Global block

bissplus@gmail.com

Global Menu

ഉദയസൂര്യന്റെ നാട്ടില്‍

അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമയിലെ നായകന്മാര്‍ക്ക് ചില സമാനമായ സവിശേഷതകളുണ്ടായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും കഷ്ടപ്പാടിന്റെയും പ്രതിസന്ധികളുടെയും മതില്‍ക്കെട്ടുകള്‍ ഇടിച്ചു നിരത്തി  ഉയരങ്ങള്‍ കീഴടക്കി സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത വീര നായകന്മാര്‍. സിനിമയിലെ അതിഭാവുകത്തിനും അമാനുഷികതയ്ക്കും കാണികളുടെ കൈയടികള്‍ക്കുമപ്പുറം യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം റീലുകളുടെ നേര്‍ക്കാഴ്ചകള്‍ കാണുവാന്‍ സാധിക്കും. അത്തരത്തില്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് സിനിമയെ വെല്ലുന്ന ജീവിതകഥയാണ് രാജശേഖരന്‍ നായര്‍ക്കുമുള്ളത്. കേരളത്തിലെ അതിസാധാരണമായ ഒരു ഗ്രാമത്തിന്റെ നിശ്ശബ്ദതയും  നിശ്ചലതയും പിന്നിട്ട്  ബോംബെ നഗരത്തിന്റെ ചടുലതയിലേക്കും തിരക്കുകളിലേക്കും ചേക്കേറി വലിയ നേട്ടങ്ങളുണ്ടാക്കി വീണ്ടും കേരളത്തിലേക്ക് തിരികെയെത്തി സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു സൂപ്പര്‍ നായകന്റെ കഥ. ബോളിവുഡ് സിനിമകളിലെ സ്ഥിരം ചേരുവകള്‍ക്ക് സമാനമായി പ്രതീക്ഷകള്‍ക്കും ഇന്‍സ്പിറേഷനും സഹിഷ്ണുതയ്ക്കും സഹാനുഭൂതിക്കും ഈ ജീവിതവിജയകഥയില്‍ സ്ഥാനമുണ്ട്. 
പ്രശസ്തമായ ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ഉടമയാണ് രാജശേഖരന്‍ നായര്‍. ഇന്ത്യയിലെ ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മുന്‍നിരയില്‍ വിരാജിക്കുന്ന വ്യക്തികളില്‍ ഒരാള്‍. ഏതൊരു ബിസിനസുകാരനും റോള്‍ മോഡല്‍ ആക്കാവുന്ന ഒരാള്‍. മലയാളികളുടെ അഭിമാനമായി എഴുതപ്പെടാവുന്ന പേരുകളില്‍ ഒരാള്‍. മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുന്ന വിജയകഥയുടെ രാജകീയ ഭാവങ്ങളാണ് രാജശേഖരന്‍ നായരുടെ ജീവിതകഥയിലുള്ളത്. 

ഫ്‌ലാഷ് ബാക്ക് 

എല്ലാവരുടെയും മനസ്സില്‍  മനോഹരമായ ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിക്കുന്ന കാലമാണ് അവരുടെ ചെറുപ്പകാലം. എന്നാല്‍  രാജശേഖരന്‍ നായരുടെ ചെറുപ്പകാലത്തെ ഓര്‍മകളില്‍  നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും പ്രധാന കഥാപാത്രങ്ങളായിരുന്നു . ഈ പ്രതിസന്ധികള്‍ നല്‍കിയ കരുത്താകാം വര്‍ഷങ്ങള്‍ക്ക് ശേഷം ഉയരങ്ങള്‍ കീഴടക്കുവാന്‍ അദ്ദേഹത്തിന് ശക്തി നല്‍കിയത്.  
ഏതാണ്ട് ഒരു 16 വയസ്സ് കാലഘട്ടത്തിലെ ഓര്‍മകളാണ്. നല്ല രീതിയിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത ഒരു ഗ്രാമ പ്രദേശമായിരുന്നു നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍. അദ്ദേഹത്തിന്റെ ജീവിതകഥയിലെ ആദ്യ റീലുകള്‍ ഇവിടെയാണ്. പത്താം ക്ലാസ്സിനു ശേഷം പഠനം ഉപേക്ഷിക്കുകയാണുണ്ടായത്. പഴയ കാല സിനിമകളിലെ നായകനെ പോലെ ഒരു ജോലി തേടി നാടുവിട്ടു. തൃശിനാപ്പള്ളിയില്‍ ഒരുമാസം ഉണ്ടായിരുന്നു. അവിടെ ഒരു ഫ്രൂട്ട്സ് കടയില്‍ ജോലി ചെയ്തു. ആ കാലഘട്ടത്തില്‍ തന്നെ ബിസിനസിനോട് വളരെ വലിയ രീതിയിലുള്ള ഒരു താല്‍പര്യമുണ്ടായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ അവിടെ സ്വന്തമായി ഒരു കടയിട്ടു. മനസ്സിലെ ബിസിനസ്സ് ചിന്തകള്‍ ഉടലെടുക്കുന്നത് ഇത്തരത്തിലാണ്.
പതിനേഴാം വയസില്‍ മുംബൈയിലെത്തി. ഹോട്ടലുകളില്‍ ജോലി ചെയ്തു. ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. ഇംഗ്ലീഷ് തന്നെ അത്ര വലിയ രീതിയില്‍ അറിയില്ല. കാലാന്തരത്തില്‍ ഭാഷ പഠിച്ചു. ബിസിനസ്സുകള്‍ ചെയ്തു. ഹോട്ടലുടമകളെ പരിചയപ്പെട്ടു. ഹോലട്ടുടമയായിരുന്ന നാനക് ചന്ദ് അഗര്‍വാളുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളില്‍ ഒന്നാണ്. നാനക് ചന്ദിന്റെ കീഴില്‍ ജോലി ചെയ്തു. 
അദ്ദേഹത്തിന്റെ ജോലിയിലെ ആത്മാര്‍ത്ഥതയും പ്രാവീണ്യവും ഉയര്‍ച്ചയിലേക്ക് നയിച്ചു. ജോലിക്കാരനില്‍ നിന്നും മാനേജരായി. ഹോട്ടല്‍ മേഖലയെക്കുറിച്ചു വളരെ ആഴത്തില്‍ പഠിക്കുവാന്‍ ഇവയൊക്കെ വളരെ വലിയസഹായമായി. പുതിയൊരു ഹോട്ടലിന്റെ നേതൃത്വം രാജശേഖരനെ എല്‍പ്പിച്ചു. അതില്‍ പങ്കാളിത്തവും നാനക് ചന്ദ് വാഗ്ദാനം ചെയ്തു.  മക്കളുടെയൊക്കെ  എതിര്‍പ്പിനാല്‍ പങ്കാളിത്തം നല്‍കാന്‍ നാനക് ചന്ദിനു സാധിച്ചില്ല. 
അദ്ദേഹം സ്വന്തമായി  ബിസിനസിനെക്കുറിച്ച് ചിന്തിച്ചു. സ്വന്തം സ്ഥാപനം ആരംഭിക്കുവാന്‍ നാനക് ചന്ദ്  അദ്ദേഹത്തെ സഹായിച്ചു. അഗര്‍വാളിന്റെ സഹായത്തോടെതന്നെ 'കെഫെ ഡാര്‍പന്‍' എന്ന ഹോട്ടല്‍ ലീസിനെടുത്തു. കാലാന്തരത്തില്‍ പുതിയ റെസ്റ്റോറന്റുകള്‍ തുറന്നു. ഹോട്ടല്‍ മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചു. 
ബോംബെ റ്റു കേരള
ബോംബെയിലെ ഈ സൗകര്യങ്ങള്‍ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സില്‍ മറ്റൊരു ആശയം ഉണ്ടാകുന്നത്. നമ്മുടെ നാട്  ഇതിലും എത്രയോ മനോഹരമാണ്. ഇത്രയും മനോഹരമായ ഒരു പ്രദേശത്ത് എന്തുകൊണ്ട് ഇത്തരം  സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൂടാ.  എന്തെങ്കിലുമൊക്കെ ബിസിനസ് ചെയ്യണമെങ്കില്‍ അത് നാട്ടില്‍ തന്നെ  ചെയ്യണമെന്ന ചിന്ത ഇത്തരത്തിലാണ് ഉണ്ടാകുന്നത്.   ആ കാലഘട്ടത്തില്‍ ഉദയ് സമുദ്ര സ്ഥിതി ചെയ്യുന്ന സ്ഥലം വളരെ വികസനം ഒന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു. 
കോവളത്തിനടുത്ത് വെള്ളാറില്‍ സമുദ്രത്തോടു ചേര്‍ന്ന പാറക്കൂട്ടവും ചാലുകളും ഉള്ള സ്ഥലം. വളരെ മോശമായ രീതിയിലുള്ള ഒരു സാഹചര്യങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.  അഴുക്കുചാലുകളും മറ്റുമായി വളരെ മലിനീകരണമുള്ള ഒരു സ്ഥലമായിരുന്നു.  അവിടെ ഒത്തിരി വികസന പ്രവര്‍ത്തനം നടത്തി. പരിസരവാസികള്‍ക്കും സഹായകരമായ രീതിയില്‍ അവിടം കൂടുതല്‍ മികച്ചതാക്കി. പരിസരം വളരെ ഭംഗിയാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആളുകള്‍ക്ക് സഹായങ്ങള്‍ നല്‍കി. അക്കാലത്ത് നിരവധി പ്രതിസന്ധികള്‍ ഉണ്ടായിരുന്നു.  കേരളത്തില്‍ ബിസിനസ്സ് തുടങ്ങുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നത് അറിയാന്‍ സാധിച്ചത് ആ കാലഘട്ടത്തിലാണ്.  ഈ പ്രതിസന്ധി കളെയെല്ലാം പിന്നിട്ടാണ് ഉദയ സമുദ്ര ഉയരുന്നത്. 

ഉദയ സമുദ്ര
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 5 സ്റ്റാര്‍ ഹോട്ടല്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഉദയ സമുദ്ര. ആധുനിക സൗകര്യങ്ങളും ആകര്‍ഷണീയവുമായ സേവനങ്ങളും ഉദയ സമുദ്രയെ മികവുള്ള താക്കുന്നു. സുന്ദരവും സ്റ്റൈലിഷുമായ രീതിയില്‍  ഇന്റര്‍നാഷണല്‍ ലെവലിലുള്ള ലക്ഷ്വറി സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഹോട്ടല്‍ മേഖലയിലെ ദീര്‍ഘ കാലത്തെ പരിചയവും ഉദയ സമുദ്രയെ കൂടുതല്‍ മികച്ചതാക്കുവാന്‍ അദ്ദേഹത്തിന് സഹായകമായി. സൗകര്യങ്ങളിലും സേവനങ്ങളിലും ഏറ്റവും മുന്‍നിരയിലാണ് ഉദയ സമുദ്ര. കാലങ്ങള്‍ക്കിപ്പുറം കേരളത്തിലെ ഏറ്റവും മികച്ച ബീച്ച് റിസോര്‍ട്ടായി ഉദയ സമുദ്ര ഉയര്‍ന്നു.  227 റൂമുകള്‍, 5 റെസ്റ്റൊറന്റുകള്‍, 3 സ്വിമ്മിങ് പൂളുകള്‍, 7 ബാങ്കെറ്റ് ഹാളുകള്‍, ആയുര്‍വേദ യോഗ സെന്റര്‍, ഓഷ്യന്‍ സ്പാ, ബ്യൂട്ടി സ്റ്റുഡിയോ ഇത്തരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് ഉദയ സമുദ്ര.  വിമാന യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഉദയ് സ്‌കൈ കിച്ചന്‍, തിരുവനന്തപുരത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തായുള്ള ഉദയ സ്യൂട്ട്സ് ഇവയൊക്കെ വിജയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. 
ഏതൊരു ബിസിനസ്സിന്റെയും വിജയത്തില്‍ സംതൃപ്തരായ ജോലിക്കാരുടെ പങ്ക് വളരെ വലുതാണ്. അതിനാല്‍ ജീവനക്കാരുടെ   പ്രയത്നത്തിനും അതിന്റേതായ അംഗീകാരം അവര്‍ക്ക് ലഭിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹ്യ സേവനത്തിലും അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ട്. അയ്യങ്കാളി പാര്‍ക്ക്, പൊന്നറ ശ്രീധര്‍ പാര്‍ക്ക് ഇവയൊക്കെ പരിപാലിക്കുന്നത് ഉദയ സമുദ്ര ഗ്രൂപ്പാണ്.  ശംഖുമുഖം ദേവീക്ഷേത്രത്തിനു വേണ്ടി മെയിന്‍ റോഡിനു അഭിമുഖമായി ചിത്രപ്പണികളോട് കൂടിയ മതിലും അലങ്കാര ഗോപുരങ്ങളും ഉദയ ഗ്രൂപ്പ് നിര്‍മിച്ച് സമര്‍പ്പിച്ചിട്ടുണ്ട്.
അത്യാധുനികമായ രീതിയിലുള്ള  കണ്‍വെന്‍ഷന്‍ സെന്റര്‍ യു ഡി എസ് ഗ്രൂപ്പ് കവടിയാറില്‍ സ്ഥാപിക്കുകയാണ്. 2500 സിറ്റിങ് കപ്പാസിറ്റിയും  190 റൂമുകളുമുള്ള ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണിത്. ആലപ്പുഴയിലെ ബാക്ക് വാട്ടര്‍ റിസോര്‍ട്ട്, വാഗമണിലെ ആയുര്‍വേദ ഹില്‍ റിസോര്‍ട്ട് ഇവയൊക്കെ പ്രധാന അപ്പ്കമിംഗ് പ്രോജക്ടുകളാണ്. സ്വന്തം നാടായതിനാലാകാം കേരളമാണ് അദ്ദേഹത്തിന് 
ഏറ്റവും ഭംഗിയുള്ള സ്ഥലമായി തോന്നിയിട്ടുള്ളത്. അതിനാല്‍  കേരളവുമായി ബന്ധപ്പെട്ട കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തുവാനാണു അദ്ദേഹം ആഗ്രഹിക്കുന്നത്. ഗുജറാത്തില്‍ വ്യവസായം തുടങ്ങാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം  നിരസിക്കാന്‍ കാരണവും സ്വന്തം നാടിനോടുള്ള സ്നേഹമാണ്. 

വിദ്യാഭ്യാസത്തില്‍ മികവിനായി സായ് കൃഷ്ണ  
മറ്റേതൊരു സഹായം നല്‍കുന്നതിനേക്കാള്‍ വലിയ കാര്യമാണ് ജീവിതത്തില്‍ ഒരു കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ തനിക്ക് ലഭിക്കാത്ത പല സൗകര്യങ്ങളും പുതിയ തലമുറയ്ക്ക് നല്‍കുക എന്നതാണ് സായ് കൃഷ്ണ പബ്ളിക് സ്‌കൂളിലൂടെ രാജശേഖരന്‍ നായര്‍ സാക്ഷാത്കരിച്ചത്.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സാമ്പത്തിക പ്രശ്നത്തിലുള്ള ഒരു സ്‌കൂളായിരുന്നു ഇത്. ഒരു പ്രൈവറ്റ് സ്ഥാപനമായിരുന്നു ഈ സ്‌കൂള്‍. സാമ്പത്തിക പ്രതിസന്ധികളാല്‍ പൂട്ടുകയാണെന്നറിഞ്ഞപ്പോള്‍ കുട്ടികളുടെയും  രക്ഷിതാക്കളുടെയും അവസ്ഥ വളരെ വിഷമകരമായിരുന്നു.  സ്‌കൂള്‍  നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. അദ്ദേഹത്തിന്റെ  ബിസിനസ്സ് മേഖലയിലുള്ള  ഒരു സ്ഥാപനം ആയിരുന്നില്ല ഇത്. ചുറ്റുമുള്ള ആളുകള്‍ നിരവധി പേര്‍ അദ്ദേഹത്തോട് വളരെ വലിയ രീതിയില്‍ സഹായമഭ്യര്‍ത്ഥിച്ചു. ആ നാട്ടില്‍ ഏറ്റവും മികച്ച രീതിയില്‍ ഒരു സ്‌കൂള്‍ വേണമെന്നുള്ളത് അവിടുത്തുകാരുടെ വളരെ വലിയ ഒരു ആഗ്രഹം ആയിരുന്നു. 
അങ്ങനെ അദ്ദേഹം സ്‌കൂള്‍ ഏറ്റെടുത്തു. സായ് കൃഷ്ണ പബ്ളിക് സ്‌കൂള്‍ എന്ന പേരു നല്‍കി. നെയ്യാറ്റിന്‍കരയ്ക്കടുത്ത ചെങ്കലിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. . വര്‍ഷങ്ങളായി വളരെ മികച്ച രീതിയില്‍ ഇന്റര്‍നാഷണല്‍ ലെവലിലുള്ള പഠന സൗകര്യങ്ങളാണ് ഇവിടെയുള്ളത്.  ഈ കാലഘട്ടത്തില്‍ ഒരു ജോലി ലഭിക്കുവാന്‍ അല്ലെങ്കില്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന സമയത്ത് പഠനത്തോടൊപ്പം തന്നെ ഒരു എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ കുട്ടികള്‍ക്ക് വളരെ വലിയ രീതിയില്‍ പ്രയോജനം ചെയ്യും. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തോടെയാണ്  ഇവിടത്തെ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നത്. ഇവിടെനിന്നും പാസായ കുട്ടികള്‍   വളരെ വലിയ ഉയരങ്ങള്‍ കീഴടക്കുന്ന കാഴ്ചകള്‍ കാണുവാന്‍ സാധിച്ചിട്ടുണ്ട്. വെറും ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമല്ല അവരെ ജീവിതവിജയത്തിനായി വളരെ വലിയ രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വളരെ വലിയ പങ്കുണ്ട്. അതുതന്നെയാണ് ഈ സ്‌കൂളിന്റെ ഏറ്റവും വലിയ വിജയവും. 

താര രാജ കുടുംബം 
ഒറ്റവാക്കില്‍ ഇതൊരു താര രാജ കുടുംബമാണ്. ബിസിനസ്സിലെയും സിനിമയിലെയും സൂപ്പര്‍ സ്റ്റാറുകളാണ് ഈ ഫാമിലിയിലുള്ളത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രശസ്ത താരമായ രാധയെയാണ് രാജശേഖരന്‍ നായര്‍ വിവാഹം ചെയ്തിരിക്കുന്നത്. രാജശേഖരന്‍ നായര്‍ നായരുടെയും രാധയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ആര്‍ ആര്‍ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിനു രൂപം നല്‍കിയത്.  രാധയുടെ യഥാര്‍ത്ഥ പേര് ഉദയചിക നായര്‍ എന്നാണ്. ആ പേരില്‍നിന്നാണ് ഉദയ സമുദ്ര എന്ന പേര് നല്‍കിയത്.  ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വളരെ വലിയ സിനിമകള്‍ ചെയ്തിട്ടുള്ള ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് രാധ. ഭാരതിരാജയുടെ അലൈകള്‍ ഒയ് വതില്ലൈ എന്ന ചിത്രത്തിലാണ് രാധയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിരഞ്ജീവി, രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍, കാര്‍ത്തിക്, മോഹന്‍ലാല്‍,നാഗാര്‍ജുന, വെങ്കടേഷ് ഇത്തരത്തില്‍ തമിഴിലെയും തെലുങ്കിലെയും ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളുമായി ചേര്‍ന്ന് നിരവധി സിനിമകള്‍  അഭിനയിച്ചിട്ടുണ്ട്.  വിവിധ ഭാഷകളിലായി ഏതാണ്ട് ഇരുന്നൂറിലധികം സിനിമകളില്‍ രാധ അഭിനയിച്ചിട്ടുണ്ട്. സഹോദരിയായ അംബികയും പ്രശസ്ത നടിയാണ്.
കാര്‍ത്തിക, വിഘ്‌നേഷ്, തുളസി എന്നീ മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. മകളായ കാര്‍ത്തികയും സിനിമാ താരമാണ്. തെലുങ്കിലൂടെയാണ് അരങ്ങേറ്റം. ജോഷ് എന്ന തെലുങ്ക് സിനിമയിലാണ് കാര്‍ത്തിക ആദ്യം അഭിനയിച്ചത്. നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയായിരുന്നു അതിലെ നായകന്‍. തമിഴ് ഹിറ്റ് ചലച്ചിത്രമായ കോ യിലും കാര്‍ത്തിക നായികയായിരുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നായികയായി നിരവധി ചിത്രങ്ങളില്‍ കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ കോര്‍പ്പറേറ്റ് ബിസിനസ് ഗ്രാജുവേറ്റാണ് കാര്‍ത്തിക. ഫാഷനില്‍ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുവാനുള്ള പ്ലാനിലാണ്.  മകന്‍ വിഘ്‌നേഷ് ലണ്ടനില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി പരിശീലനത്തിനായി പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പില്‍ മാനേജരായി ജോലിനോക്കുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മകന് കൂടുതല്‍ താല്പര്യം. പഠനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.  
തുളസി നായരും സിനിമാ താരമാണ്. മണിരത്‌നത്തിന്റെ കടല്‍ ആണ് തുളസിയുടെ അരങ്ങേറ്റ ചിത്രം. കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കായിരുന്നു ചിത്രത്തിലെ നായകന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തിക്കും രാധയും  ഭാരതിരാജയുടെ അലൈകള്‍ ഒയ് വതില്ലൈയില്‍ ഹിറ്റ് ജോഡികളായിരുന്നു. അടുത്ത തലമുറയില്‍ കാര്‍ത്തിക്കിന്റെ മകനും രാധയുടെ മകളും ഒരുമിച്ച സിനിമയായിരുന്നു കടല്‍. രവി കെ ചന്ദ്രന്റെ യാനിലും തുളസി നായര്‍ അഭിനയിച്ചിട്ടുണ്ട്. തുളസി നായര്‍ മുംബൈയിലെ റസ്സല്‍ സ്‌ക്വയര്‍ ഇന്റര്‍നാഷണല്‍ കോളേജില്‍ ഇക്കണോമിക്‌സില്‍  തേര്‍ഡ് ഇയര്‍ ഡിഗ്രി ചെയ്യുകായാണ്. ഇക്കണോമിക്‌സില്‍ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുവാനുള്ള പ്ലാനുകളുണ്ട്. 
ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ 
കഠിനാധ്വാനത്തിന്റെയും സഹിഷ്ണുതയുടെയും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും ഒക്കെ കഥകളാണ് ഈ ജീവിത വിജയത്തിന് പിന്നിലുള്ളത്. ബിസിനസ്സിലെ ആത്മാര്‍ത്ഥതയും സഹിഷ്ണുതയും ജീവിതത്തിലും നിലനിര്‍ത്താന്‍ രാജശേഖരന്‍ നായര്‍ ശ്രമിക്കാറുണ്ട്.    എന്തിനെക്കുറിച്ചും പഠിക്കുവാനുള്ള ഒരു മനസ്സാണ് അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകത. ഏതു  മേഖലയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും വളരെ വലിയ രീതിയില്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഈ പഠനം തന്നെയാണ്  വളരെ വലിയ വിജയങ്ങള്‍ സമ്മാനിക്കുന്നത്. ബിസിനസിലുള്ള ആദര്‍ശങ്ങളും വിജയത്തിന് ശക്തമായ അടിത്തറ നല്‍കുന്നു.  കാലങ്ങള്‍ക്കിപ്പുറം ബിസിനസിനെക്കുറിച്ച് പലതും പഠിച്ചു. ഇത് വളരെ വലിയൊരു മേഖലയാണത്. നിരവധി കാര്യങ്ങള്‍ ഇതില്‍ പഠിക്കാന്‍ സാധിക്കും. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. 
നാടിനോടുള്ള സ്നേഹം എല്ലാക്കാലത്തും രാജശേഖരന്‍ നായര്‍ അതേ തീവ്രതയോടെ മനസ്സില്‍ സൂക്ഷിച്ചിരുന്നു. മറ്റെതൊരു സ്ഥലത്ത് ബിസിനസ്സ് ചെയ്ത അവിടെ വികസനങ്ങള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ എത്രയോ വലിയ സംതൃപ്തിയാണ് സ്വന്തം നാട്ടില്‍ വികസനങ്ങള്‍ നടത്തുമ്പോള്‍ ലഭിക്കുന്നത്. ബിസിനസിലെ വിജയ പരാജയങ്ങള്‍ നല്‍കിയ പാഠങ്ങള്‍ കൈമുതലായുള്ളതിനാല്‍ ഒരു പ്രതിസന്ധിയിലും തളരുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.  ആത്മവിശ്വാസവും പരിചയസമ്പത്തും ബിസിനസ് വിജയകരമാകുവാന്‍ സഹായകമായി. പ്രതിസന്ധികളെയും നേരിടാനുള്ള ഒരു ശക്തി. പ്രതിസന്ധികളില്‍ നിന്നുമുള്ള പാഠങ്ങളിലൂടെ പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു കഴിവ്. ഇതൊക്കെ വളരെ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കുവാന്‍ സാധിച്ചതായിരിക്കാം ഈ ഉയരങ്ങള്‍ കീഴടക്കുവാന്‍ അദ്ദേഹത്തിന് കരുത്ത് നല്‍കിയത്. ഒരു നാട്ടിന്‍ പുറത്തുകാരനില്‍ നിന്നും ഇന്ത്യന്‍ ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ മുന്‍നിരക്കാരനിലേക്ക് ഉയരാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.  

Post your comments