരു സഹായവും എന്നിൽ നിന്ന് ലഭിക്കുകില്ല എന്നു മാത്രമല്ല താങ്കളെപ്പോലെയുള്ളവരെ എന്റെ സർക്കാർ നിയമത്തിനുള്ളിൽ കൊണ്ടുവന്ന് മാത്യകാപരമായി ശിക്ഷിക്കുകയും ചെയ്യും. താങ്കളുടെ പുതിയ പ്രോജക്ടിന് അനുമതി നൽകുന്ന പ്രശ്നമേയില്ല. ഗുരുഭായി വിനീതനായി കൈകൂപ്പി പറയുന്നു.
സാഹിബ്, ഞാൻ അങ്ങയെ കാണാൻ വന്നത് പ്രോജക്ടിന്റെ അനുമതിക്കോ മറ്റൊരു സഹായത്തിനോ വേണ്ടിയല്ല. ഒരു വ്യക്തിപരമായ കാര്യത്തിൽ ഉപദേശത്തിനു വേണ്ടിയാണ്.
എന്താണ് ? ക്വിക്ക്. പറയൂ.
ഞാനൊരു സാധാരണക്കാരനായ ഗുജറാത്തി വ്യാപാരിയാണ്. അങ്ങയുടെ ചിറ്റപ്പൻ, മുൻപ്രധാനമന്ത്രി എന്റെ കൈവശം മുന്നൂറു കോടി രൂപാ നോട്ടുകളായി വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ വലിയ പെട്ടി സൂക്ഷിക്കാനായി ഏൽപ്പിച്ചിരുന്നു. അതിന്റെ ഭാരം കാരണം എന്റെ നടുവു തളർന്നു കഴിഞ്ഞു. അത് എന്റെ തലയിൽ നിന്ന് ഞാനെവിടെയാണ് ഇറക്കി വയ്ക്കേണ്ടത് എന്നു ചോദിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്.
ഗുരുഭായിയുടെ വൻസംരംഭത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നതായാണ് കഥ.
ഗോഡ് ഫാദർ എന്ന അതിപ്രശസ്ത ഹോളിവുഡ് സിനിമയിൽ അമേരിക്കയിൽ സർക്കാരിന് സമാന്തരമായി കള്ളക്കടത്ത്, വ്യഭിചാരം, ചെറുകിട സ്ഥാപനങ്ങളുടെ പ്രൊട്ടക് ഷൻ, ചൂതുകളി തുടങ്ങിയ മേഖലകൾ നിയിക്കുന്ന മാഫിയായുടെ തലവൻ, മാർലൻ ബ്രാൻഡോ വേഷമിടുന്ന വിറ്റോ കോറിലോൺ, എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്. നമ്മുടെ എതിരാളിക്ക് അംഗീകരിക്കാൻ പറ്റുന്ന ഓഫർ കൊടുക്കുക. ആരും അതിനെ നിരസിക്കില്ല.
അതായത്, എല്ലാവർക്കും ഒരു വിലയുണ്ട്. അതു കണ്ടു പിടിച്ച് ആ വില നൽകുന്നതിലാണ് വിജയം.
ഭൂമി എല്ലാവരുടേതുമാണ്. മൗഗ്ളിയുടെ ചുമപ്പ് പൂ വിടർത്തുന്നതു കണ്ട് അടിമകളായ ജീവികളാകരുത് നാം
മരണം പ്രപഞ്ചസത്യമാകാം. പക്ഷെ അശക്തരെ ചൂഷണം ചെയ്യുന്നത് പ്രപഞ്ചസത്യമാകാൻ അനുവദിക്കരുത്.

Post your comments